27 April Saturday

നേഴ്സിങ്‌ മേഖലയും സംഘപരിവാർ അജൻഡയും - പി ഉഷാദേവി എഴുതുന്നു

പി ഉഷാദേവിUpdated: Thursday Dec 3, 2020


ഇന്ത്യൻ നേഴ്സിങ്‌ മേഖലയിലെ സമഗ്രമാറ്റങ്ങളും പുരോഗതിയും കൈവരിക്കാൻ പ്രാപ്തമാക്കുന്നു എന്ന രീതിയിൽ നാഷണൽ നേഴ്സിങ്‌ ആൻഡ് മിഡ് വൈഫറി കമീഷൻ ബിൽ 2020 എന്ന പേരിലുള്ള ബില്ലിന്റെ കരട് രൂപം സംസ്ഥാനത്തിനും പൊതു അഭിപ്രായത്തിനുമായി സമർപ്പിച്ചിരിക്കുകയാണല്ലോ. ഡിസംബർ 6 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. ഈ കരട് ബില്ല് അക്കാദമിക് തലത്തിൽ പലരും സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ വർണക്കടലാസിൽ പൊതിഞ്ഞ ബില്ലിന്റെ സാരാംശം ഈ മേഖലയിൽ സംഘപരിവാരത്തിന്റെ ആധിപത്യം ഉറപ്പിക്കുക എന്നതാണ്. പാർലമെന്റ്  വഴി വിദ്യാഭ്യാസത്തിന്റെ പുറത്തുള്ള സംസ്ഥാന ഗവണ്മെന്റിന്റെ മേധാവിത്വം പടിപടിയായി ഇല്ലാതാക്കുക എന്നതാണ് പ്രാഥമികമായി ഇതിനെ വിലയിരുത്തേണ്ടത്. നേഴ്സിങ്‌ വിദ്യാഭ്യാസ സമ്പ്രദായത്തോടും അതിന്റെ രീതികളെയും സംസ്ഥാന നിയന്ത്രണത്തിൽനിന്ന് മാറ്റി സ്വയംഭരണത്തിലേക്ക് നയിക്കുന്നു. സർക്കാർ പങ്ക് പൂർണമായും ഇല്ലാതാക്കാനുള്ള മേമ്പൊടികൾ ആണ് കരട് ബില്ലിൽ കാണുന്നത്. 1947-ലെ ഇന്ത്യൻ നേഴ്സിങ്‌ കൗൺസിലിന്റെ നിയമം പൂർണമായി മാറ്റിയിരിക്കുകയാണ്.

ഇന്ത്യൻ നേഴ്‌സിങ്‌ കൗൺസിലിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ജനകീയ ബോഡികളാണ് സംസ്ഥാന കൗൺസിലുകൾ. ഈ നിയമത്തിന്റെ സാധ്യതയോടെ ഐഎൻസിയും സംസ്ഥാന കൗൺസിലും ഇല്ലാതാകും. സംസ്ഥാനങ്ങളുടെ പങ്ക്‌ തന്നെ ഇല്ലാതാകും. ബില്ലിലെ ആദ്യ വ്യവസ്ഥ രാജ്യത്താകമാനം ഒരേ നിലവാരത്തിൽ നേഴ്‌സിങ് വിദ്യാഭ്യാസം പരിഷ്‌കരിക്കും എന്നതാണ്. മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച്‌ കേരളം നേഴ്‌സിങ്ങിന്റെ ഹബ് ആണ്. ലോകപ്രശസ്ത കേരള ആരോഗ്യ മോഡൽ, അതാണ് തച്ചുടയ്‌ക്കാൻ പോകുന്നത്. കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന ഒരു അധ്യക്ഷന്റെ നേതൃത്വത്തിൽ ആയിരിക്കും പുതിയ കമീഷൻ. സ്വതന്ത്ര ബോർഡുകൾ രൂപീകരിച്ചുകൊണ്ട് ഒരു ചെയർമാനെയും രണ്ടു മെമ്പർമാരെയും ഉൾക്കൊള്ളുന്നതായിരിക്കും ഈ ബോർഡുകൾ. രാജ്യത്താകമാനം ഒരൊറ്റ രജിസ്ട്രേഷനും ഒരു പൊതുപരീക്ഷയും ഒരു എക്സിറ്റ് എക്സാമിനേഷനുമാണ് ശുപാർശ ചെയ്യുന്നത്. വിദേശത്തു നിന്ന് പഠിച്ചുവരുന്നവർക്കും രജിസ്ട്രേഷൻ ഉണ്ടാകും. നേഴ്സിങ്‌ ആൻഡ്‌ അഡ്വൈസറി കൗൺസിൽ ഉണ്ടാകുമെന്നും പറയുന്നു. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കും.


