26 April Friday

ഓർമപ്പെടുത്തലിന്റെ പുസ്‌തകം

സാജൻ എവുജിൻUpdated: Friday May 26, 2023

image credit parakala prabhakar twitter

മോദി സർക്കാരിനെ പരകാല പ്രഭാകർ വിമർശിക്കുന്നത്‌ ആദ്യമായല്ല; ഒന്നാം മോദി സർക്കാരിൽ തന്റെ ജീവിതപങ്കാളി നിർമല സീതാരാമൻ പ്രതിരോധ മന്ത്രിയായിരിക്കെയും പ്രഭാകർ  കേന്ദ്രനയങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്‌. ഇപ്പോൾ അദ്ദേഹം എഴുതിയ ‘ദ ക്രൂക്ക്‌ഡ്‌ ടിംബർ ഓഫ്‌ ന്യൂ ഇന്ത്യ: റിപ്പബ്ലിക്‌ ഓൺ ക്രൈസിസ്‌’ എന്ന പുസ്‌തകമാകട്ടെ മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ സംഘപരിവാർ കാർന്നുതിന്നുന്നത്‌ ആഴത്തിൽ പരിശോധിക്കുന്നു. ജനാധിപത്യത്തിന്റെ നാല്‌ സ്‌തംഭങ്ങളായ പാർലമെന്റ്‌,  എക്‌സിക്യൂട്ടീവ്‌,  ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയിൽ ആർഎസ്‌എസ്‌ ആസൂത്രിതമായി നുഴഞ്ഞുകയറുന്നതിലേക്ക്‌ വെളിച്ചംവീശുന്നു. ജനാധിപത്യ സ്ഥാപനങ്ങളെയും ബഹുസ്വരതയെയും പടിപടിയായി തകർക്കുന്നതിനെക്കുറിച്ച്‌ വിശദീകരിക്കുന്നു. നിശ്ശബ്ദത പാലിച്ചോ കണ്ടില്ലെന്ന്‌ നടിച്ചോ മുന്നോട്ടുപോകുന്നത്‌ രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുള്ള പൗരന്മാർക്ക്‌ മുന്നിലുള്ള മാർഗമല്ലെന്നും മുന്നറിയിപ്പുനൽകുകയാണ്‌  ഈ പുസ്‌തകം.

ബിജെപി ആന്ധ്രപ്രദേശ്‌ ഘടകത്തിന്റെ വക്താവായിരുന്ന പ്രഭാകർ 2014ൽ മോദി സർക്കാർ വന്നകാലം പുസ്‌തകത്തിന്റെ ആമുഖത്തിൽ ഓർക്കുന്നു: ‘2014 മേയിൽ പുതിയ യുഗം പിറവിയെടുത്തുവെന്നാണ്‌ നമ്മോട്‌ പറഞ്ഞത്‌. നല്ല നാളുകൾ വരുമെന്ന്‌ വഡോദരയിൽ വിജയാഘോഷത്തിൽ മോദി പറഞ്ഞു. തിളങ്ങുന്ന ഇന്ത്യ വാഗ്‌ദാനം ചെയ്യപ്പെട്ടു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ തന്റെ പാർടി പുതിയ പ്രതീക്ഷ നൽകുന്നുവെന്ന്‌ മോദി പറഞ്ഞു. വിജയം പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സമർപ്പിച്ചു. മൂന്നു മാസത്തിനുശേഷം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി സദ്‌ഭരണം ഉറപ്പുനൽകി. എല്ലാവർക്കുംവേണ്ടി നിലകൊള്ളാൻ കഠിനാധ്വാനം നടത്തുമെന്ന്‌ പറഞ്ഞു. എന്നാൽ, എല്ലാ വാഗ്‌ദാനങ്ങളുടെയും കാര്യത്തിൽ ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു’.രാജ്യത്ത്‌ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരുടെ എണ്ണം 1990കൾക്കുശേഷം ആദ്യമായി വർധിച്ചു.  2021 മാത്രം 7.5 കോടി  പേർ ദരിദ്രരുടെ ഗണത്തിലായി. 191 രാജ്യങ്ങളടങ്ങിയ യുഎൻഡിപി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132 ആയി ഇടിഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്‌മ പെരുകി. മൂന്നു കോടി ഗ്രാമീണർ കാർഷികവൃത്തി ഉപേക്ഷിച്ചു. കഴിവുള്ള സാമ്പത്തിക ഉപദേഷ്ടാക്കൾക്ക്‌ പകരം ‘ആഭിചാര’ സാമ്പത്തികശാസ്‌ത്രജ്ഞരാണ്‌ രാജ്യത്തെ നയിക്കുന്നത്‌. ദിശാബോധമില്ലാത്തവർ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഫലമാണ്‌ നോട്ടുനിരോധനം പോലുള്ള നടപടികളെന്ന്‌ പ്രഭാകർ ചൂണ്ടിക്കാട്ടുന്നു. ഇഡി പോലുള്ള എജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാൻ ദുരുപയോഗിക്കുകയാണ്‌. സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു.  ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിൽ കുറ്റവാളികൾക്ക്‌ ഗുജറാത്ത്‌ സർക്കാർ ശിക്ഷായിളവ്‌ നൽകിയത്‌  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സമ്മതത്തോടെയാണ്‌. വസ്‌തുതകളുടെമാത്രം അടിസ്ഥാനത്തിലാണ്‌ താൻ വിമർശിക്കുന്നതെന്നും വിമർശിക്കാൻ ധൈര്യം വേണമെന്നും പ്രഭാകർ പറയുന്നു.

