26 April Friday

പെൻഷൻകാര്യത്തിൽ കേന്ദ്രത്തിന് ഉരുണ്ടുകളി

സാജൻ എവുജിൻUpdated: Wednesday Dec 21, 2022

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനൈസേഷന്റെ (ഇപിഎഫ്‌ഒ) ഒരു മേഖലാ ഓഫീസിൽനിന്ന്‌ കഴിഞ്ഞദിവസം ഇറങ്ങിയ നോട്ടീസ്‌ സവിശേഷമായി. ഇപിഎഫ്‌ പദ്ധതിപ്രകാരം ഉയർന്ന പെൻഷൻ നടപ്പാക്കണമെന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പിന്തുടരുന്ന നിസ്സംഗതയാണ്‌ ഈ നോട്ടീസ്‌ ഇറങ്ങുന്നതിന്‌ ഇടയാക്കിയത്‌. ജീവനക്കാരും പെൻഷൻകാരും ഉയർന്ന പെൻഷൻ ഓപ്‌ഷനിലേക്ക്‌ മാറുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച്‌ ഇപിഎഫ്‌ഒ ആസ്ഥാനത്തുനിന്ന്‌ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമായാൽ അച്ചടി– -ഇലക്‌ട്രോണിക്‌ മാധ്യമങ്ങൾ വഴി വിവരം അറിയിക്കുമെന്നുമാണ്‌ നോട്ടീസ്‌. അതുവരെ ആരും നേരിട്ടോ ഇ–-മെയിൽ വഴിയോ ഇതേക്കുറിച്ച്‌ അന്വേഷണം നടത്തരുതെന്നും നോട്ടീസിൽ നിർദേശിച്ചു.

ശമ്പളത്തിന്‌ ആനുപാതികമായി ഇപിഎഫ്‌ പെൻഷൻ അനുവദിക്കണമെന്ന്‌ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ട്‌ ആറാഴ്‌ചയായി.  ഇതിനുള്ള നടപടികൾക്ക്‌ നാല്‌  മാസമാണ്‌  അനുവദിച്ചത്‌. കേന്ദ്രതീരുമാനം വൈകുന്തോറും  രാജ്യമെമ്പാടുമുള്ള ഇപിഎഫ്‌ഒ കാര്യാലയങ്ങളിലെ ജീവനക്കാരും കടുത്ത ആശങ്കയിലും സമ്മർദത്തിലുമാണ്‌. ഇപിഎഫ്‌ഒ ഓഫീസുകളിലേക്ക്‌ ജീവനക്കാരുടെയും പെൻഷൻകാരുടെയും  കത്തുകളും  ഇ–-മെയിലുകളും പ്രവഹിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന്‌ ചോദ്യങ്ങൾ വരുന്നുണ്ടെന്നും എന്ത്‌ മറുപടി നൽകണമെന്ന്‌ അറിയില്ലെന്നും  ഇപിഎഫ്‌ഒ ജീവനക്കാർ പറയുന്നു. ഇപിഎഫ്‌ഒ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷൻ സുപ്രീംകോടതി ഉത്തരവ്‌ ഉടൻ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ഇപിഎഫ്‌ കമീഷണർക്ക്‌  കത്ത്‌ നൽകി.

നീണ്ടുപോയ കേസിനും തർക്കങ്ങൾക്കുംശേഷം  സുപ്രീംകോടതി ഈ വിഷയത്തിൽ ഇറക്കിയ ഉത്തരവ്‌  പെൻഷൻകാർക്കും ജീവനക്കാർക്കും കുറെയൊക്കെ ആശ്വാസമായിരുന്നു.  പ്രതീക്ഷയുടെ  ഈ നാമ്പുകളെ കരിയിച്ചുകളയുന്ന സമീപനമാണ്‌  കേന്ദ്രത്തിന്റേത്‌. ഉയർന്ന പെൻഷൻ നൽകുന്നതിൽ ഇനിയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നാണ്‌ തൊഴിൽമന്ത്രി ഭൂപേന്ദ്രസിങ്‌ യാദവിന്റെ പ്രതികരണം വ്യക്തമാക്കുന്നത്‌. വേതനത്തിന്‌ ആനുപാതികമായി കൂടിയ പിഎഫ്‌ വിഹിതം അടയ്‌ക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു. ഇത്‌ നിയമപരമായും സാമ്പത്തികമായും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന വിധിയാണെന്നും മന്ത്രി പറഞ്ഞു. പാർലമെന്റിൽ എംപിമാർ ഈ വിഷയം ഉന്നയിച്ചപ്പോൾ പ്രതികരിക്കാൻ തൊഴിൽമന്ത്രി തയ്യാറായില്ല. പാർലമെന്റ്‌ സമ്മേളനം അവസാനിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും സർക്കാർ മൗനത്തിലാണ്‌.

