08 May Wednesday

ദുരന്തകാലത്തെ മനുഷ്യത്വം

എ കെ രമേഷ്‌Updated: Wednesday Apr 1, 2020

ഹ്യൂമൻ ജീനോം പരീക്ഷണങ്ങൾ വിജയിക്കുന്നതോടെ,110 ഉം 115 ഉം വയസ്സുവരെ ജീവിച്ചേക്കാവുന്ന മനുഷ്യർക്കുവേണ്ടി  ചികിത്സാച്ചെലവ് കൂട്ടേണ്ടിവരുന്ന കാര്യം  ഐഎംഎഫിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് കെന്നത്ത് റൊഗോഫ് ഓർമിപ്പിക്കുന്നുണ്ട്. "സമൂഹം പ്രായം ചെന്നവർക്ക് പുതുതും വികസിതവുമായ മെഡിക്കൽ ടെക്‌നിക്‌സ്‌  നൽകാൻ തയ്യാറാകുമോ ’ എന്ന സംശയം അദ്ദേഹം  ഉന്നയിച്ചിട്ട് പതിമൂന്നുവർഷം തികയുന്നു. അപ്പോഴാണ് ഇറ്റലിയിലെ ആതുരസേവന മേഖലയിൽനിന്ന് ആ ചോദ്യത്തിനുള്ള മറുപടി വരുന്നത്.  80 വയസ്സുകാരനിൽനിന്ന് വെന്റിലേറ്റർ വേർപെടുത്തി അയാളെ മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത്, അത് ഒരു ചെറുപ്പക്കാരനെ രക്ഷിക്കാനായി ഉപയോഗിക്കേണ്ടി വന്നതിന്റെ വീഡിയോ വൈറലാകുന്നത്.

ഇറ്റലിയിൽ സംഭവിച്ചത്
മികച്ച ആരോഗ്യസൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തായിരുന്നു ഇറ്റലി. പക്ഷേ, കോവിഡ് മരണനിരക്കിൽ അത് ഇപ്പോൾ ചൈനയെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. 81496 കേസ്‌ റിപ്പോർട്ട് ചെയ്തപ്പോൾ ചൈനയിലെ മരണം 3,281 ആയിരുന്നു.   101,739 കേസുള്ള ഇറ്റലിയിൽ 11591 പേരെയാണ് കോവിഡ്–-19 തിന്നുതീർത്തത്. ചൈനയിൽനിന്ന് പാഠം പഠിക്കാൻ ഇറ്റലിക്കാകില്ലല്ലോ. ലോകാരോഗ്യ സംഘടനയിലെ ഡോക്ടർ മൈക്ക് റിയാൻ പറഞ്ഞത്, "ഒന്നും രണ്ടും രോഗികളെയല്ല, ഇറ്റലിയിലെ ഡോക്ടർമാർ കൈകാര്യം ചെയ്തത് 1200 പേരെ വരെയാണ്. ഇത്രയും പേരെത്തന്നെ രക്ഷിക്കാനായത് അത്ഭുതമാണ്' എന്നാണ്!

രോഗം പിടിവിട്ട മട്ടിലായതോടെ, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പെട്ടെന്ന് കടുത്ത യാത്രാനിരോധനം ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. പക്ഷേ, കാബിനറ്റ് തീരുമാനം നേരത്തേ ചോർന്നതുകൊണ്ട് രോഗികളും അല്ലാത്തവരും ഒരേപോലെ കിട്ടിയ വണ്ടികളിൽ രക്ഷപ്പെട്ട് രോഗം വ്യാപകമായി വിതറുകയായിരുന്നു.ഇതിനിടെ ആരോഗ്യപ്രവർത്തകരും അല്ലാത്തവരുമായ ജീവനക്കാർക്ക് സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഒരവസ്ഥയും ഉണ്ടായി. അവിടേക്കാണ് രക്ഷകരായി ക്യൂബൻ വൈദ്യസംഘം ജീവഭയം വെടിഞ്ഞും കടന്നുചെന്നത്. ക്യൂബൻ സംഘത്തിന്റെ നേതാവ് ഡോക്ടർ ലിയനാഡോ ഫെർണാണ്ടസ് പറഞ്ഞതിങ്ങനെ: "ഒട്ടും ഭയമില്ല എന്നുപറയാൻ സൂപ്പർഹീറോസിനേ പറ്റു. ഞങ്ങൾ സൂപ്പർ താരങ്ങളല്ല, റെവല്യൂഷണറി ഡോക്ടർമാരാണ്’.


