27 April Saturday

'യെസ് ബോസ്' അഥവാ എസ്‌ബിഐയുടെ 'SBOSS'

എസ് എസ്അനിൽUpdated: Monday Sep 26, 2022

എസ് എസ്അനിൽ

എസ് എസ്അനിൽ

 രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എ‌സ്‌ബിഐ യിൽ ഇനിമേൽ സ്ഥിരം ജീവനക്കാരുടെ നിയമനം ഉണ്ടാകാനിടയില്ല. അൻപത്തി എട്ട് ശതമാനം കേന്ദ്ര സർക്കാർ ഓഹരിയുള്ള, പൊതുമേഖലാ ബാങ്കിലാണ് പുതിയ ഒരു സബ്സിഡയറി കമ്പനി രൂപീകരണത്തിലൂടെ സ്ഥിരം തൊഴിൽ എന്ന സങ്കൽപ്പത്തിന് അറുതി കുറിക്കുന്നത്. 2022 ജൂൺ 30 ന് റിസർവ്വ് ബാങ്ക് പ്രസ്തുത കമ്പനി രൂപീകരിക്കുന്നതിന് എസ്ബിഐക്ക് അനുമതി നൽകി. അതിന് രണ്ട് ദിവസം  മുൻപ് SBl ചെയർമാൻ ഒരു വാർത്താ സമ്മേളനത്തിൽ എസ്.ബി.ഐ.യിൽ ജീവനക്കാരുടെ തസ്തികകളിൽ ചിലവ് കുറഞ്ഞ മാനവശേഷി രൂപീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. 2022 ജൂലായ് 26 നാണ് ഡൽഹി ആസ്ഥാനമാക്കി സ്‌റ്റേറ്റ് ബാങ്ക് ഓപ്പറേഷൻ സപ്പോർട്ട് സർവ്വീസസ് (State Bank Operations Support Services) അഥവാ SBOSS എന്ന കമ്പനി സ്റ്റേറ്റ് ബാങ്കിൻ്റെ സബ്‌സിഡയറിയായി രൂപീകരിച്ചത്. കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആഗസ്റ്റ് 3 ന് ആരംഭിക്കുകയും ചെയ്തു.

2009 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സബ്സ്റ്റാഫ് തസ്തിക പൂർണമായും കരാർവത്ക്കരിച്ചത്. അന്ന് എസ്.ബി.ഐ യിലെ ജീവനക്കാരുടെ ഏക സംഘടനയായ സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ(NCBE) ഈ നടപടിക്ക് പിന്തുണ നൽകി.അഥവാ അവരുടെ അംഗീകാരത്തോടെയാണ് അധികാരികൾ ഇത് നടപ്പിലാക്കിയത്. അതിന് പ്രത്യുപകാരമെന്ന നിലക്ക് ക്ലറിക്കൽ ജീവനക്കാർക്ക് ചില പ്രത്യേക ആനുകുല്യങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. പ്രസ്തുത കരാറോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിൽ ഏറ്റവും താഴെ തസ്തികയിലെ സ്ഥിരം തൊഴിൽ എന്ന സങ്കൽപ്പം അവസാനിച്ചു. അതിന് തൊട്ട് മുൻപാണ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ക്ലാസ് ഫോർ ജീവനക്കാരുടെ നിയമനം അവസാനിപ്പിച്ചത് എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതോടെ സമൂഹത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ജോലി സാധ്യതയാണ് എന്നെന്നേക്കുമായി അസ്ഥമിച്ചത്. ഇത് ബാങ്കിംഗ് മേഖലയിൽ പുതിയ ഒരു തൊഴിൽ സംസ്കാരത്തിന് തുടക്കമാകുമെന്ന്  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ എസ്.ബി.ഐ. യിലെ സംഘടനകളുടെ മൗനം പ്രസ്തുത വാദത്തിന് വേണ്ട പ്രചരണം ലഭിച്ചില്ല. തുടർന്ന് ബി.ഇ.എഫ്.ഐ. യുടെ നേതൃത്വത്തിൽ ബാങ്കുകളിലെ കരാർ ജീവനക്കാരെ സംഘടിപ്പിച്ചതും എസ്.ബി.ഐ.യിൽ ആദ്യമായി ബി.ഇ.എഫ്.ഐ. പതാക പാറിയതും ചരിത്രം. തൊടുപുഴയിലും എറണാകുളത്തും എസ്.ബി.ഐ. കരാർ ഏജൻസികളുടെ ചൂഷണം കൈയോടെ പിടിക്കപ്പെട്ടു. ഇവിടെയൊക്കെ നടന്ന പ്രക്ഷോഭങ്ങളും കരാർ ജീവനക്കാർക്ക് നേട്ടമുണ്ടായതും ശ്രദ്ധിക്കപ്പെട്ടു. യഥാർത്ഥ തൊഴിലാളി സംഘടനയുടെ ഇടപെടലിലൂടെ തൊഴിലാളികൾക്ക് അനുകൂലമായ നേട്ടങ്ങൾ ഉണ്ടായത് അധികാരികൾക്ക് ദഹിച്ചതേയില്ല. ഏതായാലും എസ്.ബി.ഐ. യിൽ  ''യെസ് ബോസ്'' മൂളി കരാർജോലി സംസ്കാരത്തിന് അംഗീകാരം നൽകിയ സംഘടന തന്നെ പിന്നീട് കേരളത്തിൽ അവർക്ക് വേണ്ടി സംഘടന രൂപീകരിച്ചു.

