26 April Friday

‘ഇൻസൈറ്റ്‌’ പിൻവാങ്ങുമ്പോൾ

ദിലീപ്‌ മലയാലപ്പുഴUpdated: Thursday Dec 22, 2022

ഇൻസൈറ്റ്‌ അവസാനം അയച്ച ചിത്രം image credit nasa.gov.in

‘എന്റെ ഊർജം നഷ്ടപ്പെട്ടു, എനിക്ക്‌ അയക്കാൻ കഴിയുന്ന അവസാനത്തെ ചിത്രമാണ്‌ ഇത്‌...’ നാസയുടെ ഇൻസൈറ്റ്‌ പേടകം കഴിഞ്ഞദിവസം ചിത്രത്തോടൊപ്പം ‘ട്വീറ്റ്‌’ ചെയ്‌തതാണ്‌ ഇത്‌. തുടർന്ന്‌ ഭൂമിയുമായുള്ള ആശയവിനിമയം നിലയ്‌ക്കുകയും ചെയ്‌തു. ചൊവ്വയുടെ തുടിപ്പറിയാൻ നാസ അയച്ച ലാൻഡർ അങ്ങനെ ബഹിരാകാശ  ചരിത്രമാകുകയാണ്‌, നിർണായക വിവരങ്ങൾ  കൈമാറിയശേഷം. ഒരു വർഷമായിരുന്നു ദൗത്യ കാലാവധിയെങ്കിലും അത്‌  നാലു വർഷത്തിലേറെ നീണ്ടു എന്നതും ചരിത്രം. തുടർച്ചയായ പൊടിക്കാറ്റിൽ സൗരോർജ പാനലുകളിൽ പൊടിപടലം നിറഞ്ഞതോടെ ഇൻസൈറ്റിലെ ബാറ്ററികൾ മെല്ലെമെല്ലെ പ്രവർത്തന രഹിതമാകുകയായിരുന്നു. മാസങ്ങളോളം സ്ഥിതി തുടർന്നതിനാൽ ഇനി പ്രവർത്തനം പുനഃസ്ഥാപിക്കുക അസാധ്യവും (ചില സാഹചര്യങ്ങളിൽ പൊടിക്കാറ്റ്‌ അനുകൂലമായാൽ പൊടിപടലം നീങ്ങിപ്പോകാറുണ്ട്‌).

ചൊവ്വാ ഗ്രഹത്തിന്റെ  രൂപീകരണം, ഘടന എന്നിവയെപ്പറ്റി സൂക്ഷ്‌മതലത്തിൽ പഠിക്കുന്നതിനുള്ള ആദ്യ റോബോട്ടിക്‌ ദൗത്യമായിരുന്നു ഇൻസൈറ്റ്‌. നാസയ്‌ക്കൊപ്പം നിരവധി രാജ്യങ്ങളും ഗവേഷണസ്ഥാപനങ്ങളും ദൗത്യത്തിന്റെ ഭാഗമായി. 2018 മെയ്‌ അഞ്ചിനായിരുന്നു വിക്ഷേപണം. തുടർന്ന്‌ നവംബർ 26നു വിജയകരമായി ചൊവ്വയുടെ പ്രതലത്തിൽ പേടകമിറങ്ങി. മധ്യമേഖലയ്‌ക്കടുത്ത്‌ നിരവധി അഗ്നിപർവതങ്ങൾ നിറഞ്ഞ എലിസിയം പ്ലാനേഷ്യ എന്ന സ്ഥലത്തായിരുന്നു 364 കിലോയുള്ള  ഇൻസൈറ്റിന്റെ  പരീക്ഷണ തട്ടകം.  പത്തിലധികം അത്യാധുനിക ശാസ്‌ത്രീയപരീക്ഷണ ഉപകരണങ്ങളുമായാണ്‌ പേടകം പര്യവേക്ഷണത്തിന്‌ എത്തിയത്‌.

