04 May Saturday

റെയ്ഡ് നൽകുന്ന മുന്നറിയിപ്പ് - സെബാസ്റ്റ്യൻ പോൾ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

അടിയന്തരാവസ്ഥയുടെ ആദ്യരാവിൽ പൊലീസ് റെയ്ഡ് ഉണ്ടായില്ല. പകരം പത്രം ഓഫീസുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. അനഭിമതമായ മാധ്യമസ്ഥാപനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കുന്നതിന് അമിത് ഷായുടെ പൊലീസ് ക്രിമിനൽ നിയമത്തിൽ പരാമർശിതമല്ലാത്ത റെയ്ഡ് എന്ന ആയുധം പ്രയോഗിക്കുന്നു. അഭിമതരല്ലാത്തവരെ ഭയപ്പെടുത്തി വരുതിയിലാക്കുന്നതിനുള്ള കുതന്ത്രത്തിന്റെ ഭാഗമാണിത്. സ്വാതന്ത്ര്യത്തിന്റെ ദീപശിഖ കരിന്തിരി കത്തുന്ന രാത്രിയിൽ ചില നാളങ്ങൾ തെളിഞ്ഞുനിൽക്കുന്നുവെന്ന് സമാശ്വസിച്ചവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് പദവിയിൽനിന്ന് ആർ രാജഗോപാൽ ഗളഹസ്തം ചെയ്യപ്പെട്ടത്. അസൗകര്യമാകുന്ന പത്രാധിപർ പൊടുന്നനെ നീക്കം ചെയ്യപ്പെടുന്നതെങ്ങനെയെന്ന് അടിയന്തരാവസ്ഥയുടെ നാളുകളിൽ കണ്ടതാണ്.

ബിബിസിയുടെ ഇന്ത്യൻ ഓഫീസുകളിൽ റെയ്ഡും പിടിച്ചെടുക്കലും നടത്തിയവർ ഇന്ത്യൻ വെബ്സൈറ്റിന്റെ ഓഫീസുകളിൽ പുലർകാലേ അതിക്രമിച്ചു കടന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഭയപ്പെടുത്തുന്നുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎയുടെ പിൻബലത്തോടെ ഡൽഹി പൊലീസ് ന്യൂസ് ക്ലിക്കിന്റെ നിരവധി ലൊക്കേഷനുകളിൽ റെയ്ഡ് നടത്തിയത്. ഇലക്ട്രോണിക് തെളിവു ശേഖരണത്തിന്റെ ഭാഗമായി പതിവുപോലെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൈനയ്ക്കുവേണ്ടി പ്രചാരവേല നടത്തുന്നതിന് അമേരിക്കയിലെ നെവിൽ റോയ് സിങ്കം എന്ന വിവാദ ധനാഢ്യനിൽനിന്ന് പണം സ്വീകരിച്ചുവെന്നതാണ് വെബ്സൈറ്റിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. മൂന്നു വർഷംകൊണ്ട് ഇത്തരത്തിൽ 38.05 കോടി രൂപ സ്വീകരിക്കപ്പെട്ടുവെന്നാണ് ആരോപണം. ടീസ്റ്റ സെതൽവാദിന്റെ സഹകാരിയായ മാധ്യമപ്രവർത്തകൻ ഗൗതം നവ്‌ലാഖ പണം സ്വീകരിച്ചെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയാണ്   ആ മനുഷ്യാവകാശ പ്രവർത്തകയെയും കുടുക്കാൻ ശ്രമിക്കുന്നത്. ന്യൂസ്‌ ക്ലിക്ക്‌ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്‌ത പൊലീസ് സ്പെഷ്യൽ സെല്ലിൽ ചോദ്യം ചെയ്യലിനു വിധേയനായി.

