26 April Friday

നടപ്പാക്കേണ്ടത്‌ ഒമ്പതിന പരിപാടി - സീതാറാം യെച്ചൂരി എഴുതുന്നു

സീതാറാം യെച്ചൂരിUpdated: Saturday Apr 18, 2020

മൂന്നാഴ്‌ചത്തെ രാജ്യവ്യാപക അടച്ചുപൂട്ടലിന്റെ അവസാനദിവസമായ ഏപ്രിൽ 14ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ജനങ്ങൾ ഏറെ പ്രതീക്ഷിച്ചിരുന്നു. അടച്ചുപൂട്ടൽ കാലയളവിൽ ഉയർന്നുവന്ന നിരവധിയായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അടിയന്തര പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. കോടിക്കണക്കായ പാവപ്പെട്ട ജനങ്ങളുടെ ജീവനോപാധിയും നിലനിൽപ്പും സംരക്ഷിച്ചുമാത്രമേ കോവിഡ്‌–-19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താനാകൂ. മർമപ്രധാനമായ ഈ പ്രശ്‌നങ്ങളിൽ മൗനംപാലിച്ചതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കാനായില്ല. മെയ്‌ മൂന്നുവരെ (-19 ദിവസംകൂടി) അടച്ചുപൂട്ടൽ നീട്ടി. 15ന്‌ വിശദമായ മാർഗനിർദേശങ്ങളും പുറത്തിറക്കി. ഹോട്സ്‌പോട്ടുകളെയും രോഗം പടരുന്ന പ്രദേശങ്ങളെപ്പറ്റിയും 20ന്‌ പുനഃപരിശോധന നടത്തി ചില മേഖലകളിൽ ഇളവ്‌ നൽകുമെന്നും പ്രഖ്യാപിച്ചു.

കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക
കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ രണ്ട്‌ നടപടി അനിവാര്യമാണ്‌. ഒന്ന്‌: ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) ഉറപ്പുവരുത്തുക. മറ്റൊന്ന്‌ ജനങ്ങൾക്കിടയിൽ കോവിഡ്‌ പരിശോധന വ്യാപകമാക്കുക. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. അടച്ചുപൂട്ടൽ നേരത്തേ പ്രഖ്യാപിച്ചതിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാൻ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടു. സംസ്ഥാന സർക്കാരുകൾക്കും ജനങ്ങൾക്കും മുൻകരുതൽ എടുക്കുന്നതിന്‌ അവസരം നൽകാതെ നാല്‌ മണിക്കൂർമുമ്പ്‌ നോട്ടീസ്‌ നൽകിയാണ്‌ മാർച്ച്‌ 24ന്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌. ജനുവരി 30നാണ്‌ ഇന്ത്യയിൽ കോവിഡ്‌–-19 ആദ്യമായി സ്ഥിരീകരിച്ചത്‌. ഏഴാഴ്‌ച സമയം ലഭിച്ചിട്ടും ഫലപ്രദമായ മുൻകരുതൽ നടപടികളൊന്നും അടച്ചുപൂട്ടൽ പ്രഖ്യാപിക്കുംവരെ കേന്ദ്രസർക്കാർ സ്വീകരിച്ചില്ല. ഇതിനിടയിൽ പാർലമെന്റ്‌ സമ്മേളനം തുടർന്നു, മധ്യപ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച്‌ ബിജെപി സർക്കാരിനെ അധികാരത്തിലെത്തിച്ചു, പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിച്ചതിനുശേഷമാണ്‌ സത്യപ്രതിജ്ഞ നടന്നത്‌. ജനക്കൂട്ടം പാടില്ലെന്ന നിർദേശം മറികടന്നായിരുന്നു ഇതെല്ലാം. ഇന്ത്യ നേരത്തേ രോഗം റിപ്പോർട്ട്‌ ചെയ്‌ത ഉടൻതന്നെ മറ്റ്‌ പലരാജ്യങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ നേരത്തേതന്നെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റാണ്‌.

