08 May Wednesday

സിപിഐ എം 
പ്രാതിനിധ്യം ഉറപ്പിക്കും - രാകേഷ്‌ സിംഗ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2022

ഹിമാചലിന്റെ കമ്യൂണിസ്റ്റ്‌ മുഖമാണ്‌ രാകേഷ്‌ സിംഗ. തിയോഗ്‌ എംഎൽഎ,   പ്രക്ഷോഭകാരി. തീപ്പൊരി പ്രാസംഗികൻ, വിശേഷണങ്ങൾ ഏറെ. ഹിമാചലിലെ തെരഞ്ഞെടുപ്പ്‌ സാഹചര്യവും സാധ്യതകളും സിംഗ ദേശാഭിമാനിയുമായി പങ്കുവയ്‌ക്കുന്നു
 തയ്യാറാക്കിയത്‌: ഡൽഹി ബ്യൂറോയിലെ ചീഫ്‌ റിപ്പോർട്ടർ എം പ്രശാന്ത്‌

ഹിമാചലിൽ സിപിഐ എമ്മിന്റെ സാധ്യതകൾ
ഹിമാചലിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന മുദ്രാവാക്യമാണ്‌ സിപിഐ എം ഉയർത്തുന്നത്‌. പതിനൊന്ന്‌ സീറ്റിലാണ്‌ സിപിഐ എം മൽസരിക്കുന്നത്‌. ശേഷിക്കുന്ന സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കാൻ ഏത്‌ സ്ഥാനാർഥിക്കാണോ സാധ്യത അവരെ പിന്തുണയ്‌ക്കും. നിയമസഭയിൽ ഇക്കുറിയും സാന്നിധ്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സിപിഐ എം നീങ്ങുന്നത്‌. സിറ്റിങ്‌ സീറ്റായ തിയോഗ്‌ കൂടാതെ മറ്റുചില സീറ്റുകളിലും ശക്തമായ മൽസരം കാഴ്‌ചവയ്‌ക്കും. ജനകീയ വിഷയങ്ങൾ ഉയർത്താൻ നിയമസഭയിൽ സിപിഐ എമ്മിന്റെ സാന്നിധ്യം അനിവാര്യമാണ്‌.

തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങൾ

മുഖ്യമായും മൂന്ന്‌ വിഷയമാണ്‌. ഒന്ന്‌, വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ. രണ്ട്‌, അതിരൂക്ഷമായ വിലക്കയറ്റം. മൂന്ന്‌, കാർഷികമേഖല ആഴത്തിൽ നേരിടുന്ന പ്രതിസന്ധി. സംസ്ഥാനത്ത്‌ രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള ചെറുകിട–- ഇടത്തരം കർഷകർ 86 ശതമാനമാണ്‌. ആപ്പിൾ കൃഷിയാണ്‌ മുഖ്യം. ആകെയുള്ള ആറ്‌ ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ 1.3 ലക്ഷം ഹെക്ടറിലും ആപ്പിൾ കൃഷിയാണ്‌. നിലവിൽ ഗുരുതര പ്രതിസന്ധിയാണ്‌ ആപ്പിൾ കർഷകർ അഭിമുഖീകരിക്കുന്നത്‌. വിദേശ  ആപ്പിൾ ഇറക്കുമതിയാണ്‌ ഏറ്റവും വലിയ വെല്ലുവിളി. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളാണ്‌ വലിയ തോതിലുള്ള ആപ്പിൾ ഇറക്കുമതിക്ക്‌ വഴിയൊരുക്കിയത്‌. ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി എപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.

