07 May Tuesday

ഐക്യത്തോടെ മുന്നോട്ട‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 1, 2019

 

സിഐടിയു മെയ് ദിന മാനിഫെസ്റ്റോ

ഈ മെയ‌്ദിനത്തിൽ, സിഐടിയു ലോകമെങ്ങുമുള്ള പണിയെടുക്കുന്നവർക്ക്  ഊഷ്‌മളമായ സാഹോദര്യത്തിന്റെ അഭിവാദനങ്ങളർപ്പിക്കുന്നു. തങ്ങളുടെ പൊരുതി നേടിയ അവകാശങ്ങൾക്കുനേരെ നവലിബറലിസം കടുംപിടുത്തത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനായുള്ള അവരുടെ പോരാട്ടങ്ങളോട് ഐക്യദാർഢ്യപ്പെടുന്നു.

സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ നടന്ന കുത്തിത്തിരുപ്പുകളെയും വിധ്വംസക പ്രവർത്തനങ്ങളെയും വെനസ്വേലയിലും സിറിയയിലും പലസ‌്തീനിലും ഇറാഖിലും യമനിലും അഫ്ഗാനിസ്ഥാനിലും മറ്റ് രാജ്യങ്ങളിലുമായി നടത്തുന്ന ആക്രമണങ്ങളെയും ഏറ്റവും കടുത്ത ഭാഷയിൽ അപലപിക്കുന്നു; അമേരിക്കൻ സാമ്രാജ്യത്വ ഗൂഢാലോചനകൾക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ഈ രാജ്യങ്ങളിലെ ജനങ്ങളോടും അവിടത്തെ പുരോഗമന ശക്തികളോടും എല്ലാ ഐക്യദാർഢ്യവും അറിയിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം, ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയെ ചെറുത്തുതോൽപ്പിക്കുന്നതിനും ചൂഷണരഹിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് പ്രവേശിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ അവിഭാജ്യഘടകമാണ് എന്ന കാര്യം സിഐടിയു ഊന്നിപ്പറയുന്നു. സോഷ്യലിസത്തെ സംരക്ഷിക്കുന്നതിലും തങ്ങളുടെ സാമൂഹ്യവ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന് ബാഹ്യ ഇടപെടലുകളില്ലാതെ സ്വയം തീരുമാനിക്കുന്നതിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങൾക്കൊപ്പമാണ് സിഐടിയു.

ലോകത്തെമ്പാടുമായി തങ്ങളുടെ അവകാശങ്ങളും കൂലിയും തൊഴിൽ സാഹചര്യങ്ങളും സംരക്ഷിക്കുന്നതിനായി വർധിതമായ തോതിൽ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്ന തൊഴിലാളികളെ സിഐടിയു അനുമോദിക്കുന്നു.  രാജ്യവ്യാപകമായി നടന്ന ദ്വിദിന പണിമുടക്ക്‌  ഗംഭീരവിജയമാക്കിയ ഇന്ത്യൻ തൊഴിലാളിവർഗത്തെ സിഐടിയു അനുമോദിക്കുന്നു; പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒപ്പം അണിനിരന്ന എല്ലാ പുരോഗമനവാദികളോടും സിഐടിയുവിനുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി  തങ്ങളുടെ അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങൾക്കുനേരെ ഭരണവർഗം അവരുടെ ഗുണ്ടകളെ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളെ ധീരമായി ചെറുത്തുപോരുന്ന തൊഴിലാളിവർഗത്തെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു. കേരളത്തിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനായി  അറുപിന്തിരിപ്പൻ പ്രതിലോമപരമായ ഹിന്ദുത്വപ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ സുപ്രീംകോടതിയടക്കമുള്ള ഭണഘടനാസ്ഥാപനങ്ങളെ  തുരങ്കംവയ‌്ക്കുകയാണ് മോഡി സർക്കാർ. ഇടതുപക്ഷത്തിന്റെ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടും  കൊലപാതകങ്ങൾ നടത്തിയും പകയും വിദ്വേഷവും പടർത്തുകയാണ് ആർഎസ്എസ് ഗുണ്ടകൾ.

ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ രാജ്യത്താകെയും വിശേഷിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സിഐടിയു ശക്തമായ രോഷം രേഖപ്പെടുത്തുന്നു. ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അടിച്ചമർത്താൻ ശ്രമിക്കുന്ന, അതീവപിന്തിരിപ്പനും ശ്രേണീബദ്ധവുമായ മനുസ‌്മൃതിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധമായ ബിജെപിയും ആർഎസ്എസും തങ്ങളുടെ തെരഞ്ഞെടുപ്പ്  നേട്ടങ്ങൾക്ക് മാത്രമായി ദളിതരെ അനുനയിപ്പിക്കാനും കബളിപ്പിക്കാനും നോക്കുകയാണ്. സിഐടിയു അടിവരയിട്ടു പ്രഖ്യാപിക്കുകയാണ്, ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയതയായാലും മതമൗലികതയായാലും അവ പരസ‌്പരം പോറ്റുകയാണ്. ഏത് നിറത്തിലും തരത്തിലുമുള്ള വർഗീയതയാണെങ്കിലും, അത് ജനങ്ങളെ ഭിന്നിപ്പിക്കാനും അവരുടെ ഐക്യം തകർക്കാനും അവരുടെ നിത്യജീവിത പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനും യഥാർഥ കുറ്റവാളിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ തളർത്താനും മാത്രമേ സഹായിക്കൂ. വാസ‌്തവത്തിൽ, നവലിബറൽ നയങ്ങളും ചൂഷണവ്യവസ്ഥയുമാണ് യഥാർഥ കുറ്റവാളികൾ; എല്ലാത്തരം വർഗീയതകളും ചൂഷകവർഗത്തെയാണ് സേവിക്കുന്നത്.

നവലിബറലിസത്തിന് കീഴിൽ, വളരെച്ചുരുക്കം പേർ, പണിയെടുക്കുന്നവരെ നിർദയം ചൂഷണം ചെയ‌്തും ചങ്ങാത്ത മുതലാളിത്തം വഴിയും നികുതിവെട്ടിപ്പ് നടത്തിയും പൊതുസ്വത്തും പ്രകൃതിവിഭവങ്ങളും - ഭൂമിയും കാടും ഖനികളും നദികളുമടക്കം - തട്ടിപ്പറിച്ചെടുത്തും സമ്പത്ത് കുന്നുകൂട്ടുകയാണ്. അവർ ദരിദ്ര കർഷകരെയും ആദിവാസികളെയും മറ്റും തുരത്തിയോടിക്കുകയാണ്.

സമ്പത്ത് അതുൽപ്പാദിപ്പിക്കുന്നവർക്ക് ഉള്ളതാണ് എന്ന മുദ്രാവാക്യമുയർത്തി മെയ‌്ദിനം ആചരിക്കണമെന്ന വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ‌് യൂണിയൻസിന്റെ ആഹ്വാനത്തെ സിഐടിയു പൂർണമായും പിന്തുണയ‌്ക്കുന്നു.

ഈ മെയ് ദിനത്തിൽ, നമ്മുടെ ഇന്ത്യാ രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ സിഐടിയു രാജ്യത്തെ തൊഴിലാളിവർഗത്തോടും അധ്വാനിക്കുന്ന മുഴുവൻ ജനങ്ങളോടും പുരോഗമനവാദികളും ദേശസ‌്നേഹികളുമായ ജനങ്ങളോടാകെയും അഭ്യർഥിക്കുന്നത്, കോർപറേറ്റുകൾ കൽപ്പിക്കുന്ന നവലിബറൽ അജൻഡകളും ആർഎസ്എസ് നിർദേശിക്കുന്ന വർഗീയവിഘടന നയങ്ങളും അക്രമാസക്തമായി പിന്തുടരുന്ന, തൊഴിലാളിവിരുദ്ധ  ബിജെപിക്ക് നിർണായക പരാജയം ഉറപ്പാക്കണമെന്നാണ്. പാർലമെന്റിൽ, അധ്വാനിക്കുന്നവരുടെ യഥാർഥ സുഹൃത്തായ   ഇടതുപക്ഷത്തിന്റെ സാന്നിധ്യം വർധിപ്പിക്കാൻ സിഐടിയു ഇന്ത്യൻ ജനതയോട് ആഹ്വാനം ചെയ്യുന്നു.

