26 April Friday

മോഡി ചെയ്യേണ്ടതും ചെന്നിത്തല ചെയ്തുകൂടാത്തതും

കോടിയേരി ബാലകൃഷ്ണൻUpdated: Friday Apr 17, 2020

കോവിഡ്–-19 ന്റെ വ്യാപനം ലോകത്താകെ വൻവെല്ലുവിളിയായി തുടരുമ്പോൾ ഇന്ത്യ സുശക്തമായ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. രോഗബാധിതരുടെ എണ്ണം ലോകത്ത് 21 ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തിനാൽപ്പതിനായിരം കടന്നു. ഇന്ത്യയിലാകട്ടെ ജനുവരി 30ന് ഒരാൾക്കായിരുന്നു രോഗമെങ്കിൽ 12500      കടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്. മോഡി രാജ്യത്തോട്‌ നടത്തിയ പ്രസംഗത്തിൽ വിസ്മരിച്ച ഘടകങ്ങളും അവഗണിച്ച വിഭാഗങ്ങളുമുണ്ട്. അടച്ചുപൂട്ടലിനെത്തുടർന്ന് ജനജീവിതം വഴിമുട്ടിയ നിത്യവരുമാനക്കാരുൾപ്പെടെ കോടിക്കണക്കിന് ജനങ്ങളുണ്ട്. അവർക്ക് ഭക്ഷണവും ചികിത്സയും മരുന്നും അനുബന്ധ ജീവിതോപാധികളും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. അതിനുള്ള സാമ്പത്തിക പാക്കേജ് അടച്ചുപൂട്ടൽ ദീർഘിപ്പിച്ച പ്രഖ്യാപനത്തോടൊപ്പം വേണ്ടതായിരുന്നു. ആദായനികുതി അടയ്ക്കാത്ത എല്ലാപേരുടെയും അക്കൗണ്ടിലേക്ക് കുറഞ്ഞത് ഒരു മാസം 7500 രൂപ നൽകണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുലക്ഷം പേരിൽ 102 എന്ന തോതിലാണ് രാജ്യത്തിപ്പോൾ കോവിഡ് പരിശോധന നടക്കുന്നത്. പ്രതിദിനം അഞ്ചുലക്ഷം പരിശോധന കിറ്റ്‌ വേണ്ടിടത്ത് പതിനയ്യായിരത്തിന്‌ താഴെയാണ് ലഭിക്കുന്നത്. രോഗം നിയന്ത്രിക്കുന്നതിനൊപ്പം ഘട്ടംഘട്ടമായി അടച്ചുപൂട്ടലിൽനിന്ന്‌ പുറത്തുകടക്കുകയും വേണം.

കേന്ദ്രപരിഗണനയ്ക്കായി കേരളം മുന്നോട്ടുവച്ച ന്യായമായ നിരവധി ആവശ്യങ്ങളുണ്ട്. പക്ഷേ, അതിനോട് അനുകൂലമായി പ്രധാനമന്ത്രി പ്രതികരിച്ചില്ല. അടച്ചുപൂട്ടപ്പെട്ട ജനതയ്ക്ക് സഹായഹസ്തം നീട്ടിയതിലും കേരളം മാതൃകയാണ്. ശമ്പളവും ക്ഷേമപെൻഷനുകളും കൃത്യമായി നൽകി.  ക്ഷേമനിധി ബോർഡുകൾ മുഖാന്തരം സഹായമെത്തിക്കുന്നു. 1000രൂപമുതൽ 10,000 രൂപവരെ ക്ഷേമപെൻഷനും പ്രത്യേക സഹായധനവും അനുവദിച്ചു. കോവിഡ് മാന്ദ്യത്തെ മറികടക്കാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നടപ്പാക്കുകയാണ്. പ്രളയക്കെടുതിയും ജിഎസ്ടി  വരുമാനനഷ്ടവുമുള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നിട്ടും ഇത്രയും ബൃഹത്തായ പാക്കേജ് നടപ്പാക്കുന്നു എന്നത് നിസ്സാരകാര്യമല്ല. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഒട്ടും മെച്ചമല്ല. വലിയതോതിൽ പണം ചെലവഴിച്ചാണ് രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. അഞ്ഞൂറിലധികം വിദേശപൗരന്മാരെ ചികിത്സിച്ചും നിരീക്ഷണത്തിന് വിധേയമാക്കിയും രോഗം ഇല്ലെന്ന് ഉറപ്പാക്കി തിരിച്ചയച്ചു. പ്രളയദുരന്തത്തിലും കേന്ദ്രം കാര്യമായി സഹായിച്ചില്ല. അന്ന് വിദേശസഹായം സ്വീകരിക്കുന്നതിന് കേരളത്തെ വിലക്കി. എന്നാൽ, ഇന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം ആകാമെന്ന് കേന്ദ്രം നിശ്ചയിച്ചു. ഇത് ഇരട്ടത്താപ്പാണ്.