വിദേശത്തുനിന്നുവന്ന എല്ലാ യാത്രക്കാരെയും വളരെമുമ്പേ പരിശോധിച്ചിരുന്നുവെന്നാണ്‌ പ്രധാനമന്ത്രിയുടെ മറ്റൊരു അവകാശവാദം. അങ്ങനെയാണെങ്കിൽ, ഫെബ്രുവരിയിൽ ഇവിടെയെത്തിയ ഇറ്റാലിയൻ ടൂറിസ്‌റ്റുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ അസാധാരണമല്ലേ. പ്രസിദ്ധ സംഗീതജ്ഞയ്‌ക്ക്‌ വിമാനത്താവളത്തിൽനിന്ന്‌ വിട്ടയച്ച്‌ ദിവസങ്ങൾക്കകം രോഗം സ്ഥിരീകരിച്ചു. ഇവർ സംഘടിപ്പിച്ച പാർടിയിൽ പങ്കെടുത്ത ബിജെപിയിലെ വൻ നേതാക്കൾക്കുതന്നെ സമ്പർക്കവിലക്കിൽ കഴിയേണ്ടിവന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായി.


 

കോവിഡ്‌ കണ്ടെത്താൻ മതിയായ പരിശോധന രാജ്യത്ത്‌ നടക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. രോഗംപടരുന്നത്‌ ആർക്കാണെന്നും എവിടെയാണെന്നും കണ്ടുപിടിക്കാനും അത്തരം വ്യക്തികൾക്കും പ്രദേശങ്ങൾക്കും പ്രത്യേകമായി സമ്പർക്കവിലക്കേർപ്പെടുത്തി സമൂഹവ്യാപനം തടയുന്നതിന്‌ വ്യാപകമായ പരിശോധനയ്‌ക്ക്‌ നിർണായക പ്രാധാന്യമുണ്ട്‌. ആവശ്യമായ പരിശോധന നടത്താത്തത്‌ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. പ്രധാനമന്ത്രി അവകാശപ്പെട്ടപോലെ രാജ്യത്ത്‌ പരിശോധന നടക്കുന്നുണ്ടോ? ലോകത്തുതന്നെ കോവിഡ്‌ പരിശോധനയുടെ എണ്ണമെടുത്താൽ ഇന്ത്യ ഏറ്റവും പിന്നിലാണ്‌. തെക്കൻ കൊറിയയുമായി താരതമ്യം ചെയ്‌താൽ 241 മടങ്ങ്‌ പിന്നിലാണ്‌ നമ്മൾ. ഏപ്രിൽ 16 വരെ ആയിരത്തിന്‌ 0.092 എന്നതാണ്‌ ഇന്ത്യയിലെ പരിശോധന നിരക്ക്‌. ജർമനിയിൽ ഇത്‌ 15.96 ഉം ഇറ്റലിയിൽ 10.73 ഉം ക്യാനഡയിൽ 9.99 ഉം ആണ്‌.

ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത്‌ ഏപ്രിൽ 16വരെ 13000 ലേറെ പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 444 പേർ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതിനുപുറമേ പട്ടിണിയും പോഷകാഹാരക്കുറവുംമൂലം ഇരുനൂറിലേറെ പേർ മരിച്ചു. രാജ്യത്ത്‌ പട്ടിണിമരണം സംഭവിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനാകണം. ആദായനികുതി നൽകാത്ത മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപവീതം കൈമാറുന്ന പദ്ധതി ഉടൻ നടപ്പാക്കണം. ഒപ്പം ആവശ്യമായവർക്കെല്ലാം സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കണം.

സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തികസഹായം വർധിപ്പിക്കുക
കേന്ദ്രം പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ കോവിഡ്‌ സാമ്പത്തിക പാക്കേജ്‌ തീരെ അപര്യാപ്‌തമാണ്‌. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) 0.8 ശതമാനം മാത്രമാണിത്‌. മറ്റ്‌ രാജ്യങ്ങൾ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി ഇന്ത്യ പ്രഖ്യാപിച്ച പാക്കേജ്‌ നാമമാത്രമാണ്‌. ജിഡിപിയുടെ അഞ്ച്‌ ശതമാനം സാമ്പത്തികപാക്കേജിനായി മാറ്റിവയ്‌ക്കണം. മഹാമാരിക്കെതിരായ പോരാട്ടം മുന്നിൽനിന്ന്‌ നയിക്കുന്നത്‌ സംസ്ഥാനങ്ങളാണ്‌. അവരുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുപകരം, നിയമപരമായി ലഭിക്കേണ്ട സാമ്പത്തിക കുടിശ്ശികപോലും കേന്ദ്രം നിഷേധിക്കുകയാണ്‌. സംസ്ഥാനങ്ങളുടെ പക്കൽ കൂടുതൽ പണം ഉണ്ടെങ്കിൽ, കോവിഡിനെതിരായ പോരാട്ടം കൂടുതൽ കാര്യക്ഷമമാകും. കോവിഡിന്റെ പേരിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേരിലുള്ള (പിഎം കെയേഴ്‌സ്‌ ) ട്രസ്‌റ്റിലേക്ക്‌ ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ പിരിച്ചെടുക്കുന്നത്‌. ഈ തുക സംസ്ഥാനങ്ങൾക്ക്‌ കൈമാറണം. സംസ്ഥാനങ്ങളുടെ വായ്‌പാപരിധി ഉയർത്തി കൂടുതൽ കടമെടുക്കാൻ അനുവദിക്കണം. ഇപ്പോഴത്തെ അടിയന്തരസാഹചര്യം നേരിടാൻ ഇത്‌ അനിവാര്യമാണ്‌.