എസ്.ബി.ഐ. എന്ന പരീക്ഷണശാല


2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപം 1,70,15,931 കോടി രൂപയും വായ്പ 1,22,29,297 രൂപയുമാണ്. അതിൽ എസ്.ബി.ഐ. യുടെ നിക്ഷേപം 40,51,534 കോടി രൂപയും വായ്‌പ 27,33,966 രൂപയുമാണ്. രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ആകെ ബിസിനസിൻ്റെ 23 ശതമാനവും എസ്.ബി.ഐ.യിലെന്ന് ചുരുക്കം. ബാങ്കിൻ്റെ 22266 ശാഖകളിലായി പണിയെടുക്കുന്ന 2,44,250 ജീവനക്കാരുടെ ആത്മാർത്ഥമായ ഇടപെടലാണ് പടർന്ന് പന്തലിച്ച് നിൽക്കുന്ന SBI യുടെ വളർച്ചയുടെ ആധാരം. എന്നാൽ ബാങ്കിംഗ് മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളുടെ പരീക്ഷണശാലയാണ് എന്നും എസ്.ബി.ഐ. ചിലവ് കുറച്ച് ലാഭം കൂട്ടാനുള്ള എളുപ്പവഴിയായാണ് തൊഴിൽ സംസ്കാരത്തിൽ ഇങ്ങനെയൊരു മാറ്റം കൊണ്ട് വരുന്നത് എന്നാണ് SBl ചെയർമാൻ്റെ ഭാഷ്യം. ബാങ്കിൻ്റെ  ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് കുണ്ഠിതപ്പെടുന്ന ചെയർമാന് കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്കുകൾ എഴുതിതള്ളുന്ന വായ്പകളെക്കുറിച്ച് മിണ്ടാട്ടമേയില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്റ്റേറ്റ് ബാങ്ക് മാത്രം എഴുതിത്തള്ളിയത് 1,45,248 കോടി രൂപയുടെ വായ്പയാണ്. ഇതിൽ 90 ശതമാനത്തിലേറെയും വൻകിട കുത്തകകളുടേതാണ് എന്നതാണ് ഏറെ രസകരം. എഴുതിതള്ളലിൻ്റെ പുതിയ 'വകഭേദ'മായ ഹെയർ കട്ടിനത്തിലെ തള്ളൽ പ്രസ്തുത കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ഏറ്റവും ഒടുവിൽ വീഡിയോകോൺ മുതലാളി വേണുഗോപാൽ ധൂതിന് നൽകിയ 65000 കോടി രൂപ (കൺസോർഷ്യം വായ്പയിൽ മുഖ്യപങ്ക് SBI യുടെ ) കേവലം 2900 കോടിക്ക് വേദാന്തക്ക് കൈമാറിയതൊന്നും ചെയർമാനെ വേദനിപ്പിച്ചിട്ടേയില്ല.

