26 April Friday

പൊലീസിന്റെ പ്രവര്‍ത്തനങ്ങളും ഭാവി ഇടപെടലുകളും

പിണറായി വിജയൻUpdated: Saturday Mar 14, 2020

ആഭ്യന്തര വകുപ്പിന്റെ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്‌ക്ക്‌ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ പ്രസക്‌തഭാഗം

കേരള പൊലീസിനെ ആധുനികവൽക്കരിച്ച് പ്രൊഫഷണൽ രീതിയിൽ ജനകീയതാൽപ്പര്യം സംരക്ഷിക്കുന്നവിധം രൂപപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ ഇടപെടലാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിയമത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ഓരോ പ്രശ്നവും വിശകലനംചെയ്ത്‌ മെച്ചപ്പെട്ട സേവനങ്ങൾ ഓരോ പൊലീസ് ഉദ്യോഗസ്ഥനും നൽകുന്നതാണ് പൊലീസിങ്ങിലെ പ്രൊഫഷണൽ രീതി.  പൊലീസിനെ പ്രൊഫഷണൽ രീതിയിൽ മാറ്റുന്നതിനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. 

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേസുകളുടെ എണ്ണത്തിലുണ്ടായ മാറ്റം ഈ കാര്യമാണ് വ്യക്തമാക്കുന്നത്. 2015ൽ 6,85,543 കേസാണ് രജിസ്റ്റർ ചെയ്തത്. 2018ൽ 5,57,855 ആയി. 2019ൽ 5,09,513 ആയി കുറഞ്ഞു. കേസുകളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത് എന്നുകാണാം. 1,76,030 കേസാണ് 2015മായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞത്. ക്രമസമാധാനരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ ഏറ്റവും വലിയ തെളിവാണത്. കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവയുടെ കാര്യത്തിലും വലിയ കുറവുണ്ടായി. 2015ൽ 2,57,074 കേസായിരുന്നു ഇത്തരത്തിൽ ചാർജ് ചെയ്യപ്പെട്ടത്. 2018ൽ 1,87,381 ആയും 2019ൽ 1,76,871 കേസായും അത് ചുരുങ്ങി. ഗൗരവ കുറ്റകൃത്യങ്ങളിൽമാത്രം 80,203 ന്റെ കുറവ് ഉണ്ടായിരിക്കുന്നു. ഇന്ത്യൻ ശരാശരി ഒരു ലക്ഷത്തിന് 158 പൊലീസ് എന്നതാണെങ്കിൽ കേരളത്തിൽ അത് 135 ആണ്. എന്നിട്ടും ഈ നേട്ടം കേരളപൊലീസിന്റെ കാര്യക്ഷമതയാണ് വ്യക്തമാക്കുന്നത്.  കേസുകളിൽ 82.26 ശതമാനത്തിലും ശിക്ഷിക്കപ്പെടുന്നുവെന്നത് ഈ കാര്യക്ഷമതയുടെ ലക്ഷണമാണ്.

ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഈ ഇടപെടലിന്റെ  ഭാഗമാണ്. വർഗീയ കലാപങ്ങളോ പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള പൊലീസ് വെടിവയ്പുകളോ ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് ഉയരാൻ കഴിഞ്ഞു. വർഗീയശക്തികൾ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴും മതനിരപേക്ഷത മുന്നോട്ടുവച്ച്‌ സമൂഹത്തെ സംരക്ഷിക്കുന്നവിധം ഇടപെടാൻ പൊലീസിന് കഴിഞ്ഞു.


