26 April Friday

സുഭിക്ഷ കേരളം പുതിയ മാതൃക - എസ്‌ രാമചന്ദ്രൻപിള്ള എഴുതുന്നു

എസ്‌ രാമചന്ദ്രൻപിള്ളUpdated: Tuesday May 12, 2020

കോവിഡ്‌–-19 ഉയർത്തിയ ആപത്തുകളെ നേരിടാൻ കേരളം സ്വീകരിച്ച നടപടികൾ ഇതിനകംതന്നെ ലോകത്തിന്റെ പ്രശംസ നേടിക്കഴിഞ്ഞു. കോവിഡ്‌–-19 ന്റെ വ്യാപനം തടയാൻ സ്വീകരിച്ച ശാസ്‌ത്രീയമാർഗങ്ങളും രോഗം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളിൽനിന്ന്‌ ജനങ്ങൾക്ക്‌ ഫലപ്രദമായ അടിയന്തരാശ്വാസം നൽകാൻ എടുത്ത നടപടികളുമാണ്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നും യുഎസ്‌, ഇംഗ്ലണ്ട്‌, ഇറ്റലി, ഫ്രാൻസ്‌, ബ്രസീൽ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിൽനിന്നും കേരളത്തെ വേർതിരിച്ചുകാട്ടുന്നത്‌. കേരളം സൃഷ്‌ടിച്ച ഒട്ടനവധി മാതൃകകളെപ്പോലെ കോവിഡ്‌–-19ന്റെ വ്യാപനം തടയാനും ക്ലേശിക്കുന്ന ജനങ്ങൾക്ക്‌ അടിയന്തരാശ്വാസം എത്തിക്കാനും എടുത്ത പ്രവർത്തനങ്ങൾ മറ്റൊരു കേരളമാതൃകയായി പരിഗണിക്കപ്പെടും. നിപാ വൈറസിനെ നേരിടുന്നതിലും കേരളം മികവുകാട്ടിയിരുന്നു. കാർഷികമേഖലയിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം എന്ന ജനകീയപദ്ധതി കേരളം സൃഷ്‌ടിക്കുന്ന മറ്റൊരു ജനകീയ മാതൃകയായിരിക്കും. അതിനായി കേരളജനത തയ്യാറെടുക്കുകയാണ്‌.

ഇന്ത്യൻ ഭരണഘടനയുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ട്‌ പാവപ്പെട്ട കർഷക ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ പരമാവധി സംരക്ഷിക്കാൻ എടുത്ത ഭൂപരിഷ്‌കരണ നടപടികൾ കേരളം സൃഷ്‌ടിച്ച മാതൃകകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. കുടിയാൻമാരും കുടികിടപ്പുകാരുമായി ഏതാണ്ട്‌ 33 ലക്ഷത്തോളം കുടുംബങ്ങൾക്ക്‌ ഭൂപരിഷ്‌കരണം വഴി പ്രയോജനമുണ്ടായതായി കണക്കാക്കുന്നു. ഇ എം എസ്‌ അഭിപ്രായപ്പെട്ടതുപോലെ ഭൂപരിഷ്‌കരണ നടപടികൾ കേരളത്തിലെ ജാതി–-ജന്മി നാടുവാഴിത്ത മേധാവിത്വത്തിന്റെ അടിവേരറുക്കുകയുണ്ടായി. കേരളത്തിൽ നടപ്പാക്കിയ അധികാര വികേന്ദ്രീകരണ നടപടികൾ, വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നിർവഹിക്കുന്നതിനും സാമാന്യ ജനങ്ങൾക്ക്‌ അധികാരം നൽകി. വിദ്യാഭ്യാസരംഗം ജനാധിപത്യവൽക്കരിക്കാനെടുത്ത നടപടികൾ സാധാരണക്കാരുടെ കുട്ടികൾക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം നൽകി. എല്ലാവരെയും എഴുത്തും വായനയും പഠിപ്പിച്ച്‌ സാക്ഷരരാക്കാനുള്ള പ്രവർത്തനം തികച്ചും ജനകീയമായ രീതിയിലാണ്‌ സംഘടിപ്പിച്ചത്‌. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനാധിപത്യവൽക്കരിച്ചത്‌ ആരോഗ്യരക്ഷാ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിൽ എത്തിച്ചു.

