26 April Friday

ഋഷി സുനക് ഇന്ത്യയോട് പറയുന്നത് - എം എം പൗലോസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

image credit rishi sunak facebook

ഈ ചോദ്യം തീർത്തും സാങ്കൽപ്പികമാണ്, ബ്രിട്ടനിൽ ഒരു "ബിജെപി' ഉണ്ടായിരുന്നെങ്കിൽ അവിടെ ഋഷി സുനക് പ്രധാനമന്ത്രി ആകുമായിരുന്നോ? ഭക്ഷണം, വസ്ത്രം, വിവാഹം ഇതെല്ലാം ഭൂരിപക്ഷമതത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ചാണ് നടക്കേണ്ടതെന്ന് ആജ്ഞാപിക്കുന്ന സംഘപരിവാർശക്തികളുടെ ബ്രിട്ടീഷ് പതിപ്പ് ലണ്ടനിലെ തെരുവുകളിൽ ഉറഞ്ഞുതുള്ളുമായിരുന്നെങ്കിൽ എന്തായിരിക്കും ഇപ്പോൾ അവിടത്തെ സ്ഥിതി. എത്രയെത്ര താഴികക്കുടങ്ങൾ തവിടുപൊടിയാകുമായിരുന്നു. മതത്തിന്റെ കാനേഷുമാരി കണക്കെടുപ്പിലാണ് രാജ്യത്തിന്റെ അസ്ഥിവാരം പണിതിരിക്കുന്നതെന്ന് ഗർജിക്കുന്ന അധികാരപ്രമത്തതയുടെ തീട്ടൂരങ്ങൾ ത്രിശൂലങ്ങളായി മാറി എത്രയെത്ര ശവങ്ങൾ കോർത്തെടുക്കുമായിരുന്നു!

ഋഷി സുനക് എംപിയായത് ഭഗവദ്ഗീതയിൽ തൊട്ട് പ്രതിജ്ഞ ചെയ്താണ്. ബ്രിട്ടനിൽ എത്ര പേർക്ക് ഭഗവദ്ഗീതയെ കുറിച്ചറിയാം? ബ്രിട്ടനിൽ എത്രപേരുടെ വേദപുസ്തകമാണ് ഭഗവദ്ഗീത? എന്നിട്ടും ചോരയുടെ മണമില്ലാതെ അവിടെ പൂക്കൾ വിരിയുന്നുണ്ടല്ലോ? അത് ഗീതയുടെ മഹത്വമാണോ? സഹിഷ്ണുതയുടെയും സമീപനത്തിന്റെയും മഹത്വമാണോ? ഭഗവദ്ഗീത ഇന്ത്യയിൽ ഇപ്പോൾ മതഗ്രന്ഥമോ തത്വവിചാരമോ അല്ല. അത് രാഷ്ട്രീയലഘുലേഖയാക്കി മാറ്റുകയാണ്‌. 

ഋഷി സുനക് ഗീതയിൽ തൊട്ടിട്ടും ബ്രിട്ടനിൽ ആരുടെയും ഞരമ്പുകൾ ത്രസിച്ചില്ല. കർസേവകൾ ഉണ്ടായില്ല.10 ഡൗണിങ്‌ സ്ട്രീറ്റിലെ വീട്ടിൽ ദീപാവലി വിളക്കുകൾ തെളിച്ചു ഋഷി സുനക്. തുടർന്ന്, അവിടെ മതലഹള ഉണ്ടാകുകയോ നിശാനിയമം പ്രഖ്യാപിക്കുകയോ വേണ്ടിവന്നില്ല. വടക്കൻ ലണ്ടനിൽ ഇന്ത്യൻ വംശജരുടെ യോഗത്തിൽ ഹിന്ദിയിൽ സംസാരിച്ചു അദ്ദേഹം. അദ്ദേഹത്തോട് ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് അവിടത്തെ ദേശസ്നേഹികൾ ആവശ്യപ്പെട്ടില്ല. അങ്ങനെ പറയാൻ അവിടെ ഒരു അമിത് ഷാ ഇല്ല. 98 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന യുകെയിൽ ഇപ്പോഴും ഔദ്യോഗിക ഭാഷയില്ല.

