26 April Friday

സമഗ്രമാകട്ടെ രാമായണവിചാരങ്ങള്‍

ഡോ. രാജേഷ്‌ ഒUpdated: Thursday Jul 16, 2020

കോവിഡ് മഹാവ്യാധി മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന സമയത്താണ് ഈവർഷത്തെ രാമായണമാസം കടന്നുവരുന്നത്. ദുരന്തങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഏതെങ്കിലും വിചാരയജ്ഞങ്ങൾക്കോ ആചാരാനുഷ്‌ഠാനങ്ങൾക്കോ വിശ്വാസപ്രമാണങ്ങൾക്കോ കഴിയില്ല. അവയുടെ ദൗത്യമണ്ഡലവും പ്രവർത്തനമേഖലയുമൊന്നും അതല്ല. എങ്കിലും മറ്റ് നിർണായക സന്ദർഭങ്ങളിലെന്നപോലെ സമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയും കെടാതെ സൂക്ഷിക്കുന്നതിനും ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ നവീകരിക്കുന്നതിനും സർഗാത്മക പ്രതിരോധം വളർത്തുന്നതിനുമുള്ള സാധ്യത അവയ്‌ക്കുണ്ട്. അവിടെയാണ് രാമായണത്തെ മുൻനിർത്തിയുള്ള ആലോചനകൾ പ്രസക്തമാകുന്നത്.

പ്രാദേശികവും തദ്ദേശീയവും അന്തർദേശീയവുമായ നിരവധി പരിഭാഷകളും പാഠങ്ങളും ആഖ്യാനോപാഖ്യാനങ്ങളും ആസ്വാദനങ്ങളും കാവ്യ–-കലാരൂപങ്ങളും ദാർശനികവിനിമയങ്ങളും ചരിത്രരേഖകളും അനുഷ്‌ഠാനപദ്ധതികളും വിശ്വാസപ്രമാണങ്ങളുമുള്ള അതിബൃഹത്തായ കാവ്യേതിഹാസമാണ് രാമായണം. അതുകൊണ്ട് അനേകം രാമായണങ്ങൾ ഈ ലോകത്തിലുണ്ട്. അധ്യാത്മരാമായണം മൂലകൃതി പല പണ്ഡിതരിൽനിന്നും രാമായണങ്ങൾ പലതും ശ്രുതിപ്പെട്ടിട്ടുണ്ട് (രാമായണാനി ബഹുശഃ/ശ്രുതാനി ബഹുഭിർ ദ്വിജൈഃ (അധ്യാത്മരാമായണം 2.4.77).  ""രാമായണങ്ങൾ പലവും കപിവരർ/രാമോദമോടു പറഞ്ഞുകേൾപ്പുണ്ടു ഞാൻ'' എന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിൽ തുഞ്ചത്താചാര്യൻ) എന്ന് സീതയിലൂടെ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.  മാത്രമല്ല, ഈ കൃതി തങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഉൾച്ചേർന്നതാണെന്ന് ദേശഭേദമെന്യേ ഏവർക്കും അവകാശമുന്നയിക്കാനും കഴിയും. അവയുടെയെല്ലാം കഥാശിൽപ്പങ്ങളും ആഖ്യാനഘടനയും രൂപഭാവതലങ്ങളും നിലവിലുള്ള വാത്മീകിരാമായണത്തിൽനിന്ന് തുലോം വ്യത്യസ്‌തവുമായിരിക്കും. 