അനുവദനീയമല്ലാത്തതും ദേശതാൽപ്പര്യത്തിന് ഹാനികരവുമായ മൂലധനം ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നത് തടയപ്പെടേണ്ടതാണ്. ഇന്ത്യൻ പത്രങ്ങളിൽ വിദേശമൂലധനം വിലക്കപ്പെട്ടിരുന്ന കാലത്തും ധാരാളം പണം പത്രങ്ങൾക്ക് വിദേശങ്ങളിൽനിന്ന് ലഭിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻഫർമേഷൻ സർവീസ് എന്ന പേരിൽ ഇന്ത്യയിൽ  പ്രവർത്തിച്ചിരുന്ന ഔദ്യോഗികസംവിധാനത്തിന്റെ ദൗത്യം പണം നൽകിയും പ്രലോഭിപ്പിച്ചും പത്രങ്ങളെയും പത്രപ്രവർത്തകരെയും സ്വാധീനിക്കുകയെന്നതായിരുന്നു. കേരളത്തിൽ കമ്യൂണിസത്തെ തകർക്കുന്നതിന് ചില കോട്ടയം പത്രങ്ങൾക്ക് സിഐഎ പണം നൽകിയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

യപ്പെടുത്തി അകറ്റുകയെന്നതാണ് തന്ത്രം. ഭയത്തിന്റെ കരിമ്പടത്തിനുള്ളിൽ സുരക്ഷിതത്വം കണ്ടെത്തുന്ന മാധ്യമപ്രവർത്തകരിൽനിന്ന്‌ അകലം പാലിക്കുന്ന ദുർലഭം മാധ്യമപ്രവർത്തകർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ന്യൂസ് ക്ലിക്ക്‌ റെയ്ഡുകൾ.

വായനക്കാരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര ഓൺലൈൻ വീഡിയോ ന്യൂസ് നെറ്റ്‌വർക്കാണ് ന്യൂസ് ക്ലിക്ക്‌. വായനക്കാർ നൽകുന്ന പണമാണ് പ്രവർത്തനച്ചെലവിന് ഉപയോഗിക്കുന്നത്. ഈ അവകാശവാദത്തെ മറിച്ചു കരുതാൻ ന്യായമുള്ള വിശ്വസനീയമായ തെളിവ് കിട്ടുന്നതുവരെ നമ്മൾ അവിശ്വസിക്കേണ്ട കാര്യമില്ല. മൂലധനത്തിന്റെ സംശുദ്ധി ബോധ്യപ്പെട്ട് മാധ്യമങ്ങളെ സമീപിക്കുന്നതിനുള്ള പ്രാപ്തിയും സംവിധാനവും വായനക്കാർക്കില്ല. അത് പരിശോധിക്കാൻ നിയുക്തമായ സംവിധാനങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്നതിൽ ആക്ഷേപവുമില്ല. എന്നാൽ, ഒളിത്താവളങ്ങളിൽ പതിയിരിക്കുന്ന ഭീകരരെ വേട്ടയാടുന്ന ശൗര്യത്തോടെ പൊലീസിനെയും അന്വേഷണ ഏജൻസികളെയും ഭീകരവിരുദ്ധനിയമത്തിന്റെ കൈയാമവുമായി മാധ്യമസ്ഥാപനങ്ങളിലേക്കും മാധ്യമപ്രവർത്തകരുടെ വീടുകളിലേക്കും അഴിച്ചുവിടുന്നതിൽ പ്രശ്നങ്ങളുണ്ട്. ജീവനക്കാരും നെറ്റ്‌‌വർക്കിലെ എഴുത്തുകാരും എന്തു പിഴച്ചുവെന്നാണ് സർക്കാർ കരുതുന്നത്. ഭയപ്പെടുത്തി അകറ്റുകയെന്നതാണ് തന്ത്രം. ഭയത്തിന്റെ കരിമ്പടത്തിനുള്ളിൽ സുരക്ഷിതത്വം കണ്ടെത്തുന്ന മാധ്യമപ്രവർത്തകരിൽനിന്ന്‌ അകലം പാലിക്കുന്ന ദുർലഭം മാധ്യമപ്രവർത്തകർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ന്യൂസ് ക്ലിക്ക്‌ റെയ്ഡുകൾ. അത്യാചാരത്തിന്റെ പരിധി ന്യൂസ് ക്ലിക്കിന്റെ ഫ്രെയിമിൽ പരിമിതപ്പെടുന്നില്ല. അതുകൊണ്ടാണ് ടീസ്റ്റ സെതൽവാദിന്റെയും സീതാറാം യെച്ചൂരിയുടെയും ഇടങ്ങളിലേക്ക് റെയ്ഡ് നീണ്ടത്. സുതാര്യമായി പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യംകൂടിയുണ്ട് യെച്ചൂരിയുടെ വസതിയിൽ നടന്ന റെയ്ഡിന്. വലിച്ചാൽ നീളുന്നതിന് പരിധിയുണ്ട് അതിനപ്പുറമായാൽ യുക്തിഭംഗമുണ്ടാകും.