അംബാനിയുടെ സ്വന്തം, അദാനിയുടെ മിത്രം
എസ്.ബി.ഐ.യുടെ എല്ലാ സേവനങ്ങളും ഒരൊറ്റ ക്ലിക്കിലൂടെ ലഭ്യമാക്കുന്നതിനാണ് 'യോനോ' (You Only Need One YONO) എന്ന പേരിൽ ഒരു സംവിധാനം രൂപീകരിച്ചത്.പ്രസ്തുത സംവിധാനത്തെയും ഒരു പ്രത്യേക സബ്സിഡയറി ആയി മാറ്റുന്നതിന് അണിയറ നീക്കങ്ങൾ നടന്ന് വരികയാണ്. തുടർന്ന് ഈ കമ്പനിയെ അംബാനി ഗ്രൂപ്പിന് കൈമാറാനാണ് ശ്രമം. നേരത്തെ ജിയോ പേയ്മെൻ്റ് ബാങ്കിൻ്റെ മുപ്പത് ശതമാനം ഓഹരി എസ്.ബി.ഐ. വാങ്ങിയതും എസ്.ബി.ഐ.യെ അംബാനിയുടെ സ്വന്തം ബാങ്കാക്കി മാറ്റുന്നതിന് വേണ്ടിയാണ്.

അംബാനിക്ക് മാത്രം സ്വന്തമാക്കാനുള്ളതല്ല എന്നത് കൊണ്ട് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത മിത്രമായ അദാനിയുടെ മിത്രമായകാനും എസ്.ബി.ഐ.അധികാരികൾക്ക് ഒരു മടിയുമുണ്ടായില്ല. ഗൗതം അദാനിയുടെ ബാങ്കേതര ധനകാര്യ സ്ഥാപനമായ അദാനി ക്യാപിറ്റലുമായി കാർഷിക വായ്പാ വിതരണക്കരാറുണ്ടാക്കിയത് അതിൻ്റെ ഭാഗമായാണ്.  6 സംസ്ഥാനങ്ങളിലായി 63 ശാഖകൾ, 760 ജീവനക്കാർ, 28000 ഇടപാടുകാർ, 1300 കോടി രൂപയുടെ ആസ്തി, ഇതാണ് അദാനി ക്യാപിറ്റലിൻ്റെ നിലവിലെ അവസ്ഥ.  സ്റ്റേറ്റ് ബാങ്കിന് നേരത്തെ സൂചിപ്പിച്ചതു പോലെ 22266 ശാഖകൾ  2,44,250 ജീവനക്കാരും. 1.37 കോടി കാർഷിക അക്കൗണ്ടുകളുണ്ട് എസ്.ബി.ഐ.ക്ക്. ഏതാണ്ട് 2 ലക്ഷം കോടി രൂപ കടം കൊടുത്തിട്ടുണ്ട്. കാർഷിക വിപണന മേഖലയിലെ 42000 ഡീലർമാരും വെൻഡർമാരുമായി ബന്ധമുണ്ട്. 72000 ബിസിനസ് കറസ്പോണ്ടൻ്റുമാരുടെ ശൃംഖലയുണ്ട്. ഇവർ വഴിയുള്ള ബിസിനസിലെ ഒരു ഭാഗം അദാനിയുടേതും കൂടി ആക്കി കണക്കെഴുതി അദാനിയുടെ കമ്മീഷൻ വെറുതേ കൊടുക്കുകയല്ലാതെ അദാനിയിൽ നിന്നും സ്റ്റേറ്റ് ബാങ്കിന് ഒന്നും കിട്ടാനില്ല. ഡോ.തോമസ് ഐസക്കിൻ്റെ വാക്കുകൾ കടമെടുത്താൽ 'കടത്തിൽ ആറാട്ടു നടത്തുന്നവരാണ് അദാനി ഗ്രൂപ്പ്'. അദാനിയുടെ ആറ് കമ്പനികളുടെ കട ബാധ്യത ഏതാണ്ട് എൺപതിനായിരം കോടി രൂപ വരും. അദാനി ഗ്രൂപ്പിന്റെ ആകെ കടബാധ്യത 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്റ് ലിമിറ്റഡ് അദാനിയുടെ മൗറീഷ്യസിലുള്ള മൂന്ന് ധനകാര്യ സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയത്. കടവും കിട്ടാക്കടവും വരുത്തി രാജ്യത്തെ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കുന്നവർക്ക് 'യെസ് ബോസ്' പറയുന്നവരാണ് 'യെസ് ബോസ്' തൊഴിൽ സംസ്കാരത്തിന് കോപ്പുകൂട്ടുന്നത്.