അതിവിപുലമായ സാമൂഹ്യസുരക്ഷാ പദ്ധതികൾ കേരളത്തിലുണ്ട്‌. ബുദ്ധിമുട്ടും പ്രയാസവുമനുഭവിക്കുന്ന എല്ലാവർക്കും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താൻ കേരളത്തിന്‌ കഴിയുന്നു. പൊതു പാർപ്പിട നിർമാണ പദ്ധതിയും പൊതുവിതരണ സമ്പ്രദായവും പാവപ്പെട്ട ജനങ്ങൾക്ക്‌ വലിയ സുരക്ഷ നൽകി. ജനാധിപത്യവൽക്കരിച്ച സഹകരണപ്രസ്ഥാനത്തിന്റെ വിപുലമായ ശൃംഖല കേരളത്തിലുണ്ട്‌. സാമാന്യജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക്‌ പരിഹാരം കാണാനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സഹകരണ പ്രസ്ഥാനങ്ങൾക്ക്‌ കഴിയും. ഇവയെല്ലാം കേരളം സൃഷ്‌ടിച്ച മാതൃകകളാണ്‌. കേരളത്തിലെ ജനങ്ങളിൽ ഭൂരിപക്ഷം പേരും സാമാന്യജനങ്ങളാണ്‌. അവരുടെ താൽപ്പര്യങ്ങളെ കേന്ദ്രമാക്കി കേരളത്തിന്റെ പൊതുവായ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക വികസനത്തിനുള്ള പരിപാടികളായിരുന്നു ഇവയെല്ലാം. അവയെയാണ്‌ ജനാധിപത്യസമൂഹം കേരള മാതൃകകളായി കണക്കാക്കുന്നത്‌. അത്തരം മാതൃകകൾ വികസിപ്പിക്കുന്നതിൽ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ ശക്‌തികളും വഹിച്ച പങ്ക്‌ വളരെ പ്രധാനമാണ്‌.

കോവിഡ്‌–-19ന്റെ വ്യാപനവും വ്യാപനം തടയാനെടുത്ത ലോക്ക്‌ഡൗൺ അടക്കമുള്ള നടപടികളും എല്ലാ രാജ്യങ്ങളുടെയും സമ്പദ്‌ഘടനയ്‌ക്ക്‌ കടുത്ത ആഘാതം എൽപ്പിച്ചിട്ടുണ്ട്‌. കോവിഡിനെ നേരിടാനെടുക്കുന്ന നടപടികളും നിയന്ത്രണങ്ങളും എത്രകാലം തുടരേണ്ടിവരുമെന്ന്‌ ഇപ്പോൾ നിശ്‌ചയിക്കാനാകില്ല. മരുന്നോ വാക്‌സിനോ കണ്ടുപിടിക്കുന്നതുവരെയോ നിയന്ത്രിതമായ രോഗവ്യാപനംവഴി ജനങ്ങൾ രോഗപ്രതിരോധശേഷി ആർജിക്കുന്നതുവരെയോ കോവിഡിന്റെ ഭീഷണി നിലനിൽക്കും. സമ്പദ്‌വ്യവസ്ഥയിൽ കോവിഡ്‌–-19 സൃഷ്‌ടിക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾ തുടരുമെന്ന നിലയാണ്‌.


 