ഇന്ത്യയിൽ ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഹിന്ദിയിലാക്കുന്ന തിരക്കിലാണ് ഭരിക്കുന്നവർ. പഠനത്തിനല്ല, അഭിമാനത്തിന്. ഹിന്ദിയിൽ ആശയവിനിമയം നടത്താനുള്ള മികവിന്റെ പേരിലല്ല സുന്ദർ പിച്ചായി ഗൂഗിളിന്റെയും സത്യ നദെല്ല മൈക്രോസോഫ്റ്റിന്റെയും സിഇഒമാരായത്. സമൂഹമാധ്യമങ്ങളിലൂടെ രാജ്യങ്ങൾ അതിന്റെ അതിർത്തികൾ ഭേദിക്കുമ്പോൾ മാമൂലുകളുടെ പനയോലക്കെട്ടുകൾകൊണ്ട് കണ്ണുകെട്ടുന്നു. അറിവുകൾ നാനാവഴിയിലൂടെ പ്രവഹിക്കുമ്പോൾ അന്ധവിശ്വാസങ്ങളുടെ മുടന്തൻ കുതിരകളെക്കൊണ്ട് ജ്ഞാനത്തെ കെട്ടിവലിക്കുന്നു. സംശയം ചോദ്യത്തിലേക്കും ചോദ്യം അന്വേഷണത്തിലേക്കും അന്വേഷണം തിരിച്ചറിവുകളിലേക്കും നയിക്കുന്ന വൈജ്ഞാനികമാർഗം കെട്ടിയടയ്‌ക്കുന്നു."ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' എന്നത് ഇന്ത്യയിൽ എല്ലാത്തിന്റെയും ഉത്തരമാകുന്നു. അതുകൊണ്ട് സംശയം ഇവിടെ രാജ്യദ്രോഹമാകുന്നു.

ഇവിടത്തെ പാരമ്പര്യം ആർഷമാണ്. എല്ലാം ഇവിടെയുണ്ട്, ഇവിടെ ഇല്ലാത്തത് എങ്ങുമില്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല കൂടിയുണ്ടായിരുന്ന മുൻ കേന്ദ്ര സഹമന്ത്രി സത്യപാൽ സിങ്ങിന് വിമാനം കണ്ടുപിടിച്ചത് ഇന്ത്യയായിരുന്നു. ഡാർവിന്റെ പരിണാമസിദ്ധാന്തം തെറ്റായിരുന്നു. ത്രിപുരയിലെ മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഇന്റർനെറ്റും ഉപഗ്രഹ സാങ്കേതികവിദ്യയും പുരാതനകാലംമുതലേ ഇന്ത്യയിലുണ്ടായിരുന്നു. രാജസ്ഥാനിലെ മുൻ വിദ്യാഭ്യാസമന്ത്രിക്ക് ഐസക് ന്യൂട്ടനും മുമ്പെ ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചത് ഇന്ത്യയാണ്. അർബുദം വരുന്നത് പാപം ചെയ്യുന്നതുകൊണ്ടാണെന്ന് അസമിലെ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കണ്ടെത്തി. ഉത്തരാഖണ്ഡിലെ ബിജെപി പ്രസിഡന്റ് കണ്ടെത്തിയത് ഗർഭിണികൾ സിസേറിയൻ ഒഴിവാക്കാൻ വിശുദ്ധ നദിയിലെ വെള്ളം കുടിച്ചാൽ മതിയെന്നാണ്. പ്രധാനമന്ത്രി മോദി ഡോക്ടർമാരുടെ സമ്മേളനത്തിൽ അറിയിച്ചത് ജെനറ്റിക്സും പ്ലാസ്റ്റിക് സർജറിയും ഇന്ത്യ കണ്ടെത്തി എന്നാണ്. കർണനെയും ഗണപതിയെയും പ്രധാനമന്ത്രി ഉദാഹരിച്ചു. ഇങ്ങനെ രൂപപ്പെടുന്ന ഒരു സമൂഹത്തിൽ നരേന്ദ്ര ധാബോൽക്കറും ഗോവിന്ദ് പൻസാരെയും കൽബുർഗിയും ഗൗരി ലങ്കേഷും അധികപ്പറ്റുകളായിരിക്കും. തോക്കിന്റെ കാഞ്ചി വലിച്ച് അവരെ സൗകര്യപൂർവം ഒഴിവാക്കുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകിനെ അഭിനന്ദിച്ചു. ഔദ്യോഗിക അഭിനന്ദനക്കുറിപ്പ് തയ്യാറാക്കുമ്പോൾ ഒരു കാര്യം അദ്ദേഹം മറന്നുപോയിട്ടുണ്ടാകാം. ഇന്ത്യയിലെ പൗരത്വ നിയമംപോലൊന്ന് ഇംഗ്ലണ്ടിലുണ്ടായിരുന്നെങ്കിൽ ഋഷി അവിടെ പൗരൻപോലുമായിരിക്കില്ല. ഋഷി മാത്രമല്ല, അമേരിക്കയിൽ കമല ഹാരിസ് വൈസ് പ്രസിഡന്റാകില്ല. ന്യൂസിലൻഡിൽ പ്രിയങ്ക മന്ത്രിയാകില്ല. ലോകത്തിലെ പത്ത് രാജ്യത്തെ ഗവൺമെന്റിനെ ഇന്ത്യൻ വംശജർ നയിക്കില്ല. 25 രാജ്യത്തായി ഇരുനൂറിലേറെ ഇന്ത്യൻ വംശജർ ഉയർന്ന പദവികളിലിരിക്കില്ല.
പൗരത്വത്തിന് മതം മാനദണ്ഡമാക്കിയ പ്രധാനമന്ത്രിയാണ് ഇന്ത്യയുടെത്. ഇസ്ലാമിന് പൗരത്വം നിഷേധിക്കുന്ന രാജ്യം ഹിന്ദുവിനെ പ്രധാനമന്ത്രിയാക്കിയ രാജ്യത്തെ അഭിനന്ദിക്കുമ്പോൾ എന്താണ് മഹത്തരമാകുന്നത്? സഹിഷ്ണുതയോ? അസഹിഷ്ണുതയോ? വർഗീയ വെറിയോ? വിശാല മനസ്സോ? മതനിരപേക്ഷതയോ? മതവൈരമോ?

