26 April Friday

സർവകലാശാല നിയമത്തിനോ യുജിസി ചട്ടത്തിനോ മേൽക്കോയ്മ

വി കെ ബാബു പ്രകാശ്Updated: Wednesday Nov 23, 2022

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ ഡോ. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസ്ഥിരപ്പെടുത്തി. തുടർന്ന്, ഈ വിധിയുടെ അടിസ്ഥാനത്തിൽ ചാൻസലറായ ഗവർണർ മറ്റ് സർവകലാശാലകളിലെ വിസിമാരോട് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുമാണിപ്പോൾ. രാജശ്രീയുടെ കേസിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിസിക്കനുകൂലമായി വിധിച്ചപ്പോൾ സുപ്രീംകോടതി മറിച്ചാണ് വിധിച്ചത്. കേരള ഹൈക്കോടതി കണ്ടത് യുജിസി റെഗുലേഷൻ കേരള സർക്കാർ സ്വീകരിച്ചിട്ടില്ലാത്തതിനാൽ അതിൻപ്രകാരം സെർച്ച് കമ്മിറ്റി പ്രവർത്തിക്കേണ്ടതില്ല എന്നാണ്. എന്നാൽ, സുപ്രീംകോടതി വിഷയത്തെ മറ്റൊരു തരത്തിലാണ് പരിഗണിച്ചത്. അതൊന്നു പരിശോധിക്കാം.

1) കേരള നിയമസഭ പാസാക്കിയ 2015ലെ സർവകലാശാല നിയമത്തിലാണ് വിസി നിയമനം പറയുന്നത്. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്ക് നിയമം നൽകുന്നു.

2) അതിനായി  സെർച്ച് കമ്മിറ്റിയെ നിയമിച്ച്  കമ്മിറ്റി ഒന്നിൽക്കൂടുതൽ യോഗ്യതയുള്ള അപേക്ഷകരുടെ ലിസ്റ്റ് ചാൻസലർക്ക് സമർപ്പിക്കണം. അതിൽനിന്നൊരാളെ വിസിയായി നിയമിക്കുന്നു.

3) ഈ നിബന്ധന സർവകലാശാല നിയമത്തിലുള്ളതല്ല, മറിച്ച് യുജിസി റെഗുലേഷനാണ്.

4) ഈ റെഗുലേഷനു വിരുദ്ധമായി രാജശ്രീയുടെ പേര്‌ മാത്രമാണ് സെർച്ച് കമ്മിറ്റി അയച്ചത്. അത് റെഗുലേഷന് വിരുദ്ധമാണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

5) വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ (ഷെഡ്യൂൾ ഏഴിൽ, ലിസ്റ്റ് മൂന്നിൽ 25 –-ാം വിഷയം) വരുന്നതാണ്. അതിൽ സംസ്ഥാനത്തിനും പാർലമെന്റിനും നിയമം നിർമിക്കാം. എന്നാൽ, അപ്രകാരം സംസ്ഥാനവും പാർലമെന്റും നിയമം നിർമിച്ചാൽ അവ തമ്മിൽ വൈരുധ്യം വന്നാൽ (repugnancy) കേന്ദ്ര നിയമം സംസ്ഥാന നിയമത്തിനുമേൽ മേൽക്കോയ്മ നേടുകയും അത് പ്രാബല്യത്തിൽ വരികയും ചെയ്യുന്നു എന്നാണ് ഭരണഘടനയുടെ അനുച്ഛേദം 254(1) പറയുന്നത്.

6) അനുച്ഛേദം 254(1) പ്രകാരം സംസ്ഥാന സർവകലാശാല നിയമം യുജിസി റെഗുലേഷനുമായി വൈരുധ്യം വരുന്നതിനാൽ യുജിസി റെഗുലേഷനാണ് പ്രാബല്യമെന്നും റെഗുലേഷനു വിരുദ്ധമായ നിയമനമാകയാൽ അത് അസാധുവാക്കുന്നു എന്നുമാണ് സുപ്രീംകോടതി കണ്ടെത്തിയത്.

നിയമനിർമാണം രണ്ടുതരമുണ്ട്. സുപ്രീം ലെജിസ്ലേഷനും സബോർഡിനേറ്റ് ലെജിസ്ലേഷനും. സുപ്രീം ലെജിസ്ലേഷൻ എന്നാൽ, പരമാധികാര നിയമം നിർമിക്കൽ എന്നാണ്. അത്തരം നിയമം നിർമിക്കാൻ പാർലമെന്റിനും സംസ്ഥാന നിയമസഭയ്‌ക്കുമാണ് അധികാരം. അത് ഭരണഘടന നൽകുന്ന അധികാരമാണ്. സബോർഡിനേറ്റ് ലെജിസ്ലേഷൻ സുപ്രീം അല്ല. മറിച്ച് പാർലമെന്റോ സംസ്ഥാന നിയമസഭയോ പാസാക്കിയ സുപ്രീം നിയമം നടപ്പാക്കാൻ ആവശ്യമായ ചട്ടങ്ങളും റെഗുലേഷനും നിർമിക്കാൻ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതാണ് സബോർഡിനേറ്റ് ലെജിസ്ലേഷൻ അധികാരം. അപ്രകാരം ഡെലിഗേറ്റു ചെയ്ത ഉദ്യോഗസ്ഥർ നിർമിക്കുന്ന ചട്ടങ്ങളും റെഗുലേഷനുമാണ് സബോർഡിനേറ്റ് ലെജിസ്ലേഷൻ. സുപ്രീം ലെജിസ്ലേഷനായി പാർലമെന്റിലും നിയമസഭയിലും ബിൽ അവതരിപ്പിച്ച് പാസാക്കി അത് പ്രസിഡന്റോ ഗവർണറോ ഒപ്പിടുമ്പോഴാണ്  നിയമമാകുന്നത്. എന്നാൽ, സബോർഡിനേറ്റ് ലെജിസ്ലേഷൻ അപ്രകാരം നിയമനടപടികളിലൂടെ പാർലമെന്റിലോ നിയമസഭയിലോ അവതരിപ്പിച്ച് പാസാക്കുന്നില്ല. പ്രസിഡന്റിന്റെയോ ഗവർണറുടെയോ ഒപ്പും സമ്മതവും ആവശ്യമില്ല. നിയമസഭയിലോ പാർലമെന്റിലോ അത് സമർപ്പിച്ചാൽ മതി. അതായത് സുപ്രീം ലെജിസ്ലേഷൻ പിന്തുടരുന്ന നിയമനിർമാണ നടപടികൾ സബോർഡിനേറ്റ് ലെജിസ്ലേഷൻ അനുവർത്തിക്കുന്നില്ല.