അതവിടെ നിൽക്കട്ടെ. നമ്മുടെ രാമായണവിചാരത്തെക്കുറിച്ച് ഈ അവസരത്തിൽ ഒന്നാലോചിക്കാം. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിൽ പരിമിതപ്പെടുത്തി അതിലെ ഉത്തരകാണ്ഡത്തിലേക്ക് കടക്കാതെ യുദ്ധകാണ്ഡത്തിൽത്തന്നെ അവസാനിപ്പിക്കുന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും രാമായണപാരായണശീലം! അതായത് വനവാസത്തിനിടയിൽ നഷ്ടപ്പെട്ട സീതയെ വീണ്ടെടുത്ത് അയോധ്യയിൽ തിരിച്ചെത്തി ശ്രീരാമപട്ടാഭിഷേകം നടത്തുന്നതുവരെയുള്ള  കഥകളാണ് പലർക്കും രാമചരിതം! ""രാജാവും റാണിയും അങ്ങനെ  സുഖമായി കഴിഞ്ഞു'' എന്ന മട്ടിലുള്ള മുത്തശ്ശിക്കഥകളിലെ ശുഭാന്ത്യമാണവർക്ക് വേണ്ടത്.  ഭരണാധികാരി, പോരാളി, വനവാസി, പുരുഷൻ, ഭർത്താവ്, അച്ഛൻ, മകൻ, ശിഷ്യൻ എന്നീ നിലകളിലുള്ള ശ്രീരാമചന്ദ്രന്റെ വൈയക്തികവും സാമൂഹ്യവുമായ രേഖാപടം ഉത്തരകാണ്ഡംകൂടി പരിശോധിക്കാതെ നമുക്ക് ലഭിക്കുകയില്ല. അതിലുൾപ്പെടുന്ന രാക്ഷസവംശത്തിന്റെ ഉത്ഭവം, രാവണചരിതം, സീതാപരിത്യാഗം, ശംബൂകവധം, അശ്വമേധയാഗം, ശ്രീരാമന്റെയും സഹോദരങ്ങളുടെയും ദേഹത്യാഗം എന്നിവയെ മാറ്റിനിർത്താനും കഴിയില്ല. അതിലെ കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുമ്പോൾ തെറ്റുകുറ്റങ്ങളും പാകപ്പിഴകളൊന്നുമില്ലാത്ത ആദർശവ്യക്തിത്വമായി ശ്രീരാമനെ ഒരിക്കലും ഗ്രഹിക്കാനാകില്ല. അതിന് തയ്യാറല്ലാത്തവരാണ് രാമായണത്തിലെ ഉത്തരകാണ്ഡം അപ്രധാനമെന്നും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതെന്നുമൊക്കെ വിലയിരുത്തുന്നത്. ഹിംസാത്മകമായ തങ്ങളുടെ ചെയ്‌തികൾക്ക് ധർമസംസ്ഥാപനത്തിന്റെയും അതിന്റെ സംരക്ഷണത്തിന്റെയും വ്യാജമുഖം കൊടുത്ത് പരിണാമത്തിൽ മനുഷ്യരാശി പിന്തള്ളിയ അസംസ്‌കൃതമൂല്യങ്ങളെയും പ്രാക്തനവാസനകളെയും ഏകാധിപത്യത്തിന്റെ ബലകേന്ദ്രത്തിൽ തിരിച്ചെത്തിക്കാൻ പരിശ്രമിക്കുന്നവരും ഇതേ ചേരിയിൽ അടിയുറച്ചവരാണ്.     

കേവലമായ അർഥത്തിൽ ധർമപദത്തെ ഗ്രഹിക്കുന്നതിനുപകരം ത്രേതായുഗത്തിലെ ധർമനീതിയും ന്യായവ്യവസ്ഥയും  ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഭരണാധികാരിയെ വർത്തമാനകാലത്തുനിന്ന് പാരായണം ചെയ്യുകയാണ് വേണ്ടത്. ഒന്നിനെ അന്ധമായി പിന്തുടരുന്ന തനിയാവർത്തനമല്ല ധർമം. സ്ഥലം, കാലം, വ്യക്തികൾ, മൂല്യസംഹിതകൾ, ബാഹ്യാഭ്യന്തര പരിണാമങ്ങൾ, അവബോധത്തിന്റെ വിവിധ തലങ്ങൾ, ജീവിതാവസ്ഥകൾ എന്നിവയ്‌ക്കനുസൃതമായി ധർമാധർമങ്ങളുടെ വ്യാഖ്യാനവും നിർവചനങ്ങളും മാറിമറിഞ്ഞുവരും. ഇന്നലെകളിലെ ഏത് ധാർമികതയും നൈതികതയും ഇന്നിന്റെ ന്യൂനതകളും പോരായ്‌മകളും വൈകല്യങ്ങളും പാകപ്പിഴകളും ചേർന്നതായിരിക്കും. ഉദാഹരണത്തിന് നേരിട്ടെതിർക്കാത്ത ബാലിയെ ശ്രീരാമൻ ഒളിയമ്പെയ്‌ത്‌ കൊന്നത് തെറ്റായിരുന്നുവെന്നുതന്നെയാണ് മറ്റൊരവതാരകാലത്ത് ജരൻ എന്ന വേടന്റെ അമ്പേറ്റ് കൃഷ്‌ണൻ മരിക്കുന്നതിലൂടെ ഇതിഹാസകാരൻ സ്ഥാപിക്കുന്നത്. ബാലിവധം തെറ്റായിരുന്നുവെന്നതിന് ഇതിൽക്കവിഞ്ഞ തെളിവ് ആവശ്യമില്ലല്ലോ?

