26 April Friday

അധ്യാപകരെയും തരംതിരിക്കുന്ന കേന്ദ്രനയം

ഡോ ജെ പ്രസാദ്‌Updated: Tuesday Nov 9, 2021

ദശാബ്ദങ്ങളായി പ്രവർത്തിച്ചുവരുന്ന രാജ്യത്തെ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ പുനരാവിഷ്കരിക്കാനും ഒറ്റസ്ഥാപനങ്ങൾ (Stand alone Institutions) ഇല്ലാതാക്കാനുമുള്ള നിർദേശങ്ങൾ സമർപ്പിക്കാനായി എൻസിഇആർടി മുൻ ഡയറക്ടർ പ്രൊഫ. ഋഷികേശ് സേനാപതി അധ്യക്ഷനായി സമിതി രൂപീകരിച്ച്‌ കഴിഞ്ഞ ഒക്ടോബർ 27ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഒന്നുകിൽ അത്തരം ഒറ്റവിഷയ സ്ഥാപനങ്ങൾ ബഹുവിഷയ സ്ഥാപനങ്ങളായി മാറണം, അല്ലെങ്കിൽ അടച്ചുപൂട്ടി അവിടങ്ങളിലെ കോഴ്സുകൾ മറ്റേതെങ്കിലും ആർട്സ് ആൻഡ്‌ സയൻസ് കോളേജിലേക്ക് മാറ്റണം. അരനൂറ്റാണ്ടായി രാജ്യത്ത് നിലനിന്നുവരുന്ന വിദ്യാഭ്യാസഘടനയെ ഏകപക്ഷീയമായി ഉടച്ചുവാർത്ത്‌ തങ്ങളുടെ ‘അജൻഡ’ നടപ്പാക്കുക എന്നതാണ് 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കാതൽ. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന തകർക്കാനും (അപഘടനാവൽക്കരിക്കൽ –-Destructuring) ഉന്നതവിദ്യാഭ്യാസമേഖലയിലെ അഫിലിയേഷൻ ഇല്ലാതാക്കാനും (Dissaffiliation) ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിൽ 10 വർഷംകൊണ്ട് നടപ്പാക്കാൻ നിർദേശിക്കപ്പെട്ട കാര്യമാണ് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കാതെ പൊടുന്നനെ നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.

കോത്താരി കമീഷന്റെ കാലംമുതൽ സ്വീകരിച്ചുപോരുന്ന ഘടനയാണ് 10+2+3. അതുവഴി പൊതുവിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായി (Terminal Stage )12–-ാം ക്ലാസിനെ രാജ്യം പൊതുവേ സ്വാഗതം ചെയ്യുകയുണ്ടായി. കേരളത്തിലും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 12–-ാം തരംവരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കി. 2010 ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസാവകാശനിയമം നിലവിൽ വന്നതോടെ 14 വയസ്സുവരെയുള്ള തുടർച്ചയായ പ്രൈമറി വിദ്യാഭ്യാസം കുട്ടികളുടെ അവകാശവുമായി. പുതിയ ഘടനയായ 5+3+3+4 വരുന്നതോടെ ഇപ്പോഴത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കു പുറമേ 3, 5, 8 ക്ലാസുകളിൽ കൂടി പരീക്ഷ വരികയും ബഹുമുഖ കാരണങ്ങളാൽ കുട്ടികൾ വിട്ടുപോകാനിടയാകുകയും ചെയ്യും. ഇതോടെ വിദ്യാഭ്യാസാവകാശനിയമത്തിലൂടെ ഏറെക്കുറെ പരിഹരിച്ച ഒന്നാം തലമുറ പ്രശ്നങ്ങൾ (Access and Retention))വീണ്ടും ഉയർന്നുവരും. ഒരുവിധ മുന്നൊരുക്കമില്ലാതെയും സംസ്ഥാന സർക്കാരുകളെ മുഖവിലയ്‌ക്കെടുക്കാതെയും മൂന്നു വർഷത്തെ അങ്കണവാടി/പ്രീ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഒന്നും രണ്ടും ക്ലാസുകൾ ചേർത്തുള്ള അടിസ്ഥാനഘട്ടം, നിലവിൽ അവ്യവസ്ഥിതമായി കിടക്കുന്ന പ്രീപ്രൈമറി വിദ്യാഭ്യാസരംഗം കൂടുതൽ കലുഷിതവും സങ്കീർണവുമാക്കാനേ ഉപകരിക്കൂ. സമാനമായ കാര്യമാണ് അധ്യാപക വിദ്യാഭ്യാസ മേഖലയിലും സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