പൗരത്വബിൽ നിയമമാക്കിയ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ഇന്ത്യയുടെ നിർണായക ദിവസം എന്നാണ്. നമ്മുടെ രാജ്യത്തിന്റെ സഹാനുഭൂതിയും സാഹോദര്യവും പ്രകടമായത്രെ! ക്യാമ്പസുകളിൽ പ്രതിഷേധമുയർന്നു. പ്രധാനമന്ത്രിയുടെ സഹാനുഭൂതിയും സാഹോദര്യവും പിന്നെ കണ്ടില്ല. ക്ലാസ് മുറികളിൽ കുട്ടികളുടെ ചോര വീണു, ഇന്ത്യയിലെമ്പാടും. ഷഹീൻ ബാഗിൽ ഒരു ലക്ഷം പേർ ധർണയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് തെരഞ്ഞെടുപ്പ് മെഷീനിൽ ആഞ്ഞുകുത്തുക, അതിന്റെ പ്രതിധ്വനിയിൽ ഷഹീൻബാഗ് കിടുങ്ങണം എന്നാണ്. മറ്റൊരു കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഗർജിച്ചു. "ആ തെണ്ടികളെ കൊല്ലുക, അവർ രാജ്യദ്രോഹികളാണ്'. പറയുക മാത്രമല്ല, യോഗത്തിൽ പങ്കെടുത്തവരെക്കൊണ്ട് ഇത് പറയിക്കുകയും ചെയ്തു അനുരാഗ് താക്കൂർ. ഡൽഹിയിൽ ബിജെപി വന്നാൽ ഒറ്റമാസത്തിനകം സർക്കാർസ്ഥലത്തുള്ള എല്ലാ മസ്ജിദുകളും പൊളിച്ചുമാറ്റും എന്നായിരുന്നു പർവേഷ് വർമ എംപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. തീർന്നില്ല, പ്രധാനമന്ത്രിയുടെ സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും ഉദാഹരണങ്ങൾ.

ബിജെപിയുടെ ദേശീയ സെക്രട്ടറി തരുൺ ചുഗ് ട്വീറ്റ് ചെയ്തത് ഡൽഹിയെ ഞങ്ങൾ സിറിയ ആക്കില്ല എന്നാണ്. ബിജെപിയുടെ സ്ഥാനാർഥി തജീന്ദർ ബാഗ ഒന്നുകൂടി കടത്തി പറഞ്ഞു. ഷഹീൻ ബാഗ് പാകിസ്ഥാനാണ്. അത് ദേശവിരുദ്ധരുടെ കൂട്ടമാണ്. ഡൽഹി തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചാൽ ഷഹീൻ ബാഗിലേക്ക് സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകും. സഹാനുഭൂതിക്കും സാഹോദര്യത്തിനും മകുടം ചാർത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. "വേർ ബോലി ഡോൺട് വർക്സ് ഗോലി ഡസ്' എന്നായിരുന്നു പ്രഖ്യാപനം. വാക്കുകൾക്ക് ചെയ്യാനാകാത്തത് വെടിയുണ്ടകൾക്കാകും.