പിതാവായ ദശരഥന്റെ വാക്ക് പരിപാലിക്കുന്നതിന് രാജ്യാധികാരം വലിച്ചെറിഞ്ഞ് വനവാസത്തിന് പോയ ശ്രീരാമന്റെ പ്രഖ്യാതമായ ധാർമികതയും നൈതികതയും ബാലിവധംമുതൽക്കിങ്ങോട്ട് ക്ഷയിച്ചുവരുന്ന രേഖാചിത്രം നമുക്ക് രാമായണത്തിൽ കാണാം. ""ചാരിത്ര്യസന്ദേഹം വന്നവളായി എന്റെ മുന്നിൽ നിൽക്കുന്ന ഭവതി നേത്രരോഗിക്ക് ദീപംപോലെ എനിക്ക് അഹിതയായി തീർന്നിരിക്കുന്നു'' (യുദ്ധകാണ്ഡം 115–-17) എന്നും കുറേ കാലം അന്യഗൃഹത്തിൽ താമസിച്ചവളെ പ്രാപ്തചാരിത്രസന്ദേഹയായിട്ടേ ലോകം കാണൂ എന്നതിനാൽ തനിക്കിനി സീതയെക്കൊണ്ട് കാര്യമില്ലെന്നും ലക്ഷ്മണനെയോ ഭരതനെയോ ശത്രുഘ്നനെയോ സുഗ്രീവനെയോ വിഭീഷണനെയോ ഇഷ്ടംപോലെ സ്വീകരിക്കാമെന്നും (യുദ്ധകാണ്ഡം–- 115–-22–-23) ശ്രീരാമൻ സൂചിപ്പിക്കുന്നതിലൂടെ ഇത് സ്പഷ്‌ടമാണ്. തുടർന്ന്, സീതാദേവിയെ തീയിലേക്കെറിഞ്ഞ് സതിയാക്കലായിരുന്നു ഒരർഥത്തിൽ അഗ്നിപരീക്ഷ.

