26 April Friday

പാകിസ്ഥാന് മുഷാറഫും 
നൽകിയത് ദുരന്തങ്ങൾ

ഡോ. ജോസഫ് 
ആന്റണിUpdated: Monday Feb 6, 2023

ചരിത്രത്തിലെ അതീവഗുരുതരമായ  സാമ്പത്തിക-, രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഇന്ന് പാകിസ്ഥാൻ  കടന്നുപോകുന്നത്. സ്വാതന്ത്ര്യം നേടിയതുമുതൽ ആരംഭിച്ചതാണ് ആ പ്രശ്നങ്ങളെങ്കിലും അതിനെ രൂക്ഷമാക്കി ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച പട്ടാള ഭരണാധികാരിയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്. ആഗോളരാഷ്ട്രീയത്തിലെ വളരെ സംഭവബഹുലമായ കാലത്താണ് മുഷാറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിൽ എത്തുന്നത്. 1998ൽ  ഇന്ത്യയും പാകിസ്ഥാനും ആണവായുധ പരീക്ഷണം നടത്തിയതിനുപിന്നാലെ, 1999ലാണ് മുഷാറഫ്, പാകിസ്ഥാന്റെ ഭരണാധികാരം കൈയടക്കിയത്. അന്നുമുതൽ 2008വരെ ഏതാണ്ടൊരു ദശാബ്ദക്കാലം പാകിസ്ഥാൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലും  നിർണായക ശബ്ദമായിരുന്നു മുഷാറഫിന്റേത്.

മുഷാറഫിന്റെ നേതൃത്വത്തിൽ, ഇന്ത്യക്കെതിരായി കാർഗിൽ മേഖലയിൽ യുദ്ധം അഴിച്ചുവിട്ടതിനുപിന്നാലെയാണ് പാകിസ്ഥാന്റെ ജനാധിപത്യ രാഷ്ട്രീയത്തെ അട്ടിമറിച്ച സംഭവവികാസങ്ങൾ അരങ്ങേറിയത്. പാകിസ്ഥാന്റെ മുൻപ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫ്, അന്നത്തെ സേനാമേധാവിയായിരുന്ന ജനറൽ ജഹാൻഗീർ കരാമത്തിനെ നീക്കിയിട്ടാണ് പർവേസ് മുഷാറഫിനെ 1998ൽ കരസേനാ മേധാവിയാക്കിയത്. ഇന്ന് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരിക്കുന്ന ഷാഹ്ബാസ് ഷെറീഫാണ് പർവേസിന്റെ പേര്, സഹോദരനായ നവാസ് ഷെറീഫിനോട്  ശുപാർശ ചെയ്തത്. അങ്ങനെ പട്ടാളമേധാവിയായ പർവേസ് പക്ഷേ, സേനാമേധാവിയായി നിയമിതനായി ഒരുവർഷത്തിനുള്ളിൽത്തന്നെ നവാസ് ഷെറീഫിന്റെ ശത്രുവായി മാറി. അതിന്റെ പ്രധാന കാരണം കാർഗിൽ യുദ്ധമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതിനെത്തുടർന്ന്, മുഷാറഫിനെ കരസേനാ മേധാവിസ്ഥാനത്തുനിന്നും നീക്കാനുള്ള ശ്രമങ്ങളാണ് ഒടുവിൽ പട്ടാള അട്ടിമറിയിലൂടെ നവാസ് ഷെറീഫിന്റെ പുറത്താക്കലിൽ അവസാനിച്ചത്. എന്നുമാത്രമല്ല, 1999 ഒക്ടോബർ 13ന് അധികാരം പിടിച്ചെടുത്ത മുഷാറഫ്, ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെറീഫിനെ തുറുങ്കിലടയ്ക്കുകയുംചെയ്തു. തുടർന്ന് 2001 വരെ അദ്ദേഹം പാകിസ്ഥാൻ പ്രതിരോധസേനയുടെ സമ്പൂർണമേധാവിയായി പട്ടാളഭരണകൂടത്തിന്‌ നേതൃത്വം നൽകി. 2001 ജൂണിൽ കരസേനാ മേധാവിസ്ഥാനം നിലനിർത്തി പ്രസിഡന്റുമായി.

അൽ ഖായ്‌ദയ്‌ക്ക്‌ എതിരായി അമേരിക്ക നടത്തിയ സൈനികനീക്കങ്ങളെ പരസ്യമായി പിന്തുണച്ച മുഷാറഫ്, പക്ഷേ, അഫ്‌ഗാനിസ്ഥാനിലെ ഭീകരസംഘടനകളെയും സഹായിച്ചു.

