26 April Friday

യുഡിഎഫിന്റെ വെറുംവാക്കുകൾ‌ - ഡോ. ടി എം തോമസ്ഐസക് സംസാരിക്കുന്നു

ഡോ. ടി എം തോമസ്ഐസക്Updated: Wednesday Mar 24, 2021

അപഹാസ്യമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ ഓർമശക്തിയെ തീക്കൊള്ളികൊണ്ട് മാന്തുകയാണ് യുഡിഎഫ്. 600 രൂപ പെൻഷൻ 18 മാസമാണ് ഉമ്മൻചാണ്ടി സർക്കാർ കുടിശ്ശിക വരുത്തിയത്. അവരാണ് ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന വ്യാമോഹം വിതറി വോട്ടു പിടിക്കാനിറങ്ങുന്നത്. 2006ലെ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ 110 രൂപയായിരുന്ന പെൻഷൻ രണ്ടര വർഷം കുടിശ്ശിക വരുത്തിയിട്ടാണ് എ കെ ആന്റണി അധികാരമൊഴിഞ്ഞത്. ആ കുടിശ്ശിക എൽഡിഎഫ്‌ കൊടുത്തുതീർത്ത ശേഷമാണ് വി എസ് ഭരണം തുടങ്ങിയത്. ഞങ്ങൾ അത് 500 രൂപയാക്കി ഉയർത്തിയെന്നു മാത്രമല്ല, ആ സർക്കാരിന്റെ കാലത്ത് ഒരു രൂപ പോലും കുടിശ്ശികയും ഉണ്ടായിരുന്നില്ല. 2006 മുതൽ ഇതുവരെ ക്ഷേമ പെൻഷൻ 110ൽനിന്ന് 1600 രൂപയായി. അതിൽ യുഡിഎഫ് സർക്കാർ വരുത്തിയത് വെറും 100 രൂപ വർധന. എൽഡിഎഫ്‌ പ്രകടനപത്രികയിൽ 2500 രൂപ പറഞ്ഞപ്പോൾ, അതിൽനിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമം.

പെൻഷന്റെ കാര്യത്തിൽ 500 രൂപ കൂട്ടിവയ്ക്കാൻ വേണ്ടി തങ്ങളുടെ പ്രകടനപത്രിക വച്ചു താമസിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. അങ്ങനെ ചിലത് കൂട്ടിവച്ചപ്പോൾ അവർ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളിൽ മാറ്റംവരുത്താൻ അവർ വിട്ടുപോയി. യുഡിഎഫിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ നടപ്പാക്കാനാകാത്ത പ്രഹസനങ്ങളായി മാറി. ബിപിഎൽ കുടുംബങ്ങൾക്ക് ന്യായ് പദ്ധതിപ്രകാരം 6000 രൂപ വീതം മാസംതോറും നൽകുമെന്നാണ് പറയുന്നത്. 20 ലക്ഷം ബിപിഎൽ കുടുംബമുണ്ട്. അവർക്ക് 6000 രൂപ വീതം അഞ്ചു വർഷം നൽകാൻ 72000 കോടി രൂപ വേണം.

ന്യായ് പദ്ധതിയുടെ ഗുണഭോക്താക്കൾ അല്ലാത്ത 40 മുതൽ 60 വയസ്സുവരെയുള്ള തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നൽകും. കേരളത്തിൽ 80 ലക്ഷം കുടുംബം അതിൽ 20 ലക്ഷം കുടുംബം ന്യായ് പദ്ധതിയിൽ ഉള്ളതുകൊണ്ടും മറ്റൊരു 20 ലക്ഷം കുടുംബത്തെ അർഹത ഇല്ലാത്തതിന്റെയും പേരിൽ മാറ്റിനിർത്താം. എങ്കിലും 40 ലക്ഷം കുടുംബത്തിൽ ഒരു സ്ത്രീക്കു മാത്രം 2000 രൂപ വീതം അഞ്ചു വർഷത്തേക്ക്‌ 48,000 കോടി രൂപ വേണം. ഈ മൂന്ന് ഇനത്തിലായി മാത്രം 2.2 ലക്ഷം കോടി രൂപ വേണം. ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന് വിശദീകരിക്കണം. എൽഡിഎഫിന് പ്രകടനപത്രിക പ്രഹസനമല്ല. ചെയ്തുതീർത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായിട്ടാണ് ഞങ്ങൾ ജനങ്ങളെ സമീപിക്കുന്നത്. 2011ൽ നൽകിയ എത്ര വാഗ്ദാനങ്ങൾ ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയെന്നുകൂടി ജനങ്ങളോട് തുറന്നുപറയണം.