 

സ്പെയിനിലെ യാഥാർഥ്യം
ദക്ഷിണ കൊറിയ പ്രതിദിനം 15,000 ടെസ്റ്റ്‌ നടത്തിക്കൊണ്ടിരുന്നപ്പോൾ, സ്പെയിനിൽ ഒരു മാസം നടന്നത് വെറും 20,000 ടെസ്റ്റാണ്. യൂറോപ്യൻ യൂണിയന്റെ "സാമ്പത്തിക അച്ചടക്കം' പാലിക്കാനുള്ള എളുപ്പവഴി ആരോഗ്യമേഖലയ്‌ക്കുള്ള നീക്കിയിരിപ്പ് കുറയ്ക്കലാണല്ലോ. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഏതായാലും ഒടുക്കം തേയ്ക്കാത്ത എണ്ണധാര ചെയ്യാൻതന്നെ സ്പെയിൻ നിർബന്ധിതമായി. ആരോഗ്യമേഖല സ്വകാര്യ മൂലധനത്തിന് വിട്ടുകൊടുത്താൽ കാര്യം പിടിവിട്ടുപോകും എന്ന് സർക്കാർ തിരിച്ചറിഞ്ഞു. രാജ്യത്തെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളും ഒന്നിച്ച് ദേശസാൽക്കരിക്കപ്പെട്ടു. സംഗതികൾ  വഷളായിക്കൊണ്ടിരിക്കെ, കത്തലോണിയാ പ്രവിശ്യയിലെ മുൻ ആരോഗ്യഡയറക്ടർ ക്രിസ്റ്റീനാ നഡാൽ പറഞ്ഞത്, "ഞങ്ങൾക്ക് വെന്റിലേറ്ററുകൾ വേണം. അത് കിട്ടുന്നില്ലെങ്കിൽ ആര് ജീവിക്കണം, ആര് ജീവിക്കേണ്ട എന്ന്  ഇന്റൻസീവ് കെയർ യൂണിറ്റിലെ ജീവനക്കാർക്ക് തീരുമാനിക്കേണ്ടിവരും’. ഇറ്റലിയിൽ നിന്നുയർന്ന അതേവിലാപംതന്നെ അതേനയം തുടർന്നുപോന്ന സ്പെയിനിൽനിന്നും!


 

ബൊൾസനാരോയുടെ ബ്രസീലും ക്യൂബയെ തേടി
ലോകത്തെവിടെ മനുഷ്യർ മഹാവ്യാധിക്കടിപ്പെടുന്നുവോ, അവിടെയൊക്കെ ഓടിയെത്തി ആതുരശുശ്രൂഷയിൽ മുഴുകാറുള്ള ക്യൂബൻ വൈദ്യസംഘം  ബ്രസീലിലും സേവനം നടത്തിവരുന്നതിനിടയിലാണ് അതിതീവ്ര വലതുപക്ഷക്കാരനായ ബൊൾസനാരോ  അധികാരമേറ്റത്. ചാരസംഘമെന്നും ആട്ടിൻതോലിട്ട ചെന്നായ്ക്കളെന്നും ഭീകരവാദികളെന്നും മുദ്രകുത്തി 2018ൽ ഏതാണ്ട് ഏഴായിരത്തിലേറെ ഡോക്ടർമാരെ കെട്ടുകെട്ടിച്ച് പറഞ്ഞയക്കുകയായിരുന്നു ബൊൾസനാരോ. മഹാമാരി ബ്രസീലിൽ താണ്ഡവമാരംഭിച്ചപ്പോൾ അതൊക്കെ വെറും വിചിത്രകൽപ്പനയും മീഡിയാട്രിക്കും  ആണെന്നുപറഞ്ഞ് അവഗണിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ സ്ഥിതി വഷളായതോടെ, പ്രാദേശിക ഭരണനേതൃത്വങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, അതിനെതിരെ ട്രംപിനെപ്പോലെതന്നെ ഭ്രാന്തമായ പരസ്യനിലപാടുമായെത്തി ഈ ഏകാധിപതി. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന്‌ കണ്ടപ്പോൾ മുമ്പ് അധിക്ഷേപിച്ച് പറഞ്ഞയച്ച ക്യൂബൻ സംഘത്തിന്റെ കാലുപിടിക്കാൻ നിർബന്ധിതനാകുകയായിരുന്നു. മാർച്ച് 15ന് ബ്രസീലിയൻ ആരോഗ്യ സെക്രട്ടറി ക്യൂബയോട്‌ അപേക്ഷിച്ചു, തങ്ങളെയും രക്ഷിക്കണമെന്ന്. തങ്ങൾ തിരിച്ചയച്ച വൈദ്യസംഘത്തെ വീണ്ടും പറഞ്ഞയക്കണമെന്ന്! അങ്ങനെ 1.1 കോടിമാത്രം ജനസംഖ്യയുള്ള താരതമ്യേന ഒരു ദരിദ്രരാജ്യമായ ക്യൂബ, 21 കോടിയോളം ജനസംഖ്യയുള്ളതും സമ്പന്നതയുടെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തി നിൽക്കുന്നതുമായ ബ്രസീലിന് വൈദ്യസഹായവുമായി തിരിച്ചിരിക്കുകയാണ്.