വികസനമുദ്രാവാക്യങ്ങളുടെ മറവിൽ 2014ൽ ബിജെപി ഹിന്ദുത്വരാഷ്‌ട്രീയം ഒളിച്ചുകടത്തുകയാണ്‌ ചെയ്‌തതെന്ന്‌ പ്രഭാകർ വിശദീകരിക്കുന്നുണ്ട്‌. ‘ട്രോജൻ കുതിര’ എന്ന പോലെയാണ്‌ അന്ന്‌ ബിജെപി വികസനത്തെ ഉപയോഗിച്ചത്‌. വിഭജനത്തിനുശേഷം രക്തരൂഷിതമായിരുന്നപ്പോൾ പോലും ഇന്ത്യ ഹിന്ദുഭൂരിപക്ഷവാദം അംഗീകരിച്ചില്ല. പലായനങ്ങളുടെയും കൂട്ടക്കൊലകളുടെയും കാലത്തും ഇന്ത്യൻ ജനത മതനിരപേക്ഷവാദം  അംഗീകരിച്ചു. ബിജെപി സർക്കാരിന്‌ 38 ശതമാനം വോട്ടർമാരുടെമാത്രം പിന്തുണയാണ്‌ ലഭിച്ചതെന്ന്‌ പുസ്‌തകത്തിൽ ഓർമിപ്പിക്കുന്നു.

ടെലിവിഷൻ ചാനലുകളിൽ അലറിവിളിക്കുന്നവരും  വാട്‌സാപ്‌ സന്ദേശങ്ങൾ ഫോർവേഡ്‌ ചെയ്യുന്നവരും സാമ്പത്തികരംഗം കൈകാര്യം ചെയ്‌താൽ സംഗതി കുഴപ്പമാകും

മോദിയുടെ ഒന്നാം സർക്കാരിന്റെ സാമ്പത്തികനയങ്ങളെ ശക്തിയായി വിമർശിച്ച്‌  2019ൽ ‘ദ ഹിന്ദു’ പത്രത്തിൽ പ്രഭാകർ ലേഖനം എഴുതി. ടെലിവിഷൻ ചാനലുകളിൽ അലറിവിളിക്കുന്നവരും  വാട്‌സാപ്‌ സന്ദേശങ്ങൾ ഫോർവേഡ്‌ ചെയ്യുന്നവരും സാമ്പത്തികരംഗം കൈകാര്യം ചെയ്‌താൽ സംഗതി കുഴപ്പമാകും. സമ്പദ്‌ഘടന മാന്ദ്യത്തിലാണെന്ന്‌ സമ്മതിക്കാൻ സർക്കാർ തയ്യാറല്ല. വെല്ലുവിളികൾ നേരിടാനുള്ള തന്ത്രവും സർക്കാരിനില്ലെന്ന്‌ പ്രഭാകർ ലേഖനത്തിൽ പറഞ്ഞു.  പ്രധാനമന്ത്രി മോദിയുടെ ആശയവിനിമയ ശേഷികൾ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാരിന്റെ ഹൃദയശൂന്യത മൂടിവയ്‌ക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ കോവിഡ്‌ രണ്ടാം തരംഗത്തിനിടെ  പ്രഭാകർ തുറന്നടിച്ചു. രോഗവ്യാപനം രൂക്ഷമാകുകയും മരണം പെരുകുകയും ചെയ്യുമ്പോൾ നിജസ്ഥിതി  സർക്കാർ  മറച്ചുപിടിക്കുകയാണ്‌. സൂത്രപ്പണികൾ നിലനിൽക്കില്ല. ദീനാനുകമ്പയും സുതാര്യതയുമാണ്‌ ശാശ്വതം. കോവിഡിനിടെ കുംഭമേള ആഘോഷമായി നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു.   

അവിഭക്ത ആന്ധ്രപ്രദേശിൽ  മന്ത്രിയായിരുന്ന ശേഷാവതാരത്തിന്റെയും എംഎൽഎയായിരുന്ന കലികാംബയുടെയും  മകനായി 1959ൽ ജനിച്ച  പ്രഭാകർ ഡൽഹി ജെഎൻയുവിൽ   ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കെയാണ്‌ സഹപാഠിയായ നിർമല സീതാരാമനുമായി പ്രണയിച്ചത്‌. 1986ൽ ഇരുവരും വിവാഹിതരായി. ലണ്ടൻ സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽനിന്ന്‌ ഗവേഷണ ബിരുദം നേടിയ പ്രഭാകർ കുറച്ചുകാലം വിദേശത്തും ജോലിചെയ്‌തു. വാജ്‌പേയി സർക്കാരിന്റെ കാലത്ത്‌ ബിജെപിയിൽ സജീവമായി. 2000ലാണ്‌ ബിജെപി ആന്ധ്രപ്രദേശ്‌ ഘടകത്തിന്റെ വക്താവായത്‌. 2007ൽ ബിജെപി വിട്ട പ്രഭാകർ രാഷ്‌ട്രീയ നിരീക്ഷകനായി. 2014 മുതൽ 2018 വരെ അന്നത്തെ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപദേഷ്ടാവായി.

കർണാടകത്തിൽ ബിജെപി ഭരണത്തെ ജനങ്ങൾ തിരസ്‌കരിച്ചതിന്റെ ഫലം വന്നതിന്‌ പിറ്റേന്ന്‌, മെയ്‌ 14ന്‌ ബംഗളൂരു ഇന്റർനാഷണൽ സെന്ററിൽ  തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തിയാണ്‌ അദ്ദേഹത്തിന്റെ പുതിയ പുസ്‌തകം പ്രകാശിപ്പിച്ചത്‌. 2020–-2022 കാലത്ത്‌ എഴുതിയ ലേഖനങ്ങളാണ്‌ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top