26 April Friday

വൈദ്യുതി സ്വകാര്യവൽക്കരണത്തിനെതിരെ പോരാട്ടം

കെ ജയപ്രകാശ്Updated: Friday Dec 3, 2021

കെഎസ്ഇബി ജീവനക്കാരുടെ പ്രമുഖ സംഘടനയായ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ 27–--ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ചേരുകയാണ്. 1970- ജനുവരിയിൽ രൂപീകരിക്കുമ്പോൾ എഴുന്നൂറിൽപ്പരം അംഗങ്ങൾ മാത്രമുണ്ടായിരുന്ന സംഘടന ഇന്ന് മേഖലയിലെ 60 ശതമാനത്തിലധികം ജീവനക്കാർ അംഗങ്ങളായുള്ള സംഘടനയായി. 

കെഎസ്‌ഇബിയിൽ സ്പോട്ട് ബില്ലിങ്‌, മോഡൽ സെക്‌ഷൻ, കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയ മൗലികമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ  അസോസിയേഷൻ നിർണായക പങ്കുവഹിച്ചു. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ സമ്പൂർണ വൈദ്യുതീകരണ പദ്ധതി വിജയിപ്പിക്കുന്നതിൽ സംഘടന മുന്നിലുണ്ടായിരുന്നു.

തൊഴിലാളി വർഗം അതിഗുരുതരമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. തൊഴിലാളികളുടെ ജീവിതത്തിനും ജീവിതോപാധികൾക്കുംനേരെ കടുത്ത ആക്രമണങ്ങളാണ് കേന്ദ്രഭരണം അഴിച്ചുവിടുന്നത്. മറ്റെല്ലാ മേഖലയും എന്നതുപോലെ രാജ്യത്തെ വൈദ്യുതിവിതരണ മേഖല സ്വകാര്യകുത്തകകൾക്ക് തീറെഴുതുന്നതിനുള്ള നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. - ജനങ്ങളുടെ നികുതിപ്പണംകൊണ്ട് കെട്ടിയുയർത്തിയ വൈദ്യുതിവിതരണ ശൃംഖലകൾ കൈമാറി കൊള്ളലാഭം കൊയ്യാൻ വൻകിട കോർപറേറ്റുകൾക്ക് അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണക്കമ്പനികളെ അനുവദിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ കഴിയുമെന്നും കമ്പനികൾ മത്സരിച്ച് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുമെന്നും അതുവഴി  വൈദ്യുതി വില കുറയുമെന്നുമുള്ള കപടവാഗ്ദാനങ്ങളാണ് കേന്ദ്ര ഊർജ മന്ത്രി  നൽകുന്നത്.

  സ്വകാര്യ കമ്പനികൾ അവർക്ക്‌ ലാഭം കൊയ്യാൻ കഴിയുന്ന നഗര, വാണിജ്യ- വ്യവസായ മേഖലകളിലെ വൈദ്യുതി വിതരണം നടത്താനാണ് തയ്യാറാകുക. ഉയർന്ന വൈദ്യുതി ചാർജ്‌ താങ്ങാനാകാതെ പാവങ്ങൾ വൈദ്യുതി ഉപേക്ഷിക്കേണ്ടിവരും. കൃഷിയും ചെറുകിട വ്യവസായങ്ങളും തകരും. ഉൽപ്പാദനമേഖല മുരടിക്കും. തൊഴിലില്ലായ്മ പെരുകും. സാമ്പത്തികവളർച്ച മുരടിക്കും. വ്യവസായങ്ങളുടെ വ്യവസായമായ വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നത് രാജ്യത്തിന്റെ ഉൽപ്പാദനമേഖലയുടെ മത്സരക്ഷമത കുറയ്ക്കുന്നതിനും ഇന്ത്യൻ വിപണി വിദേശ ഉൽപ്പന്നങ്ങളുടെ പറുദീസയായി മാറുന്നതിനും ഇടയാക്കും. ആധുനിക ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഊർജരൂപമാണ് വൈദ്യുതി. താങ്ങാവുന്ന വിലയ്ക്ക് നൽകിയെങ്കിലേ കോടിക്കണക്കിന് സാധാരണക്കാർക്ക് വൈദ്യുതി ഉപയോഗിക്കാനാകൂ. വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം സാധാരണക്കാരുടെ ജീവിതം ഇരുട്ടിലാക്കും.

വൈദ്യുതി വിറ്റ് കോർപറേറ്റ് യജമാനന്മാർക്ക് ലാഭമുണ്ടാക്കാൻവേണ്ടി മാത്രമാണ് കേന്ദ്ര സർക്കാർ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നത്.  വിനാശകരമായ ഈ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലാണ്. എല്ലാ സംഘടനയെയും കൂട്ടിയോജിപ്പിച്ച് അഖിലേന്ത്യാതലത്തിൽ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്സ് എന്ന വിശാലവേദി രൂപീകരിച്ച് പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുകയാണ്‌.  ഇതര മേഖലയിലുള്ള ട്രേഡ് യൂണിയൻ, വർഗ ബഹുജന സംഘടനകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ച് പ്രക്ഷോഭങ്ങളിൽ അണിനിരത്തുന്നതിനുള്ള  പ്രവർത്തനമാണ് വർക്കേഴ്സ് അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.  ഈ അവസരത്തിൽ കേരള നിയമസഭ കേന്ദ്ര നിയമഭേദഗതിക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയത് പ്രക്ഷോഭത്തിന്‌ വലിയ ആവേശം പകർന്നു. മറ്റു സംസ്ഥാന സർക്കാരുകളും നിയമഭേദഗതിക്കെതിരെ രംഗത്തുവരുന്നതിന് കേരളത്തിലെ എൽഡിഎഫ് സർക്കാർ വഴികാട്ടിയായി.

കേരളത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാക്കാൻ എൽഡിഎഫ് സർക്കാരിന്‌ സാധിച്ചു. 10,000 കോടി രൂപ ചെലവഴിച്ച്‌ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് വിവിധ ഘട്ടം പൂർത്തീകരിച്ചു. വിതരണ ലൈനുകൾ നവീകരിച്ച് തടസ്സമില്ലാത്ത ഗുണമേന്മയുള്ള വൈ ദ്യുതി ഉറപ്പുവരുത്താൻ 4036 കോടി രൂപയുടെ വൈദ്യുതി പദ്ധതി നടപ്പാക്കിവരുന്നു. ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പാക്കി. സൗരോർജത്തിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ‘സൗര’ പദ്ധതി നടപ്പാക്കിവരുന്നു. കെ- ഫോൺ, ഇ- മൊബിലിറ്റി, ഇ- സേഫ് പദ്ധതികളും നടപ്പാക്കുന്നു. എല്ലാവർക്കും വൈദ്യുതി, ഗുണമേന്മയുള്ള ഇടതടവില്ലാത്ത വൈദ്യുതി കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് കെഎസ്ഇബിയുടെ ലക്ഷ്യം.

കെഎസ്ഇബിയെ ലോകോത്തര നിലവാരമുള്ള സ്ഥാപനമാക്കണം. കാലോചിതമായ പരിഷ്കാരങ്ങൾ വേണം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത്‌ അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കാൻ പാടുള്ളൂ. കാര്യക്ഷമതയും സാമ്പത്തിക ഭദ്രതയും കൈവരിച്ച് ഉപഭോക്തൃ സംതൃപ്തമാക്കണം.

(കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top