11 May Saturday

ഹിന്ദുരാഷ്ട്രത്തെക്കുറിച്ചുള്ള പ്രഥമ തെറ്റിദ്ധാരണ - പ്രൊഫ. പ്രഭാത്‌ പട്‌നായിക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


നമുക്കറിയാവുന്നതുപോലെ, ബിജെപി ഒരു ഹിന്ദു മേധാവിത്വ പാർടിയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് വിശ്വസിക്കുന്ന ഒരു ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രാഷ്ട്രീയ മുന്നണിയാണത്. ഭരണഘടനയുടെ നാലതിരിനുള്ളിൽ തുടരേണ്ടതുള്ളതുകൊണ്ട്, ഈ കാഴ്ചപ്പാട് പരസ്യമായി പിന്താങ്ങാൻ ബിജെപിക്ക് കഴിയില്ലെങ്കിലും ഈയൊരു ദർശനം യാഥാർഥ്യമാക്കാൻ തങ്ങളാൽ ആകാവുന്നതൊക്കെ ചെയ്യുന്നുണ്ട് ആ പാർടി. പക്ഷേ, ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത്? മതനിരപേക്ഷത തകിടം മറിക്കുന്നതും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ കുറച്ചുകൊണ്ടുവരുന്നതും അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതും ബിജെപിയുടെ പിന്തുടർച്ചാമുതലാണ്, ജന്മവൈകൃതമാണ്. ഹിന്ദുരാഷ്ട്ര എന്നതിന്റെ പദാനുപദ തർജമയെ വിശ്വസിച്ച്, ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനായുള്ള ഹൈന്ദവ ഭരണമായിരിക്കും അത് എന്നാണ് പലരും കരുതുന്നത്.

ഇതൊരു പ്രാഥമികമായ തെറ്റിദ്ധാരണയാണ്. യഥാർഥത്തിൽ, അനിവാര്യമായും ഹിന്ദുരാഷ്ട്രം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒരേപോലെ അടിച്ചമർത്തുകയും അവരുടെ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുകയും, ഇന്ത്യൻ രാജ്യവ്യവസ്ഥയുടെ ഫെഡറൽ ഘടന തകർക്കുകയും, മഹാഭൂരിപക്ഷം ഹിന്ദുക്കളെയും മുസ്ലിങ്ങളെയെന്നപോലെതന്നെ അഭൂതപൂർവമായ തോതിൽ അന്താരാഷ്ട്ര മൂലധനത്തിന്റെയും നാടൻ കോർപറേറ്റ് ദുഷ്‌പ്രഭുത്വത്തിന്റെയും കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും  ചെയ്യുന്ന ഒരു സ്വേച്ഛാധികാര ഭരണക്രമമായിരിക്കും. ചുരുക്കത്തിൽ ഹിന്ദുരാഷ്ട്രം ഹിന്ദുക്കൾക്ക് മേധാവിത്വമുള്ള ഭരണക്രമമായിരിക്കില്ല, പകരം കുത്തക മൂലധനമേധാവിത്വമുള്ള ഒരു ഭരണകൂടമായിരിക്കും. ഹിന്ദുക്കൾക്ക് മുമ്പത്തേക്കാൾ മെച്ചപ്പെട്ട ഒരു ഭരണക്രമമായിരിക്കില്ല, പകരം കുത്തക മൂലധനത്തിന് സർവതന്ത്ര സ്വാതന്ത്ര്യവും കൊടുക്കുന്നതിനാൽ അനന്തകാലത്തോളം അവരുടെ സ്ഥിതിയും മുസ്ലിങ്ങളുടേതുപോലെതന്നെ വഷളാകാനാണ് പോകുന്നത്.