 

തൊഴിൽനഷ്ടം
മാർച്ച്‌ 24ന്‌ രാജ്യത്തോടായി പ്രസംഗിക്കുമ്പോൾ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന്‌ പ്രധാനമന്ത്രി തൊഴിലുടമകളോട്‌ അഭ്യർഥിച്ചിരുന്നു. മറ്റൊരു അവസരത്തിലും ഇതാവർത്തിച്ചു. എന്നാൽ, അഭ്യർഥനകൊണ്ടുമാത്രം  കാര്യമില്ല. വിവിധമേഖലകളിൽ ആയിരക്കണക്കിന്‌ സ്ഥിരംതൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ദിവസക്കൂലിക്കാരും താൽക്കാലികക്കാരുമായ മുഴുവനാളുകൾക്കും തൊഴിൽ നഷ്ടപ്പെട്ടു. വേതനവും വെട്ടിക്കുറയ്‌ക്കുന്നു. തൊഴിലും വേതനവും സംരക്ഷിക്കാൻ പല രാജ്യങ്ങളിലും തൊഴിലാളികളുടെ വേതനത്തിന്റെ 80 ശതമാനവും വഹിക്കുന്നത്‌ സർക്കാരുകളാണ്‌. ഇത്തരത്തിലുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ലെങ്കിൽ ജനങ്ങളുടെ ദുരിതം വർധിക്കും.

ഇന്ത്യൻ ഗ്രാമങ്ങളിൽ റാബി വിളവെടുപ്പ്‌ കാലമാണിപ്പോൾ. മൊത്തം ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള തുക താങ്ങുവിലയായി നിശ്‌ചയിച്ച്‌ കാർഷിക ഉൽപ്പന്നങ്ങൾ പൂർണമായും സർക്കാർ സംഭരിക്കണം. തൊഴിലുറപ്പ്‌ പദ്ധതി നടക്കുന്നില്ലെന്ന വാർത്തകൾ അസ്വസ്ഥത ഉയർത്തുന്നതാണ്‌. തൊഴിൽദിനങ്ങൾ കണക്കിലെടുക്കാതെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കും വേതനം നൽകണം.

ഏപ്രിൽ 20 മുതൽ അടച്ചുപൂട്ടലിൽ ഇളവ്‌ പ്രഖ്യാപിക്കുമ്പോൾ കുടിയേറ്റത്തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. മതിയായ ഭക്ഷണവും താമസസൗകര്യവുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന്‌ കുടിയേറ്റത്തൊഴിലാളികളുണ്ട്‌. കേരളം ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇവരുടെ സ്ഥിതി ദയനീയമാണ്‌. കേരളത്തിൽ സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്‌.


 

ധ്രുവീകരണം അനുവദിക്കരുത്‌
ജനകീയക്കൂട്ടായ്‌മയിലൂടെ ഏകീകൃതഇന്ത്യക്ക്‌ മാത്രമേ ഈ യുദ്ധത്തിൽ വിജയിക്കാനാകൂ എന്ന്‌ അടിവരയിടേണ്ട ഘട്ടമാണിത്‌. ഈ നിർണായക സന്ദർഭത്തിൽ ജനങ്ങളെ സാമൂഹ്യമായും ജാതീയമായും വർഗീയമായും ധ്രുവീകരിക്കാനുള്ള നീക്കം നമ്മുടെ പോരാട്ടത്തെ തളർത്തുകയേയുള്ളൂ. ഇത്തരം ധ്രുവീകരണ ശ്രമങ്ങളെ പ്രധാനമന്ത്രി അപലപിക്കാത്തത്‌ ദൗർഭാഗ്യകരമാണ്‌. രാജ്യത്തെ ജനങ്ങൾക്കിടയിലെ പൂർണ ഐക്യമായിരിക്കണം കോവിഡിനെതിരായ യുദ്ധത്തിലെ നമ്മുടെ ബ്രഹ്മാസ്‌ത്രം. ഏഴിന പരിപാടി നടപ്പാക്കാനാണ്‌ പ്രധാനമന്ത്രി ജനങ്ങളോട്‌ ആഹ്വാനം ചെയ്‌തത്‌. ‘സപ്‌തപതി’ എന്നാണ്‌ ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്‌. മുകളിൽ ഉന്നയിച്ച പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി സർക്കാർ പ്രത്യേക ചാർട്ടർ അംഗീകരിച്ച്‌ അത്‌ നടപ്പാക്കണം. കോവിഡിനെതിരായ യുദ്ധത്തിൽ കുറഞ്ഞത്‌ ഒമ്പതിന പരിപാടി (നവപതി)അംഗീകരിച്ച്‌ അത്‌ നടപ്പാക്കണമെന്നാണ്‌ സിപിഐ എം ആവശ്യപ്പെടുന്നത്‌.


