27 April Saturday

ചരിത്രം മറക്കുന്ന ഗവർണർ

ഡോ. കെ പ്രദീപ്കുമാർUpdated: Wednesday Aug 24, 2022

ലോകത്തിലെ  ആദ്യസർവകലാശാലകൾ നിലവിൽ വന്നിട്ട് ഏതാണ്ട് ആയിരത്തോളം വർഷമായെങ്കിലും ജ്ഞാനോദയവും ശാസ്ത്രീയ വിപ്ലവവും തുറന്നിട്ട വഴിയിലൂടെയാണ് ഉന്നത വിദ്യാഭ്യാസവും സർവകലാശാലകളും വ്യാപകമാകുന്നത്. അപ്പോൾമുതൽ ഉന്നതമായ ജനാധിപത്യബോധത്തിന്റെയും അക്കാദമിക നിലവാരത്തിന്റെയും കേന്ദ്ര സ്ഥാനത്താണ് സർവകലാശാലകളെ ജനസമൂഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യവഹാരങ്ങളിൽ രാഷ്ട്രീയവും സാമ്പത്തികവുമായ അഭിപ്രായ സംഘട്ടനങ്ങൾ  രൂക്ഷമാകാറുണ്ടെങ്കിലും ഒരു സർവകലാശാലയുടെ ചാൻസലർ തന്റെ  വൈസ് ചാൻസലറെ മര്യാദയുടെ സകല സീമകളെയും ലംഘിച്ചുകൊണ്ട് നിന്ദ്യമായ ഭാഷയിൽ ആക്ഷേപിക്കുന്നത് ലോകത്തുതന്നെ ഇതാദ്യമാണെന്ന് തോന്നുന്നു. അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് കേരള ഗവർണറുടെ പ്രവൃത്തി. രാഷ്ട്രീയനിയമനം നേടുന്ന ഗവർണർമാരിൽ പലർക്കും സർവകലാശാല ചാൻസലർമാരാകാനുള്ള അക്കാദമിക നിലവാരമോ മഹിതമായ ആദർശങ്ങളോ  ഉയർന്ന ചിന്താ നിലവാരമോ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ പദപ്രയോഗവും ഗവർണറുടെ പൊതുസമീപനങ്ങളും.  ഇതിനർഥം എപ്പോഴും അങ്ങനെയായിരുന്നു എന്നല്ല. അക്കാദമിക പണ്ഡിതരെ എന്നും ബഹുമാനിക്കുകയും ആദരിക്കുകയും അവരുടെ അക്കാദമിക സംഭാവനകളെ വിലമതിക്കുകയും ചെയ്‌ത ചരിത്രമാണ് കേരളീയ പൊതു സമൂഹത്തിനുള്ളത്. തന്നെ വന്നു കാണാൻ സമയം ചോദിച്ച ഒരു വൈസ് ചാൻസലറോട് ഞാൻ അങ്ങോട്ട് വന്നു കാണാം എന്നുപറഞ്ഞ ഭരണാധികാരി ഉണ്ടായിരുന്ന സംസ്ഥാനമാണ് ഇത് എന്നോർക്കണം.

കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയയിലെ ചരിത്രവിഭാഗം തലവനും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ വിസിറ്റിങ്‌ ഫാക്കൽറ്റിയുമായി പ്രവർത്തിക്കുകയും സാമ്പത്തിക ചരിത്രകാരൻ എന്നനിലയിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ ആദരിക്കപ്പെടുകയും ചെയ്യുന്ന പണ്ഡിതനാണ് ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഇന്ന് രാജ്യത്തെയാകെ കരാളമായി ഗ്രസിച്ചിരിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തിന് ആവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് ചരിത്രപഠനത്തെയും ഗവേഷണത്തെയും തങ്ങൾക്ക് അനുകൂലമായി വളച്ചൊടിക്കാൻ ഹിന്ദുത്വശക്തികൾ  തുനിഞ്ഞപ്പോൾ ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് അതിനെ ബൗദ്ധികമായി ചെറുത്ത്, പിന്നീട് ആ സ്ഥാനം രാജിവച്ച് വന്നയാളാണ് അദ്ദേഹം.  അതുകൊണ്ടുതന്നെ ഇന്നത്തെ ഭരണകൂടത്തിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിയമിതരായ ഉന്നത സ്ഥാനീയർക്കും അദ്ദേഹം കണ്ണിലെ കരടായി മാറി. ഈ വിദ്വേഷ പ്രകടനത്തിനു പുറകിൽ ആ അസഹിഷ്ണുതകൂടി ഇല്ലേയെന്ന് സംശയിക്കാവുന്നതാണ്.

കണ്ണൂർ സർവകലാശാല ആതിഥേയത്വം വഹിച്ച ചരിത്ര കോൺഗ്രസിൽ അച്ചടിച്ച ഉദ്ഘാടന പ്രസംഗം മാറ്റിവച്ച് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാൻ ശ്രമിച്ച ഗവർണർക്കെതിരെ പ്രൊഫ. ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ സദസ്സിൽനിന്നും വേദിയിൽനിന്നും  ജനാധിപത്യപരമായ പ്രതിഷേധം ഉയരുകയുണ്ടായി.  എതിർ സ്വരങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന  അധികാരബോധമാണ് ഗവർണർക്ക് ഉള്ളതെന്ന് അന്നുതന്നെ അഭിപ്രായം ഉയർന്നിരുന്നു. തുടർന്ന്, പലതവണ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അന്യായമായ നടപടികളെടുക്കാൻ ഗവർണർ വൈസ് ചാൻസലർക്കുമേൽ സമ്മർദം ചെലുത്തി എന്നതും അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത സമീപനങ്ങളുടെ നിദർശനമാണ്. കേരള സർവകലാശാലാ വൈസ് ചാൻസലറെ ഗവർണർ ക്രൂരമായി പരിഹസിച്ചതും നാം കണ്ടതാണ്. തന്റെ അഭീഷ്ടങ്ങൾക്ക് വഴങ്ങാത്ത ആളുകൾക്കുമേൽ അധിക്ഷേപം ചൊരിയുന്ന സങ്കുചിത മനസ്സുകളെ കേരളത്തിന്റെ അക്കാദമിക സംസ്കാരത്തെ മലീമസമാക്കാൻ അനുവദിക്കണോയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസരംഗത്തെ സമകാലികമായ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നതിന് കേരള സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് യാദൃച്ഛികമല്ല. വിമർശാത്മകസ്വഭാവം പുലർത്തുന്ന വൈജ്ഞാനിക കേന്ദ്രങ്ങളായിരുന്ന ഇംഗ്ലീഷ് സർവകലാശാലകൾ നവലിബറൽ കാലത്തിന്റെ വരവോടെ മരിച്ചുപോയി എന്ന് ടെറി ഈഗിൾടൺ നടത്തിയ നിരീക്ഷണം ഇന്ത്യയിലും അർഥവത്താവുകയാണ്. സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിന്റെ ഔന്നത്യത്തിന്റെ പതാകവാഹകരായ സർവകലാശാലകൾക്കുനേരെ അന്ധകാരത്തിന്റെ ശക്തികൾ പടയൊരുക്കുകയാണ്.

(വടക്കാഞ്ചേരി ശ്രീവ്യാസ എൻഎസ്എസ് 
കോളേജിലെ ഇംഗ്ലീഷ് വിഭാഗം 
അസി.പ്രൊഫസറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top