 

യുഡിഎഫ് പ്രകടനപത്രികയുടെ പാപ്പരത്തം പൂർണമായി വെളിപ്പെടുന്നത് അടിസ്ഥാനസൗകര്യ വികസനമേഖലയിലാണ്. ഇന്നു നടക്കുന്ന ഏറ്റവും വലിയ പശ്ചാത്തലസൗകര്യ നിർമിത കിഫ്‌ബി പ്രോജക്ടുകളാണ്. 60,000 കോടിയുടെ നിർമാണപ്രവൃത്തികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇവ മുന്നോട്ടുകൊണ്ടുപോകുമോ ഇല്ലയോ എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ഇതിൽ എന്താണ് യുഡിഎഫ്‌ നിലപാട്? എൽഡിഎഫ്‌ പറയുന്നത് തുടർഭരണം ഉണ്ടെങ്കിലേ ഇതു പൂർത്തിയാകൂവെന്നാണ്. യുഡിഎഫിന്റെ കിഫ്ബിയോടുള്ള നിലപാട് എന്താണ്‌. യുഡിഎഫ്‌ പ്രകടനപത്രിക പരിശോധിച്ചാൽ ഒന്നും കാണാൻ കഴിയില്ല.

കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മൂന്നു സുപ്രധാന പദ്ധതിയാണ് കേന്ദ്ര സർക്കാർ ഇതിനകം അംഗീകരിച്ച കൊച്ചി –- കോയമ്പത്തൂർ വ്യവസായ ഇടനാഴി. രണ്ടാമത്തേത് കൊച്ചി -–- മംഗളൂരു ഇടനാഴി. അതിപ്പോൾ കേന്ദ്ര പരിഗണനയിലാണ്. മൂന്നാമത്തേത്, തിരുവനന്തപുരം ക്യാപിറ്റൽ റീജ്യൺ വികസനപദ്ധതി. ഈ മൂന്നു ബൃഹത്‌ പദ്ധതികളും തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് പ്രകടനപത്രികയിൽ ഇവയെക്കുറിച്ച് പരാമർശം പോലുമില്ല. ഗതാഗതത്തെക്കുറിച്ചുള്ള ഭാഗത്ത് റെയിൽവേ വികസനം തൊട്ടിട്ടേയില്ല. നേരത്തെ യുഡിഎഫ് ഹൈ-സ്‌പീഡ് റെയിൽ കോറിഡോറിനെക്കുറിച്ചു പറഞ്ഞിരുന്നു. നാല് പ്രധാനപ്പെട്ട വിമാനത്താവളവും ഹൈടെക്കാക്കി വികസിപ്പിക്കുമെന്ന വാഗ്ദാനമുണ്ട്.

തിരുവനന്തപുരം വിമാനത്താവളം അദാനി റാഞ്ചിയത് ഇപ്പോഴും യുഡിഎഫ്‌ തിരിച്ചറിഞ്ഞിട്ടില്ലേ? വൈദ്യുതി മേഖലയാണ് കാഴ്ചപ്പാടില്ലായ്മയ്ക്ക് ഒരു ഉദാഹരണം. 4000 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുമെന്ന് പറയുന്നു. എങ്ങനെ? താപനിലയങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശ്യമുണ്ടോ? അതോ ഇത് മുഴുവൻ പാരമ്പര്യ ഇതര ഊർജസ്രോതസ്സുകളിൽ നിന്നാണോ. ചുരുക്കത്തിൽ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് ഏറ്റവും വികലമായ കാഴ്ചപ്പാടാണ് യുഡിഎഫിനുള്ളത്. ഇതിനുള്ള പണം എങ്ങനെ ഉണ്ടാക്കുമെന്ന ചിന്ത പോലുമില്ല. മത്സ്യമേഖലയിലെ എൽഡിഎഫ്, യുഡിഎഫ് പ്രകടനപത്രികകളിലെ നിലപാടുകൾ വളരെ സമാനമാണ് എന്ന് പലരും നിരീക്ഷിച്ചുകണ്ടു. ഇതിനൊരു പ്രധാന കാരണം എൽഡിഎഫ് പ്രകടനപത്രിക പുറത്തുവന്നു കഴിഞ്ഞതിനുശേഷമാണ് യുഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എൽഡിഎഫിന്റെ പല നിലപാടും യുഡിഎഫ് കോപ്പിയടിക്കുകയാണ് ചെയ്തത്.