ചൊവ്വയുടെ ആന്തരികഘടനയുടെ പഠനമായിരുന്നു മുഖ്യദൗത്യം. അഞ്ച്‌ മീറ്ററിലധികം കുഴിച്ച്‌ വിവരങ്ങൾ ശേഖരിച്ചു. എച്ച്‌പി താപമാപിനിയും അനുബന്ധ സംവിധാനങ്ങളും ഉപയോഗിച്ചുള്ള ഈ പരിശോധനയിൽ നിർണായക വിവരങ്ങളാണ്‌ ലഭിച്ചത്‌. ചൊവ്വയുടെ ആന്തരികഭാഗ സാന്ദ്രതയും വലുപ്പവും അകക്കാമ്പിന്റെ വിശദാംശങ്ങളും പുറംപാളിയുടെ സ്വഭാവവും  മറ്റുമെല്ലാം സൂക്ഷ്‌മതലത്തിൽ ശേഖരിച്ച്‌ ഭൂമിയിലേക്ക്‌ അയച്ചു. ആന്തരിക പാളികളുടെ ചലനം, കാന്തികമണ്ഡലം, താപനില എന്നിവയും പഠനവിധേയമാക്കി. കടുത്ത ചൂടിൽ പിളർന്നുമാറുന്ന ആന്തരിക ശിലകളെപ്പറ്റിയും  പഠിച്ചു. ചൊവ്വാ കമ്പനങ്ങളെപ്പറ്റി അത്ഭുതപ്പെടുത്തുന്ന വിവരങ്ങൾ ഇൻസൈറ്റ്‌ ലഭ്യമാക്കി. ഇത്തരത്തിലുള്ള 1300 കമ്പനങ്ങളാണ്‌ പേടകം രേഖപ്പെടുത്തിയത്‌. ഉൽക്കാപതനം മൂലമുണ്ടാകുന്ന കമ്പനങ്ങളും ഇക്കൂട്ടത്തിൽപ്പെടും.

2021 ഡിസംബർ 24ന്‌ ഉണ്ടായ അതിതീവ്ര കമ്പനമാണ്‌ ഇവയിൽ പ്രധാനം. ഇതുസംബന്ധിച്ച ഡാറ്റ പരിശോധിച്ച ഗവേഷകസംഘത്തിന്‌ ചൊവ്വയിലെ വലിയ ജലസാന്നിധ്യത്തിന്റെ വിവരങ്ങളാണ്‌ ലഭിച്ചത്‌. കൂറ്റൻ ഉൽക്ക  പതിച്ച ഭാഗത്തിന്റെ ചിത്രം മറ്റൊരു ചൊവ്വാ ദൗത്യപേടകമായ മാർസ്‌ റിക്കൺസിറൻസ്‌ ഓർബിറ്റർ പകർത്തിയിരുന്നു. ഉൽക്കാപതനത്തിന്റ ആഘാതത്തിൽ 21 മീറ്റർ ആഴത്തിൽ ഗർത്തം രൂപപ്പെട്ടു. ഇവിടെനിന്ന്‌ 37 കിലോമീറ്റർ ദൂരെവരെ മഞ്ഞുപാളികൾ ചിതറിത്തെറിച്ചു എന്നതും ശാസ്‌ത്രലോകത്തെ അത്ഭുതപ്പെടുത്തി. ആയിരക്കണക്കിന്‌ ചിത്രങ്ങളും പേടകം ദൗത്യകാലത്ത്‌ അയച്ചു. 

2030 ഓടെ മനുഷ്യനെ ചൊവ്വയിലേക്ക്‌ അയക്കുന്നതിന്‌ മുന്നോടിയായുള്ള പര്യവേക്ഷണങ്ങളുടെ ഭാഗമാണ്‌  ഇൻസൈറ്റ്‌ ദൗത്യം. ഭാവിദൗത്യങ്ങൾക്ക്‌ ഗുണകരമാകുന്ന നിരവധി വിവരം കൈമാറിയശേഷമാണ്‌ പേടകത്തിന്റെ  പ്രവർത്തനം നിലയ്‌ക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top