ഇതേപ്രവണതയുടെ ആവർത്തനമാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധിയുടെ കാര്യത്തിലും ഇപ്പോഴുണ്ടായിരിക്കുന്നത്. വ്യവസായ, കോർപറേറ്റ് സ്ഥാപനങ്ങളുടെ  ഉൾപ്പെടെയുള്ള സംഭാവനകൾക്ക് ആദായനികുതി ഇളവ് മുഖ്യമന്ത്രിമാരുടെ കോവിഡ് ദുരിതാശ്വാസ നിധിക്ക്‌ ഇല്ല, പ്രധാനമന്ത്രിയുടെ നിധിക്ക് മാത്രമേയുള്ളൂ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്തതുപോലെതന്നെ മുഖ്യമന്ത്രിമാരെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. മുഖ്യമന്ത്രിപദവിയെ അവഹേളിക്കുന്നതും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും സാമ്പത്തികാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നതുമാണ് ഈ നടപടി. ഈ വിവേചനം അവസാനിപ്പിക്കാൻ കക്ഷിഭേദമെന്യേ സംസ്ഥാനങ്ങൾ ശബ്ദമുയർത്തണം. അതുപോലെ ഒരു കൂടിയാലോചനയും കൂടാതെ എംപി ഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തലാക്കിയതും ഏകാധിപത്യപരമാണ്. ഇതിലൂടെ 7900 കോടി രൂപയുടെ മെച്ചമാണ് കേന്ദ്ര ഖജനാവിനുണ്ടാകുന്നത്. എംപി ഫണ്ട് സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ സഹായമായേനെ. മഹാമാരിയെ തടയുന്നതിനും സാമൂഹ്യ സുരക്ഷിതത്വ നടപടി സ്വീകരിച്ചതിനും കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയായി ഉയർന്നിരിക്കുകയാണെങ്കിലും ഇനിയും കരുതലോടെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനാൽ കേരളത്തെ പ്രത്യേകമായി സഹായിക്കുന്നതിനുള്ള സാമ്പത്തിക പാക്കേജ് കേന്ദ്രത്തിൽ നിന്നുണ്ടാകണം. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തുന്നതിനുള്ള അനുമതിയും നൽകണം.


 

പ്രവാസികളെ അവഗണിക്കരുത്‌
പ്രധാനമന്ത്രിയുടെ പ്രസംഗം ഉദ്വേഗപൂർവം ശ്രവിച്ച വിദേശ ഇന്ത്യക്കാരെ മോഡി സമ്പൂർണമായും നിരാശപ്പെടുത്തി. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. 2015ൽ ഇന്ത്യക്ക് ലഭിച്ച പ്രവാസിപണം 68,910 മില്യൺ ഡോളറായിരുന്നു. ഇത് ആഗോള പ്രവാസിപണത്തിന്റെ 12.45 ശതമാനമാണ്. ഈ സാഹചര്യത്തിൽ കോവിഡ് ദുരിതത്തിൽപ്പെട്ട പ്രവാസി ഇന്ത്യക്കാരോട് പ്രത്യേക കരുതൽ സ്വീകരിക്കേണ്ട കടമ കേന്ദ്രസർക്കാരിനുണ്ട്.

കേരളീയ സമൂഹത്തിലും സമ്പദ്ഘടനയിലും പ്രവാസം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആഭ്യന്തര ഉൽപ്പാദനത്തിന്റെ 36 ശതമാനം പ്രവാസികളുടെ പണമാണ്. ഈ പണം, ഇന്ത്യ പ്രവാസികളിൽനിന്ന്‌ ആർജിക്കുന്ന പണത്തിന്റെ 20 ശതമാനത്തിന്‌ മുകളിൽ വരും. വിദേശങ്ങളിൽ കുടുങ്ങിയ സ്വന്തം നാട്ടുകാരെ പ്രത്യേകവിമാനങ്ങളിൽ അതത് സർക്കാരുകൾ ഇപ്പോഴും എത്തിക്കുന്നുണ്ട്. കേരളത്തിൽനിന്ന്‌ ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് അവരുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുപോയിട്ടുണ്ട്. അസുഖബാധിതർ അടക്കമുള്ള വിദേശപൗരന്മാർ കേരളത്തിൽ സുരക്ഷിതരായിരുന്നു. രോഗബാധിതരെ നമ്മൾ ചികിത്സിച്ച് ഭേദമാക്കിയാണ് യാത്രയാക്കിയത്.

എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏറ്റവും ആപൽക്കരമായ അവസ്ഥ നേരിടുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നത് ഗൾഫ് മലയാളികളാണ്. അതുകൊണ്ടുതന്നെ പ്രവാസികളുടെ ദുരിതങ്ങളിൽ ഉള്ളുരുകി കഴിയുകയാണ് കേരളം. സംസ്ഥാന സർക്കാരിന്റെയും നോർക്കയുടെയും മലയാളി സംഘടനകളുടെയും ഇടപെടൽകാരണം ക്വാറന്റൈൻ സംവിധാനം ചില ഗൾഫ് രാജ്യങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിലേക്ക് തുറക്കുന്ന ആകാശവാതിലിനായി കാക്കുന്ന ഗൾഫ് മലയാളികളെ സുപ്രീംകോടതിയും മോഡിയും നൊമ്പരപ്പെടുത്തി. പ്രവാസികൾ ഇപ്പോൾ രാജ്യത്ത് പ്രവേശിക്കേണ്ടെന്നും അത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്ന നിരീക്ഷണമാണ് കേന്ദ്രനിലപാടിനെത്തുടർന്ന് സുപ്രീംകോടതി നടത്തിയത്. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ തയ്യാറാണെന്നും മുൻഗണനാ ക്രമത്തിൽ പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്നും കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.


 

ഗൾഫ് രാജ്യങ്ങളിൽമാത്രം 27 മുതൽ 30 ലക്ഷംവരെ മലയാളികളുണ്ട്. അവരെല്ലാം മടങ്ങിവരാൻ ആഗ്രഹിക്കുന്നവരല്ല. എന്നാൽ ഗർഭിണികൾ, 65 വയസ്സ് കഴിഞ്ഞ് രോഗങ്ങൾ വേട്ടയാടുന്നവർ, ഹൃദയ, വൃക്ക, ക്യാൻസർ രോഗികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, സന്ദർശക വിസയിലെത്തിയവർ - തുടങ്ങിയവരെ മുൻഗണന നൽകി നാട്ടിൽ കൊണ്ടുവരാൻ പ്രത്യേകവിമാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഇനിയും അമാന്തിക്കരുത്. ആഗോളവ്യാപകമായി പടരുന്ന വ്യാധിയുടെ പാപഭാരം പ്രവാസികളുടെ തലയിൽ കെട്ടിവയ്ക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. മറ്റുള്ളവരുടെ ദീനത തീർക്കാൻ പ്രവാസം സ്വീകരിച്ചവരാണ് ഏറെപ്പേരും. അവർക്കായി കേരളത്തിൽ പ്രത്യേക ക്വാറന്റൈൻ സംവിധാനം സംസ്ഥാനം ഒരുക്കിയിട്ടുണ്ട്.

ഭരണനയംകൊണ്ട്‌ മോഡി സർക്കാർ വിളംബരം ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് കാരണം വിദേശ ഇന്ത്യക്കാരാണെന്നും ചില പ്രത്യേക മതത്തിൽപ്പെട്ടവരാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമുള്ള മാനസികാവസ്ഥയാണ്. അതിന്റെ ഫലമാണ് ഗുജറാത്തിൽ കോവിഡ് ബാധിതർക്ക് ഹിന്ദുവാർഡും മുസ്ലിംവാർഡും സർക്കാർ ആശുപത്രിയിലുണ്ടാക്കിയത്. വിദേശ ഇന്ത്യക്കാർക്ക് എതിരെയുള്ള മോഡി സർക്കാരിന്റെ വിദ്വേഷ പ്രചാരണത്തിന്റെ ചൂടുകാറ്റേറ്റ് തിരിയുന്ന പങ്കയായി ഇവിടത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധഃപതിച്ചിരിക്കുകയാണ്. അതിന്റെ പരസ്യപ്രഖ്യാപനമാണ് സ്പ്രിങ്ക്‌ളർ വിവാദം. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സാങ്കേതിക അറിവ് സൗജന്യമായി പ്രദാനംചെയ്ത അമേരിക്കൻ മലയാളിയെ “ഡാറ്റാ കള്ളൻ’ എന്നുവിളിച്ച് അപമാനിക്കാൻ അല്ലെങ്കിൽ ഒരു പ്രതിപക്ഷനേതാവിന് കഴിയുമായിരുന്നില്ല.

