04 May Saturday

മോദി സർക്കാരിന്റെ 
മുഖംമൂടി ആക്രമണം

സാജന്‍ എവുജിന്‍Updated: Tuesday Oct 10, 2023

ഉത്തരേന്ത്യ ശൈത്യകാലത്തേക്ക്‌ നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. രാജ്യത്താകട്ടെ അഞ്ചു സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. അതിനെ നേരിടാനുള്ള തയ്യാറെടുപ്പായി ബിജെപിയും മോദിസർക്കാരും അമിതാധികാര വാഴ്‌ചയുടെ തേരോട്ടം ശക്തിപ്പെടുത്തുന്നു. കഴിഞ്ഞ ഗാന്ധിജയന്തി ആഘോഷിച്ചതിന്റെ പിറ്റേന്ന്‌ പുലർച്ചെ, മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിലെ ഡസൻകണക്കിന്‌ പ്രവർത്തകരുടെയും ഈ മാധ്യമത്തിന്‌ ഉള്ളടക്കം സംഭാവന നൽകുന്നവരുടെയും വസതികളിൽ ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തിലെ അംഗങ്ങൾ കടന്നുചെന്നു. രണ്ടര വർഷത്തിലേറെയായി കേന്ദ്ര ഏജൻസികൾ ന്യൂസ്‌ക്ലിക്കിനെ ഉന്നമിട്ട്‌ പലവിധ അന്വേഷണങ്ങൾ നടത്തിയിട്ടും കുടുക്കാൻതക്കവിധം ഒന്നും കിട്ടിയില്ല. ഈ സ്ഥാപനത്തിനെതിരായ നീക്കത്തിന്‌ ഡൽഹി ഹൈക്കോടതിയിൽ ന്യായീകരണം നൽകാൻ ആദായനികുതി വകുപ്പിന്‌ കഴിഞ്ഞിട്ടില്ല.


ഇപ്പോഴാകട്ടെ രാഷ്‌ട്രീയചോദ്യങ്ങളുമായാണ്‌ ഡൽഹി പൊലീസ്‌ ന്യൂസ്‌ക്ലിക്കിനെ വേട്ടയാടുന്നത്‌. മോദിസർക്കാരിന്റെ കോർപറേറ്റ്‌ വിധേയത്വത്തിന്റെ ഉൽപ്പന്നമായ കാർഷികനിയമങ്ങൾ, വർഗീയ അജൻഡയുടെ ഭാഗമായ പൗരത്വ ഭേദഗതി നിയമം, ഡൽഹി പൊലീസിന്റെ അനാസ്ഥ പ്രകടമായ വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം എന്നിവ റിപ്പോർട്ട്‌ ചെയ്‌തതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്‌ ന്യൂസ്‌ക്ലിക്ക്‌ പ്രവർത്തകരോട്‌ ഉന്നയിച്ചത്‌. സർക്കാരിനെക്കുറിച്ച്‌  ‘തെറ്റായ ആഖ്യാനം’ നൽകിയെന്നും  ‘കർഷകപ്രതിഷേധം നീട്ടിക്കൊണ്ടുപോകാൻ ന്യൂസ്‌ക്ലിക്ക്‌ ഗൂഢാലോചന നടത്തിയതുവഴി അവശ്യവസ്‌തുക്കളുടെയും സേവനങ്ങളുടെയും വിതരണം തടസ്സപ്പെടാനും പൊതുസ്വത്ത്‌ നശിപ്പിക്കാനും ഇടയാക്കിയെന്നും’ പ്രബീർ പുർകായസ്‌തയ്‌ക്കും അമിത്‌ ചക്രവർത്തിക്കും എതിരായ എഫ്‌ഐആറിൽ ആരോപിക്കുന്നു. ക്രമസമാധാനം തകരാൻ  ഇടയാക്കിയെന്ന പേരിലാണ്‌ ഈ കേസിൽ യുഎപിഎ ചുമത്തിയത്‌. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവോ, ഷിയോമി തുടങ്ങിയ ചൈനീസ്‌ കമ്പനികളുടെ പേരും  എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്‌. ഈ കമ്പനികൾ വഴി ചൈനീസ്‌ ഫണ്ട്‌ വരുന്നത്രെ.  ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെയും  ഐപിഎല്ലിന്റെയും സ്‌പോൺസറായി പ്രവർത്തിച്ച കമ്പനിയാണ്‌ വിവോ.

