26 April Friday

പ്രതീക്ഷയോടെ പുതു അധ്യയനവർഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

മാനവരാശിയെ ആകെ കടുത്ത പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിയെ ശാസ്ത്രത്തിന്റെ സഹായത്തോടെ മറികടക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ്‌ ഇക്കൊല്ലം അധ്യയന വർഷം ആരംഭിക്കുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന എല്ലാ വിദ്യാർഥി–- വിദ്യാർഥിനികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. രണ്ടു വർഷത്തിനുശേഷമാണ് ജൂൺ മാസത്തിൽത്തന്നെ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത്. കുട്ടികളുടെ സുരക്ഷിതമായ വിദ്യാഭ്യാസ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ശൗചാലയങ്ങൾ വൃത്തിയാക്കി. പാഠപുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിച്ചു. പൊതുജന സഹകരണത്തോടെ സ്‌കൂളും പരിസരവും ശുചിയാക്കി. കുഞ്ഞുങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി വർണശബളമായ അലങ്കാരങ്ങളും സജ്ജീകരിക്കുന്നുണ്ട്. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഉത്സവച്ഛായയോടെയാണ് കുട്ടികളെ വരവേൽക്കുന്നത്. വലിയ ആവേശത്തോടെയും സന്തോഷത്തോടെയും വരുന്ന കുട്ടികൾ നിരാശരാകില്ല എന്ന് ഉറപ്പിക്കാം.

പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയം. വിദ്യാഭ്യാസ മേഖലയിൽനിന്ന്‌ സർക്കാർ പിൻവാങ്ങണം എന്ന ആഗോളവൽക്കരണ ശക്തികളുടെ നിലപാടിന്  അനുഗുണമായ നയങ്ങൾ ഉയർന്നുവരുമ്പോൾ കേരള സർക്കാർ ബദൽ വിദ്യാഭ്യാസ നയസമീപനം മുന്നോട്ടുവയ്‌ക്കുന്നു. അതിനായി സർക്കാർ  കൈക്കൊണ്ട ക്രിയാത്മക നടപടികൾ അഭൂതപൂർവമായ മാറ്റത്തിനാണ് വഴി തുറന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പത്തരലക്ഷം കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം തേടി. ഇക്കൊല്ലവും ഈ സ്ഥിതി തുടരും എന്നുതന്നെയാണ് സൂചനകൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും സാധാരണ സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായതന്നെ മാറ്റി. ഭൗതികസാഹചര്യങ്ങളിൽ വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ പല സ്‌കൂളുകൾക്കും കഴിഞ്ഞു. എന്നാൽ, ഇതുകൊണ്ടുമാത്രമായില്ല. അക്കാദമിക മികവിലും നാം പിന്തള്ളപ്പെടരുത്. നവോത്ഥാന കേരളം ഇന്ന് വിജ്ഞാന സമൂഹമായി കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള അടിത്തറ ഒരുക്കേണ്ടത് സ്കൂളുകളിൽ ആണെന്ന് മറന്നുകൂടാ.

അന്താരാഷ്ട്രതലത്തിലുള്ള മത്സര പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ മുന്നിൽ എത്തണം. അതിനാവശ്യമായ വിദഗ്‌ധ പരിശീലനം പള്ളിക്കൂടങ്ങളിൽനിന്ന്‌ ലഭിക്കണം. അവർക്ക് ആത്മവിശ്വാസവും പോസിറ്റീവായ മത്സരബുദ്ധിയും ഉണ്ടാകണം. പഠനം കേവലം പരീക്ഷാ വിജയം മാത്രമല്ല. കുട്ടികൾക്ക് കടുത്ത മാനസിക സമ്മർദം നൽകി പരീക്ഷകളിൽ ഒന്നാമതാക്കുക എന്നതല്ല പൊതുവിദ്യാഭ്യാസ നയം. അതിസങ്കീർണവും പ്രശ്നാധിഷ്ഠിതവുമായ ഭാവിസമൂഹത്തിൽ അതിജീവിക്കാൻ പ്രാപ്തി നേടുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. പരിസ്ഥിതി ബോധം, ലിംഗാവബോധം, ശുചിത്വ ബോധം തുടങ്ങിയവ കുട്ടികൾക്ക് ഉണ്ടാകുന്നതിനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. ആനന്ദകരമായ വിദ്യാലയന്തരീക്ഷം കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമാണെന്നാണ് ഫിൻലാൻഡ് പോലെയുള്ള രാജ്യങ്ങളിലെ വിഗഗ്ധർ പഠനങ്ങൾക്കുശേഷം ഉറപ്പിച്ചു പറയുന്നത്.

നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ജനാധിപത്യപരമായ വിദ്യാഭ്യാസ രീതിയിലൂടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിൽ അധ്യാപകർക്ക് വലിയ പങ്ക് വഹിക്കാൻ ഉണ്ട്. അത്തരത്തിൽ ഉയർന്ന തലത്തിലേക്ക് വളരാൻ തങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം വിലയിരുത്താൻ അധ്യാപകരെ പരിശീലിപ്പിക്കുവാൻ ഇക്കൊല്ലം ശ്രമിക്കുന്നുണ്ട്.

ഇത്തവണ അധ്യാപകർക്ക് ഉത്തരവാദിത്വം കൂടുതൽ ആയിരിക്കും. കാരണം രണ്ടുവർഷം വീടുകളിൽമാത്രംകഴിഞ്ഞ കുട്ടികൾക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. പ്രൈമറി ക്ലാസിൽ ആദ്യമായി സ്‌കൂളിൽ വരുന്ന കുട്ടികൾ ആണെന്ന് ഓർക്കുക. ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ച കുട്ടികൾക്ക് കൂട്ടംകൂടാനോ കൂട്ടത്തിൽ ജീവിക്കുവാനോ ഉള്ള അറിവ് ഉണ്ടാകില്ല. സ്ക്രീൻ അഡിക്‌‌ഷന് പല കുട്ടികൾക്കും ചികിത്സ ആവശ്യമായിപ്പോലും വന്നിരുന്നു. സന്തോഷകരമല്ലാത്ത കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ വൈകാരികമായി ഏറെ ദൗർബല്യം അനുഭവിച്ചേക്കും.
ഇക്കാരണങ്ങളാൽ സാധാരണ പഠനവിടവ് മാത്രം പരിഗണിക്കുന്ന സ്ഥാനത്ത് വൈകാരിക, സാമൂഹ്യ, മാനസിക പ്രശ്നങ്ങൾ കൂടി അധ്യാപകർ അനുതാപത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

അതിനാൽ ഈ മേഖലയിലെ വിദഗ്‌ധരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് സർക്കാർ അധ്യാപകർക്ക് ഇക്കൊല്ലം പരിശീലനം നൽകിയത്. കുട്ടിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയാൽമാത്രമേ പഠന നിലവാരവും മെച്ചപ്പെടൂ. അധ്യാപകരുടെ പ്രൊഫഷണലിസം വികസിപ്പിക്കുക എന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്‌ അനിവാര്യമാണ്. അധ്യാപകപരിശീലനം റെസിഡൻഷ്യൽ മാതൃകയിലാക്കുന്നതിനു പരീക്ഷണാടിസ്ഥാനത്തിൽ ഇക്കൊല്ലം ഒരു ശ്രമം തുടങ്ങിവച്ചിട്ടുണ്ട്.

കേരളം സമ്പൂർണ സാക്ഷരത നേടിയെങ്കിലും ഇനിയും ഏറെദൂരം മുന്നോട്ടു പോയാൽ മാത്രമേ നമുക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വാധിഷ്ഠിത സമൂഹത്തിലേക്ക് എത്താൻ കഴിയൂ. ലിംഗ, ജാതി, മത, ഭൂമിശാസ്‌ത്രപരമായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിന് ബോധപൂർവമായ ശ്രമം വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നതിന് ക്രിയാത്‌മക പദ്ധതികൾ പരിഗണനയിലാണ്. വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നതിന് സർക്കാർ മുൻഗണന നൽകുന്നു. കടലോര, ആദിവാസി മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

2018–-19 അധ്യയന വർഷംമുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നുണ്ട്. സ്‌കൂൾ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനുള്ള അടിസ്ഥാന രേഖയാണിത്. ഇക്കൊല്ലം അക്കാദമിക മാസ്റ്റർ പ്ലാൻ ഘട്ടം -രണ്ടാണ് തയ്യാറാക്കുന്നത്. അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജരാക്കാനുള്ള ഒരു പരിവർത്തന പദ്ധതിയാണിത്. സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അത് പ്രവർത്തന പാതയിൽ എത്തിക്കുകയും വേണം.
അങ്ങനെ അടുത്തകാലത്ത്‌ ഡിജിറ്റൽ സൗകര്യങ്ങളിൽ ഉണ്ടായ വലിയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ കാതലായ ചലനങ്ങൾക്ക് സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നവകേരള സൃഷ്ടിക്ക് ഉതകുന്ന ഒരു കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയും എന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ജനാധിപത്യ കാഴ്ചപ്പാടും പൗരബോധവുമുള്ള തലമുറയെ സൃഷ്ടിക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് രക്ഷാകർത്താക്കളും അധ്യാപകരും പൊതുസമൂഹവും സർക്കാരിനൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top