ഇന്ത്യക്ക്‌ എതിരായി കാർഗിലിൽ യുദ്ധത്തിൽ ഏർപ്പെട്ടതോടെ അമേരിക്കയുടെ ഉൾപ്പെടെ രോഷത്തിനിരയായ മുഷാറഫ്, 2001 സെപ്തംബർ 11ന് ന്യൂയോർക്കിൽ അൽ ഖായ്ദ നടത്തിയ ഭീകരാക്രമണത്തിനുശേഷം അമേരിക്കയുടെ ഏറ്റവും വലിയ വിശ്വസ്‌തനായി മാറി. അൽ ഖായ്‌ദയ്‌ക്ക്‌ എതിരായി അമേരിക്ക നടത്തിയ സൈനികനീക്കങ്ങളെ പരസ്യമായി പിന്തുണച്ച മുഷാറഫ്, പക്ഷേ, അഫ്‌ഗാനിസ്ഥാനിലെ ഭീകരസംഘടനകളെയും സഹായിച്ചു. ആ സഹായത്തിലൂടെ വളർന്ന ഭീകരശക്തികളുടെ പിന്മുറക്കാരായ തെഹ്‌രി-കെ -താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയാണ് പാകിസ്ഥാന് ഇന്ന് ഏറ്റവും തലവേദനയായി മാറിയിരിക്കുന്നത്.

മുഷാറഫ് അധികാരത്തിലിരുന്ന ആദ്യത്തെ അഞ്ചുവർഷം അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. 1999ൽ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി ലാഹോർ സന്ദർശിച്ച് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കശ്മീർ പ്രശ്നം, ഇന്ത്യക്ക്‌ എതിരായി ഭീകരത പ്രോത്സാഹിപ്പിക്കൽ  മുതലായ വിഷയങ്ങളിൽ എത്തിയ ധാരണകളാണ് ലാഹോർ കരാറായി അംഗീകരിച്ചത്. അതിലെ മഷിയുണങ്ങുന്നതിനുമുമ്പാണ് മുഷാറഫിന്റെ നേതൃത്വത്തിൽ കാർഗിൽ ആക്രമണം നടത്തിയതെങ്കിലും കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായിരുന്ന മുഷാറഫുമായി ആഗ്രയിൽ സമ്മേളിച്ച് പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും വാജ്‌പേയി ശ്രമിക്കുകയുണ്ടായി. പക്ഷേ, സമ്മേളനം പരാജയപ്പെട്ടെന്ന്‌ മാത്രമല്ല, ആ വർഷം  അവസാനം ഇന്ത്യൻ പാർലമെന്റിനുനേരെ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ ആക്രമണവും നടത്തി. ഇതോടെ ഇരു രാജ്യവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.

തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കെ മുൻപ്രധാനമന്ത്രിയായ ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടതോടെ പാകിസ്ഥാനിലെ രാഷ്ട്രീയശക്തികളെല്ലാം മുഷാറഫിന്‌ എതിരായി. ഗത്യന്തരമില്ലാതെ വന്നപ്പോൾ 2007 ഡിസംബറിൽ മുഷാറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

2007ൽ നടന്ന മൂന്ന്‌ സംഭവമാണ് മുഷാറഫിന്റെ അധികാരം നഷ്ടപ്പെടുന്നതിലേക്ക്‌ നയിച്ചത്. ആദ്യത്തേത് 2007 മാർച്ചിൽ ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റ ദൂഷ്യത്തിനു പുറത്താക്കിയതായിരുന്നു.  ചീഫ് ജസ്റ്റിസിനെ തിരിച്ചെടുത്തുകൊണ്ട്‌ പാക്‌ സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത് മുഷാറഫിന് വൻതിരിച്ചടിയായി.  നവാസ്ഷെറീഫിനെ അറസ്റ്റുചെയ്തതും പാകിസ്ഥാനിലെ രാഷ്ട്രീയരംഗം കലുഷിതമാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കെ മുൻപ്രധാനമന്ത്രിയായ ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടതോടെ പാകിസ്ഥാനിലെ രാഷ്ട്രീയശക്തികളെല്ലാം മുഷാറഫിന്‌ എതിരായി. ഗത്യന്തരമില്ലാതെ വന്നപ്പോൾ 2007 ഡിസംബറിൽ മുഷാറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2008ൽ നടന്ന പാർലമെന്റ്  തെരഞ്ഞെടുപ്പിൽ മുഷാറഫ് പിന്തുണച്ചവർ പരാജയപ്പെട്ടതോടെ,   മുഷാറഫിനെതിരെ യോജിച്ചുനീങ്ങാൻ നവാസ് ഷെറീഫും  പാകിസ്ഥാൻ പീപ്പിൾസ് പാർടി  നേതാവും ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായിരുന്ന ആസിഫ് അലി സർദാരിയും തീരുമാനിച്ചു. തുടർന്ന്, പാകിസ്ഥാൻ പീപ്പിൾസ് പാർടിയും നവാസ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മുസ്ലിംലീഗും ദേശീയ അസംബ്ലിയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ്,  2008 ആഗസ്‌ത്‌ 18നു മുഷാറഫ് രാജിവച്ചത്. ഭരണകാലത്ത് പട്ടാളത്തിന്റെ ഇടപെടൽ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കുക മാത്രമല്ല, ഭീകരശക്തികളെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കാനും മുഷാറഫ് തയ്യാറായതിന്റെ പരിണതഫലമാണ് ഇന്ന് പാകിസ്ഥാൻ അനുഭവിക്കുന്നത്.

(കേരള സർവകലാശാല അന്താരാഷ്‌ട്ര മാർക്‌സിയൻ പഠനഗവേഷണ കേന്ദ്രം ഡയറക്‌ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top