വിവോ ബ്രാൻഡ്‌ ജേഴ്‌സി ധരിച്ചാണ്‌  ഇന്ത്യൻ ടീം കളിച്ചത്‌. ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ഷായാണ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ സെക്രട്ടറിയെന്നതും ന്യൂസ്‌ക്ലിക്കിനെതിരായി ഇത്തരം നുണകൾ നിരത്താൻ തടസ്സമാകുന്നില്ല. കോവിഡ്‌ കാലത്ത്‌ രൂപീകരിച്ച ട്രസ്റ്റായ പിഎം കെയേഴ്‌സിലേക്കും ചൈനീസ്‌ കമ്പനികൾ സംഭാവന നൽകി. അപ്പോഴൊന്നും കേന്ദ്ര ഏജൻസികൾക്ക്‌ ആശങ്ക ഉണ്ടായില്ല.

അതിനാൽ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതിൽ പ്രധാനമന്ത്രി മോദിയിലും കോർപറേറ്റ്‌ ചങ്ങാതിമാരിലും നിലനിൽക്കുന്ന    അസ്വസ്ഥതയാണ്‌ ഇപ്പോഴത്തെ അന്വേഷണകോലാഹലത്തിനു പിന്നിലെന്ന്‌ വ്യക്തമാണ്‌. കോവിഡിനെ തുടർന്ന്‌ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കെ കാര്യമായ പ്രതിഷേധം ഉയർന്നുവരില്ലെന്ന കണക്കുകൂട്ടലിലാണ്‌  2020 ജൂണിൽ മൂന്ന്‌ കാർഷികനിയമം തിരക്കിട്ട്‌ പാസാക്കിയെടുത്തത്‌.

സർക്കാരിന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ച അതിശക്തമായ പ്രക്ഷോഭം രാജ്യത്തെ കർഷകരിൽനിന്ന്‌ ഉയർന്നുവരികയും ഒന്നര വർഷത്തോളം നീണ്ട അസാധാരണസമരം വിജയം നേടുകയും ചെയ്‌തു. കർഷകരെ വേദനിപ്പിച്ചതിൽ പ്രധാനമന്ത്രി മാപ്പ്‌ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാമെന്ന്‌ സർക്കാർ രേഖാമൂലം ഉറപ്പ്‌ നൽകി. സമരകാലത്ത്‌ കർഷകരുടെ പേരിൽ എടുത്ത 86 ക്രിമിനൽ കേസ്‌ പിൻവലിക്കുമെന്നും കൃഷി മന്ത്രി നരേന്ദ്രസിങ്‌ തോമർ പാർലമെന്റിൽ അറിയിച്ചു. സമരം റിപ്പോർട്ട്‌ ചെയ്‌തവർക്കെതിരെ ഗൂഢാലോചന കേസുമായി സർക്കാർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നു. കേവലം ക്രമസമാധാനലംഘനത്തിന്റെ പേരിൽ ഭീകരവിരുദ്ധനിയമം ചുമത്താൻ അനുവദിക്കില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. കർത്താർസിങ്‌ വേഴ്‌സസ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ പഞ്ചാബ്‌ കേസിൽ സുപ്രീംകോടതി 1994ൽ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിൽ പറയുന്നത്‌ ‘ ഏതെങ്കിലും സമുദായത്തിന്റെയോ ഏതെങ്കിലും പ്രദേശത്തെയോ ജീവിതക്രമം തടസ്സപ്പെട്ടതുകൊണ്ടുമാത്രം ഭീകരവിരുദ്ധനിയമം ചുമത്തുന്നത്‌ അനുവദനീയമല്ലെന്നാണ്‌’. കർഷകസമരം അങ്ങേയറ്റം സമാധാനപരമായി നടന്നതാണെന്നും ഓർക്കണം. പ്രകോപനങ്ങളിൽ കർഷകർ വീണില്ല.

മോദിസർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ തുറന്നുകാട്ടുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുകയാണ്‌. കോവിഡ്‌ മഹാമാരി കൈകാര്യം ചെയ്‌തതിലെ പാളിച്ചകