27 April Saturday

പ്രതീക്ഷയുടെ ട്രാക്കിൽ

ഡോ. അജീഷ് പി ടിUpdated: Saturday Dec 3, 2022

കോവിഡിനാൽ രണ്ടു വർഷം തടസ്സപ്പെട്ട സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക് പ്രൗഢഗംഭീരമായ രീതിയിൽ തലസ്ഥാനം ഒരുങ്ങിയിരിക്കുകയാണ്. കൗമാര കായിക കേരളത്തിന്റെ ആരവത്തിനും  ആർപ്പുവിളികൾക്കുമൊപ്പം പുതിയ വേഗവും ദൂരവും ഉയരവും തേടിയുള്ള തീപാറും പോരാട്ടങ്ങൾക്കാണ് അനന്തപുരി നാലുനാൾ സാക്ഷിയാകുന്നത്. ഉപജില്ലമുതൽ വളരെ കൃത്യതയോടെ ഓൺലൈൻ രജിസ്ട്രേഷൻ പ്രകാരം ആർക്കും വിലയിരുത്താൻ കഴിയുന്നരീതിയിൽ സുതാര്യമായാണ് മത്സരങ്ങൾക്ക് തുടക്കംകുറിച്ചത്. 2016 മുതലാണ് കായികമേള ‘കായിക ഉത്സവങ്ങൾ' എന്ന പേരിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. ഈവർഷം 98 ഇനത്തിലായി ഏകദേശം 3500 താരങ്ങളാണ്  വിവിധ ജില്ലകളുടെ പ്രതിനിധികളായി കായികമാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.

പ്രോത്സാഹനവും 
കരുതലും
മുമ്പ് നടന്നുവന്ന മേളകളിൽ കഠിനമായ വെയിലുള്ള സമയത്തുൾപ്പെടെ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത് താരങ്ങളുടെ പ്രകടനത്തെയും ശാരീരിക ആരോഗ്യത്തെയും ഒരുപോലെ ബാധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിനായി സ്റ്റേഡിയം മുഴുവൻ ഫ്ലെഡ് ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ കായികപ്രേമികൾ ഉൾപ്പെടെയുള്ളവരുടെ കൂടിയ  പങ്കാളിത്തം സ്റ്റേഡിയത്തിൽ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് മെഡൽ നേടുന്നവർക്കുള്ള സമ്മാനത്തുകയും ഈവർഷം വർധിപ്പിച്ചിട്ടുണ്ട്. ഉത്തേജകമരുന്ന് ഉപയോഗം തടയുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾക്കായി ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെ (നാഡ) പരിശോധനയും  ഉണ്ടാകും.  

സുരക്ഷയിൽ 
വിട്ടുവീഴ്ചയില്ല
2019 ഒക്ടോബറിൽ പാലാ മുനിസിപ്പൽ  സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് നടക്കുന്നതിനിടെ ഒരു കുട്ടിക്ക് സംഭവിച്ച ദാരുണമായ അപകടത്തിനുശേഷം കായികമേളകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ത്രോയിങ് മത്സരയിനങ്ങളായ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഹാമർ ത്രോ എന്നിവ ഒരേ ദിശയിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണം.   ഈ വർഷം രണ്ട് വ്യത്യസ്ത സ്റ്റേഡിയത്തിലായി റണ്ണിങ്, ത്രോയിങ് മത്സരയിനങ്ങൾ നടക്കുന്നതിനാൽ ഒരേസമയം ഇതേ മത്സരങ്ങൾ നടത്തുന്നതിനും തടസ്സമുണ്ടാകുന്നില്ല. ത്രോയിങ് മത്സര ഇനങ്ങൾക്ക് മുന്നോടിയായി  താരങ്ങൾ ട്രയലുകൾ എറിഞ്ഞുനോക്കുന്ന അവസരത്തിൽ ഉപകരണങ്ങൾ തിരികെ എടുക്കുന്നതും കൈമാറുന്നതും ഒഫീഷ്യൽസിന്റെയും വളന്റിയേഴ്സിന്റെയും സഹായത്തോടുകൂടി മാത്രമാകുന്നത് അപകടസാധ്യത ഒഴിവാക്കും. പോൾവാൾട്ട്, ഹൈജമ്പ്  മത്സരങ്ങൾ നടക്കുമ്പോൾ ചിലപ്പോഴെങ്കിലും കായികതാരങ്ങൾ പിറ്റിനു വെളിയിൽ വീഴാനുള്ള സാധ്യത കൂടുതലായതിനാൽ അപ്രോച്ച് ഒഴികെയുള്ള മറ്റ് മൂന്ന് വശത്തിലും ജമ്പിങ് പിറ്റിനു വെളിയിലായി പ്രത്യേകം മാറ്റ് ഇട്ട് സുരക്ഷ ഉറപ്പാക്കും. പ്ലാസ്റ്റിക് അനുബന്ധസാധനങ്ങൾ പൂർണമായും ഒഴിവാക്കി ഹരിതാഭമായ കായിക സൗഹൃദ മത്സരവേദി ഒരുക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