 

ഉദാഹരണത്തിന് യുഡിഎഫ് പ്രകടനപത്രികയിൽ ഇതാണ് ആദ്യത്തെ പ്രഖ്യാപനം. "കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. മത്സ്യബന്ധന അവകാശവും, ആദ്യ വിൽപ്പനാ അവകാശവും മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തും.’ യുഡിഎഫ് ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. 2016-ലെ മാനിഫെസ്റ്റോ വേണമെങ്കിൽ എടുത്തു വായിച്ചോളൂ. ഇതിനെപ്പറ്റി ഒരു പരാമർശം പോലുമില്ല. ആഴക്കടൽ മത്സ്യബന്ധനം വിദേശ ട്രോളറുകൾക്ക്‌ തുറന്നുകൊടുത്ത നരസിംഹറാവുവിന്റെ പിന്തുടർച്ചക്കാർക്ക് ഇങ്ങനെയൊരു വാഗ്ദാനം നൽകാൻ കഴിയുമോ? വെറും മുതലെടുപ്പുരാഷ്ട്രീയം മാത്രമാണത്.

തീരദേശ പാക്കേജിനെ ചിലരെങ്കിലും പരിഹസിച്ചു കണ്ടു. തീരദേശ പാക്കേജ് വെറും വാചകമടിയല്ല. കൃത്യമായി ബജറ്റിൽ പണം മാറ്റിവച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീരസംരക്ഷണ പ്രവർത്തനങ്ങൾ, ഹാർബറുകൾ, പുനരധിവാസം, പാർപ്പിടം, വിദ്യാഭ്യാസ-–- ആരോഗ്യ സൗകര്യങ്ങളുടെ നവീകരണം, തൊഴിലിന്റെ വൈവിധ്യവൽക്കരണം, റോഡുകളുടെ നവീകരണം ഇവയെല്ലാം ഇതിൽപ്പെടുന്നു. കുട്ടികളുടെ എണ്ണം നോക്കാതെ മുഴുവൻ സർക്കാർ സ്കൂളും തീരദേശത്ത് നവീകരിക്കുകയുണ്ടായി, വിദ്യാഭ്യാസ ഗ്രാന്റിൽ ഇന്ന് കുടിശ്ശികയില്ല. സ്കൂളിനു പുറത്ത് പ്രതിഭാതീരം പോലുള്ള പഠനപിന്തുണാ പരിപാടികൾ നടപ്പാക്കുന്നു. തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടുവയ്ക്കുന്നതാണ് എൽഡിഎഫിന്റെ പ്രകടനപത്രിക. എന്നാൽ, യുഡിഎഫിന്‌ ആകട്ടെ അത്തരമൊരു പരിപാടിയൊന്നുമില്ല. എൽഡിഎഫിന്റെ പ്രകടനപത്രികയിൽ 40 ലക്ഷം പേർക്ക് അഞ്ചു വർഷംകൊണ്ട് തൊഴിൽ നൽകാൻ കൃത്യമായ പദ്ധതിയുണ്ട്. യുഡിഎഫ് മുഖ്യമായി പരാമർശിക്കുന്നത് പി എസ്‌സി നിയമനങ്ങളെക്കുറിച്ചാണ്. ചുരുക്കത്തിൽ കേരളത്തിലെ ഏറ്റവും നീറുന്ന പ്രശ്നമായ തൊഴിലില്ലായ്മ പരിഹരിക്കാൻ യുഡിഎഫിന് വ്യക്തമായ ഒരു പദ്ധതിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top