കോവിഡിൽ തളരുന്ന സമ്പദ്‌വ്യവസ്ഥ
കേരളത്തിന്റെ കാർഷിക വ്യവസായ സേവന മേഖലകളിൽ കോവിഡ്‌–-19ന്റെ വ്യാപനം നിയന്ത്രിക്കാനെടുത്ത ലോക്ക്‌ഡൗൺ പോലുള്ള നടപടികളും വലിയ നഷ്‌ടം വരുത്തിയിട്ടുണ്ട്‌. മുമ്പ്‌ ഉണ്ടാകാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ്‌ കോവിഡ്‌–- 19മായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്നത്‌. പ്രകൃതിദുരന്തങ്ങൾ ഉണ്ടാക്കിയ കെടുതികളിൽനിന്ന്‌ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്‌തമാണ്‌. കോവിഡ്‌–-19ന്റെ വ്യാപനകാലത്ത്‌ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപ്പാദനവും പൂർണമായി നിലച്ചു. അതിന്റെ പ്രത്യാഘാതങ്ങൾ എല്ലാ പ്രദേശങ്ങളിലും മേഖലകളിലുമുണ്ട്‌. മുമ്പത്തെ ഉൽപ്പാദനനിലവാരം കൈവരിക്കാൻ എത്ര കാലമെടുക്കുമെന്ന്‌ ഇന്ന്‌ പറയാനാവില്ല. ഉൽപ്പാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ ദേീയ അന്തർദേശീയ ഉൽപ്പാദന വിതരണ ശൃംഖലകളുടെ സ്വാധീനശക്‌തിയും വളരെ വലുതാണ്‌. കേരളത്തിലെ തൊഴിൽ ഘടനയുടെയും വിവിധ മേഖലകളുടെയും വരുമാനവിതരണത്തെ അടിസ്ഥാനമാക്കി സമ്പൂർണ ലോക്ക്‌ഡൗൺ കാലത്ത്‌ കേരളം സൃഷ്‌ടിച്ചുവന്ന മൂല്യവർധനയിൽ 80 ശതമാനത്തിന്റെ ഇടുവുണ്ടാകുമെന്നാണ്‌ വിദഗ്‌ധർ വിലയിരുത്തുന്നത്‌. എത്രകാലം ഇടിവ്‌ തുടരുമെന്ന്‌ പ്രവചിക്കാനുമാകില്ല. കേരളത്തിന്റെ സാമ്പത്തിക വരുമാനത്തിൽ ഗണ്യമായ ഒരു ഭാഗം മറുനാടൻ മലയാളികൾ കേരളത്തിലേക്കയക്കുന്ന ധനമാണ്‌. തുടരുന്ന സാമ്പത്തിക മാന്ദ്യവും കോവിഡ്‌–-19 ഏൽപ്പിച്ച ആഘാതവും കാരണം മറുനാടൻ മലയാളികളിൽനിന്ന്‌ ധനമൊഴുക്ക്‌ വൻതോതിൽ ഇടിയും. വിദേശരാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും കേരളീയർ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്‌. ഒരു വിഭാഗത്തിന്‌ തൊഴിലും വരുമാനവും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇവ സമ്പദ്‌വ്യവസ്ഥയിൽ വരുത്തുന്ന ആഘാതം വളരെ കടുത്തതായിരിക്കും. പല വരുമാന സ്രോതസ്സുകളുടെയും മുൻനിലവാരം പുനഃസ്ഥാപിക്കുന്നതിന്‌ സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിയാൽപ്പോലും നിരവധി മാസങ്ങളെടുക്കാം. വരുമാനം വൻതോതിൽ ഇടിയുകയും തൊഴിലില്ലായ്‌മ വളരുകയും ചെയ്യുമെന്നതാണ്‌ പൊതു പശ്‌ചാത്തലം. അതിഥിത്തൊഴിലാളികൾ കേരളത്തിൽനിന്ന്‌ തിരികെ പോയതും ഉൽപ്പാദന സേവന മേഖലകളിൽ പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു.

ഈ പൊതുപശ്‌ചാത്തലത്തിൽ കേരളത്തിലെ കാർഷികമേഖലയിലെ പ്രശ്‌നങ്ങളേയും പരിഹാരനടപടികളേയും പറ്റി ചുരുക്കത്തിൽ പരിശോധിക്കാം. കാർഷികമേഖലയുടെ വരുമാനത്തിന്റെ പകുതിയിലേറെയും നാണ്യവിളകളിൽ നിന്ന്‌ ലഭിക്കുന്നതാണ്‌. അവയിൽ റബർ, ഏലം, ഇഞ്ചി, കുരുമുളക്‌, കാപ്പി, തേയില തുടങ്ങിയവയുടെ വില തീരുമാനിക്കുന്നത്‌ ലോക കമ്പോളമാണ്‌. ലോക കമ്പോളത്തിൽ 35 ശതമാനംവരെ വിലയിടിവ്‌ സംഭവിക്കാമെന്ന്‌ ലോക വ്യാപാര സംഘടന അഭിപ്രായപ്പെടുന്നു. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി, പഴവർഗം എന്നിവ അന്യസംസ്ഥാനങ്ങളിൽനിന്ന്‌ വാങ്ങിയാണ്‌ ഈ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ കേരളത്തിന്റെ കമ്മി പരിഹരിക്കുന്നത്‌. കോവിഡ്‌–-19 ന്റെ ബാധ മറ്റ്‌ സംസ്ഥാനങ്ങളുടെ കാർഷികമേഖലയെ ദോഷകരമായി ബാധിക്കും. ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും ഇടിയും. നാണ്യവിളകളിലുണ്ടാകുന്ന നഷ്‌ടവും ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പുഷ്‌പങ്ങൾ എന്നിവ കൃഷി ചെയ്‌തും കോഴി, താറാവ്‌, മൽസ്യം, ആട്‌, പശു, പന്നി, തേനീച്ച തുടങ്ങിയവ വളർത്തിയും ബഹുവിളകളെ അടിസ്ഥാനമാക്കിയ സംയോജിത കൃഷി സമ്പ്രദായത്തിലൂടെയും പരമാവധി പരിഹാരം കാണാനാണ്‌ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ശ്രമിക്കുന്നത്‌.