 

ജനകീയസേന
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്നത് മാത്രമല്ല, അവർക്കൊപ്പംനിന്ന് അവരിലൊരാളായി മാറുന്ന തരത്തിൽ  സംവിധാനം മാറിയ അനുഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിലും ഓഖി ദുരിതാശ്വാസത്തിലും ജനകീയസേനയായി പ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ചുമതല അക്ഷരംപ്രതി നിറവേറ്റിക്കൊണ്ട് നടത്തിയ പ്രവർത്തനം വിസ്മരിക്കാനാകുന്നതല്ല. ബറ്റാലിയനുകളിൽ 2011 നുശേഷം റെഗുലർ പ്രമോഷനുകൾ ഉണ്ടായിട്ടില്ല. പലതരത്തിലുള്ള നിയമനരീതി കാരണം ഉണ്ടായ സീനിയോറിറ്റി പ്രശ്നങ്ങൾ പരിഹാരമാകാതെ കിടക്കുകയുമായിരുന്നു. ദീർഘനാളത്തെ ശ്രമഫലമായി 2020ൽ മുഴുവൻ പ്രമോഷനുകളും റെഗുലറായി നൽകുന്നു. 2014നുശേഷം ജനറൽ വിഭാഗത്തിലും പ്രമോഷനുകൾ താൽക്കാലികമായാണ് നടന്നത്. ഈ സ്ഥിതിയിൽ മാറ്റം വരുത്തുകയും അർഹതപ്പെട്ടവർക്ക് പ്രമോഷൻ സമയബന്ധിതമായി ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളാണ് നടത്തിയത്.

ഏറ്റവും പ്രധാനപ്പെട്ടതാണ് പൊലീസ്‌റ്റേഷനുകളുടെ പ്രവർത്തനം. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ ഏർപ്പെടുത്തിയത്. കേസന്വേഷണത്തെയും ക്രമസമാധാനപാലനത്തെയും രണ്ടാക്കിത്തിരിച്ചുള്ള  ക്രിയാത്മകമായ നടപടികൾ അവസാനഘട്ടത്തിലാണ്. പൊലീസ് സ്റ്റേഷനുകളെ ശക്തിപ്പെടുത്തുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമായി കാണുകയാണ്. സ്‌റ്റേഷനിൽ റിസപ്ഷനുകൾ നിർമിച്ച്‌ പിആർഒമാരെയും നിയമിച്ചു. മുൻ സർക്കാരിന്റെ കാലത്ത് തസ്തിക ഇല്ലാതെ ആരംഭിച്ച ഏഴ്‌ പൊലീസ് സ്റ്റേഷനുകൾക്ക് ആവശ്യമായ തസ്തിക അനുവദിച്ചു. 12 സ്റ്റേഷൻ ആരംഭിച്ചു. എട്ട്‌ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കായി 38 തസ്തിക അനുവദിച്ചു. ആറെണ്ണം ശിശുസൗഹൃദ പൊലീസ്‌ സ്‌റ്റേഷനാക്കി. 350 പൊലീസ് സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‌ 14 കോടിയുടെ ഭരണാനുമതി നൽകി. 10 കൺട്രോൾ റൂം ആരംഭിച്ചു.