പുതിയ തൊഴിൽ കോഡിന് മുൻപേ

തൊഴിൽ നിയമങ്ങൾ മുതലാളിമാർക്ക് വേണ്ടി പൊളിച്ചെഴുതുന്നതിനാണ് പുതിയ തൊഴിൽ കോഡുകൾ പാർലമെണ്ട് പാസാക്കിയത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ അത് നടപ്പാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പല മാനേജ്മെൻ്റുകളും. 2022 മാർച്ച് 28, 29 തീയ്യതികളിൽ രാജ്യത്ത് ബി.എം.എസ്. ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കി. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ അണി ചേർന്നു. പണിമുടക്കിൽ പങ്കെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എൽ (Bharath Petroleum Corporation Ltd) ലെ ജീവനക്കാരുടെ എട്ടു ദിവസത്തെ വേതനം തടഞ്ഞുവച്ചിരിക്കുകയാണ് അധികാരികൾ. ഇതിനെതിരെ അവിടത്തെ തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്. പുതിയ തൊഴിൽ കോഡിലെ ഒരു നിർദ്ദേശമാണ് അവിടെ നടപ്പിലാക്കായിരിക്കുന്നത്. അതേ തൊഴിൽകോഡിലെ ഫിക്സഡ് ടേം എംപ്ലോയ്‌മെൻ്റിൻ്റെ മറ്റൊരു രൂപമാണ് എസ്.ബി.ഐ.യിൽ അടുത്ത് നടത്തിയ അപ്രൻ്റീസ് നിയമനം.  ഇപ്പോൾ രൂപികരിച്ച SBOSS കമ്പനിയിലൂടെ നടപ്പാക്കുന്നതും അതേ നയം തന്നെ. മറ്റ് ബാങ്കുകളും മുൻപ് രൂപീകരിച്ച സബ്സിഡയറികൾ മുഖാന്തിരം എസ്.ബി.ഐ.യുടെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

 സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യം മോർച്ചറിയിൽ അടക്കപ്പെട്ട ദിനമായിരുന്നു 1975 ജൂൺ 25. ജൂൺ 25 ന് രാത്രി അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തിരാവസ്ഥ തീരുമാനത്തിന് 'യെസ് ബോസ്' എന്ന് അരുളിചെയ്തു. തുടർന്ന്  ആൾ ഇന്ത്യാ റേഡിയോയിലൂടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പോലും പ്രഖ്യാപനത്തിന് ശേഷമാണ് കാര്യങ്ങൾ അറിയുന്നത്. ''ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ'' എന്ന മുദ്രവാക്യത്തിൽ മതിമറന്ന് ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടപ്പോൾ, ഫാസിസത്തിൻ്റെ തുടക്കമായി അന്ന് അതിനെ വിശേഷിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യമെന്നത് ഭരണകൂടത്തിന് യെസ് ബോസ് പറയുന്നവർക്ക് മാത്രമായി ചുരുക്കപ്പെട്ട കാലം. അത്ര എളുപ്പത്തിൽ മറക്കാനാകാത്തതാണ്, മറന്നുകൂടാത്തതാണ് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ അടിയന്തരാവസ്ഥ എന്ന ഇരുണ്ട അധ്യായം. ഇന്ന് ഓരോ മേഖലയിലും അപ്രഖ്യാപിത അടിയന്തിരാവാസ്ഥ, അഥവാ ഫാസിസത്തിൻ്റെ തുടക്കം നടമാടുകയാണ്. എല്ലാ തൊഴിലാളി സംഘടനകളും ഒരുമിച്ച് കൈകോർത്ത്, നമ്മൾ പണിയെടുക്കുന്ന മേഖല, അതിലൂടെ നമ്മുടെ രാജ്യത്തെ തന്നെ സംരക്ഷിക്കേണ്ട കർത്തവ്യം ഏറ്റെടുക്കുക തന്നെ ചെയ്യണം. അധികാരികൾക്ക് 'യെസ് ബോസ്' മൂളാതെ എസ്.ബി.ഐ.യിലും ഐക്യ പോരാട്ടം ഉയർന്ന് വരണം.

(ബിഇഎഫ്ഇ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top