അതേസമയം കർഷകർക്ക്‌ നൽകിവന്നിരുന്ന വിവിധ രൂപത്തിലുള്ള സബ്‌സിഡികൾ ഗണ്യമായി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. ബദാം, ചെറി, പ്ലം, വിവിധയിനം പച്ചക്കറികൾ തുടങ്ങി മറ്റ്‌ കാർഷികവിളകളും പ്രതിസന്ധി അഭിമുഖീകരിക്കുന്നു. സർക്കാർ തൊഴിലുകൾ കൂടുതൽ കൂടുതലായി പുറംകരാറിന്‌ നൽകുകയാണ്‌. കരാർ ജീവനക്കാർക്ക്‌ ലഭിക്കുന്നതാകട്ടെ തുച്‌ഛമായ വേതനവും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ ജീവനക്കാർ ഉയർത്തുന്നുണ്ട്‌. തെരഞ്ഞെടുപ്പിൽ ഇതൊരു പ്രധാന വിഷയമാകും.  മ റ്റൊന്ന്‌ സേവനമേഖലകളുടെ സ്വകാര്യവൽക്കരണമാണ്‌. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളെല്ലാം സ്വകാര്യവൽക്കരിക്കുകയാണ്‌. ഇതോടെ ഈ മേഖലകളെല്ലാം സാധാരണക്കാർക്ക്‌ അപ്രാപ്യമാകുന്ന സാഹചര്യമുണ്ട്‌.

തെരഞ്ഞെടുപ്പിൽ വലിയതോതിൽ കോർപറേറ്റ്‌ പണമൊഴുകുമെന്നത്‌ തീർച്ചയാണ്‌. ജനാധിപത്യത്തെ ഒരു പ്രഹസനമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാകും. എന്നാൽ, ജനങ്ങളുടെ പിന്തുണയോടെ ഈ ഘടകങ്ങളെയെല്ലാം മറികടക്കാനാകുമെന്ന ആത്‌മവിശ്വാസമുണ്ട്‌.

അയോധ്യ, കാശി, കശ്‌മീർ തുടങ്ങിയ വർഗീയ വിഷയങ്ങൾ ബിജെപി ഇക്കുറിയും തീവ്രമായി ഉയർത്തുന്നുണ്ട്‌. ഇത്‌ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ
2014ൽ കേന്ദ്രത്തിൽ മോദി അധികാരത്തിലെത്തിയതുമുതൽ ഏറ്റവും മോശമായ വിധം നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌. ഇത്‌ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ രൂക്ഷമാക്കിയിട്ടുണ്ട്‌. ബിജെപിയുടെ കോർപറേറ്റ്‌ അനുകൂല നയങ്ങൾക്കെതിരായി ജനവികാരം ഉയരുന്നുണ്ട്‌. ചെറുത്തുനിൽപ്പുകൾ ഉയരുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളിൽ അവർ വർഗീയ വിഷയങ്ങളിൽ അഭയം പ്രാപിക്കുന്നത്‌. കശ്‌മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര നിർമാണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്നത്‌. എന്നാൽ, ജനങ്ങളെ സംബന്ധിച്ച്‌ ജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക വിഷയങ്ങൾതന്നെയാണ്‌ മുഖ്യം. ജനവിധി ഇതിനെ അടിസ്ഥാനമാക്കിയാകും. എന്നാൽ കോർപറേറ്റ്‌ പണത്തിന്‌ ഹിമാചലിലെ ജനങ്ങളുടെ വിധിയെഴുത്തിനെ തിരുത്താനാകില്ല.