പ്രതിപക്ഷനേതാവിന്റെ ആരോപണം സത്യവിരുദ്ധം
കോവിഡിന്റെ മറവിൽ വ്യക്തിവിവരങ്ങൾ അമേരിക്കൻ മലയാളിയുടെ കമ്പനിക്ക് വിറ്റുവെന്ന ചെന്നിത്തലയുടെ ആക്ഷേപം ശുദ്ധ വിവരക്കേടാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചയോ തെറ്റോ ചൂണ്ടിക്കാണിക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതും പ്രതിപക്ഷ പ്രവർത്തനത്തിന്റെ ഭാഗമാണ്. അതിലൂടെ കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ സർക്കാരിന് ഊർജം പകരുകയാണ് വേണ്ടത്. അതിനുപകരം കേരളത്തെ ലോകമാതൃകയാക്കി ഉയർത്തിയ പിണറായി വിജയൻ സർക്കാരിനെ കരിതേക്കാൻ അഴിമതി ആക്ഷേപവുമായി ഇറങ്ങിയ ചെന്നിത്തലയുടെയും കൂട്ടരുടെയും സങ്കുചിത മനസ്സിന് പ്രബുദ്ധകേരളം മാപ്പ് നൽകില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുംനട്ടുള്ള അധികാര ആർത്തിയാണ് ചെന്നിത്തലയെയും കൂട്ടരെയും ഇതിലേക്ക് നയിച്ചത്.

സമ്പർക്കവിലക്കിലുള്ള ഒരാൾ റോഡിലിറങ്ങുമ്പോൾ തന്നെ ആ വ്യക്തിക്ക് പൊലീസിന്റെ ഫോൺവിളിയെത്തും. മഹാമാരിയെ നിയന്ത്രിക്കാൻ അത്തരം കാര്യങ്ങൾ ചെയ്യാൻ സർക്കാർ സംവിധാനത്തെ പ്രാപ്തമാക്കിയത് ഐടി വകുപ്പ് ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനംകൊണ്ടാണ്. അതിനായി വിവര വിശകലനത്തിൽ പ്രാവീണ്യമുള്ള സ്പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം അതിന്റെ മേധാവിയായ മലയാളി രാജി തോമസ് സൗജന്യമായി കേരളത്തിന് നൽകുകയായിരുന്നു. സിപിഐ എമ്മിന്റെ അംഗീകൃതനയത്തിന് വിരുദ്ധമായാണ് അമേരിക്കൻ മലയാളിയുടെ കമ്പനിയെ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാക്കിയതെന്ന ചില കേന്ദ്രങ്ങളുടെ ആക്ഷേപം ദുഷ്ടലാക്കോടെയുള്ളതാണ്. സിപിഐ എമ്മിന്റെ നയത്തിന്‌ അനുസൃതമായി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനെ നയിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായി സർക്കാർ ഉടമസ്ഥതയിലാണ്. രാജ്യത്തിന് അകത്തുള്ള സെർവറുകളിലാണ് ഡാറ്റ സൂക്ഷിക്കുക. ശേഖരിക്കുന്ന കാര്യങ്ങൾ മറ്റൊന്നിനും ഉപയോഗിക്കില്ല. സ്പ്രിങ്ക്‌ളർ സേവനം സെപ്റ്റംബർ 24 വരെ സൗജന്യമാണ്. കാലാവധി നീട്ടിയാൽമാത്രം ഫീസ് നൽകിയാൽ മതി. ഇങ്ങനെ ഒരു സാമ്പത്തികബാധ്യതയും സർക്കാരിന് വരാത്ത ഇടപാടിൽ അഴിമതി ആക്ഷേപവുമായി ഇറങ്ങിയ പ്രതിപക്ഷനേതാവിന്റെ സമീപനം, കരുത്തോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ തുരങ്കം വയ്ക്കലാണ്. സർക്കാരിനെതിരെ കൃത്രിമതെളിവുകൾ വിളിച്ചുപറഞ്ഞ് പ്രതിപക്ഷ പ്രവർത്തനത്തിന് ജീവൻപകരാനുള്ള ഇമ്മാതിരി ഗിമ്മിക്കുകൾ അപഹാസ്യമാണെന്ന് ചെന്നിത്തല മനസ്സിലാക്കണം. ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷനേതാവിൽനിന്ന്‌ നാട് പ്രതീക്ഷിക്കുന്നതല്ല ഇത്തരം സമീപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top