26 April Friday

എംഐ 17 വി5 ഹെലികോപ്റ്റർ ,വ്യോമസേനയുടെ കരുത്തൻ; 8 വർഷത്തിനിടെ ആറ്‌ അപകടം

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021


ന്യൂഡൽഹി> എട്ട്‌ വർഷത്തിനിടെ എംഐ 17 വി5 ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് ആറാം തവണ. 2013 ജൂണിൽ ഉത്തരാഖണ്ഡിൽ പ്രളയരക്ഷാ ദൗത്യത്തിനിടെ എംഐ 17 വി5 ഹെലികോപ്റ്റർ തകർന്ന് 20 സൈനികർ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. അഞ്ച്‌ വ്യോമസേനാംഗങ്ങളും ആറ്‌ ഐടിബിപി ഭടൻമാരും ഒമ്പത്‌ എൻഡിആർഎഫ്‌ ഭടൻമാരുമാണ്‌ അന്ന് മരിച്ചത്‌. 2017 ഒക്‌ടോബർ ആറിന്‌ അരുണാചലിൽ വ്യോമസേനയുടെ ചോപ്പർ തകർന്നുവീണ്‌ ഏഴ്‌ സൈനികർ കൊല്ലപ്പെട്ടു.

2016ലും 18ലും സമാനമായ രണ്ട് അപകടംകൂടി നടന്നു. 2019 ഫെബ്രുവരിയിൽ ജമ്മു–-കശ്‌മീരിലെ ബദ്‌ഗാമിലുണ്ടായ അപകടത്തിൽ ആറ്‌ സൈനികരെ നഷ്ടമായി. ഒരു നാട്ടുകാരനും മരിച്ചു. ബാലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തിന്‌ പിന്നാലെയുണ്ടായ ഈ ദുരന്തം ഇന്ത്യൻ സേനയുടെതന്നെ അബദ്ധത്തിലുള്ള മിസൈൽ പ്രയോഗത്തിലാണ്‌ തകർന്നതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഈ വർഷം അരുണാചലിലെ തവാങ്ങിൽ എംഐ 17 ഹെലികോപ്‌ടർ തകർന്നുവീണ്‌ രണ്ട്‌ പൈലറ്റുമാർ അടക്കം അഞ്ച്‌ പേർ കൊല്ലപ്പെട്ടിരുന്നു.

അതിനുപിന്നാലെയാണ് സംയുക്തസേനാ മേധാവിയടക്കം 13 പേരുടെ ജീവനെടുത്ത ദുരന്തവും. പരിശീലനത്തിലെ പോരായ്‌മയും അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്പെടലിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് പോരായ്‌മയായി വ്യോമയാന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്‌. വ്യോമസേനാ ഹെലികോപ്‌റ്ററുകളുടെ അറ്റകുറ്റപ്പണികൾ വേണ്ടവിധമല്ലെന്ന വിമർശം സിഎജി അടക്കം നേരത്തേ ഉന്നയിച്ചിട്ടുമുണ്ട്‌.

എംഐ 17 വി 5 മേഡ് ഇൻ റഷ്യ

വ്യോമസേനയുടെ കരുത്തൻ
റിസർച്ച്‌ ഡെസ്‌ക്‌
ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായാണ് നൂതന സൈനിക–-ഗതാഗത ഹെലികോപ്‌റ്ററായ എംഐ-17 വി-5 അറിയപ്പെടുന്നത്. 2008-ലാണ്‌ 130 കോടി ഡോളറിന്‌ റഷ്യൻ ആയുധനിർമാതാക്കളായ റോസോബോറോനെക്സ് പോര്‍ട്ടില്‍നിന്നാണ്  80 എണ്ണം വാങ്ങാൻ ഇന്ത്യ  കരാർ ഒപ്പിട്ടത്. എംഐ8/ 17 ഹെലികോപ്‌റ്ററുകളുടെ ആധുനിക പതിപ്പാണിത്‌. സൈനികരെയും സൈനിക ഉപകരണങ്ങളും വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തവയാണിവ. 36 സീറ്റ്‌, ചരക്കുഗതാഗതം, എമർജൻസി ഫ്ലോട്ടേഷൻ സംവിധാനമുള്ളവയുമുണ്ട്. തന്ത്രപരമായ വ്യോമാക്രമണത്തിനും കരവഴിയുള്ള നീക്കങ്ങക്കും പേരുകേട്ടത്.

ഏത് കാലാവസ്ഥയിലും ഭൂമിശാസ്ത്രപരമായി പ്രതികൂല സാഹചര്യമുള്ളിടത്തും  ഇറക്കാം. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത. പ്രധാന ഇന്ധന ടാങ്കുകളുടെ പരിധി 675 കിലോമീറ്റർ. രണ്ട് സഹായ ടാങ്ക്‌ ഉപയോഗിച്ച് 1180 
കിലോമീറ്റർ പറക്കാം. 13,000 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ട്. 6000 മീറ്റർ ഉയരത്തിൽ പറക്കാനാകും. 2008ൽ കരാർ ഒപ്പിട്ടെങ്കിലും 2013-ലാണ് ആദ്യ  ഹെലികോപ്റ്റർ ഇന്ത്യയിലെത്തുന്നത്. അവസാബാച്ച് 2018ലും. സമാനമായ 71 എണ്ണം  കൂടി വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാർ ഒപ്പിട്ടിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top