26 April Friday

നഗരങ്ങളിലും തൊഴിലുറപ്പ്‌

പ്രൊഫ. കെ എൻ 
ഗംഗാധരൻUpdated: Saturday Jun 4, 2022

അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി നഗരങ്ങളിലെ അനഭ്യസ്‌തരായ തൊഴിൽരഹിതർക്ക്‌  ഉപജീവന മാർഗമാകുകയാണ്‌. അയ്യൻകാളി നഗരതൊഴിലുറപ്പ്‌ പദ്ധതി കേരളത്തിന്റെ തനതു സംഭാവനയാണ്‌. 2010ലാണ്‌ പദ്ധതി ആരംഭിച്ചത്‌. ആ മാതൃക പിന്തുടരാൻ മറ്റു സംസ്ഥാനങ്ങൾ തയ്യാറായില്ല. കോവിഡ്‌ സൃഷ്‌ടിച്ച അതിരൂക്ഷമായ തൊഴിലില്ലായ്‌മ മറിച്ചു ചിന്തിക്കാൻ മറ്റു സംസ്ഥാനങ്ങളെയും നിർബന്ധിതമാക്കി. ഹിമാചൽപ്രദേശ്‌, ഒഡിഷ, ജാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങൾ 2020ൽ നഗര തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ചു. എന്നാൽ, അവ കേന്ദ്രപദ്ധതിയുടെ വികൃത അനുകരണം മാത്രമാണ്‌. കേന്ദ്ര സർക്കാരിന്റെ സ്വർണ ജയന്തി റോസ്‌ ഗാർ യോജനയും  പകരംവന്ന ദേശീയ നഗര ഉപജീവന മിഷനും തൊഴിൽ ഉറപ്പു ചെയ്യുന്നില്ല. അതാണ്‌ അതിന്റെ മുഖ്യ പോരായ്‌മയും. എങ്കിൽപ്പോലും കുടുംബശ്രീ നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രശംസ പിടിച്ചുപറ്റി. അയ്യൻകാളി തൊഴിലുറപ്പ്‌ പദ്ധതി തൊഴിൽ ഉറപ്പു ചെയ്യുന്നു. മാത്രമല്ല, അമ്പതു ശതമാനം തൊഴിലവസരം സ്‌ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയാകട്ടെ വനിതകൾക്ക്‌ ചുരുങ്ങിയത്‌ മൂന്നിലൊന്ന്‌ തൊഴിൽ മാത്രമേ ഉറപ്പു ചെയ്യുന്നുള്ളൂ.

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയോട്‌ തണുപ്പൻ സമീപനമാണ്‌ 2014 മുതലേ കേന്ദ്രം സ്വീകരിച്ചു പോരുന്നത്‌. ഓരോ ബജറ്റിലും ഏറ്റവും കുറച്ചുമാത്രം തുക വകയിരുത്താൻ കേന്ദ്രം ശ്രദ്ധിച്ചു പോന്നിട്ടുണ്ട്‌. 2021–-22 ലെ ബജറ്റ്‌ വകയിരുത്തുന്നത്‌ 73,000 കോടി രൂപയാണ്‌. മുൻവർഷത്തേക്കാൾ 1,11,500 കോടി രൂപ ആയിരുന്നിട്ടും. അതേപോലെ 2020–-21 ബജറ്റ്‌ നീക്കിവച്ചത്‌ 61,500 കോടിയായിരുന്നു. അതിനും മുൻവർഷം ചെലവ്‌ 71,687 കോടിയായിരുന്നുവെന്ന വസ്‌തുത പരിഗണിച്ചതേയില്ല. 2020–-21 ലെ ബജറ്റ്‌ നീക്കിവച്ചതാകട്ടെ 73,000 കോടിമാത്രവും. ആത്മാർഥതയില്ലാത്ത നിലപാടാണ്‌ കേന്ദ്ര സർക്കാർ തുടർച്ചയായി സ്വീകരിക്കുന്നത്‌. വൻകിട മുതലാളിമാർ വൻവ്യവസായങ്ങൾ ആരംഭിക്കുമ്പോൾ തൊഴിലവസരങ്ങൾ സ്വാഭാവികമായി വർധിച്ചുകൊള്ളുമെന്ന മുതലാളിത്ത സിദ്ധാന്തമാണ്‌ കേന്ദ്ര സർക്കാരിനെ നയിക്കുന്നത്‌.

ഇന്ത്യയൊട്ടാകെ നഗര തൊഴിലുറപ്പ്‌ പദ്ധതി വ്യാപിപ്പിക്കണമെന്ന ലോക്‌‌സഭയുടെ തൊഴിൽ സംബന്ധിച്ച സ്‌റ്റാൻഡിങ്‌ കമ്മിറ്റി 2021 ആഗസ്‌തിൽ ശുപാർശ ചെയ്‌തത്‌ കോവിഡ്‌ സാഹചര്യത്തിൽ ലക്ഷക്കണക്കിന്‌ തൊഴിലാളികൾ തൊഴിൽ നഷ്‌ടപ്പെട്ട്‌ സ്വന്തം ഗ്രാമങ്ങളിലേക്ക്‌ പലായനം ചെയ്‌ത സാഹചര്യത്തിലായിരുന്നു. ഈ ശുപാർശ സാധ്യമല്ലെന്ന നിഷേധാത്മക നിലപാടാണ്‌ പാർലമെന്റിൽ കേന്ദ്രം കൈക്കൊണ്ടത്‌. കേരളത്തിന്റെ അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. തദ്ദേശസ്ഥാപനങ്ങൾക്കാണ്‌ നടത്തിപ്പ്‌ ചുമതല. 2015–-16 വരെ തീരെ മന്ദഗതിയിലായിരുന്നു നടപ്പാക്കലെന്ന്‌ സ്ഥിതിവിവരങ്ങൾ വെളിപ്പെടുത്തുന്നു. 2015–-16ലെ ബജറ്റ്‌ വകയിരുത്തിയത്‌ 12.70 കോടി രൂപയായിരുന്നു. ചെലവിട്ടത്‌ 7.48 കോടി. അതായത്‌ 31.39 ശതമാനം. 3,74,613 തൊഴിൽദിനം സൃഷ്‌ടിച്ചു. അതേസമയം, 2021–-22ൽ 113.34 കോടി രൂപ ചെലവിട്ട്‌ 46.33 ലക്ഷം തൊഴിൽദിനം സൃഷ്‌ടിച്ചു.