വൈകാരികവും താൽക്കാലികവുമായ ദുരാരോപണത്തിന് മുമ്പിൽ നിരുപാധികം അടിയറവു പറയുന്ന രാമന്റെ വികലമായ നീതിബോധമാണ് ഉത്തരകാണ്ഡത്തിൽ  കാണാൻ കഴിയുന്നത്. ഭരണാധികാരിയെന്ന നിലയിൽ ശ്രീരാമൻ  നിഷേധിച്ച നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ച് വിലയിരുത്തുന്ന കുമാരനാശാന്റെ "ചിന്താവിഷ്ടയായ സീത'യിൽ ""ദശരഥനെപ്പോലുള്ള രാജാക്കൻമാർ കിരീടം നൽകാമെന്ന ആശകൊടുത്തശേഷം പുത്രനെ താപസനാക്കും. ആ പുത്രനാകട്ടെ ഗർഭവതിയായ ഭാര്യയെ മഹാവനത്തിലേക്കയക്കുകയും ചെയ്യും. തന്റെ പ്രതിജ്ഞ പാലിക്കുന്നതിന് സ്വന്തം മകനെ കാട്ടിലുപേക്ഷിക്കുന്നതിന് തയ്യാറായ ഒരു രാജാവിന്റെ മകൻ ഗർഭിണിയായ ഭാര്യയെ കൊടുംകാട്ടിൽ ഉപേക്ഷിച്ചതിൽ ആശ്ചര്യമൊന്നുമില്ല. പ്രസിദ്ധരായ രാജാക്കൻമാർ ഇങ്ങനെ വ്യതിചലിക്കാൻ തുടങ്ങിയാൽ ധർമത്തിന്റെ വഴിക്ക് നാശമുണ്ടാകും. സത്യപരായണത്വത്തിന്റെ പേരിൽ ജനങ്ങളുടെ ആഗ്രഹം പരിശോധിക്കാതെ  രാജ്യാധികാരത്തിൽനിന്ന് സ്വയം മാറിനിൽക്കാൻ രാമനറിയാം. ലങ്കയിൽനിന്ന് അയോധ്യയിലേക്ക് തിരിച്ചുവന്ന സമയത്ത് ചക്രവർത്തിനിയായി സ്വീകരിക്കപ്പെട്ട താൻ മനുവംശത്തിന്റെ അങ്കുരത്തെ ഗർഭത്തിൽ വഹിച്ചപ്പോൾ നിന്ദ്യയായി തീർന്നത് എങ്ങനെയാണ്? ദുഷ്‌കീർത്തിയിലുള്ള അന്ധനും തന്റെ കീർത്തിദോഷത്തെ കഴുകിക്കളയുന്നതിൽ തൽപ്പരനുമായ രാമൻ അൽപ്പബുദ്ധികൾക്ക് ചേർന്നവിധം പ്രവർത്തിച്ചതുമൂലം തന്നെക്കുറിച്ചുള്ള അപവാദത്തെ സ്ഥിരീകരിക്കുകയാണ്'' എന്നെല്ലാം നിദർശിക്കുന്ന സീതയെ അവതരിപ്പിക്കുന്നത് ഈ ഉൾക്കാഴ്ചയുടെ വേരുറപ്പോടെയാണ്. 

രാവണകൃതം പാപം തുച്ഛമാ,ണവതീർണ്ണ/ ദൈവമേ, സ്‌ത്രീത്വത്തെ നീ ധിക്കരിച്ചതോർക്കുമ്പോൾ എന്ന് യൂസഫലി കേച്ചേരിയുടെ രാഘവീയത്തിലുള്ള പരാമർശവും ഇത്തരത്തിൽ ശ്രദ്ധേയമത്രേ. ദേവത്വപ്രാപ്തിക്ക് തലകീഴായി തപംചെയ്ത ശംബൂകനെന്ന ശൂദ്രയോഗിയുടെ ജാതിയും തപസ്സിന്റെ ലക്ഷ്യവുമറിഞ്ഞ ശ്രീരാമൻ അദ്ദേഹത്തെ നിർദാക്ഷിണ്യം വധിച്ചതിലും ഇതേ വിവേചനവും അനീതിയുമാണ് കുടികൊള്ളുന്നത്.  ഇങ്ങനെ വലുതും ചെറുതുമായ നിരവധി സന്ദർഭങ്ങൾ ധർമവിഗ്രഹമെന്ന് പുകൾപെറ്റ ശ്രീരാമന്റെ ജീവിതചര്യകളിൽ നമുക്ക് കണ്ടെത്താം. ഐതിഹാസികവും ചരിത്രപരവും സാമൂഹ്യവുമായ വ്യക്തിവിശേഷങ്ങളെ വിലയിരുത്തുമ്പോൾ അവരുടെ ഏതെങ്കിലുമൊരു ഭാഗംമാത്രം മുൻനിർത്തിക്കൊണ്ടുള്ള മഹത്വവൽക്കരണം ആരോഗ്യകരമല്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു.

ഒരു കൃതിയെ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുകയും അതിലെ കഥാപാത്രങ്ങളെയും സംഭവപരമ്പരകളെയും ജീവിതാഖ്യാനങ്ങളെയും വിവേകപൂർവം സ്വാംശീകരിക്കുകയും ചെയ്തെങ്കിലേ നമ്മുടെ ഉൾക്കാഴ്ചകൾ വികസിതമാകൂ, വായനയെന്ന  പ്രക്രിയയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാക്ഷാൽക്കൃതമാകൂ. അതിനുള്ള സാർഥകമായ ചുവടുവയ്‌പാകട്ടെ നമ്മുടെയെല്ലാം രാമായണപാരായണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top