ജനമൈത്രി പൊലീസ്
ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ സ്റ്റേഷനുകളിലും വ്യാപിപ്പിച്ചു. ഈ സാധ്യതകൾകൂടിയാണ് പ്രളയത്തെ നേരിടുന്നതിന് ഏറെ സഹായകമായത്. ബീറ്റ് ഓഫീസർമാരുടെ ഗൃഹസന്ദർശനമെന്ന ആശയം വിപുലമായി നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. ബീറ്റ് ഓഫീസർമാർ സ്കൂൾ സന്ദർശനവേളയിൽ സൈബർ ക്രൈമിനെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചുമുള്ള ബോധവൽക്കരണങ്ങളും സംഘടിപ്പിക്കുകയാണ്. പരാതി എവിടെ നൽകണമെന്ന അവ്യക്തതകൾ പലപ്പോഴും നീതി ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഏത്‌ പൊലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയായി. തുടർന്ന്, ബന്ധപ്പെട്ട  സ്റ്റേഷനിലേക്ക്‌ എഫ്ഐആർ അയച്ചുകൊടുത്ത് തുടർ നടപടികൾ സ്വീകരിക്കാം. പൊലീസിനെ കൂടുതൽ സ്ത്രീസൗഹൃദമാക്കുന്നതിനുവേണ്ടിയുള്ള ക്രിയാത്മക നടപടികളും സ്വീകരിച്ചു. സ്ത്രീ പ്രാതിനിധ്യം പതിനഞ്ച്‌ ശതമാനമായി ഉയർത്തുമെന്ന വാഗ്ദാനം പാലിക്കുന്നതിനുള്ള ഇടപെടലും നടത്തി. സംസ്ഥാനത്ത് ആദ്യമായി വനിതാ പൊലീസ് ബറ്റാലിയൻ ആരംഭിച്ചു. പിങ്ക് പട്രോൾ സംവിധാനം വ്യാപകമാക്കി. വനിതാ സ്റ്റേഷനുകളും  ആരംഭിച്ചു. വനിതകളുടെ പരാതി സ്വീകരിക്കാൻ വനിതാ പൊലീസ് പഞ്ചായത്തുതലത്തിൽ എത്തുന്നു.  സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉയരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പദ്ധതി തുടങ്ങി.  പൊലീസ് അക്കാദമിയിൽ സൈബർ ഫോറൻസിക് ലാബ് ഉൾപ്പെട്ട ട്രെയിനിങ്‌ സെന്റർതന്നെ ആരംഭിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനവും ആരംഭിച്ചു. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികമായും മാനസികമായും വൈകല്യമുള്ള സ്ത്രീകളെയും വനിതാ പൊലീസ് സംഘം സന്ദർശിക്കുന്നു. ഇക്കൊല്ലം വനിതകളുടെ സുരക്ഷാ വർഷമായി പ്രഖ്യാപിച്ചു. വനിതാ ഓഫീസർമാർ നേതൃത്വം നൽകുന്ന സംസ്ഥാനതല സമിതിക്കുതന്നെ രൂപം നൽകി. അസമയത്ത് ഒറ്റപ്പെട്ടുപോകുന്ന വനിതാ യാത്രക്കാർക്കും മുതിർന്ന പൗരൻമാർക്കും സുരക്ഷാഹസ്തമായ നിഴൽപദ്ധതിക്ക് രൂപംനൽകി.


 

സൈബർ സുരക്ഷ അവബോധം സൃഷ്ടിക്കാൻ 150 സ്കൂളിൽ ‘കിഡ് ഗ്ലോവ്’ സംവിധാനമായി. സൈബർ ഡോമിന്റെ ‘ഓപ്പറേഷൻ പി ഹണ്ട്’ വഴി കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നു. ജനമൈത്രി ഡ്രാമാ ടീം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബോധവൽക്കരണ നാടകങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈൻ ലൈംഗികാതിക്രമം സംബന്ധിച്ച അന്വേഷണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചിൽഡ്രൻ ആൻഡ്‌ പൊലീസ് പദ്ധതിയുടെ സംസ്ഥാന കേന്ദ്രം  നിലവിൽവന്നു.

ഓഖി ദുരന്തമേഖലയായ തീരദേശത്തെ യുവാക്കളിൽനിന്ന്‌ 200 പേരെ കോസ്റ്റൽ വാർഡൻമാരായി നിയമിച്ചു. ഇതിൽ 177 പേർ പരിശീലനം പൂർത്തിയായി സർവീസിൽ പ്രവേശിച്ചിട്ടുണ്ട്. ആദിവാസി യുവതീയുവാക്കളിൽനിന്ന് 75 പേർക്ക് പ്രത്യേക നിയമനത്തിലൂടെ പൊലീസിൽ നിയമനം നൽകി. 125 പേർക്കുകൂടി നിയമനം നൽകും. 146 കായികതാരങ്ങൾക്ക് പൊലീസിൽ നിയമനം നൽകി. 150 ഹവീൽദാർ തസ്തിക കായികതാരങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. മയക്കുമരുന്ന് തടയുന്നതിനുള്ള ശക്തമായ നടപടി സ്വീകരിച്ചു. 'യോദ്ധാവ്' മൊബൈൽ ആപ്ലിക്കേഷനിലൂടെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് രഹസ്യവിവരം പൊലീസുമായി പങ്കിടാം.