വസുധൈവ കുടുംബകം എന്ന ആപ്തവാക്യത്തിലൂടെ "വിശ്വഗുരു' എന്ന പട്ടം സ്വയം അണിയുന്ന മോദിയുടെ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ പ്രതിസ്ഥാനത്തായി. ഇന്ത്യയുടെ പൗരത്വ നിയമത്തിനെതിരെ യൂറോപ്യൻ പാർലമെന്റിൽ പ്രമേയം വന്നു. ഭൂരിപക്ഷം രാജ്യങ്ങൾ അതിൽ ഒപ്പിട്ടു. പൗരത്വനിയമം വിവേചനമാണെന്ന് പ്രമേയം പറഞ്ഞു. ഇസ്ലാമിനെമാത്രം ഒഴിവാക്കിയിരിക്കുകയാണ്. ഭരണഘടനപ്രകാരം ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കാണ്. അതിന്റെ കുറ്റകരമായ ലംഘനമാണ് പൗരത്വ നിയമം. മോദി രണ്ടാംവട്ടം വന്നതോടെ മതന്യൂനപക്ഷങ്ങളെ ഭയങ്കരമായി പീഡിപ്പിക്കുകയാണ്. നയതന്ത്ര മാർഗത്തിലൂടെ പ്രമേയത്തിലെ വോട്ടെടുപ്പ് നീട്ടിവയ്‌പിക്കുകയായിരുന്നു മോദി. അങ്കാറയിൽ തുർക്കി പ്രസിഡന്റ് എർദോഗൻ ഇന്ത്യയെ പരസ്യമായി വിമർശിച്ചു. "ഇന്ത്യയിൽ കൂട്ടക്കൊലയാണ്. ആര് മരിക്കുന്നു? മുസ്ലിങ്ങൾ. ആര് കൊല്ലുന്നു? ഹിന്ദുക്കൾ.

ഇന്തോനേഷ്യ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജക്കാർത്തയിൽ പ്രകടനങ്ങൾ നടന്നു. ഇറാൻ വർഷങ്ങളായി ഇന്ത്യയുടെ സുഹൃത്താണ്. ഇപ്പോൾ എല്ലാം തകിടം മറിയുന്നു എന്നായിരുന്നു അവരുടെ വിദേശമന്ത്രിയുടെ പ്രതികരണം. ഇന്ത്യ ഇറാന്റ പ്രതിനിധിയെ വിളിച്ചു വരുത്തി അനാവശ്യമായിരുന്നു ഇറാന്റെ പ്രതികരണമെന്ന് അറിയിച്ചു. ഇതിൽ പ്രതിഷേധം അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇറാന്റെ തലവൻ അയത്തൊള്ള ഖമനേനി ട്വീറ്റ് ചെയ്തു. "ഇന്ത്യയിൽ മുസ്ലിങ്ങളെ കൂട്ടക്കുരുതി ചെയ്യുകയാണ്. ഇന്ത്യ ഇത് അവസാനിപ്പിക്കണം.'സഹിഷ്ണുതയിൽ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയുടെ ശിരസ്സ് ആദ്യമായി താണു. മതസ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക ഇന്ത്യയെ ഉൾപ്പെടുത്തി. മോദി സർക്കാർ പ്രതികരിച്ചില്ല.

പൗരത്വ നിയമത്തിന്റെ പേരിൽ അസമിലെ കാരാഗൃഹത്തിലായിരുന്നു മുഹമ്മദ് സനുവുള്ള. അവിടെ ബംഗ്ലാദേശികളും റോഹിൻഗ്യകളും മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. അവർക്കിടയിലാണ് സനുവുള്ള. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ സനുവുള്ളയുടെ കൈയിൽ രേഖയില്ല. പക്ഷേ, മറ്റൊന്നുണ്ടായിരുന്നു. കാർഗിൽ യുദ്ധത്തിലെ പോരാളിയാണെന്ന തെളിവ്. പതിനൊന്നു ദിവസത്തിനുശേഷം ഹൈക്കോടതി ഉത്തരവിൽ പുറത്തുവന്നു.

ഇന്ത്യ ബലിമൃഗങ്ങളെ തേടുമ്പോഴാണ് ഒരു ഇന്ത്യൻ വംശജൻ ഹിന്ദുക്കളിലില്ലാത്ത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നത്. ഈ സ്ഥാനാരോഹണത്തിന് ഒരുപാട് പറയാനുണ്ട് ഇന്ത്യയോട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top