തൊഴിലില്ലായ്മയുടെ വിവരങ്ങൾ ഒന്നുകിൽ ആകെ തൊഴിൽരഹിതർ അല്ലെങ്കിൽ വളർച്ച നിരക്ക് എന്ന രീതിയിലാണ് പൊതുവെ പരാമർശിക്കാറ്. തന്മൂലം പല വസ്തുതകളും വെളിപ്പെടാതെ പോകുന്നു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മയാണ് കൂടുതൽ രൂക്ഷം. ജനസംഖ്യയിൽ തൊഴിലുള്ളവരും തൊഴിലന്വേഷകരും ഉൾപ്പെട്ട തൊഴിൽപങ്കാളിത്ത നിരക്ക് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒന്നല്ല. ഗ്രാമങ്ങളിലെ പങ്കാളിത്ത നിരക്ക് 35.86 ശതമാനവും നഗരങ്ങളിൽ 33.16 ശതമാനവുമാണ്. നഗരങ്ങളിൽ കുറവ് എന്നർഥം. പത്ത് ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. അത് അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലാണ്. 7.4 ശതമാനം പുരുഷന്മാരും 15.1 ശതമാനം സ്ത്രീകളും തൊഴിൽരഹിതരാണ്. നഗരങ്ങളിലെ തൊഴിൽരഹിതരായ സ്ത്രീകൾ 16.7 ശതമാനവും പുരുഷന്മാർ 13.8 ശതമാനവുമാണ്. നഗരങ്ങളിലെ യുവാക്കളിൽ33.8  ശതമാനം പേർ തൊഴിൽരഹിതരാണ് (സാമ്പത്തിക അവലോകനം–- 2021 കേരള സംസ്ഥാന പ്ലാനിങ്‌ ബോർഡ്).

നഗരങ്ങളിലെ തൊഴിലില്ലായ്മ വർഷം മുഴുവൻ നീളുന്നതാണ്, പ്രധാനമായും കൃഷിയുമായി ബന്ധപ്പെടുന്നതിനാൽ, ഗ്രാമങ്ങളിലേത് സീസണലാണ്. അതായത് വിതയും കൊയ്ത്തുമുള്ള മാസങ്ങളിൽ തൊഴിലുണ്ടാകും. അല്ലാത്തപ്പോൾ തൊഴിൽരഹിതരായിരിക്കും. ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെ സൂചകമാണ് മുനിസിപ്പാലിറ്റികളുടെ വർധന. 1961ൽ സംസ്ഥാനത്തുണ്ടായിരുന്നത് ആകെ 28 മുനിസിപ്പാലിറ്റി. ഇപ്പോൾ 87. അതേപോലെ, 1961ൽ ഒരു കോർപറേഷൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ആറ്‌.

നഗരങ്ങളിലെ ജനസംഖ്യ വരുംവർഷങ്ങളിൽ കാര്യമായി വർധിക്കും. മൊത്തം ജനസംഖ്യയിലെ വർധനമൂലമല്ല അത്. മറ്റു സ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാ വളർച്ച നിരക്ക് നിയന്ത്രിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. നഗരവൽക്കരണവും ജനസംഖ്യാ വർധന നിരക്കും തമ്മിൽ നേരിട്ടു ബന്ധമില്ല.

ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് നഗര ജനസംഖ്യ ദ്രുതഗതിയിൽ വളരുകയാണ്. ഒപ്പം നഗരങ്ങളിലെ തൊഴിൽരഹിതരുടെ എണ്ണവും. സ്വാഭാവികമായും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. പ്രതിവർഷം 100 തൊഴിൽദിനം നൽകാൻ കഴിയണം. ഒപ്പം കൂലി വർധനയും ആവശ്യമാണ്. കൂടുതൽ തൊഴിലാളികളെ ജോലിയിലേക്ക് ആകർഷിക്കാൻ അത് ആവശ്യമാണ്.

നിലവിൽ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളിയുടെയും അയ്യൻകാളി തൊഴിലുറപ്പ്‌ തൊഴിലാളിയുടെയും കൂലി നിരക്കുകൾ ഒന്നാണ്. ദിവസം 311 രൂപ. അതു തീരെ അപര്യാപ്തമാണ്. പ്രതിദിന വേതനം ഉയർത്തേണ്ടതുണ്ട്. കേന്ദ്രസഹായമില്ലാതെ സംസ്ഥാനം തനതായി നടപ്പാക്കുന്ന പദ്ധതിയെന്ന നിലയിൽ, കൂടുതൽ തൊഴിൽമേഖലകൾ തെരഞ്ഞെടുക്കാൻ കഴിയേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top