സ്റ്റുഡന്റ് പൊലീസ് സംവിധാനം രാജ്യത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ദുർബല ജനവിഭാഗങ്ങളെ ജനാധിപത്യ പ്രക്രിയയിൽ അണിചേർക്കുന്നതിന് സ്റ്റുഡന്റ് പൊലീസ് കാണിച്ച മാതൃക തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരം നേടി.  മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിനും ട്രാഫിക്  ബോധവൽക്കരണത്തിലും സ്റ്റുഡന്റ് പൊലീസിന്റെ ഇടപെടൽ മാതൃകാപരമായി. മൂന്നുലക്ഷം പേരെ രക്തദാനസേനയിൽ  അണിനിരത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം പോയ ആയിരത്തിഇരുനൂറോളം വിദ്യാർഥികളെ "ഹോപ്പ്' പദ്ധതിയിലൂടെ പൊതുസംവിധാനത്തിലേക്ക് കൊണ്ടുവന്നു. നാല്‌ വർഷത്തിനിടയിൽ 40 ലക്ഷം വാഹനമാണ് പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹന ബാഹുല്യം സൃഷ്ടിക്കുന്ന അപകടസാധ്യത മറികടക്കുക എന്നത്‌ വലിയ ഉത്തരവാദിത്തമാണ്. ട്രാഫിക് സ്റ്റേഷനിൽനിന്ന്‌ ട്രാഫിക് കേസുകളുടെ അന്വേഷണച്ചുമതല ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.


 

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുംവേണ്ടി ആരംഭിച്ച സൈബർഡോമിന്റെ പ്രവർത്തനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നു. ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ  സൈബർഡോമിന് ലഭിച്ചിട്ടുണ്ട്. സൈബർ പൊലീസ് സ്റ്റേഷനുകളും ആരംഭിച്ചു. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ്‌ സിസ്റ്റം വഴി സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയും സർക്കാർ കൊണ്ടുവരികയാണ്. നവമാധ്യമങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും വ്യാപകമായിട്ടുണ്ട്. ഇത് പലതരം കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ‘സോഷ്യൽ മീഡിയ ലാബ്’ ആരംഭിച്ചു. സിനിമകളുടെ വ്യാജപതിപ്പുകൾ തയ്യാറാക്കുന്നത് തടയാൻ ‘പൈറസി ട്രാക്കർ’ സോഫ്റ്റ്‌വെയറും  വികസിപ്പിച്ചു. കുറ്റവാളികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തുന്നതിന് ‘ലൊക്കേഷൻ ട്രാക്കിങ്‌’ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു.  ‘ഡാർക്ക്നെറ്റ്’ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. പൊലീസും ജനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്ന ഒന്നായി പൊലീസിന്റെ ഫെയ്സ്ബുക് പേജ് മാറിക്കഴിഞ്ഞു. ശബരിമല തീർഥാടനം സുഗമമാക്കാൻ ശബരിമല പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റം എന്ന ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ‘രക്ഷ’ എന്ന മൊബൈൽ ആപ്പും ആരംഭിച്ചു. ഇ ലേണിങ്‌ സമ്പ്രദായം ട്രെയിനിങ്ങിൽ കൊണ്ടുവന്നു. ഓൺലൈൻ പരീക്ഷാ സമ്പ്രദായമാണ്‌. പഠനമുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി. എൻവയോൺമെന്റൽ ക്രൈം മ്യൂസിയം സ്ഥാപിച്ചു. ജെൻഡർ പ്രശ്നങ്ങൾ, ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങൾ, സ്ത്രീകളോടുള്ള പെരുമാറ്റങ്ങൾ, ജന്തുക്കളോടുള്ള ക്രൂരതകൾ, സോഷ്യൽ പൊലീസിങ്‌, വയോജനങ്ങളുടെ പ്രശ്നങ്ങൾ, പാരിസ്ഥിതികമായ കുറ്റകൃത്യങ്ങൾ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കി. വാട്ടർ സെക്യൂരിറ്റി കോഴ്സും കൊണ്ടുവന്നു.