 

വികസനം ജനങ്ങളിലേക്ക് ഇറ്റിറ്റു വീഴുന്നതിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് വളരെ മുമ്പുതന്നെ തെളിഞ്ഞതാണ്. പതിനൊന്നാം പഞ്ചവത്സരപദ്ധതി രേഖയിൽ തൂക്കിയിട്ടിരുന്ന ഒരു സർക്കാർ വാഗ്ദാനമായിരുന്നല്ലോ, വർധിതമായ ദേശീയ ആഭ്യന്തര ഉൽപ്പാദനവും തങ്ങളുടെ പുതിയ നികുതിനയവും വഴി കണ്ടെത്തുന്ന വൻ വരുമാനവിഭവം പാവപ്പെട്ടവർക്കായി ചെലവഴിക്കും എന്നത്. പക്ഷേ, അത് വെറുമൊരു പൊള്ള വാഗ്ദാനമായിരുന്നു. വാസ്തവത്തിൽ, അതിനുശേഷം ആദായത്തിന്റെയും സ്വത്തിന്റെയും അസമത്വം അതിഭീമമായി വർധിക്കുകയായിരുന്നു. അതിനിടയ്‌ക്ക്, ഈ പ്രതിസന്ധി കാരണം, മഹാവ്യാധി പൊട്ടിപ്പുറപ്പെടും മുമ്പുതന്നെ, തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ച്‌ ദശകക്കാലത്തൊന്നും കണ്ടിട്ടില്ലാത്ത അത്രയ്‌ക്ക് വളർന്നിരിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ ദുരിതത്തിന്റെ ആഴം അത്രയ്‌ക്ക് അഗാധമായതുകൊണ്ട് അത് മറച്ചുവയ്‌ക്കാനായി ദേശീയ സാമ്പിൾ സർവേയുടെ ഡാറ്റപോലും  പ്രസിദ്ധീകരിക്കാതിരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. 2011--‐12 നും 2017-–-18നുമിടയ്‌ക്ക് ഗ്രാമീണമേഖലയിലെ പ്രതിശീർഷ ഉപഭോക്തൃ ചെലവിടൽ ഒമ്പത്‌ ശതമാനം കുറഞ്ഞിരിക്കുന്നുവെന്ന്!  ഇത് മഹാവ്യാധിക്ക് മുമ്പുള്ള കഥ. കൊറോണ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നു.

അതുകൊണ്ടുമായില്ല. സമ്പദ്‌വ്യവസ്ഥയെ ബാധിച്ച പ്രതിസന്ധിക്ക് നവലിബറൽ ഭരണക്രമത്തിൽ പരിഹാരങ്ങളേയില്ല. ധനമൂലധനം ഇക്കാര്യം അംഗീകരിക്കുകയില്ലെങ്കിലും വസ്തുത അതാണ്. നവ ലിബറൽ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ അവർ നിർദേശിക്കുക കൂടുതൽ കൂടുതലായി നവ ലിബറലാകാനാണ്. അതിനുവേണ്ടി അവർ വാദിക്കുക ട്രേഡ്‌ യൂണിയനുകളെ തകർത്തുകളയണമെന്നാണ്, കുറേക്കൂടി അനായാസമായി ഗോത്രവർഗക്കാരുടെ ഭൂമി തട്ടിപ്പറിച്ചെടുക്കാനാണ്, പൊതുമേഖലയിലെ മുതൽ വർധിച്ചതോതിൽ സ്വകാര്യ മേഖലയ്‌ക്ക് പതിച്ചു കൊടുക്കണമെന്നാണ്.

ഈ നടപടികളൊക്കെ നടപ്പാക്കും എന്നുറപ്പാക്കാൻ, സാമ്പത്തിക ശാസ്ത്രത്തിൽ അൽപ്പ വിവരം മാത്രമുള്ള, എളുപ്പത്തിൽ വളയ്ക്കാനാകുന്ന ഒരു ഗവൺമെന്റാണ് അവർക്കുവേണ്ടത്. അങ്ങനെ വന്നാൽ, ഫിനാൻസ് മൂലധനത്തിന്റെ ആജ്ഞകൾ മുറുമുറുപ്പില്ലാതെ  പ്രായോഗികമാക്കാനാകും. അത്തരമൊരു ആജ്ഞാനുവർത്തിസർക്കാരിന് പൊതുജന പിന്തുണ സമാഹരിക്കാനാകുമെങ്കിൽ അത്രയും നല്ലത്. ഇക്കാര്യങ്ങളൊക്കെയും ബിജെപിക്ക് നന്നായി ഇണങ്ങും. സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അതിനുള്ളത് "പൂജ്യവിജ്ഞാന'മാണ്. അതുകൊണ്ടുതന്നെ ധനമൂലധനത്തിന്റെ താളത്തിനൊത്ത് തുള്ളാൻ അതിനെ കിട്ടും. "സ്വത്ത് നിർമാതാക്കൾ' ഈ മുതലാളിമാരാണെന്ന് അവരെക്കൊണ്ട് പറയിപ്പിക്കാനും ആകും.അത്തരമൊരവസരത്തിൽ ഹിന്ദുത്വ അജൻഡ സർക്കാരിന് ഒരു പുകമറ സൃഷ്ടിച്ചുനൽകുന്നുണ്ട്. അതിന്റെ മറവിൽ ധനമൂലധനത്തിന്റെ ആജ്ഞകൾ നിർബാധം നടപ്പാക്കാൻ കഴിയുന്നുമുണ്ട്. ഹിന്ദുത്വം ആരുടെ വയറും ഒരിക്കലും നിറച്ചിട്ടില്ല. പക്ഷേ, ധനമൂലധനത്തിന് വമ്പൻ സൗജന്യങ്ങൾ നൽകിയതാകെ മറച്ചുവയ്‌ക്കാനായി അയോ
ധ്യയിൽ ക്ഷേത്രം പണിക്കുള്ള ഭൂമിപൂജ നടത്താൻ മാത്രമുള്ള പ്രാധാന്യവും പ്രസക്തിയും അതിനുണ്ട്.