അനുച്ഛേദം 254(1) പരിശോധിച്ചാൽ വ്യക്തമാകുന്നത് കൺകറന്റ് ലിസ്റ്റിലെ പാർലമെന്റ് പാസാക്കിയ നിയമവും സംസ്ഥാന നിയമസഭ പാസാക്കിയ നിയമവും തമ്മിൽ പരസ്പരവൈരുധ്യം വരുമ്പോഴാണ് പാർലമെന്റ് പാസാക്കിയ നിയമം പ്രാബല്യ ശക്തിനേടുന്നത്. അല്ലാതെ, സംസ്ഥാനം പാസാക്കിയ സുപ്രീം ലെജിസ്ലേഷനും പാർലമെന്റ് പാസാക്കാത്ത സബോർഡിനേറ്റ് ലെജിസ്ലേഷനും തമ്മിലുള്ള വൈരുധ്യമല്ല അനുച്ഛേദം 254(1) പ്രകാരം പരിഗണിക്കേണ്ടത്. യുജിസി റെഗുലേഷൻ സബോർഡിനേറ്റ് ലെജിസ്ലേഷൻ ആകയാൽ അതിന് സംസ്ഥാന നിയമസഭ പാസാക്കിയ സുപ്രീം ലെജിസ്ലേഷനായ സർവകലാശാല നിയമം 2015നെ മറികടക്കാൻ സാധ്യമല്ല എന്നാണ് അനുച്ഛേദം 254(1) വായിച്ചാൽ വ്യക്തമാകുന്നത്.

തുല്യതയുള്ള നിയമങ്ങൾ തമ്മിലുള്ള വൈരുധ്യമാണ് അനുച്ഛേദം 254(1) പ്രകാരം പരിശോധിക്കേണ്ടത്. തുല്യതയില്ലാത്ത സുപ്രീം ലെജിസ്ലേഷനായ സർവകലാശാല നിയമവും സബോർഡിനേറ്റ് ലെജിസ്ലേഷനായ യുജിസി റെഗുലേഷനും തമ്മിലുള്ള വൈരുധ്യമല്ല അനുച്ഛേദം 254(1) പ്രകാരം പരിശോധിക്കേണ്ടത്. പാർലമെന്റ് പാസാക്കാത്ത യുജിസി റെഗുലേഷന് സംസ്ഥാന നിയമസഭ പാസാക്കിയ സർവകലാശാല നിയമത്തിനു മുകളിൽ പ്രാബല്യ അധികാരമില്ല.

മാത്രവുമല്ല, 1956ലെ യുജിസി നിയമം (ഈ നിയമം പാർലമെന്റ് പാസാക്കിയ സുപ്രീം ലെജിസ്ലേഷനാണ്) 26(1)(ഇ)(ജി) വകുപ്പു പ്രകാരമാണ് യുജിസി ഉദ്യോഗസ്ഥർക്ക് സബോർഡിനേറ്റ് ലെജിസ്ലേഷനായ റെഗുലേഷൻ നിർമിക്കാൻ അധികാരം നൽകിയിട്ടുള്ളത്. എന്നാൽ, വകുപ്പ് 26ൽ ലിസ്റ്റ് ചെയ്തിട്ടുള്ള റെഗുലേഷൻ നിർമിക്കാവുന്ന വിഷയങ്ങളിൽ വൈസ് ചാൻസലർ നിയമനം വരുന്നില്ല. അതിനാൽ, വിസി നിയമനത്തിനായി റെഗുലേഷൻ നിർമിക്കാൻ യുജിസി ഉദ്യോഗസ്ഥർക്ക് അധികാരവുമില്ല.

അതിനാൽ, എപ്രകാരമാണ് യുജിസി റെഗുലേഷന് കേരള നിയമസഭ പാസാക്കിയ സുപ്രീം ലെജിസ്ലേഷനായ സർവകലാശാല നിയമത്തിനുമേൽ മേൽക്കോയ്മ വരുന്നത്? സുപ്രീംകോടതിയുടെ വിധി തെറ്റാണെന്ന് സമർഥിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. എന്നാൽ, സംസ്ഥാന നിയമവും യുജിസി റെഗുലേഷനും തമ്മിലുള്ള വൈരുധ്യത്തിൽ സുപ്രീം ലെജിസ്ലേഷനായ സർവകലാശാല നിയമമല്ലേ മേൽക്കോയ്മ നേടേണ്ടത് എന്ന വിഷയം പരിശോധിച്ചു എന്നുമാത്രം.

(മുൻ നിയമസഭാ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top