27 April Saturday

അന്നുപറഞ്ഞ ആണവോർജമെവിടെ?

വി ബി പരമേശ്വരൻUpdated: Tuesday Oct 19, 2021

ജോര്‍ജ് ബുഷിനൊപ്പം മന്‍മോഹന്‍സിങ് (ഫയല്‍ ചിത്രം | Photo Credit: Wikipedia)

ഊർജപ്രതിസന്ധി സജീവ ചർച്ചാവിഷയമാണല്ലോ. കേന്ദ്ര സർക്കാർ തുടരുന്ന നവ ഉദാരവൽക്കരണ നയത്തിന്റെ തിക്തഫലമാണ്‌ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി. താപവൈദ്യുത നിലയങ്ങൾ മാത്രമല്ല, അവയ്‌ക്ക്‌ ആവശ്യമായ ഇന്ധനമേഖലയും സ്വകാര്യവൽക്കരിച്ചതിന്റെ ഫലമാണിത്‌. ക്ഷാമം എന്നും ലാഭം വർധിപ്പിക്കുമെന്നാണ്‌ മുതലാളിത്തം കണക്കാക്കുന്നത്‌. എന്നാൽ, 13 വർഷംമുമ്പ്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഊർജപ്രതിസന്ധിക്ക്‌ ശാശ്വത പരിഹാരത്തിനായി  ഒരു സിദ്ധാന്തം മുന്നോട്ടുവച്ചിരുന്നു. ഊർജമിശ്രിതത്തിൽ ആണവോർജത്തിന്റെ അളവ്‌ വർധിപ്പിച്ച്‌ വൈദ്യുതി ക്ഷാമത്തിന്‌ എന്നന്നേക്കുമായി പരിഹാരം കാണാം എന്നായിരുന്നു അത്‌. അതിനാണ്‌ അമേരിക്കയുമായി ആണവകരാർ ഒപ്പിടുന്നതെന്നും അന്ന്‌ പ്രധാനമന്ത്രി മൻമോഹൻസിങ് വാദിച്ചു.

ലോകത്ത്‌ ആണവ നവോത്ഥാനം നടക്കുകയാണെന്നും അതിനൊപ്പം ചേർന്ന്‌ പോകണമെങ്കിൽ അമേരിക്കയുമായി ആണവകരാറിൽ ഏർപ്പെട്ട്‌ ആണവസംബന്ധമായ എല്ലാ ഉപരോധത്തിൽനിന്നും വിടുതൽ നേടി കൂടുതൽ റിയാക്ടറുകൾ സ്ഥാപിക്കണമെന്നും മൻമോഹൻസിങ് വാദിച്ചു. അല്ലാത്തപക്ഷം ആണവ ബസ്‌ ഇന്ത്യക്ക്‌ നഷ്ടമാകുമെന്നും പാർലമെന്റിനകത്തും പുറത്തും മൻമോഹൻസിങ് പറഞ്ഞു. ആണവോർജം മാലിന്യങ്ങൾ സൃഷ്ടിക്കാത്ത ശുദ്ധഊർജമാണെന്നും ഊർജസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കാൻ സഹായിക്കുമെന്നും വാദങ്ങൾ ഉയർന്നു. എന്നാൽ, ഒന്നാം യുപിഎ സർക്കാരിന്‌ നിർണായക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷം പ്രധാനമന്ത്രിയുടെ ഈ വാദത്തെ ശക്തിയുക്തം എതിർത്തു. ആണവരംഗത്ത്‌ ഒരു നവോത്ഥാനവും ഇല്ലെന്ന്‌ ഇടതുപക്ഷം വാദിച്ചു. അമേരിക്കയിലെ ത്രീമൈൽ ഐലൻഡിലും(1979) റഷ്യയിലെ ചെർണാബിലിലും(1986) ഉണ്ടായ ആണവ ദുരന്തങ്ങൾക്കുശേഷം വികസിതരാജ്യങ്ങൾപോലും ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിൽനിന്ന്‌ പിൻവലിയുകയാണ്‌.(2011 മാർച്ച്‌ 11ന്‌ ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ആണവദുരന്തത്തോടെ കൂടുതൽ രാജ്യങ്ങൾ ആണവമേഖലയോട്‌ വിടപറഞ്ഞു.)  മാത്രമല്ല, താപവൈദ്യുത നിലയങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയേക്കാൾ മുന്നോ നാലോ ഇരട്ടി വില നൽകേണ്ടിവരുന്നുവെന്നതും ആണവോർജത്തിൽനിന്ന്‌ പിൻവലിയാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു. ഈ ഘട്ടത്തിലാണ്‌ ആണവോർജം വർധിച്ച തോതിൽ ഉൽപ്പാദിപ്പിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയത്‌. നടക്കാത്ത സ്വപ്‌നം മാത്രമായിരിക്കുമിതെന്ന്‌ ഇടതുപക്ഷം മുന്നറിയിപ്പ്‌ നൽകി.  അത്‌ അക്ഷരാർഥത്തിൽ ശരിയായിരുന്നുവെന്ന്‌ വസ്‌തുതകൾ തെളിയിക്കുന്നു.

ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിന്‌ പിന്തുണ പിൻവലിച്ചെങ്കിലും സമാജ്‌വാദി പാർടിയെയും മറ്റും കൂടെ നിർത്തി മൻമോഹൻസിങ് സർക്കാർ 2008 ഒക്ടോബർ 10ന്‌ അമേരിക്കയുമായുള്ള സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു. 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സഹായമില്ലാതെ തന്നെ മൻമോഹൻസിങ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. കരാറിന്റെ ഭാഗമായി 24 റിയാക്ടർ വിദേശത്തുനിന്ന്‌ വാങ്ങുമെന്നും 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നും 2031–-32ൽ അത്‌ 63,000 മെഗാവാട്ടായി ഉയർത്തുമെന്നും മൻമോഹൻസിങ് വാഗ്‌ദാനം നൽകി.  ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകൾ സ്ഥാപിക്കാനായി നാല്‌ സ്ഥലം തെരഞ്ഞെടുത്തു. ഗുജറാത്തിലെ മിതി വിർധിയിലും ആന്ധ്രപ്രദേശിലെ കൊവാഡയിലും യഥാക്രമം അമേരിക്കയിലെ ജനറൽ ഇലക്‌ട്രിക്കൽസും വെസ്‌റ്റിങ്‌ഹൗസും ആറ്‌ വീതം റിയാക്ടർ സ്ഥാപിക്കുമെന്നും മഹാരാഷ്ട്രയിലെ ജെയ്‌താപുരിൽ ഫ്രാൻസിലെ അറീവ കമ്പനിയിൽനിന്നുള്ള ഇപിഡബ്ല്യുആർ റിയാക്ടറുകൾ സ്ഥാപിക്കുമെന്നും വാഗ്‌ദാനമുണ്ടായി. പശ്‌ചിമബംഗാളിലെ ഹരിപുരയിലും റിയാക്ടർ സ്ഥാപിക്കുമെന്ന്‌ പറഞ്ഞെങ്കിലും  വൻ പ്രതിഷേധത്തെ തുടർന്ന്‌ അത്‌ ഉപേക്ഷിച്ചു. എന്നാൽ, 13 വർഷമായിട്ടും ഈ കരാറിന്റെ ഭാഗമായി ഒരു മെഗാവാട്ട്‌ വൈദ്യുതിപോലും ഉൽപ്പാദിപ്പിച്ചില്ല. ഒരു റിയാക്ടർപോലും സ്ഥാപിക്കാനായില്ല. ഇന്ത്യൻ ബിസിനസ് പൊളിഞ്ഞതിനാൽ വെസ്‌റ്റിങ്‌ഹൗസ്‌ കമ്പനിതന്നെ 2017ൽ പാപ്പരായി പ്രഖ്യാപിച്ചു. ജനറൽ ഇലക്‌ട്രിക്കൽസാകട്ടെ അവരുടെ റിയാക്ടർ ഡിവിഷൻ ഹിതാച്ചിക്ക്‌  വിറ്റു. അറീവയും പാപ്പരായ പട്ടികയിലാണിപ്പോൾ. ഇടതുപക്ഷത്തെ കുടഞ്ഞെറിഞ്ഞ്‌ മുന്നോട്ടുപോയിട്ടും ഇന്ത്യക്ക്‌ ‘ആണവ ബസ്‌’ മിസ്സായി. അത്‌ എന്തുകൊണ്ട്‌ എന്നതിന്‌ ഉത്തരം പറയേണ്ടത്‌ കോൺഗ്രസും മൻമോഹൻസിങ്ങുമാണ്‌.

ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതുപോലെ, രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പുവരുത്താനായിരുന്നില്ല അമേരിക്കയുമായുള്ള ആണവകരാർ. മറിച്ച്‌, ഇന്ത്യയുടെ തന്ത്രപ്രധാന സ്വയംഭരണം അടിയറവച്ച്‌ അമേരിക്കയുടെ  സാമന്തരാജ്യമായി മാറുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പായിരുന്നു അത്‌. ആണവകരാർ ഒപ്പിടുന്നതോടുകൂടിയാണ്‌ ചതുർരാഷ്ട്ര സഖ്യമായ ക്വാഡ്‌ നിലവിൽ വന്നത്‌. ചൈനയെ ലക്ഷ്യംവച്ചുള്ള ആ സഖ്യം ഇപ്പോഴും തുടരുന്നു. മാത്രമല്ല, അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഉറപ്പിക്കുന്നതിന്‌ നാല്‌ അടിസ്ഥാന കരാറിലും(ജിസോമിയ, എൽഎസ്‌എ, കോംകാസ, ബെക്ക) ഇന്ത്യ ഒപ്പുവച്ചു. 2020 ആകുമ്പോഴേക്കും 2000 കോടി ഡോളറിന്റെ ആയുധം അമേരിക്കയിൽനിന്ന്‌ വാങ്ങാനാണ്‌ കരാറായിട്ടുള്ളത്‌. 1000 കോടി ഡോളറിന്റെ ആയുധവിൽപ്പന സംബന്ധിച്ച ചർച്ച നടക്കുകയുമാണ്‌. സർക്കാരിനെപ്പോലും ബലികഴിക്കാൻ തയ്യാറായി ഒപ്പിട്ട ആണവക്കരാർ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഉറപ്പിക്കാൻ മാത്രമാണ്‌.  ഊർജ സുരക്ഷ ഉറപ്പാക്കാനല്ലെന്ന്‌ പകൽപോലെ വ്യക്തമായിരിക്കുകയാണ്‌. ഇനിയെങ്കിലും ഇക്കാര്യം കോൺഗ്രസ്‌ സമ്മതിക്കുമോ? എന്തുകൊണ്ട്‌ ആണവക്കരാറിന്റെ അടിസ്ഥാനത്തിൽ ഒരു മെഗാവാട്ട്‌ വൈദ്യുതിപോലും ഉൽപ്പാദിപ്പിക്കാനായില്ല എന്ന്‌ രാജ്യത്തെ ജനങ്ങളോട്‌ വിശദീകരിക്കാൻ കോൺഗ്രസ്‌ പാർടിക്കും മൻമോഹൻസിങ്ങിനും  ബാധ്യതയുണ്ട്‌. മൊത്തം വൈദ്യുതി ഉൽപ്പാദനത്തിന്റെ 1.7 ശതമാനം അഥവാ 6780 മെഗാവാട്ട്‌ മാത്രമാണ്‌ ആണവ മേഖലയിൽ നിന്നുള്ള സംഭാവന. 13 വർഷംമുമ്പും ഇന്നും വൈദ്യുതിയുടെ 70 ശതമാനവും കൽക്കരി ഇന്ധനമാക്കി പ്രവർത്തിക്കുന്ന താപവൈദ്യുത നിലയങ്ങളിൽ നിന്നാണ്‌. കാറ്റ്‌, സൗരോർജം എന്നിവയിൽ നിന്നുള്ള ഊർജോൽപ്പാദനം മാത്രമാണ്‌ ഗണ്യമായി വർധിച്ചിട്ടുള്ളത്‌. ആണവോർജ നിരക്ക്‌ വർധിച്ചില്ല. ആണവകരാറിനെ എതിർക്കുകയും അധികാരത്തിൽ വന്നാൽ കരാർ പുനർവിചിന്തനത്തിന്‌ വിധേയമാക്കുകയും അതിന്‌ സാധ്യതയില്ലെങ്കിൽ റദ്ദാക്കുമെന്നും പറഞ്ഞ ബിജെപിയുടെ നയം എന്താണെന്ന്‌ അറിയാനും താൽപ്പര്യമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top