ആഗോളതലത്തിൽത്തന്നെ നവലിബറലിസം കൂടുതൽ അപകീർത്തി നേരിടുമ്പോൾ, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നിർദേശങ്ങൾക്കൊത്ത് ബിജെപി സർക്കാർ അത‌് കൂടുതൽ അക്രമാസക്തമായി നടപ്പാക്കിപ്പോരുന്നത്, ബിസിനസ‌് നടത്തിപ്പ് കൂടുതൽ എളുപ്പമാക്കിത്തീർക്കുകയും അതുവഴി ജനങ്ങളെയും രാജ്യത്തിന്റെ വിഭവങ്ങളെയും കൊള്ളയടിക്കാനുള്ള എളുപ്പം വർധിപ്പിക്കുകയും ചെയ‌്തുകൊണ്ടാണ‌്. തൊഴിലാളികളുടെ അടിസ്ഥാന തൊഴിൽ- ട്രേഡ‌് യൂണിയൻ അവകാശങ്ങളും ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരമായ അവകാശങ്ങളും ഗുരുതരമായ വെല്ലുവിളിയാണ് നേരിടുന്നത്. തൊഴിലാളികളെ അടിമസമാനമാക്കുന്ന സാഹചര്യങ്ങളാണ്  വരുത്തിത്തീർക്കുന്നത്. എതിരായി ഉയരുന്ന ശബ്ദങ്ങളെല്ലാം ഞെരിച്ചുടയ‌്ക്കുകയാണ‌്. മനുഷ്യാവകാശ പ്രവർത്തകർ ഭീഷണിയിലാണ്, ആക്രമിക്കപ്പെടുകയും തടവിലടയ‌്ക്കപ്പെടുകയും പലപ്പോഴും കൊല ചെയ്യപ്പെടുകയുമാണവർ.

സാമ്രാജ്യത്വ നേതൃത്വത്തിലുള്ള നവലിബറലിസം ബിജെപി ഭരണത്തിൽ തുടർച്ചയായി തീവ്രതകൂട്ടി വരുന്നതുകൊണ്ട്, തൊഴിൽരഹിത, തൊഴിൽനഷ്ട വളർച്ചയിലേക്ക് നീങ്ങുകയാണ്. തൊഴിൽദായകമായ ഒരു സ്വകാര്യനിക്ഷേപവും നടക്കുന്നില്ല, വ്യവസായങ്ങൾ അടച്ചുപൂട്ടുകയാണ്. തൊഴിലില്ലായ‌്മ അപകടകരമാംവിധം വർധിക്കുന്നു. 45 വർഷത്തിനകമുള്ള ഏറ്റവും കൂടിയ തൊഴിലില്ലായ‌്മയാണ‌് ഈ വർഷം.

തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ, രാജ്യത്തെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ ഉപജീവനമാർഗവും ജീവിതവും തൊഴിൽ സാഹചര്യവും സംരക്ഷിക്കാനായുള്ള പ്രക്ഷോഭങ്ങൾ വളർന്നുവരുന്നതിനെ സിഐടിയു  സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ ഉറപ്പിച്ചുനിർത്താനായി ദളിതരും ആദിവാസികളുമടക്കമുള്ള വിവിധ വിഭാഗം ജനങ്ങളുടെ വളർന്നുവരുന്ന പ്രക്ഷോഭങ്ങളെയും സിഐടിയു സ്വാഗതം ചെയ്യുന്നു.