സ്കൂൾ കായികമേള ആരംഭിച്ചിട്ട് 64 വർഷം പിന്നിടുമ്പോൾ കേരളം പ്രതീക്ഷിച്ചതുപോലെയുള്ള കായിക നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും. സ്കൂൾ തല കായികമത്സര വേദികൾക്കുശേഷം എത്രത്തോളം താരങ്ങൾ അതേ മേഖലയിൽ തുടരുന്നുണ്ട് എന്നതും വിലയിരുത്തേണ്ടതാണ്. ലോകത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുവജനങ്ങളെക്കൊണ്ട് അനുഗൃഹീതമായ ഒരു സമൂഹമാണ് കേരളത്തിലുള്ളത്. സ്കൂൾതലം മുതലുള്ള കായിക പ്രതിഭകളെ കണ്ടെത്താനുള്ള പ്രത്യേക പ്രതിഭാനിർണയസംവിധാനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. തന്റേതല്ലാത്ത കാരണത്താൽ കായികമേഖലയിൽ നിന്നും പരിക്ക് മൂലമോ അശാസ്ത്രീയമായ കായികപരിശീലനത്തിൽ ഏർപ്പെട്ടതിലൂടെ സംഭവിച്ച കായികശോഷണത്താലോ കരിയർ നഷ്ടപ്പെട്ട നിരവധി താരങ്ങൾക്ക്  സ്കൂൾ കായികമേളയ്ക്കുശേഷം എന്ത് സംഭവിക്കുന്നുവെന്ന് പരിശോധിക്കണം. പൊതുവിദ്യാലയങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ യോഗ്യതയുള്ള കായികാധ്യാപകരുടെ കുറവ് പരിമിതിയാണ്.

കായികവുമായി ബന്ധപ്പെട്ട രണ്ടു തലത്തിലാണ് അടിസ്ഥാന കായിക വിദ്യാഭ്യാസവും മത്സരാധിഷ്ഠിത കായിക പരിശീലനവും. വർധിച്ചുവരുന്ന ജീവിതശൈലീരോഗ പ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനുമായി കായികവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ധാരണകൾ കുട്ടികൾക്ക് നിർബന്ധമായും ഉറപ്പിക്കേണ്ടതായുണ്ട്. കായികക്ഷമതയിലെ പരിമിതി നിലനിൽക്കെത്തന്നെ ഹ്രസ്വകാലത്തേക്കുള്ള മത്സരാധിഷ്ഠിത കായികപ്രകടനത്തിനായി കുട്ടികളെ പരിമിതമായ സമയത്തിനുള്ളിൽ തയ്യാറാക്കുന്നു.  സ്കൂൾ തലത്തിലെ കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ കായിക മത്സരങ്ങളുടെ ഘടന, ഇനങ്ങളുടെ സവിശേഷത, ശാരീരികാരോഗ്യശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ പുനർവിചിന്തനം ചെയ്യുന്നതും ആലോചിക്കേണ്ടതാണ്.

(എസ്‌സിഇആർടിയിൽ റിസർച്ച് ഓഫീസറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top