ഉയർന്ന പെൻഷൻ സംവിധാനം നടപ്പാക്കാൻ  കേന്ദ്രത്തിന്‌ താൽപ്പര്യമില്ലെന്നത്‌ മുമ്പേ തെളിഞ്ഞതാണ്‌. ഇക്കാര്യത്തിൽ വിവിധ  ഹൈക്കോടതികളുടെ  വിധികൾക്കെതിരെ കേന്ദ്രമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. കേസ്‌ നീട്ടാനും കേന്ദ്രം കളിച്ചു.  വൻകിട കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിന്‌ കോടി  രൂപയുടെ നികുതിയിളവ്‌ നൽകുന്ന കേന്ദ്രസർക്കാർ കോടിക്കണക്കിന്‌  പെൻഷൻകാരോടും ജീവനക്കാരോടും നീതി കാട്ടുന്നില്ല. കുറഞ്ഞ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാർ അവഗണിക്കുന്നു. കുറഞ്ഞ പെൻഷൻ ആയിരം  രൂപയാക്കാൻ നേരത്തേ തീരുമാനിച്ചെങ്കിലും അത് നടപ്പായില്ല. 70  ലക്ഷം പെൻഷൻകാരിൽ 30 ലക്ഷത്തോളം പേർക്ക്‌ ആയിരം രൂപയിൽ താഴെ മാത്രമാണ് പ്രതിമാസം ലഭിക്കുന്നത്.

സർക്കാർ ഖജനാവിലെ പണമെല്ലാം ശമ്പളവും പെൻഷനും നൽകാൻ വിനിയോഗിക്കുന്നുവെന്നും വികസനത്തിന്‌ മുഖ്യതടസ്സം ഈ  നയമാണെന്നും വലതുപക്ഷം  പ്രചരിപ്പിക്കുമ്പോൾത്തന്നെയാണ്‌ തൊഴിലാളികളുടെ ഈ ദുരവസ്ഥ. ലോകത്ത്‌ ഏറ്റവും ദുർബലമായ പെൻഷൻ സംവിധാനം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കുന്ന റിപ്പോർട്ടാണ്‌ ആഗോള ഏജൻസിയായ മെർസർ സിഎഫ്‌എ ഇൻസ്റ്റിറ്റ്യൂട്ട്‌ പുറത്തുവിട്ടിരിക്കുന്നത്‌. ഇവരുടെ ആഗോള പെൻഷൻ സൂചികയിൽ ഇന്ത്യക്ക്‌  44ൽ 41–-ാം സ്ഥാനമാണ്‌.  44.4  പോയിന്റോടെ ‘ഗ്രേഡ്‌ ഡി’യിലാണ്‌ നമ്മുടെ രാജ്യം. ഈ സൂചികയിൽ 2011 മുതൽ ഏറ്റവും പിന്നിലാണ്‌ ഇന്ത്യ. ഐസ്‌ലൻഡ്‌, നെതർലൻഡ്‌സ്‌, ഡെന്മാർക്ക്‌ എന്നീ രാജ്യങ്ങളാണ്‌ യഥാക്രമം 84.7, 84.6, 82 പോയിന്റ്‌ വീതം നേടി സൂചികയിൽ  ഏറ്റവും മുന്നിൽ. ലോകജനസംഖ്യയുടെ 65 ശതമാനത്തോളം ജനതയാണ്‌ മെർസർ സിഎഫ്‌എ റിപ്പോർട്ടിൽ ഉൾപ്പെടുന്നത്‌.

ഇന്ത്യയിലെ  പെൻഷൻ സംവിധാനം പരിതാപകരമായ സ്ഥിതിയിലാണെന്ന്‌ രാജ്യാന്തര ഏജൻസികൾ മാത്രമല്ല പറയുന്നത്‌. രാജ്യത്തെ തൊഴിലാളികളിൽ 85 ശതമാനവും പെൻഷൻ പദ്ധതികൾക്ക്‌ പുറത്താണെന്ന്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക് ഫിനാൻസ്‌ ആൻഡ്‌ പോളിസി (എൻഐപിഎഫ്‌പി)യിലെ മുകേഷ്‌ കുമാർ ആനന്ദും രാഹുൽ ചക്രവർത്തിയും ചേർന്ന്‌ തയ്യാറാക്കിയ പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്‌. അധ്വാനിക്കാൻ കഴിയാത്ത പ്രായത്തിൽ എത്തുമ്പോൾ ഇവർക്ക്‌ ഏതെങ്കിലും സാമൂഹ്യക്ഷേമ പദ്ധതിയിൽനിന്ന്‌ പെൻഷൻ ലഭിക്കാനുള്ള സാധ്യതയും തീരെ കുറവാണ്‌.  പ്രായംചെന്നവരിൽ 57 ശതമാനത്തിനും സർക്കാർചെലവിൽനിന്ന്‌ എന്തെങ്കിലും വരുമാനം ലഭിക്കുന്നില്ല. ദാരിദ്ര്യനിർമാർജന പദ്ധതികളുടെ ഭാഗമായി പെൻഷൻ ലഭിക്കുന്നത്‌ 26 ശതമാനം പേർക്കുമാത്രം. കോർപറേറ്റുകൾ അനുദിനം തടിച്ചുകൊഴുക്കുമ്പോഴാണ്‌ സമ്പത്ത്‌ ഉൽപ്പാദിപ്പിക്കുന്ന ജനവിഭാഗം ഇത്തരത്തിൽ അവഗണിക്കപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top