27 April Saturday

കീഴടങ്ങില്ല വെനസ്വേലൻ കരുത്ത്

വി ബി പരമേശ്വരൻUpdated: Saturday Jan 14, 2023

നിക്കൊളാസ്‌ മഡൂറോ image credit Nicolas Maduro twitter

പെറുവും ബ്രസീലും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടയിൽ വെനസ്വേലയിലെ അമേരിക്കൻ അട്ടിമറി ശ്രമത്തിന്‌ കനത്ത തിരിച്ചടി ലഭിച്ചത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. അമേരിക്ക നാല്‌ വർഷംമുമ്പ്‌ ജനുവരി 23ന്‌ വെനസ്വേലയിൽ വാഴിച്ച  ‘വ്യാജസർക്കാരിനെ’ പ്രതിപക്ഷം പിരിച്ചുവിട്ടത്‌ വാഷിങ്‌ടണിന്‌ നാണക്കേടായി. 1998ൽ ഹ്യൂഗോ ഷാവേസ്‌ അധികാരത്തിൽ വന്നതുമുതൽ സോഷ്യലിസ്റ്റ്‌ പാർടി സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന ശ്രമമാണ്‌ ഒരിക്കൽക്കൂടി പരാജയപ്പെട്ടത്‌. വെനസ്വേലയിൽ ‘ജനാധിപത്യ പുനഃസ്ഥാപനത്തിനായി (അട്ടിമറി) സാഹസികമായി നടത്തിയ ചൂതാട്ടമാണ്‌’ പാളിയതെന്ന്‌ ജനുവരി അഞ്ചിന്‌ ലൊസ്‌ ആഞ്ചലസ്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു.

ഷാവേസിന്റെ മരണശേഷം (2013) അധികാരത്തിൽ വന്ന നിക്കൊളാസ്‌ മഡൂറോയെ എളുപ്പത്തിൽ പുകച്ച്‌ പുറത്തുചാടിക്കാമെന്നായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടൽ. 2015ൽ നാഷണൽ അസംബ്ലിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ മഡൂറോയുടെ യുനൈറ്റഡ്‌ സോഷ്യലിസ്റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയ്‌ക്ക്‌ (പിഎസ്‌യുവി) ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2018ൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മഡൂറോ വിജയിച്ചു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിരീക്ഷകനായിരുന്ന അമേരിക്കയിലെ മുൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ ‘വെനസ്വേലയിലെ തെരഞ്ഞെടുപ്പ്‌ സംവിധാനം ലോകോത്തര’മാണെന്ന്‌ അഭിപ്രായപ്പെട്ടു. എന്നാൽ, ജയിച്ചത്‌ സോഷ്യലിസ്റ്റ്‌ പാർടി നേതാവായതുകൊണ്ടുതന്നെ അമേരിക്കൻ ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചില്ല. ഇതോടെയാണ്‌ പ്രതിപക്ഷ കക്ഷികളെ കൂടെ നിർത്തി ഇടക്കാല സർക്കാരെന്ന പേരിൽ ഒരു വ്യാജ സർക്കാരിനെ വെനസ്വേലയിൽ പ്രതിഷ്‌ഠിച്ചത്‌.  

ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മഡൂറോയെയും കൂട്ടരെയും അംഗീകരിക്കാതെ മറ്റൊരു സർക്കാരിനെ വെനസ്വേലൻ ജനങ്ങൾക്കുമേൽ കെട്ടിവയ്‌ക്കുകയായിരുന്നു അമേരിക്ക. ആ വ്യാജസർക്കാരിന്റെ തലവനാണ്‌ ഹുവാൻ ഗുവൈദോ.  തങ്ങൾക്ക്‌ ഇഷ്ടമല്ലാത്ത ഭരണാധികാരികളെ ജനാധിപത്യത്തിന്റെ പേരുപറഞ്ഞ്‌ പുറത്താക്കുന്നതിന്‌  ഫണ്ട്‌ നൽകുന്ന നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന സ്ഥാനവുമായി അടുത്ത ബന്ധമുള്ള ഇൻഡസ്‌ട്രിയൽ എൻജിനീയറാണ്‌ ഗുവൈദോ. മഡൂറോയെ നേരിടാൻ അമേരിക്ക നിയോഗിച്ചത്‌ ഇയാളെയായിരുന്നു. 2015ൽ പ്രതിപക്ഷത്തിന്‌ ഭൂരിപക്ഷം ലഭിച്ച നാഷണൽ അസംബ്ലിയുടെ നേതാവായി 2019ൽ ഗുവൈദോ തെരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലാണ്‌ അദ്ദേഹത്തെ ഇടക്കാല പ്രസിഡന്റായി അന്നത്തെ അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസ്‌ നാമനിർദേശം ചെയ്‌തത്‌. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഒരു സമാന്തര സംവിധാനമായാണ്‌ ഗുവൈദോ സർക്കാർ അവരോധിക്കപ്പെട്ടത്‌. പ്രത്യക്ഷത്തിൽത്തന്നെ ജനാധിപത്യവിരുദ്ധമെന്ന്‌ ആർക്കും ബോധ്യപ്പെടുന്ന ഈ സംവിധാനത്തെ അമേരിക്കയാണ്‌ ആദ്യമായി അംഗീകരിച്ചത്‌. തുടർന്ന്‌, യൂറോപ്യൻ യൂണിയനും ലാറ്റിനമേരിക്കയിലെ അമേരിക്കൻ പക്ഷപാതികളുടെ സംഘടനയായ ലിമ ഗ്രൂപ്പും അംഗീകരിച്ചു. അറുപതോളം രാഷ്ട്രങ്ങളാണ്‌ ഈ വ്യാജസർക്കാരിന്‌ അംഗീകാരം നൽകിയത്‌ എന്നതിൽനിന്ന്‌ ഇടതുപക്ഷത്തോടുള്ള വലതുപക്ഷ വെറുപ്പിന്റെ ആഴം എത്രമാത്രമാണെന്ന്‌ ഊഹിക്കാം.

മഡൂറോയ്‌ക്ക്‌ ‘വിശ്വനീയമായ എതിരാളിയാണ്‌’ ഗുവൈദോയെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ എഴുതി. ബ്ലുംസ്‌ബർഗ്‌ വാർത്താ ഏജൻസി ഒരു പടികൂടി കടന്ന്‌ വെനസ്വേലയിൽ ‘ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു’ എന്നെഴുതി. വെനസ്വേലയ്‌ക്ക്‌ ‘ഒരു പുതിയ ജനാധിപത്യ നേതാവിനെ’ ലഭിച്ചിരിക്കുന്നുവെന്നാണ്‌ വാൾസ്‌ട്രീറ്റ്‌ ജേർണൽ അഭിപ്രായപ്പെട്ടത്‌. അമേരിക്കൻ മാധ്യമങ്ങൾ നൽകിയ വർധിച്ച പ്രോൽസാഹനത്തിൽനിന്ന്‌ ഊർജം സംഭരിച്ച്‌ ഗുവൈദോ പറഞ്ഞു ‘വെനസ്വേല വിമോചിക്കപ്പെടുന്നതുവരെ തെരുവിൽ പൊരുതുമെന്ന്‌’. എന്നാൽ, ആ പോരാട്ടത്തിന്‌ അധികം ആയുസ്സ്‌ ഉണ്ടായില്ലെന്നുമാത്രം. അമേരിക്കയിൽ ‘പ്രസിദ്ധനായ’ ഗുവൈദോയെ വെനസ്വേലയിലെ ജനങ്ങൾ അംഗീകരിച്ചില്ല. മഡൂറോയെ പുറത്താക്കാൻ വിദേശ സൈനിക ഇടപെടൽ വേണമെന്നും വെനസ്വേലയുടെ വിദേശനിക്ഷേപം പിടിച്ചെടുക്കുമെന്നും പൊതുജനസേവനം അട്ടിമറിക്കുമെന്നും മരുന്നും അവശ്യവസ്‌തുക്കളും ഇറക്കുമതി ചെയ്യുന്നത്‌ തടയുമെന്നും ഗുവൈദോയും കൂട്ടരും പറഞ്ഞപ്പോൾ വെനസ്വേലയുടെ ശത്രുവായാണ്‌ ജനങ്ങൾ അദ്ദേഹത്തെ വീക്ഷിച്ചത്‌. സ്വാഭാവികമായും ഗുവൈദോയ്‌ക്കുള്ള സാർവദേശീയവും ആഭ്യന്തരവുമായ പിന്തുണ നാൾക്കുനാൾ കുറഞ്ഞുവന്നു. വെനസ്വേലയിലെ ആന്ദ്രേസ്‌ ബെല്ലൊ കാത്തലിക് സർവകലാശാല അടുത്തിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ആറു ശതമാനം പേർ മാത്രമാണ്‌ ഗുവൈദോയെ പിന്തുണയ്‌ക്കുന്നതെന്ന്‌ കണ്ടെത്തി.