ഹിമാചലിൽ വലിയ വികസനപ്രവർത്തനങ്ങൾ നടത്താനായെന്ന അവകാശവാദവും ബിജെപി ഉയർത്തുന്നുണ്ട്‌. യാഥാർഥ്യമെന്താണ്‌
ബിജെപിയുടെ വികസന വായ്‌ത്താരിയിൽ അടിസ്ഥാനവുമില്ല. യാഥാർഥ്യം മറ്റൊന്നാണ്‌. ബിജെപി ഭരണത്തിനെതിരായി  കുറെ മാസങ്ങളായി വലിയ പ്രക്ഷോഭങ്ങൾ ഉയരുകയാണ്‌.  ബിജെപി പറയുന്ന വികസനം പുകമറ മാത്രമാണ്‌. പലപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ വാസ്‌തവമാണ്‌. എന്നാൽ, നിലവിൽ അവരുടെ കോർപറേറ്റ്‌ അനുകൂല നയങ്ങൾ വലിയ വൈരുധ്യങ്ങൾക്ക്‌ വഴിവച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ കാർഷികമേഖലയിൽ. അവർ ദുരിതത്തിലാണ്‌. സർക്കാർ ജീവനക്കാരും പ്രക്ഷോഭപാതയിലാണ്‌. മറ്റ്‌ ജനവിഭാഗങ്ങളും വിവിധ കാരണങ്ങളാൽ അസ്വസ്ഥരാണ്‌. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണത്തിനെതിരായി വലിയ ജനവികാരമുണ്ട്‌.

പ്രധാന പ്രതിപക്ഷമായ കോൺഗ്രസിലെ തമ്മിലടിയും കൊഴിഞ്ഞുപോക്കും തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടില്ലേ

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ബിജെപിക്ക്‌ ഗുണം ചെയ്യുന്ന ഘടകമാണ്‌. എന്നാൽ, ജനവിധി എന്ത്‌ എന്നതാണ്‌ നിർണായകം. ബിജെപിയെ പുറത്താക്കാൻ പോകുന്നത്‌ അവരുടെ ഭരണനയങ്ങൾക്കെതിരായി നിലയുറപ്പിച്ചിട്ടുള്ള ജനങ്ങളാണ്‌. അല്ലാതെ കോൺഗ്രസല്ല. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ്‌ ചിതറിയ നിലയിലാണ്‌. അവർക്കുള്ളിലെ ചേരിപ്പോരും സ്ഥാനമാനങ്ങൾക്കായുള്ള തമ്മിലടിയും അതിരൂക്ഷമാണ്‌. ഇതൊക്കെയാണെങ്കിലും ഹിമാചലിൽ ജനങ്ങൾ ബിജെപിയെ തോൽപ്പിക്കും.

ആംആദ്‌മി പാർടി ഒരു മൂന്നാം കക്ഷിയായി ഉയരുമോ
ഡൽഹിയിലും പഞ്ചാബിലും അധികാരത്തിൽ വരാൻ കഴിഞ്ഞ എഎപിക്ക്‌ ഹിമാചലിൽ അത്‌ സാധ്യമാകില്ല. ചില മേഖലകളിൽ മാത്രമാണ്‌ എഎപിക്ക്‌ വോട്ടുള്ളത്‌. ഒരു ഘട്ടത്തിൽ വലിയതോതിൽ പ്രചാരണം നടത്തിയെങ്കിലും നിലവിൽ ആ ആവേശമില്ല. പുറത്തുനിന്നെത്തിയ എഎപി വളന്റിയർമാരെല്ലാം സംസ്ഥാനം വിട്ടു. കോർപറേറ്റ്‌ അനുകൂല വലതുനയങ്ങൾക്കെതിരായ ബദൽ എന്ന നിലയിൽ ഇടതുപക്ഷത്തിന്‌ ഹിമാചലിൽ ശക്തമായ സാന്നിധ്യമുണ്ട്‌. 68 സീറ്റിലും ഇടതുപക്ഷം മൽസരിക്കുന്നില്ല. എന്നാൽ, എവിടെയൊക്കെ മൽസരിക്കുന്നുവോ അവിടെയെല്ലാം പ്രകടനം മെച്ചപ്പെടുത്തും. സീറ്റുകൾ കൂടുമോയെന്ന്‌ ഇപ്പോൾ പറയാനാകില്ല. നിയമസഭയിൽ വീണ്ടും സാന്നിധ്യം ഉറപ്പിക്കുകയാണ്‌ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top