കാര്യക്ഷമതയ്‌ക്ക്‌  അംഗീകാരം
കേരള പൊലീസിന്റെ മികവിന്‌ അന്താരാഷ്‌ട്ര തലത്തിലും ദേശീയതലത്തിലും നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചു.

1. അഴിമതി കുറവുള്ള സംസ്ഥാനമെന്ന് (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്) റിപ്പോർട്ട്
2. ഏറ്റവും കുറവ് വർഗീയകലാപം കേരളത്തിൽ (നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ)
3. യുഎഇയുടെ ബെസ്റ്റ് എം ഗവേർണൻസ് സർവീസ് അവാർഡ് മൊബൈൽ ആപ്പായ "ട്രാഫിക് ഗുരു'വിന് ലഭിച്ചു
4. സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ 2018ലെ ഫിക്കി സ്മാർട്ട് പൊലീസിങ്‌ അവാർഡ് സൈബർ ഡോമിന്. കൂടാതെ, സെക്യൂരിറ്റി വാച്ച് ഇന്ത്യ ഇന്നൊവേഷൻ ആൻഡ്‌ എക്സലൻസ് അവാർഡ്. 2016ൽ "ഇന്നവേറ്റീവ് യൂസ് ഓഫ് ടെക്നോളജി ഇൻ സൈബർ സെക്യൂരിറ്റി' എന്ന വിഭാഗത്തിലും സൈബർ ഡോമിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
5. ജനമൈത്രി പദ്ധതിക്ക് ഫൗണ്ടേഷൻ ഫോർ റിസർച്ച് എന്ന സ്ഥാപനം പ്രസിദ്ധീകരിക്കുന്ന ജേണൽ "കോപ്സ് ടുഡൈ ഇന്റർനാഷണൽ' ഏർപ്പെടുത്തിയ പൊലീസ് എക്സലൻസ് അവാർഡ്‌.
6. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത രാജ്യത്തെ മികച്ച പത്ത്‌ പൊലീസ് സ്റ്റേഷനിൽ കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലീസ്‌ സ്‌റ്റേഷനും ഉൾപ്പെട്ടു.
7. ക്രമസമാധാനപാലനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്കാരം.
8. കൊല്ലം സിറ്റി പൊലീസ് കാര്യാലയത്തിന് ഐഎസ്ഒ 9001:2015 പദവി
9. സൈബർ കുറ്റാന്വേഷണ മേഖലയിലെ മികവിന് ദേശീയതലത്തിൽ അവാർഡ്.
10. റോഡ് സുരക്ഷിതത്വ പരിശ്രമത്തിന് ട്രാഫിക് സുരക്ഷിതത്വത്തിനുള്ള സോഫ്റ്റ് പദ്ധതി (കേന്ദ്ര നഗരകാര്യ വകുപ്പ്)
11. സ്ത്രീ സുരക്ഷ ഉറപ്പാക്കിയതിൽ രണ്ടാം സ്ഥാനം (പ്ലാൻ ഇന്ത്യ)
12. ബ്ലൂവെയിൽ ഗെയിം ഭീഷണിയുടെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടിക്ക് കേന്ദ്രത്തിന്റെ പ്രശംസ
13.എറണാകുളം റൂറൽ ജില്ലയിൽ പാസ്പോർട്ട് അപേക്ഷയുടെ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന്‌ രണ്ട് ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കി രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തിയതിന് എറണാകുളം റൂറൽ ജില്ലയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
14.ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഡിജിറ്റൽ ഇന്ത്യ തീം) കേരള പവലിയൻ ഗോൾഡ് മെഡൽ.
15. ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റിൽ കേരള പൊലീസ് സേനയിൽപ്പെട്ടവർക്ക്‌ കംപ്യൂട്ടർ പരിജ്ഞാന വിഭാഗത്തിൽ മെഡലുകൾ
16. സിസിടിഎൻഎസ് പ്രോജക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി നാല് പൊലീസ്‌ ഉദ്യോഗസ്ഥർക്ക് പുരസ്കാരം.