മാധ്യമസ്വാതന്ത്ര്യത്തിന്റെ തോതിനെ ആസ്പദമാക്കി തയ്യാറാക്കപ്പെടുന്ന ആഗോളസൂചികയിൽ ഇന്ത്യയുടെ സ്ഥാനം പരിതാപകരമായ നിലയിൽ താഴെയാണ്. ഓരോ വർഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവിന് ആക്കം കൂട്ടാൻ മാത്രമേ ഇത്തരം കുത്സിതമായ വികൃതികൾക്കാകൂ. ഉള്ളടക്കം പരിശോധിച്ച് കുറ്റകരമായ ചൈനീസ് പക്ഷപാതിത്വം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വം പൊലീസിനെ ഏൽപ്പിക്കുന്നതിലും അതിനുവേണ്ടി പൊലീസ് നടത്തുന്ന റെയ്ഡിലും കണ്ടുകെട്ടലിലും നിരവധിയായ പ്രശ്നങ്ങളുണ്ട്. മാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ പരിശോധന പൊലീസിന്റെ പ്രാപ്തിയിലോ ഉത്തരവാദിത്വത്തിലോ ഉൾപ്പെടുത്താവുന്ന വിഷയമല്ല. സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടിയ 1910ൽ നിന്ന് നാം ഏറെ മുന്നോട്ടു വന്നിരിക്കുന്നു. അന്ന് രാജാവ് കൽപ്പിച്ചാൽ സാധുവായ വിളംബരമായി. അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള പൗരാവകാശങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ തണലിലാണ് നമ്മൾ ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള പൗരന്റെ അവകാശത്തിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളിൽ കാണേണ്ടത്. ഇക്കാര്യത്തിലുള്ള ന്യൂനതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യശോഷണത്തിന് കാരണമാകുന്നത്. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്ന് സ്വയം പ്രകീർത്തിക്കുന്ന പ്രധാനമന്ത്രി ഇത്തരം നടപടികളിലൂടെ സ്വയം അപഹസിക്കപ്പെടുന്നു.

ഏകാധിപതികൾ ഏതു വേഷത്തിലും ഭാവത്തിലും ഒരേ സ്വഭാവം കാണിക്കും. ഇരിക്കാൻ പറഞ്ഞപ്പോൾ ഇഴഞ്ഞ പത്രപ്രവർത്തകരെ പരിഹസിച്ച എൽ കെ അദ്വാനിയുടെ പാർടിയാണ് നിവർന്നു നിൽക്കുന്ന മാധ്യമപ്രവർത്തകരുടെ നട്ടെല്ല് ദുർബലപ്പെടുത്തുന്നതിന് ആഘാതോപാധികൾ ബലപ്പെടുത്തുന്നത്.