ക്യൂബ എന്താണിങ്ങനെ?
ഒരിക്കൽ അപഹസിച്ച് ആട്ടിയോടിച്ചവരോട് മധുരപ്രതികാരം ചെയ്യുന്ന  ക്യൂബ, തങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സകല മാർഗങ്ങളും തേടുന്ന സാമ്രാജ്യത്വ വാദികളോട് കൊറോണക്കാലത്ത്  കെെക്കൊണ്ട അത്യുദാരമായ സമീപനം ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 682 യാത്രികരുമായി കടലിൽ കുടുങ്ങി കൊറോണഭീതിയാൽ ആരാലും സ്വീകരിക്കപ്പെടാതെ കഷ്ടപ്പെട്ട ബ്രിട്ടീഷ് കപ്പലായ എംഎസ് ബ്രായിമറിന് തങ്ങളുടെ തുറമുഖം തുറന്നുകൊടുക്കുകയായിരുന്നു അവർ. ക്യൂബയ്‌ക്കെതിരെ ഉപരോധമേർപ്പെടുത്തിയ അമേരിക്കയോട് ഒത്തുചേർന്ന് ആ കൊച്ചുരാജ്യത്തെ ഞെരിച്ചുതകർക്കാൻ നോക്കിയ ബ്രിട്ടനോടുള്ള രാഷ്ട്രീയ വിദ്വേഷത്തിന്റെ കണക്കുതീർക്കാനുള്ള നേരമല്ല ഇതെന്ന തിരിച്ചറിവാണ്, ഉന്നതമായ മാർക്സിസ്‌റ്റ്‌ മാനവികതയാണ് ക്യൂബ പ്രകടിപ്പിച്ചത്.

കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മാർച്ച് 23ന് ക്യൂബൻ പ്രസിഡന്റ്‌ മിഗ്വയൽ ഡയസ് കനേൽ  രാഷ്ട്രത്തോട് നടത്തിയ പ്രക്ഷേപണം ഏറെ ശ്രദ്ധേയമായിരുന്നു. അതിന്റെ  പിറ്റേന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇതേ വിഷയത്തിൽ ജനങ്ങളോട് സംസാരിച്ചത്. അതിൽ അദ്ദേഹം ആവർത്തിച്ചാവർത്തിച്ച് ഓർമിപ്പിച്ചത്‌ "നിങ്ങളെയും നിങ്ങളുടെ മക്കളെയും കുടുംബാംഗങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും രക്ഷി’ക്കുന്ന കാര്യമാണ്. "ഇന്ത്യയെയും എല്ലാ ഇന്ത്യക്കാരെയും രക്ഷി'ക്കുന്ന കാര്യമാണ്. "ഓരോ ഇന്ത്യക്കാരന്റെയും ജീവൻ രക്ഷിക്കുന്നതിനാണ് എന്റെ പ്രഥമ പരിഗണന’ എന്നാണ്.

എന്നാൽ, ക്യൂബൻ പ്രസിഡന്റ്‌ പറഞ്ഞത്. "ക്യൂബൻ സർക്കാർ നമ്മുടെ ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്ന കാര്യത്തിൽ ബോധവാന്മാരാണ്, പ്രതിജ്ഞാബദ്ധരാണ്, ഉത്തരവാദിത്തമുള്ളവരാണ്. അതേയവസരം, അതേ ഉത്തരവാദിത്തം നമ്മെ നിർബന്ധിതരാക്കുന്നത് ലോകത്തിനാകെ ഐക്യദാർഢ്യവും സഹായവും എത്തിക്കുന്നതിനുകൂടിയാണ്' എന്നാണ്.

ലോകം നേരിടുന്ന മഹാമാരികളെ താങ്ങാനാകാതെ നിന്നുകിതയ്ക്കുകയാണ് നിയോലിബറലിസത്തെ ആശ്ലേഷിച്ച മുതലാളിത്ത രാജ്യങ്ങളാകെ. അതിനിടയിലാണ് ചൈനയായാലും ക്യൂബയായാലും തികച്ചും വ്യത്യസ്തമായ ഒരുപാത കാട്ടി മാനവരാശിയുടെ രക്ഷയ്‌ക്കെത്തുന്നത്. ഈയൊരു വ്യത്യാസമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും നടത്തിയ പ്രക്ഷേപണങ്ങളുടെ  ഉള്ളടക്കത്തിലും കാണാനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top