തെളിയിക്കപ്പെടില്ലെന്ന് കരുതിയ പല കേസുകളും തെളിയിക്കാനും കഴിഞ്ഞു.  ജലജ വധക്കേസ്, ജിഷകേസ്, കൂടത്തായി കൂട്ടക്കൊലക്കേസ്, തിരുവനന്തപുരത്ത് നാലുപേർ കൊല്ലപ്പെട്ട കേസ്‌ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. അഴിമതി നിർമാർജനം ചെയ്യുന്നതിന് ഉതകുന്നവിധം വിജിലൻസ് സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. പരിശോധനയ്ക്കെത്തുന്ന സാമ്പിളുകളുടെ ശാസ്ത്രീയപരിശോധന സമയബന്ധിതവും കാര്യക്ഷമവുമായി നടത്തുന്നതിന് സംവിധാനം. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ  വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതി ആരംഭിച്ചു.


 

ഭാവി പരിപാടികൾ
പൊലീസ് അഡ്മിനിസ്ട്രേഷൻ സുഗമമാക്കുന്നതിനും മെച്ചപ്പെട്ട ക്രമസമാധാന പരിപാലനത്തിനുമായി 25 അധിക സബ് ഡിവിഷൻകൂടി ആരംഭിക്കും. പൂർണ വ്യവസായ  സുരക്ഷാ സേനയ്ക്ക് രൂപംനൽകി. തിരുവനന്തപുരത്ത് പൊലീസ് ടെക്നോളജി സെന്റർ ആരംഭിക്കും. ക്രമസമാധാനം, അന്വേഷണം എന്നീ വിഭാഗങ്ങൾക്കുപുറമെ സോഷ്യൽ പൊലീസിങ്‌ എന്ന പുതിയൊരു വിഭാഗം ആരംഭിക്കും. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ പുതിയ ഡാറ്റ അനാലിസിസ് സെന്റർ സ്ഥാപിക്കും. കേരള സായുധ പൊലീസ് ബറ്റാലിയൻ കോഴിക്കോട് ആരംഭിക്കും.

തൃശൂർ ജില്ലയിൽ ഡിജിറ്റൽ മൊബൈൽ കമ്യൂണിക്കേഷൻ സംവിധാനം പ്രാവർത്തികമാക്കും. സേനയിലെ അംഗങ്ങളുടെ മാനസികസമ്മർദം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. പരാതികൾ ഓൺലൈൻവഴി സമർപ്പിക്കുന്നതിനും ഫോണിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സംവിധാനമുണ്ട്.

എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലും ടൂറിസം പൊലീസിനെ വിന്യസിക്കാനാവശ്യമായ അംഗബലം ടൂറിസം പൊലീസിന് നൽകും. പൊലീസിനെ അധുനികവൽക്കരിക്കുന്നതിനും ജനകീയവൽക്കരിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.  ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി കേരളം മാറി. വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി. അങ്ങനെ വികസനത്തിന് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടാക്കാൻ പൊലീസിന്റെ ശാസ്ത്രീയ ഇടപെടലിലൂടെ കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top