26 April Friday

ഏറ്റെടുക്കാൻ 10 കടമ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 8, 2022

സിപിഐ എം പാർടി കോൺഗ്രസിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്‌ച കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ചയാണ്‌ നടന്നത്‌. കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൽ 10 കടമ ഏറ്റെടുക്കാനാണ്‌ നിർദേശിക്കുന്നത്‌.

(1)സ്ഥിരമായ വർഗ, -ബഹുജന സമരങ്ങളിലൂടെ രാഷ്‌ട്രീയ ഇടപെടൽ ശേഷി വർധിപ്പിച്ചും സ്വാധീനം വിപുലപ്പെടുത്തിയും സ്വന്തം നിലയിൽ രാഷ്‌ട്രീയ സ്വാധീനം ഉണ്ടാക്കുന്നതിന്‌ നിർബന്ധമായും മുൻഗണന നൽകണം.

(2)നവ ഉദാരവൽക്കരണ നയത്തിലൂടെ അരികുവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും അവരുടെ ജീവൽപ്രശ്‌നങ്ങൾ ഏറ്റെടുത്തു നടത്തുന്ന പ്രക്ഷോഭങ്ങളിൽ അണിനിരത്താൻ കഴിയണം. അവരെ ശക്തിപ്പെടുത്താൻ നടത്തുന്ന, തുടർച്ചയായി നടക്കുന്ന ഇത്തരം എല്ലാ പ്രക്ഷോഭത്തിലും പാർടി സക്രിയമായി ഇടപെടുകയും പങ്കെടുക്കുകയും വേണം.

(3)ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിൽ പാർടി ഉണ്ടാകണം. പല തട്ടിലായി സ്ഥിരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. ഹിന്ദുത്വശക്തികളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ വ്യക്തികളും സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും അടങ്ങുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിശാലമായ ഐക്യനിര ഉയർത്തിക്കൊണ്ടുവരണം.

(4)മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും അക്കാദമിക സ്വയംഭരണവും ഹനിക്കുന്ന അധികാരികളുടെ എല്ലാ നീക്കത്തിനുമെതിരെ പാർടി പ്രക്ഷോഭം സംഘടിപ്പിക്കണം. ഇത്തരം പ്രക്ഷോഭങ്ങളിൽ എല്ലാ ജനാധിപത്യശക്തികളുടെയും സഹകരണം തേടണം.

(5)സാമൂഹ്യനീതിക്കുവേണ്ടിയും സ്‌ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കുംനേരെ നടക്കുന്ന പീഡനങ്ങൾക്ക്‌ എതിരായും നടക്കുന്ന സാമൂഹ്യമായ പ്രക്ഷോഭങ്ങളെ നിർബന്ധമായും ശക്തിപ്പെടുത്തണം.

(6)ഹിന്ദുത്വശക്തികളുടെ ഭീഷണമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ച്‌ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കണം.

(7)വിജ്ഞാനവിരോധം, അന്ധവിശ്വാസം, അനാചാരം, യുക്തിഹീനത എന്നിവയ്‌ക്കെതിരെ ആശയപരവും സാമൂഹ്യവുമായ മുന്നേറ്റമുണ്ടാക്കണം. ശാസ്‌ത്രചിന്ത വളർത്താനും നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പാർടി മുൻപന്തിയിലുണ്ടാകണം.

(8)നമ്മുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ ജനതയിൽ സാമ്രാജ്യത്വവിരുദ്ധ അവബോധമുണ്ടാക്കണം. മുതലാളിത്തത്തിന്‌ ഏക ബദൽ സോഷ്യലിസമാണെന്ന പ്രചാരണം ശക്തിപ്പെടുത്തണം.

(9)അമേരിക്കൻ സാമ്രാജ്യത്വത്തിന്‌ കീഴടങ്ങുന്ന മോദി സർക്കാരിനെതിരെ ജനാഭിപ്രായം രൂപപ്പെടുത്തണം. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയം പുനഃസ്ഥാപിക്കാൻ സമരങ്ങൾ സംഘടിപ്പിക്കണം.

(10)കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ സംരക്ഷിക്കുകയും പാർടി പ്രവർത്തകർക്കുനേരെ രാജ്യമാകെ വിശേഷിച്ചും ബംഗാളിലും ത്രിപുരയിലും നടക്കുന്ന ഫാസിസ്റ്റ്‌ ശൈലിയിലുള്ള അക്രമങ്ങളെ പ്രതിരോധിക്കുകയും വേണം.

ഈ കടമകളാകും പാർടിയുടെ ഭാവിപ്രവർത്തനത്തിന്റെ മാർഗദർശകമായി മാറുക. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 12 പ്രതിനിധികൾ രാഷ്‌ട്രീയ പ്രമേയത്തിൻമേൽ വ്യാഴം ഉച്ചയ്‌ക്കുമുമ്പ്‌ നടന്ന ചർച്ചയിൽ പങ്കെടുത്തു. വെള്ളി ഉച്ചവരെ ചർച്ച തുടരും. ഉച്ചയ്‌ക്കുശേഷം ജനറൽ സെക്രട്ടറി മറുപടി പറയും. തുടർന്ന്‌ ഭേദഗതി നിർദേശങ്ങളും പൊളിറ്റ്‌ ബ്യൂറോ അഭിപ്രായവും സമ്മേളനത്തിൽ അവതരിപ്പിക്കും.

പെട്രോളിയം വിലവർധന പിൻവലിക്കണമെന്ന പ്രമേയവും വ്യാഴാഴ്‌ച പാർടി കോൺഗ്രസ്‌ അംഗീകരിച്ചു. വിലവർധനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഡോ. തോമസ്‌ ഐസക്‌ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top