 

അപാകതകളായി ഒട്ടനവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. നമ്മുടെ ആരോഗ്യ സർവീസ് രംഗവും വിദ്യാഭ്യാസരംഗവും ലോക അംഗീകാരം നേടിയതാണ്. ഇതിനെ പൊളിച്ചെഴുതാനാണ് പുതിയ തീരുമാനം. സെലക്ഷൻ കമീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്രസർക്കാരാണ്. ഇതോടെ തെരഞ്ഞെടുത്ത ഘടകങ്ങൾ ഇല്ലാതാകും. പൂർണ മേധാവിത്വം കേന്ദ്ര ഗവണ്മെന്റ് നോമിനികൾക്കാകും. - അതുമാത്രമല്ല എക്സ് ഒഫീഷ്യാ മെമ്പർ ആയി കേരളത്തിൽനിന്ന് ആകെ ശ്രീചിത്രയിലെ നേഴ്സിങ്‌ ഓഫീസറെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസിനെയോ, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനെയോ, ജോയിന്റ് ഡയറക്ടർ ഓഫ് നേഴ്സിങ്‌ എഡ്യൂക്കേഷനെയോ ഉൾപ്പെടുത്തിയിട്ടില്ല. ഡൽഹി ആസ്ഥാനമാക്കിയ ഒരു കേന്ദ്രീകൃത കോക്കസിന്റെ നിയന്ത്രണത്തിലാകും കാര്യങ്ങൾ നടപ്പാക്കുന്നത്. ഏറ്റവും വലിയ അപാകത സർവീസ് രംഗത്തെക്കുറിച്ച്‌ ഒന്നും തന്നെ പ്രതിപാദിച്ചിട്ടില്ല. രോഗി –-നേഴ്സ് അനുപാതം, സേവന വേതന വ്യവസ്ഥ, നിയമനം, പ്രൊമോഷൻ സാധ്യത എന്നിവ  പ്രതിപാദിച്ചിട്ടില്ല. ഇന്ത്യയിലെ 1958 നേഴ്സിങ്‌ സ്ഥാപനങ്ങളിൽ 92 ശതമാനവും സ്വകാര്യ മേഖലയിൽ ആണ്. അവിടുത്തെ നേഴ്‌സുമാരുടെ അവകാശങ്ങളെക്കുറിച്ച്‌ ഒരു നിർദേശം പോലും നൽകിയിട്ടില്ല. എൻട്രൻസ് എക്സാം ആര് നടത്തുമെന്ന് പറഞ്ഞിട്ടില്ല.

കോളേജുകൾക്ക്‌ അനുമതി ആര് നൽകും എന്ന് വ്യക്തതയില്ല.  കേന്ദ്ര കമീഷന്റെ അംഗീകാരത്തോടെ മൂന്ന്‌ അംഗങ്ങളെ സംസ്ഥാന സർക്കാർ കമീഷന് നിയമിക്കാം എന്ന് പറയുന്ന അതേ സമയത്ത്‌ സ്റ്റേറ്റ് കമീഷനെക്കുറിച്ച്‌ ഒന്നും പ്രതിപാദിക്കുന്നില്ല. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കമീഷന്റെ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ചും സൂചന ഇല്ല. നേഴ്സ് സ്വകാര്യ പ്രാക്ടീഷനർ സമ്പ്രദായം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിച്ചിട്ടില്ല. നേഴ്സിങ്‌ യൂണിവേഴ്സിറ്റികളെക്കുറിച്ചോ, ഗവേഷണ രംഗത്തെക്കുറിച്ചോ സൂചനയില്ല. കമ്യൂണിറ്റി ഹെൽത്ത് ഏരിയയുടെ പ്രാധാന്യം ഈ മഹാമാരിയുടെ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തുന്നത്. അതിനെ കുറിച്ചോ അതിന്റെ ഭാവി സാധ്യതകളെ കുറിച്ചോ സൂചിപ്പിച്ചിട്ടില്ല. ഇന്ത്യയിലെ 1958 നേഴ്സിങ്‌ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്നത് 3 ലക്ഷംനേഴ്സുമാരാണ്. ഇന്ത്യയിലെ 20 ലക്ഷത്തിലധികം നേഴ്സുമാരിൽ 12 - ലക്ഷത്തിന്റെയും ജന്മദേശം കേരളമാണ്.

ലോകത്താകമാനം ജോലി ചെയ്യുന്ന -  നേഴ്സുമാർ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറയാണ്. കേരളത്തിലെ 124 നേഴ്സിങ്‌ കോളേജിൽനിന്ന് ഒരു വർഷം 17,000 ഡിഗ്രി - നേഴ്സുമാരും, 134 സ്കൂൾ ഓഫ് നേഴ്സിങ്ങിൽനിന്ന് 6000 ഡിപ്ലോമ നേഴ്സുമാരും പഠിച്ചിറങ്ങുന്നുണ്ട്. ഇവരുടെയൊക്കെ മേധാവിത്വം കൈക്കലാക്കാൻ സംഘപരിവാരം നടത്തുന്ന ഗൂഢാലോചനയുടെ ആദ്യ പടിയാണ് ഈ കരട്. വിശദമായ ചർച്ചയോ കൂടിയാലോചനയോ സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങളോ ഒന്നും സ്വീകരിക്കാതെയാണ്  കരട് - പുറത്തിറക്കിയിരിക്കുന്നത്. പാർലമെന്റിലെ ഭൂരിപക്ഷം വച്ച്‌ ജനവിരുദ്ധ -നയങ്ങൾ പാസാക്കുന്ന ലാഘവത്തോടെ ഈ ബില്ലും പാസാക്കിയാൽ ഈ രംഗവും പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ കുത്തകയിലാകും. ഇതിനെതിരെ വലിയ പൊതുജന അഭിപ്രായങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.

(കേരള നേഴ്സസ് ആൻഡ് മിഡ്‌ വൈവ്സ് കൗൺസിൽ പ്രസിഡന്റാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top