11 May Saturday

രാഷ്‌ട്രഭാഷയും ഭാഷയുടെ രാഷ്ട്രീയവും

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

en.wikipedia.org/wiki/Languages with official status in India

അടുത്തിടെ, പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതിയുടെ 37–--ാമത് യോഗത്തിൽ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചില കാര്യം പറയുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടത് ഹിന്ദിയെ രാഷ്‌ട്ര ഭാഷയാക്കണമെന്നാണ്. മറ്റൊന്ന് വിവിധ സംസ്ഥാനക്കാർ (വ്യത്യസ്‌ത ഭാഷ  സംസാരിക്കുന്നവർ) തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ അത് ഹിന്ദിയിലാകണം. ഇംഗ്ലീഷ് വിദേശഭാഷ ആയതിനാൽ ഇന്ത്യക്കാർ തമ്മിൽ സംഭാഷണം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഭാഷയിൽത്തന്നെ ആകണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്താംക്ലാസുവരെയുള്ള വിദ്യാഭ്യാസത്തിൽ ഹിന്ദി നിർബന്ധിത വിഷയമായിരിക്കും. അതിലേക്കായി 22,000 ഹിന്ദി അധ്യാപകരെ ഉടൻ നിയമിക്കുന്നതാണ്. വടക്കുകിഴക്കേന്ത്യയിലെ എട്ട്‌ പ്രാദേശിക ഭാഷ എഴുതുന്നതിനുവേണ്ടി ദേവനാഗരി ലിപി ഉപയോഗിക്കുന്നതാണ്.

ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ ചിലത് 1963-ലെ ഔദ്യോഗികഭാഷാ നിയമത്തിലെ വ്യവസ്ഥകൾക്കെതിരാണ്. അതിൽ പറയുന്നത് അധികാരക്കൈമാറ്റ സമയത്ത് സംസ്ഥാനങ്ങൾ തമ്മിലുള്ള കത്തിടപാടുകൾക്കും ആശയവിനിമയത്തിനും ഏതു ഭാഷയാണോ ഉപയോഗിച്ചിരുന്നത് അതുതന്നെ ഭാവിയിലും തുടരണമെന്നാണ്. ആ വ്യവസ്ഥ മാറ്റണമെങ്കിൽ ഭരണഘടനയുടെ 344 (4) വകുപ്പിന് ഭേദഗതി കൊണ്ടുവരണം. ഔദ്യോഗികഭാഷാ സമിതിയുടെ ശുപാർശ ഇക്കാര്യത്തിലുണ്ടാകണം. ആ സമിതിയിൽ 20 പാർലമെന്റംഗങ്ങളും 10 നിയമസഭാ അംഗങ്ങളുമാണുള്ളത്. പക്ഷേ, സമിതിയുടെ ശുപാർശയോ ഭരണഘടനയുടെ ഭേദഗതിയോ ആഭ്യന്തരമന്ത്രിക്ക്‌ ബാധകമല്ല. ആർഎസ്എസും ഹിന്ദുമഹാസഭയും ആദ്യംമുതൽ പറഞ്ഞുവന്നിരുന്ന കാര്യം ആഭ്യന്തര മന്ത്രി ആവർത്തിക്കുന്നുവെന്ന് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ ലക്ഷ്യം ഹിന്ദുത്വനയം നടപ്പാക്കുകയെന്നതാണ്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനത്ത്‌ ഈവർഷം അവസാനവും അടുത്ത വർഷവുമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഭാഷയെ പ്രചാരണ ഉപകരണമാക്കിമാറ്റി വിജയംനേടുക എന്നതാണ് ലക്ഷ്യം. ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. അവിടെയും ഭാഷ പ്രചാരണായുധമാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 35 പ്രവിശ്യയാണ് ഇന്ത്യൻ ഫെഡറേഷനിൽ ഉള്ളത്. ഇവയിൽ 12 സംസ്ഥാനത്തിലെ 52.83 കോടി ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരായി ഉണ്ടെന്നാണ് 2011-ലെ സെൻസസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 43.63 ശതമാനം. ഈ കണക്ക് കൃത്രിമമെന്നാണ് ഭാഷാ ശാസ്ത്രജ്ഞർ പറയുന്നത്. അമ്പതോളം ഭാഷയെ ഹിന്ദിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഈ കണക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഭോജ്പുരി ഭാഷ സംസാരിക്കുന്ന അഞ്ചുകോടി ജനങ്ങളെ ഹിന്ദിയിൽ ഉൾപ്പെടുത്തി. മൈഥിലി, പവാരി തുടങ്ങിയ പല ഉത്തരേന്ത്യൻ ഭാഷകളെയും ഹിന്ദിയുടെ ഭാഗമായി കണക്കാക്കിയാണ് ശതമാനം പെരുപ്പിച്ചുകാട്ടി ഹിന്ദിയെ രാഷ്ട്രഭാഷയാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയുടെ എട്ടാം പട്ടികയിലാണ് അംഗീകൃത ഭാഷകളെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാഷാ സംസ്ഥാനങ്ങൾ നിലവിൽ വന്നപ്പോൾ ആ പട്ടികയിൽ 14 ഭാഷയാണ്‌ ഉണ്ടായിരുന്നത്. ഇപ്പോൾ 22 ഭാഷ ആ പട്ടികയിലുണ്ട്. മുപ്പതോളം മറ്റു ഭാഷകളെ ആ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുകയാണ്. അതിനർഥം ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം ഭരണഘടന അംഗീകരിക്കുന്നുവെന്നാണ്‌.
യുനെസ്കോയുടെ കണക്കനുസരിച്ച് ലോകത്തിന് 7000 ഭാഷയുണ്ട്. അതിൽ 12 ശതമാനം ഇന്ത്യയിലാണ്. 2011-ലെ സെൻസസ് 1369 ഭാഷയെ മാതൃഭാഷകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയിൽ പലതിനും ലിപി ഇല്ല. എഴുതാറുമില്ല. കേരളത്തിലെ ഗോത്ര ഭാഷകൾക്കൊന്നുംതന്നെ ലിപി ഇല്ല. പക്ഷേ, അവ ഗോത്രവർഗക്കാരുടെ മാതൃഭാഷയാണ്. ഭാഷാപരമായ വൈവിധ്യമെന്നത് സാംസ്കാരികമായ വൈവിധ്യമാണ്. ആ വൈവിധ്യം അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് ഇന്ത്യയെ സംസ്ഥാനങ്ങളുടെ കൂട്ടമെന്ന് ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആ വൈവിധ്യം അംഗീകരിക്കാൻ ഹിന്ദുത്വവാദികൾ തയ്യാറല്ല. "ഒരു രാഷ്ട്രം ഒരു ഭാഷ' എന്നും "ഐക്യഭാരതം, ശ്രേഷ്ഠഭാരതം' എന്നുമാണ് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ആംഗലപക്ഷപാതികളുടെയും ആഭിജാതരുടെയും നിയന്ത്രണത്തിൽനിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മോചിപ്പിച്ച് അതിനെ ബഹുജനങ്ങളുടെ രാഷ്ട്രീയകക്ഷിയാക്കി ഗാന്ധിജി മാറ്റിയത് പ്രാദേശിക ഭാഷകളെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. കോൺഗ്രസിന്റെ പ്രവിശ്യാഘടകങ്ങൾ രൂപീകരിക്കപ്പെട്ടത് ഭാഷയുടെ അടിസ്ഥാനത്തിലായിരുന്നു. ഉദാഹരണത്തിന് 1921- ഏപ്രിലിൽ ഒറ്റപ്പാലത്തു ചേർന്ന സമ്മേളനമാണ് തിരുവിതാംകൂറിനും കൊച്ചിക്കും മലബാറിനുംകൂടി കെപിസിസി മാത്രം മതിയെന്ന് തീരുമാനിച്ചത്. ഹിന്ദി പഠനത്തെ പ്രോത്സാഹിപ്പിച്ചതും ഗാന്ധിജി തന്നെയായിരുന്നു. ഹിന്ദി പ്രചാരസഭകൾ രൂപീകരിച്ചതിന്റെ ചരിത്രം പരിശോധിച്ചാൽ അതു മനസ്സിലാകും.
ഭാഷയുടെ അടിസ്ഥാനത്തിലാണ് ദേശീയതയെ വളർത്തിക്കൊണ്ടു വരുന്നതെങ്കിൽ ഇന്ത്യയുടെ സാംസ്‌കാരികമായ വൈവിധ്യത്തെ അംഗീകരിക്കേണ്ടതായിവരും. അത്‌ അംഗീകരിക്കാൻ വയ്യാത്തതുകൊണ്ടാണ് ഹിന്ദുത്വവാദികൾ മതാടിസ്ഥാനത്തിൽ ദേശീയതയ്‌ക്ക് നിർവചനം കൊടുത്തത്. ഇങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം വിജയിക്കട്ടെ) എന്ന മുദ്രാവാക്യം ഉറുദു ഭാഷയിലാണല്ലോ. ആ മുദ്രാവാക്യം വിളിച്ചത് സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമായിരുന്നു. അവർ ഹിന്ദുത്വത്തിന്റെ ശത്രുക്കളാണെന്ന് ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി സജീവപ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് 1923-ൽ തന്നെ വി ഡി സവർക്കർ പ്രഖ്യാപിച്ചിരുന്നു ("ആരാണ് ഹിന്ദു; എന്താണ് ഹിന്ദുത്വം'). ഹിന്ദുത്വവാദികൾ മതദേശീയത ഉയർത്തിക്കൊണ്ടുവന്നപ്പോൾ അതിനെ ഭാഷയെന്ന ആയുധം ഉപയോഗിച്ച് ആദ്യം പ്രതിരോധിച്ചത് പെരിയാർ ഇ വി രാമസ്വാമിനായ്ക്കരായിരുന്നു. അദ്ദേഹം തുടക്കംകുറിച്ച അബ്രാഹ്മണപ്രസ്ഥാനം സവർണ ഹിന്ദുവിന്റെ ഭാഷയാണ് സംസ്‌കൃതവും ഹിന്ദിയുമെന്ന് പ്രഖ്യാപിച്ചു. 1937- മുതൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭം തമിഴ്നാട്ടിൽ ആരംഭിക്കുകയും ചെയ്‌തു. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ശിഷ്യനായ അണ്ണാദുരെ 1942-ൽ ‘ആര്യമായ'എന്ന പുസ്തകം രചിച്ചത്.  