ഐടെപ് എന്ന ഒറ്റമൂലി

വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം കൈവരിച്ചിട്ടുള്ള രാജ്യങ്ങളിലൊക്കെ ഉന്നത ബിരുദം നേടിയ അധ്യാപകരാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നിയോഗിക്കപ്പെടുന്നത്. നാലുവർഷത്തെ സംയോജിത അധ്യാപകവിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്റെ താഴേത്തട്ടിൽ ഉൾപ്പെടെ അടിസ്ഥാന യോഗ്യതയായി കൊണ്ടുവരുന്നതിനെ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. എന്നാൽ, അത് അധ്യാപക വിദ്യാഭ്യാസത്തിന്റെ കോടാലിയാകാൻ പാടില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ ചെയ്യുന്നത് ഈ സംവിധാനത്തെ അടിമുടി തകർക്കുന്നതാണ്. ഇപ്പോൾ സംസ്ഥാനത്ത് നാലു തരത്തിലുള്ള അധ്യാപക വിദ്യാഭ്യാസം നിലനിൽക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടിടിഐകൾ, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രെയ്‌നിങ്‌ കോളേജുകൾ, യൂണിവേഴ്സിറ്റികൾ നേരിട്ടു നടത്തുന്ന ബിഎഡ് സെന്ററുകളും ഡിപ്പാർട്ട്മെന്റുകളും. നാലാമത്തേത് ഒരു വ്യവസ്ഥയും പാലിക്കാതെ വിവിധ ഏജൻസികളും വ്യക്തികളും നടത്തുന്ന പ്രീപ്രൈമറി അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. പുതിയ നയം നടപ്പാക്കുന്നതോടെ അവസാനം പറഞ്ഞതൊഴികെ മറ്റുള്ള സ്ഥാപനങ്ങളും അവിടത്തെ അധ്യാപകരും ജീവനക്കാരും ത്രിശങ്കുവിലാകും; അതോടെ രാജ്യത്താകെയുള്ള അധ്യാപക വിദ്യാഭ്യാസരംഗം പ്രശ്ന കലുഷിതമാകും.

ഒക്ടോബർ 26നു നാലു വർഷത്തെ സംയോജിത അധ്യാപക വിദ്യാഭ്യാസ കോഴ്സ് സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന വിജ്ഞാപനം എൻസിടി ഇറക്കിക്കഴിഞ്ഞു. അതിന്റെ ഭാഗമായി 2014ലെ അടിസ്ഥാന ചട്ടങ്ങളിൽ പതിമൂന്നാമതായി നിർദേശിക്കപ്പെട്ടിരുന്നതും കോത്താരി കമീഷൻ നിർദേശിച്ചതും ആർഐഇ മൈസൂരുവിൽ ഉൾപ്പെടെ നടന്നുവരുന്നതുമായ നാലു വർഷത്തെ സംയോജിത അധ്യാപകവിദ്യാഭ്യാസ ബിരുദ കോഴ്സുകൾ ( ബിഎ ബിഎഡ്‌ /ബിഎസ്‌‌സി ബിഎഡ്‌) ഒഴിവാക്കിയിരിക്കുന്നു. എൻസിടിയുടെ വിവേകശൂന്യമായ ഈ നടപടി അർഥശൂന്യവും യാഥാർഥ്യബോധമില്ലാത്തതും അധ്യാപക വിദ്യാഭ്യാസത്തിന്റെ വിശിഷ്ട തൊഴിൽപരതയെ (Professionalism) ഇല്ലാതാക്കുന്നതുമാണ്. കേരളത്തിൽ എസ്‌സിഇആർടി, ഡയറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകരാകാൻ നിർദിഷ്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും എംഎഡും അവശ്യ യോഗ്യതകളാണ്. എന്നാൽ, പുതിയ ഐടെപ് കോഴ്സിൽ (ITEP –--Integrated Teacher Education Program) അസി. പ്രൊഫസറാകാൻ നെറ്റിനോടൊപ്പം ബിരുദാനന്തരബിരുദവും ബിഎഡും മതിയാകും. നല്ല അധ്യാപകവിദ്യാർഥികളെ കണ്ടെത്താൻ സംസ്ഥാനങ്ങൾ അഭിരുചി പരീക്ഷ നടത്തണമെന്ന ജസ്റ്റിസ് വർമ കമീഷൻ നിർദേശത്തിന്റെ മറവിൽ, സംസ്ഥാനങ്ങളുടെ അവകാശം ദേശീയ ഏജൻസിക്ക് (നാഷണൽ ടെസ്റ്റിങ്‌ ഏജൻസി) വിട്ടുകൊടുക്കുന്നു. ഇതോടെ സംസ്ഥാനങ്ങൾ നടത്തിവന്ന പ്രവേശനപരീക്ഷയെല്ലാം കേന്ദ്രത്തിന്റെ പിടിയിലായി കഴിഞ്ഞു.