മാധ്യമങ്ങളോടുള്ള അസഹിഷ്ണുത ഫാസിസത്തിന്റെ സവിശേഷതയാണ്. ആശയങ്ങളുടെ സ്വതന്ത്രമായ പ്രകാശനവും അഭിപ്രായങ്ങളുടെ തടസ്സമില്ലാത്ത പ്രകടനവും നിയന്ത്രിക്കുന്നവർ ജനാധിപത്യത്തിന്റെ അന്തകരാണ്. ഈ കുറിപ്പിൽ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ പരാമർശിതമായത് താരതമ്യത്തിലൂടെ നരേന്ദ്ര മോദിയുടെ നൃശംസതയെ ന്യായീകരിക്കുന്നതിനോ അതിന്റെ ഗൗരവം കുറച്ചുകാണുന്നതിനോ വേണ്ടിയല്ല. ഏകാധിപതികൾ ഏതു വേഷത്തിലും ഭാവത്തിലും ഒരേ സ്വഭാവം കാണിക്കും. ഇരിക്കാൻ പറഞ്ഞപ്പോൾ ഇഴഞ്ഞ പത്രപ്രവർത്തകരെ പരിഹസിച്ച എൽ കെ അദ്വാനിയുടെ പാർടിയാണ് നിവർന്നു നിൽക്കുന്ന മാധ്യമപ്രവർത്തകരുടെ നട്ടെല്ല് ദുർബലപ്പെടുത്തുന്നതിന് ആഘാതോപാധികൾ ബലപ്പെടുത്തുന്നത്. അസൗകര്യമുളവാക്കുന്ന ബിബിസി ഡോക്യുമെന്ററിയിൽ അസ്വസ്ഥനായി പ്രതികാരനടപടി സ്വീകരിച്ച നരേന്ദ്ര മോദിയാണ് ന്യൂയോർക്ക്‌ ടൈംസിന്റെ വാർത്തയെ അടിസ്ഥാനമാക്കി ഒരു ഇന്ത്യൻ പോർട്ടലിനെതിരെ ചന്ദ്രഹാസമെടുത്തത്.

സമീപനത്തിൽ സ്ഥിരത വേണം. ചടുലമായ നടപടിക്ക് ന്യൂയോർക്ക്‌ ടൈംസ് റിപ്പോർട്ട് കാരണമായത് വെളിപ്പെടുത്തൽ അനഭിമതമായ ഇന്ത്യൻ പോർട്ടലിനെതിരെ പ്രയോഗിക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. പലതും മറയ്ക്കാനുള്ളപ്പോൾ ജനശ്രദ്ധ തിരിക്കുന്നതിന് രാഷ്ട്രതാൽപ്പര്യവും ജനസുരക്ഷയും മുൻനിർത്തി ചില നടപടികൾ വേണ്ടിവരും. ജി20 രാഷ്ട്രത്തലവന്മാരുടെ ദൃഷ്ടിയിൽ ചേരികൾ പെടാതിരിക്കുന്നതിന് വഴിനീളെ വേലികെട്ടിയവരാണ് രാജ്യം ഭരിക്കുന്നത്. ന്യൂസ്‌ ക്ലിക്കിൽ തുടങ്ങി സീതാറാം യെച്ചൂരിയുടെ ഔദ്യോഗികവസതിവരെ നീണ്ട റെയ്ഡും കണ്ടുകെട്ടലും ആ കൺകെട്ടിന്റെ ഭാഗമാണ്. കാണാൻ കൊള്ളാത്തത് കാണാതിരിക്കുന്നതിനും കാണിക്കാതിരിക്കുന്നതിനും ചില ശ്രദ്ധതിരിക്കൽ തന്ത്രങ്ങൾ വേണം. എല്ലാം കാണാനും റിപ്പോർട്ട് ചെയ്യാനും ഉള്ളതല്ലെന്ന സന്ദേശമോ മുന്നറിയിപ്പോ ആണ് റെയ്ഡിലൂടെ മാധ്യമപ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top