 

ശാസ്‌ത്രസാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി മാത്രമേ കേരളത്തിലെ കാർഷികമേഖലയിൽ ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കാൻ കഴിയൂ. തദ്ദേശസ്വയംഭരണം, കൃഷി, മൃഗസംരക്ഷണം, മൽസ്യം, സഹകരണം, വ്യവസായം തുടങ്ങിയ വകുപ്പുകൾ സഹകരിച്ചാണ്‌ പ്രവർത്തനങ്ങർ സംഘടിപ്പിക്കുന്നത്‌. കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന എല്ലാ ഭൂമിയിലും കൃഷിയിറക്കണം. സർക്കാരിന്റെയും തോട്ടങ്ങളുടെയും കൈവശമുള്ള തരിശുഭൂമിക്കുപുറമേ വ്യക്‌തികളുടെ കൈവശമുള്ള തരിശുഭൂമിയിലും കൃഷി ചെയ്യാൻ കഴിയണം. കേരളത്തിലെ ഭൂവുടമസ്ഥരിൽ ഏതാണ്ട്‌ എഴുപത്‌ ശതമാനത്തിലേറെ വരുന്നവർക്ക്‌ കൃഷി മുഖ്യവരുമാനമല്ല. അവരിൽ ഒരു വലിയ വിഭാഗം ഭൂമിയിൽ കടുംകൃഷി ചെയ്യാതെ കിട്ടുന്ന വരുമാനംകൊണ്ട്‌ തൃപ്‌തിപ്പെടുന്നവരാണ്‌. ഇത്തരം ഭാഗികമായ തരിശുഭൂമിയടക്കം എല്ലാത്തരം തരിശും കൃഷിക്ക്‌ ഉപയോഗപ്പെടുത്തണം. ഭൂവുടമസ്ഥരുടെ പൂർണസമ്മതത്തോടെയും അവരുൾപ്പെടുന്നതോ അല്ലാത്തതോ ആയ വിവിധ സ്വഭാവത്തിലുള്ള കൂട്ടായ്‌മകൾക്ക്‌ ഒരു ക്ലിപ്‌തകാലത്തേക്ക്‌ ഭൂമി കൃഷിക്ക്‌ നൽകുന്ന രീതിയുണ്ടാകണം. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ സുരക്ഷയെക്കുറിച്ച്‌ ഭൂവുടമകളെ ബോധ്യപ്പെടുത്തുന്നതിനും ഭൂമി ഒരു ക്ലിപ്‌തകാലത്തേക്ക്‌ കൃഷിക്ക്‌ ലഭിക്കുമെന്ന്‌ കൂട്ടായ്‌മകൾക്ക്‌ ഉറപ്പുനൽകുന്നതിനും ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങൾ, ഭൂവുടമ, കൃഷി ചെയ്യുന്ന കൂട്ടായ്‌മകൾ എന്നിവർ തമ്മിൽ ഒരു ത്രികക്ഷി കരാർ ഉണ്ടാക്കാനാകുന്നതാണ്‌.

ഈ പ്രവർത്തനങ്ങളിൽ കൃഷിക്കാരും കർഷകത്തൊഴിലാളികളും കൃഷിയോട്‌ താൽപ്പര്യമുള്ള എല്ലാവരും അണിനിരക്കണം. ഈ ജനകീയ പദ്ധതിയുടെ ഭാഗമായിത്തന്നെ ശീതീകരണ സൗകര്യങ്ങളും കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംസ്‌കരണ സ്ഥാപനങ്ങളും വിപണന സൗകര്യങ്ങളും ഒരുക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതാണ്‌. വ്യവസായ സേവന മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകണം. കാർഷികമേഖലയിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ആസൂത്രണം ചെയ്‌ത സുഭിക്ഷ കേരളമെന്ന ജനകീയ പരിപാടി പൂർണമായും വിജയിപ്പിക്കേണ്ടതുണ്ട്‌. അതുവഴി മാത്രമേ നാം അഭിമുഖീകരിക്കുന്ന അടിയന്തരപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ കഴിയൂ. സുഭിക്ഷ കേരളം എന്ന ജനകീയപദ്ധതി കേരളം ജൻമം നൽകുന്ന പുതിയ മാതൃകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top