ഇതുകൊണ്ടൊന്നും അമേരിക്കൻ കുത്തിത്തിരിപ്പ് അവസാനിപ്പിക്കുമെന്ന്‌ കരുതേണ്ടതില്ല. കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റ്‌ വെനസ്വേലയിൽ ജനാധിപത്യം പരിപോഷിപ്പിക്കാനായി 50 ദശലക്ഷം ഡോളറാണ്‌ അനുവദിച്ചിട്ടുള്ളത്‌

ജനുവരി മൂന്നിന്‌ വെനസ്വേലയിലെ നാല്‌ പ്രതിപക്ഷകക്ഷികളിൽ മൂന്നും ഇടക്കാല സർക്കാർ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഗുവൈദോയുടെ പോപ്പുലർ വിൽ ഒഴിച്ചുള്ള മൂന്ന്‌ കക്ഷികൾ–-ഡെമോക്രാറ്റിക് ആക്‌ഷൻ (എഡി), ജസ്റ്റിസ്‌ ഫസ്റ്റ്‌ (പിജെ), എ ന്യൂ ഇറ (യുഎൻടി)–-എന്നിവ ഗുവൈദോ സർക്കാരിനെ പിരിച്ചുവിടുന്നതിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. 72 പേർ ഗുവൈദോയെ പിരിച്ചുവിടുന്നതിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തപ്പോൾ 29 പേർ മാത്രമാണ്‌ എതിർത്തത്‌. എട്ട്‌ പേർ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. അങ്ങനെ അമേരിക്കയുടെ ‘ജനാധിപത്യ പുനഃസ്ഥാപനം’ വെനസ്വേലയുടെ മണ്ണിൽ ഒരിക്കൽക്കൂടി പരാജയപ്പെട്ടു. എന്നാൽ, ഇതുകൊണ്ടൊന്നും അമേരിക്കൻ കുത്തിത്തിരിപ്പ് അവസാനിപ്പിക്കുമെന്ന്‌ കരുതേണ്ടതില്ല. കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റ്‌ വെനസ്വേലയിൽ ജനാധിപത്യം പരിപോഷിപ്പിക്കാനായി 50 ദശലക്ഷം ഡോളറാണ്‌ അനുവദിച്ചിട്ടുള്ളത്‌. ജനുവരി മൂന്നിന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌സ്‌ ഡിപ്പാർട്ട്‌മെന്റ്‌ വക്താവ്‌ നെഡ്‌ പ്രൈസ്‌  പറഞ്ഞത്‌  ‘മഡൂറോയോടുള്ള അമേരിക്കൻ സമീപനത്തിൽ ഒരു മാറ്റവും ഇല്ലെന്നാണ്‌.’

അമേരിക്കൻ അട്ടിമറി ശ്രമങ്ങൾക്കും ഉപരോധങ്ങൾക്കും ഇടയിലും വെനസ്വേല മുന്നേറുകയാണ്‌. കഴിഞ്ഞ ദിവസം നാഷണൽ അസംബ്ലിയിൽ സംസാരിക്കവേ മഡൂറോ പറഞ്ഞത്‌ "രാജ്യം കഴിഞ്ഞ സാമ്പത്തികവർഷം 15 ശതമാനം ജിഡിപി വളർച്ച നേടിയെന്നാണ്‌'. എണ്ണയെ ആശ്രയിച്ചുമാത്രം മുന്നോട്ടുപോയിരുന്ന സമ്പദ്‌വ്യവസ്ഥ മറ്റ്‌ മേഖലകളിലേക്കുകൂടി വികസിച്ചതോടെയാണ്‌ ഈ വളർച്ച നേടാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‌ ആവശ്യമായ 94 ശതമാനം ഭക്ഷ്യവസ്‌തുക്കളും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതാണ്‌ ഈ നേട്ടത്തിന്‌ പ്രധാന കാരണം. 2015നും 22നും ഇടയിൽ 30 ലക്ഷം വീടാണ്‌ നിർമിച്ച്‌ നൽകിയതെന്നും കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിന്റെ 70 ശതമാനവും സാമൂഹ്യമേഖലയ്‌ക്കാണ്‌ അനുവദിച്ചതെന്നും മഡൂറോ പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും വകഞ്ഞുമാറ്റി വെനസ്വേല മുന്നേറുകയാണ്‌. അമേരിക്കൻ സാമ്രാജ്യത്വവുമായി ഇഞ്ചോടിഞ്ച്‌ പൊരുതിക്കൊണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top