09 May Thursday

ജീവിതം തിളയ്ക്കുന്ന ജനകീയ അടുക്കള

എൻ ചന്ദ്രൻUpdated: Monday Oct 18, 2021

ജനകീയ സംരംഭങ്ങളെ ഇകഴ്‌ത്തിക്കാട്ടുക എന്നത് മുതലാളിത്തശക്തികളുടെ സ്വഭാവമാണ്. കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക്‌ എതിരായി മനോരമ വാർത്ത ചമയ്ക്കുന്നത് ഈ സ്വഭാവത്തിന്റെ ഭാഗമായാണ്. കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുക. അവർക്കുവേണ്ടി നിലകൊള്ളുക എന്ന മനോഭാവത്തോടെ വലതുപക്ഷ രാഷ്ട്രീയധാര മുന്നോട്ടുപോകുമ്പോൾ, അവരുടെ ഉപകരണങ്ങളായ മാധ്യമങ്ങൾക്ക് മറിച്ചൊന്നും ചെയ്യാനില്ല. ഇത്തരം പ്രവണതകൾ ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയായി കാണണം.

എൽഡിഎഫ്‌ സർക്കാർ 2019-–-20 ബജറ്റിൽ വിശപ്പുരഹിതകേരളം പദ്ധതി പ്രഖ്യാപിക്കുമ്പോൾ പണമില്ലാത്തതുകൊണ്ട് ആരും പട്ടിണികിടക്കാൻ ഇടവരരുത് എന്നാണ് ഉദ്ദേശിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാടാകെ അടച്ചിട്ടപ്പോൾ കമ്യൂണിറ്റി കിച്ചൻ എന്ന നിലയിലാണ് ജനകീയഹോട്ടലുകൾ ആരംഭിച്ചത്. സാധാരണക്കാർ കൈനീട്ടി സ്വീകരിച്ച 1095 ജനകീയ ഹോട്ടലാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളും സിവിൽ സപ്ലൈസ് വകുപ്പും ചേർന്നുള്ള ഈ സംരംഭംവഴി 4885ൽ അധികം കുടുംബശ്രീ വനിതകളുടെ കുടുംബം പുലരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ, അഗതികൾ, വയോജനങ്ങൾ, നിരാലംബരായിട്ടുള്ള മറ്റ് ജനവിഭാഗങ്ങൾ തുടങ്ങി അനേകർക്ക് മിതമായ നിരക്കിലോ സൗജന്യമായോ ഭക്ഷണം നൽകാൻ സാധിക്കുന്നു. 20 രൂപയ്ക്ക് ഊണ് വാങ്ങുമ്പോൾ ചോറിനൊപ്പം  വറവും (തോരൻ) ചമ്മന്തി അല്ലെങ്കിൽ അച്ചാർ, സാമ്പാർ അല്ലെങ്കിൽ വേറെന്തെങ്കിലും ഒഴിച്ചുകറി എന്നിവ കാണും. പ്രത്യേക വിഭവങ്ങളായി മീൻ കറിയും മീൻ വറുത്തതുമൊക്കെ അധിക പണം നൽകി വാങ്ങാനും പറ്റും. ഓട്ടോറിക്ഷാ തൊഴിലാളികളും അതിഥിത്തൊഴിലാളികളും തുച്ഛവരുമാനക്കാരായ ജീവനക്കാരും വഴിയോരക്കച്ചവടക്കാരും ആശുപത്രികളിലെ കൂട്ടിരിപ്പുകാരും ജനകീയ ഹോട്ടലുകളെ സമീപിക്കുന്നു.

ഇത്തരമൊരു സംരംഭത്തെ വൻകിട മുതലാളിത്ത ഹോട്ടൽ സംരംഭങ്ങളുമായി ഉരച്ചുനോക്കാൻ ജനവിരുദ്ധ മനസ്സുള്ളവർക്കേ സാധിക്കുകയുള്ളൂ. അവിടെ ലഭിക്കുന്ന വിഭവങ്ങളുമായി ജനകീയ ഹോട്ടലുകളെ താരതമ്യം ചെയ്യുന്ന മാധ്യമ പ്രവർത്തനം ആർക്കുവേണ്ടിയുള്ളതാണെന്ന് ബഹുജനങ്ങൾ ചിന്തിക്കണം.-- വലതുപക്ഷത്തിന്റെ രാഷ്ട്രീയം ജനകീയബദലുകളെ ഇല്ലായ്മ ചെയ്യുക എന്നതാണ്. കുടുംബശ്രീ ജനകീയ ഹോട്ടലുകളോടു മാത്രമല്ല അവരുടെ വെല്ലുവിളി. നേരത്തേ ലൈഫ് മിഷൻ വീടുകൾ ഇല്ലാതാക്കാൻ വലതുപക്ഷം മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചിട്ടുണ്ട്. വീടില്ലാത്തവർക്ക് വലിയ സ്വപ്നമാണ് സ്വന്തം വീട്. ആ സ്വപ്നം അനേകർക്ക് യാഥാർഥ്യമാക്കി നൽകാൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചു. ആ സ്വപ്നത്തിൽ കരിനിഴൽവീഴ്‌ത്താനാണ് വലതുപക്ഷവും അവരുടെ മാധ്യമങ്ങളും നിരന്തരം ശ്രമിക്കുന്നത്. വീടില്ലാത്ത അവസ്ഥ ദാരിദ്ര്യത്തിന്റെയും താഴ്‌ന്ന ജീവിതനിലവാരത്തിന്റെയും സൂചകമാണ്.