ഒമ്പതിന പരിപാടി
● ആവശ്യത്തിന്‌ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) ലഭ്യമാക്കുക.
● കോവിഡ്‌ പരിശോധന എത്രയും പെട്ടെന്ന്‌ വർധിപ്പിക്കുക
● ആദായ നികുതിദായകരല്ലാത്ത എല്ലാവരുടെയും അക്കൗണ്ടിലേക്ക്‌ 7500 രൂപവീതം കൈമാറുക
● ആവശ്യക്കാരായ എല്ലാവർക്കും സൗജന്യമായി ഭക്ഷ്യധാന്യം നൽകുക
●കോവിഡ്‌ പാക്കേജ്‌ ജിഡിപിയുടെ 0.8 ശതമാനത്തിൽനിന്ന്‌ കുറഞ്ഞത്‌ അഞ്ച്‌ ശതമാനമായി വർധിപ്പിക്കുക.
● സംസ്ഥാനങ്ങൾക്ക്‌ ഉദാരമായി സാമ്പത്തിക സഹായം നൽകുക
● കാർഷികോൽപ്പന്നങ്ങൾ ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ഉൾപ്പെടുത്തി താങ്ങുവില നിശ്‌ചയിച്ച്‌ സംഭരിക്കുക. തൊഴിൽദിനങ്ങൾ കണക്കിലെടുക്കാതെ എല്ലാ തൊഴിലുറപ്പു തൊഴിലാളികൾക്കും വേതനം നൽകുക.
● തൊഴിലും വേതനവും വെട്ടിക്കുറയ്‌ക്കുന്നതിൽനിന്ന്‌ തൊഴിലാളികളെ സംരക്ഷിക്കാൻ തൊഴിലുടമകളെ സാമ്പത്തികമായി സഹായിക്കണം.
● കുടിയേറ്റത്തൊഴിലാളികളെ അവരുടെ വീടുകളിലേക്ക്‌ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കുക.

 

കേരളത്തിന്റെ പാഠം ഉൾക്കൊണ്ടില്ല
നിപാ എന്ന മാരകമായ പകർച്ചവ്യാധിയെ ഫലപ്രദമായി നേരിട്ട്‌, വിജയിച്ച്‌ അനുഭവമുള്ള കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ കൊറോണയെ നേരിടുന്നതിലും തുടക്കത്തിലേ നടപടി സ്വീകരിച്ചു. മറ്റ്‌ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട്‌ ചെയ്‌തപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടി എടുത്തു. കേരളീയരായ ലക്ഷക്കണക്കിന്‌ ആളുകൾ ജോലിക്കും വിദ്യാഭ്യാസത്തിനുമായി ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഉണ്ട്‌. അവർ തിരിച്ചുവരികയാണെങ്കിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന അപകടം മുൻകൂട്ടി മനസ്സിലാക്കാൻ കേരളത്തിന്‌ സാധിച്ചു. രോഗത്തിന്റെ വ്യാപനം വിലയിരുത്താൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു. തുടർന്ന്‌, സ്വീകരിച്ച പല നടപടികളുംമുമ്പ്‌ വിശദമാക്കിയിരുന്നു. ഇത്തരം നടപടികളിലൂടെ രോഗവ്യാപനത്തിന്റെ ഗ്രാഫ്‌ കുത്തനെ താഴ്‌ത്തിയ രാജ്യത്തെ ഏക സംസ്ഥാനമാണ്‌ ഇന്ന്‌ കേരളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top