4 തരം അധ്യാപകരെ സൃഷ്ടിക്കുന്ന നയം

2030 മുതൽ സ്കൂൾ അധ്യാപകരാകണമെങ്കിൽ നാലു വർഷ സംയോജിത അധ്യാപകവിദ്യാഭ്യാസ ബിരുദം അനിവാര്യമാണ്. ഇപ്പോൾ രാജ്യത്ത് ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന എല്ലാ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി മാറുകയോ അടച്ചുപൂട്ടലിന് വിധേയമാകുകയോ വേണം. അതോടെ അധ്യാപകവിദ്യാഭ്യാസം പൂർണമായും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാകും. നാലു വർഷ ഐടെപ് കൂടാതെ ഏതെങ്കിലും പ്രത്യേകവിഷയത്തിൽ മൂന്നു വർഷത്തെ ബിരുദം നേടിയവർക്കായി രണ്ടുവർഷ ബിഎഡ് കോഴ്സും നാലുവർഷ ബിരുദക്കാർക്കും അഞ്ചുവർഷ ബിരുദാനന്തര ബിരുദക്കാർക്കുമായി ഒരുവർഷ ബിഎഡ് കോഴ്സും തുടരും. നാലു വർഷ കോഴ്സിന് പഠിക്കുന്നവർക്ക് ഇടയ്ക്ക് പഠനം നിർത്തിപ്പോകാനുള്ള സംവിധാനവും (Exit option) ഉണ്ടാകും. 2014ലെ എൻസിടിഇ ചട്ടങ്ങൾ അനുസരിച്ചാണ് ഒരു വർഷ ബിഎഡ് കോഴ്സുകൾ രണ്ടുവർഷമാക്കി മാറ്റിയത്. ഇനിമുതൽ ഒന്നും രണ്ടും നാലും വർഷ അധ്യാപകവിദ്യാഭ്യാസ കോഴ്സുകൾ ഉണ്ടാകും.

ചുരുങ്ങിയ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന പ്രത്യേക ബി എഡ്‌ പ്രോഗ്രാമുകൾ ബിഐടിഇകളിലും ഡയറ്റുകളിലും സ്കൂൾ കോംപ്ലക്സുകളിലും നടത്തുമെന്ന് നയരേഖ പ്രഖ്യാപിക്കുന്നു (5.25). ചുരുക്കിപ്പറഞ്ഞാൽ അധ്യാപകവിദ്യാഭ്യാസ സംവിധാനം പുതിയ നയം നടപ്പാക്കുന്നതോടെ കൂടുതൽ സങ്കീർണമാകും. പുതിയ വിദ്യാഭ്യാസനയത്തിൽ രണ്ടുതരം സർവകലാശാലകളെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്–- ടീച്ചിങ്‌ സർവകലാശാലയും ഗവേഷണ സർവകലാശാലയും. നാളത്തെ അധ്യാപകരും ഗവേഷകരും എങ്ങനെയുള്ളവർ ആയിരിക്കണമെന്നും അവർ എതുവിഷയത്തിൽ ഗവേഷണം നടത്തണമെന്നും ഇനി കേന്ദ്ര സർക്കാർ തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top