 

ഈ വസ്തുതകൾ നോക്കൂ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിൽ സമയം പന്ത്രണ്ട് മണിക്കൂറായി വർധിപ്പിച്ചുകൊണ്ട്, തൊഴിലാളികൾ നൂറ്റാണ്ടുകാലത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ റദ്ദാക്കിക്കളഞ്ഞിരിക്കുകയാണ്; പുതിയ പദ്ധതികൾക്കുള്ള പാരിസ്ഥിതികാഘാത മാനദണ്ഡങ്ങളെയാകെ അപ്രസക്തമായിരിക്കുകയാണ്.വൻകിട മുതലാളിമാർക്കും ഹുണ്ടികക്കാർക്കും ഇത്രയ്‌ക്ക് നല്ലൊരു കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. അതേ സമയം, അധ്വാനിച്ച് ജീവിക്കുന്നവരും ഗോത്രവർഗക്കാരുമെല്ലാം പാപ്പരീകരിക്കപ്പെടുകയാണ്, സമാനതകളില്ലാത്ത ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.

മോഡി സർക്കാരിന്റെ മുതലാളിത്തപക്ഷ നടപടികളിലൊന്നിനും ഈ പ്രതിസന്ധി മുറിച്ചുകടക്കാനാവില്ല. മുതലാളിമാർക്ക് വൻ സംഖ്യ കൈമാറ്റം ചെയ്തത് സ്വാഭാവികമായും ധനമൂലധന ശക്തികൾ അടിച്ചേൽപ്പിച്ച ധനകമ്മിപരിധി നിലനിൽക്കുന്നിടത്തോളം, സാധാരണക്കാർക്കുമേൽ കടുത്ത നികുതി അടിച്ചേൽപ്പിക്കുന്നതിലേക്കാണ് എത്തുക. അത് തൊഴിലെടുക്കുന്നവരുടെ  വരുമാനം മുതലാളിമാർക്ക് വിതരണം ചെയ്യലായി മാറും. ഇതാകട്ടെ, പ്രതിസന്ധി കൂടുതൽ മൂർച്ചിപ്പിക്കും. മേൽ സൂചിപ്പിച്ചപോലെ നിയോലിബറലിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രതിസന്ധിക്ക് യാതൊരു പരിഹാരവും സാധ്യമല്ല. ജനങ്ങൾക്കിടയിലെ അസംതൃപ്തി കാലം കഴിയുന്തോറും കൂടുകയേ ചെയ്യൂ. കൂടുതൽ കൂടുതൽ അടിച്ചമർത്തലുകളിലേക്ക് സർക്കാർ നീങ്ങും. ഈ അസംതൃപ്തിയെ വഴിതെറ്റിക്കാൻ രാമക്ഷേത്രനിർമാണം, രാമക്ഷേത്ര ശിലാസ്ഥാപനം, ഉദ്ഘാടനം തുടങ്ങിയവയെ ആശ്രയിക്കുകയും ചെയ്യും. അത്തരം വഴിതെറ്റിക്കലിന് വേണ്ടിത്തന്നെയാണ്. മർദിതവർഗത്തെ ഭിന്നിപ്പിച്ചുനിർത്തുക മാത്രമല്ല, ഭൂരിപക്ഷ മതവിഭാഗത്തിൽപ്പെട്ട തൊഴിലാളികളിൽ അസംതൃപ്തി നിലനിൽക്കെത്തന്നെ അവരുടെ വോട്ടുകളെപ്പോലും അധികാരത്തിൽ തുടരുന്നതിനായി ഉറപ്പാക്കുകകൂടിയാണ് ലക്ഷ്യം.