അങ്ങനെയുള്ളവർക്ക് വീട് നൽകിയാൽമാത്രം പോരാ. ദാരിദ്ര്യത്തിൽനിന്ന് കരകയറാനുള്ള മാർഗങ്ങളും ഒരുക്കണം. ഇവയൊക്കെ ഉറപ്പുവരുത്തുന്നെന്ന കരുതലാണ് ലൈഫ് പദ്ധതിയെ വേറിട്ടതാക്കുന്നത്. ലൈഫ് പദ്ധതിയെ അട്ടിമറിക്കുന്നതിന് തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാക്കിയ വിവാദങ്ങൾ കുപ്രസിദ്ധമാണ്. വലതുപക്ഷത്തിന്റെ വക്താക്കൾ, തങ്ങൾ ഭരണത്തിൽ വന്നാൽ ലൈഫ് പദ്ധതി നിർത്തലാക്കും എന്നുവരെ പറഞ്ഞു. ജനങ്ങൾ ആ വെല്ലുവിളിക്ക് ഉചിതമായ മറുപടി നൽകി.

പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന നടപടി കൈക്കൊണ്ട് സർക്കാർ മുന്നോട്ടുപോകുമ്പോൾ പിറകിൽനിന്ന് കുത്തിവീഴ്‌ത്താൻവേണ്ടി നിൽക്കുന്ന രാഷ്ട്രീയം ജനങ്ങൾക്കുവേണ്ടിയുള്ളതല്ല. കോർപറേറ്റുകൾക്കുവേണ്ടിയുള്ളതാണ്. ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിൽ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഇനമാണ് അതിദാരിദ്ര്യ നിർമാർജനം. കേരളത്തിലെ പരമദരിദ്രരായ കുടുംബങ്ങളുടെ എണ്ണം നാല്, അഞ്ച് ലക്ഷത്തിലധികം വരില്ല. അവരെ കണ്ടെത്താൻ വിപുലമായ സർവേ നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. പരമ ദരിദ്രാവസ്ഥയിലുള്ള കുടുംബങ്ങളെ ഓരോന്നായെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അവ പരിഹരിക്കുന്നതിന്‌ ആവശ്യമായ ഇടപെടലാണ് സർക്കാർ നടപ്പാക്കുക.  അഞ്ചുവർഷംകൊണ്ട് ദാരിദ്ര്യത്തിന്റെ പിടിയിൽനിന്ന്‌ ഇവരെ പൂർണമായി മോചിപ്പിക്കുമെന്ന ലക്ഷ്യം യാഥാർഥ്യമാകുമ്പോൾ കേരള മോഡലിൽ പുതിയൊരു അധ്യായംകൂടി എഴുതിച്ചേർക്കപ്പെടും. മുതലാളിത്ത വികസനമല്ല. ഇടതുപക്ഷ ബദൽ വികസനമാണ് പിണറായി വിജയൻ സർക്കാർ ഉയർത്തിപ്പിടിക്കുന്നത് എന്നതിനുള്ള ദൃഷ്ടാന്തംകൂടിയാണ് ഇത്. അവിടെയാണ് ജനകീയഹോട്ടലിനെതിരെ തിരിയുന്ന വലതുപക്ഷവും അവരുടെ മാധ്യമങ്ങളും എടുക്കുന്ന സമീപനം എന്തായിരിക്കുമെന്ന ചോദ്യം പ്രസക്തമാകുന്നത്. കേരള സർക്കാരിന്റെ മാനവികമായ ഈ ദൗത്യം വിജയിപ്പിക്കാൻ അവർ കൂടെ നിൽക്കുമോ? അതോ, കോർപറേറ്റിസത്തിന്റെ വക്താക്കളായി അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിനെ ഇല്ലാതാക്കാൻ ശ്രമിക്കുമോ.

മുൻകാലത്ത് ഇടതുപക്ഷം നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതികളെയും ആക്ഷേപിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്ത പാരമ്പര്യമാണ് മനോരമയ്‌ക്കും വലതുപക്ഷ രാഷ്ട്രീയക്കാർക്കുമുള്ളത്. 1957ലെ കമ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ ബിൽ എന്നിവയ്ക്കെതിരെ വിമോചനസമരംമുതൽ ഇത് കേരളം കാണുന്നുണ്ട്. 1980ലെ നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയപ്പോൾ പെൻഷൻ സർക്കാരെന്നും പെൻഷൻ പ്രത്യുൽപ്പാദനപരമല്ല എന്നും ആക്ഷേപിക്കുകയായിരുന്നു. മാവേലിസ്റ്റോർ നടപ്പാക്കിയപ്പോൾ വാമനസ്റ്റോർ കൊണ്ടുവന്നതും ഇതേ ശക്തികളും അതിന് പ്രചാരണം നൽകിയത് മനോരമാദി ദിനപത്രങ്ങളുമാണ്. ജനകീയാസൂത്രണത്തെയും സമ്പൂർണ സാക്ഷരതായജ്ഞത്തെയും പരിഹസിക്കാനും തകർക്കാനും നോക്കിയ ചരിത്രവും ഇവർക്കുണ്ട്. അവർ എന്നും ജനങ്ങൾക്കെതിരായിരു-ന്നു. ആ രാഷ്ട്രീയം നാം തിരിച്ചറിയണം. അത്തരം നീക്കങ്ങളെ തകർക്കാനും കഴിയണം.

(കെഎസ്‌കെടിയു ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top