തെരഞ്ഞെടുപ്പിൽ ഏതു ഗവൺമെന്റ് തന്നെ അധികാരത്തിലെത്തിയാലും തങ്ങളുടെ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്ന് തൊഴിലാളിവർഗത്തോടും മറ്റ‌് അധ്വാനിക്കുന്ന വിഭാഗങ്ങളോടും സിഐടിയു ആഹ്വാനം ചെയ്യുന്നു. രാജ്യത്തെ തൊഴിലാളിവർഗവും അധ്വാനിക്കുന്ന ഇതരവിഭാഗങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ ഒരു ത്രിമുഖസമരം വേണമെന്ന തങ്ങളുടെ ഉറച്ചബോധ്യത്തെ ഈ മെയ‌്ദിന‌ വേളയിൽ സിഐടിയു ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. നവ ലിബറലിസത്തിനെതിരായ പ്രക്ഷോഭം, വിഘടന -വർഗീയ -ജാതീയ ശക്തികൾക്കെതിരായ പ്രക്ഷോഭം, അതോടൊപ്പം ഏകാധിപത്യത്തിനെതിരായ സമരവും. ഈ വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിന് രാജ്യത്തെ മുഴുവൻ തൊഴിലാളികളെയും അണിനിരത്തുന്നതിനുള്ള അതിന്റെ ദൃഢനിശ്ചയം സിഐടിയു ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ എല്ലാ വിഭാഗങ്ങളുടെയും ഐക്യം ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും അവരെ ഐക്യസമരത്തിൽ അണിനിരത്താനുമുള്ള സിഐടിയുവിന്റെ ശക്തമായ തീരുമാനം ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ജനവിരുദ്ധ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഭരണക്രമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് സിഐടിയു ഉറച്ച് വിശ്വസിക്കുന്നു.

രാജ്യത്തെ ആദ്യത്തെ അഖിലേന്ത്യാ ട്രേഡ‌് യൂണിയൻ സ്ഥാപിച്ചതിന്റെ ശതാബ‌്ദിയും സിഐടിയു രൂപംകൊണ്ടതിന്റെ  50–--ാം വാർഷികവുമായ  2019 –- -20ൽ,  "തൊഴിലാളിവർഗത്തിന്റെ 100 വർഷത്തെ പോരാട്ടവും 50 വർഷത്തെ ഐക്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ വിവിധങ്ങളായ വിദ്യാഭ്യാസ പരിപാടികളും "ഐക്യവും സമരവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിപാടികളും ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. അത്തരം വിപുലമായ പോരാട്ടങ്ങൾ തുടർച്ചയായി നടത്തിക്കൊണ്ടുമാത്രമേ, നമ്മുടെ രാജ്യത്തെ വർഗബന്ധങ്ങളെ തൊഴിലാളിവർഗത്തിന്  മുൻകൈ ഉള്ളതാക്കി മാറ്റിത്തീർക്കാനാകൂ എന്ന കാര്യത്തിൽ തങ്ങൾക്കുള്ള ഉത്തമബോധ്യം സിഐടിയു ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.

സിഐടിയു രാജ്യത്തെ തൊഴിലാളിവർഗത്തോട് അഭ്യർഥിക്കുകയാണ് നിയോലിബറൽ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനും തൊഴിലാളി അനുകൂലവും ജനോന്മുഖവുമായ ബദൽ നയങ്ങൾ നടപ്പാക്കിക്കിട്ടാനുമായി പരമാവധി ഐക്യം വളർത്തിയെടുത്തുകൊണ്ട് പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക.അധ്വാനിക്കുന്ന ജനങ്ങളുടെ എല്ലാ വിഭാഗങ്ങളും - തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ദരിദ്ര കർഷകർ തുടങ്ങിയ എല്ലാത്തരം ജനങ്ങളും -തമ്മിലുള്ള ഐക്യം സുദൃഢമാക്കുകയും ഗ്രാമപ്രദേശങ്ങളിലും ജില്ലാതലത്തിലും കർഷകരും തൊഴിലാളികളും യോജിച്ചുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി വളർത്തിയെടുക്കുക.

വർഗീയജാതീയ ശക്തികൾ രാജ്യത്തിന്റെ ഐക്യം തകർക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക. തൊഴിലാളിവർഗത്തിന്റെയും എല്ലാവിഭാഗം അധ്വാനിക്കുന്ന ജനങ്ങളുടെയും യഥാർഥശത്രു മുതലാളിത്ത വ്യവസ്ഥിതിയും ആ വ്യവസ്ഥയെ താങ്ങിനിർത്തുന്ന ശക്തികളും ആണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്  ഈ ചൂഷണ വ്യവസ്ഥയെത്തന്നെ മാറ്റിത്തീർക്കാനുള്ള പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുക. മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ, സോഷ്യലിസം നീണാൾ വാഴട്ടെ, സർവ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top