ധനമൂലധനത്തിന് പരിപോഷിപ്പിക്കാനാകുന്ന സൗകര്യപ്രദമായ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ മേധാവിത്വം. അന്യഥാ തങ്ങളുടെ മേധാവിത്വത്തിന് ഭീഷണിയായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാലത്ത്, അത് ഹിന്ദുത്വ ശക്തികളുമായി ഒരു സഖ്യത്തിൽ ഏർപ്പെടുന്നു. ഹിന്ദുരാഷ്ട്രംപോലുള്ള ആശയങ്ങൾ ഹിന്ദുക്കളുടെ പ്രയോജനത്തിനല്ല, പകരം ഫിനാൻസ് മൂലധനത്തിന്റെ പ്രയോജനത്തിനുള്ളതാണ്. അപ്പോൾ ഒരു ചോദ്യം ഉയരാം. മുസ്ലിങ്ങളെ ജോലിയിൽനിന്നും മറ്റാനുകൂല്യങ്ങളിൽനിന്നും മാറ്റിനിർത്തിയാൽ, അത് ഹിന്ദുക്കളുടെ പങ്ക് വർധിപ്പിക്കില്ലേ എന്ന്! അങ്ങനെയെങ്കിൽ ഹിന്ദു മേധാവിത്വത്തിന്റെ ഗുണം ഹിന്ദുക്കൾക്കാകില്ലേ എന്ന്! ഈയൊരു മറു ചോദ്യം പ്രസക്തമായിരുന്നേനെ, ഇവർ ഉന്നംവയ്‌ക്കുന്ന ന്യൂനപക്ഷം, തൊഴിലിലും വിദ്യാലയങ്ങളിലെ സീറ്റുകളുടെ കാര്യത്തിലും അവർക്ക് ജനസംഖ്യാനുപാതമായി അർഹതപ്പെട്ടതിലും കൂടുതൽ പങ്ക് അടിച്ചെടുത്തിരുന്നെങ്കിൽ.

ഇത് ഒരിക്കൽ യാഥാർഥ്യമായിരുന്നു. ഇന്ത്യൻ വംശജർ കിഴക്കൻ ആഫ്രിക്കയിൽ അങ്ങനെയൊരു അവസ്ഥയിൽ ആയിരുന്നു. പക്ഷേ, ഇവിടെ ഉന്നംവയ്‌ക്കുന്ന ന്യൂനപക്ഷം ഒരു ബഹിഷ്കൃത വിഭാഗമാണ്. ഹിന്ദുക്കളേക്കാൾ തൊഴിലിലും വിദ്യാഭ്യാസത്തിലും വളരെ വളരെ പിറകിലാണ് മുസ്ലിങ്ങളുടെ സ്ഥിതി ഇന്ത്യയിൽ. അത്തരമൊരു സാഹചര്യത്തിൽ, ഇത്തരമൊരു ഉന്നംവയ്‌ക്കൽ ഹിന്ദുക്കളെ ഒട്ടും സഹായിക്കില്ല. ചുരുക്കിപ്പറഞ്ഞാൽ, ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴുതിവീഴൽ മുസ്ലിങ്ങളും ഹിന്ദുക്കളുമായ തൊഴിലെടുത്തു ജീവിക്കുന്നവരെയാണ് ഉന്നംവയ്‌ക്കുന്നത്. അത് ഹിന്ദുക്കളുടെ താൽപ്പര്യം സംരക്ഷിക്കും എന്നത് ഒരു വെറും തെറ്റിദ്ധാരണയാണ്. ഈയൊരു തെറ്റിദ്ധാരണ എത്രവേഗം നീക്കാനാകുന്നുവോ, അത്രയും നല്ലത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top