സാമ്പത്തിക, -രാഷ്ട്രീയരംഗങ്ങളിലെ സാമ്രാജ്യത്വം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയെ ബാഹ്യമായിട്ടാണ് കീഴടക്കിയതെങ്കിൽ സാംസ്കാരിക സാമ്രാജ്യത്വം ഇന്ത്യയുടെ ബോധത്തെയാണ് കീഴടക്കിയത്. ബാഹ്യമായ കീഴ്പ്പെടുത്തലിൽനിന്നുള്ള മോചനമാണ് 1947-ൽ സംഭവിച്ചത്. എന്നാൽ, സാംസ്കാരികമായ അടിമത്തത്തിൽനിന്നുള്ള മോചനം ഇനിയും പൂർണമായിട്ടില്ല. ഉദ്യോഗസ്ഥ ഭരണവ്യവസ്ഥയും നീതിന്യായ വ്യവസ്ഥയും സർവകലാശാലാ വിദ്യാഭ്യാസവുമാണ് സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങൾ. ഇവ മൂന്നിന്റെയും ഭാഷ ഇംഗ്ലീഷായിരുന്നു. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു. അതിന്റെ സ്ഥാനത്ത് ഹിന്ദിയെ പ്രതിഷ്ഠിക്കാനാണ് സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ പുതിയ വക്താക്കൾ ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top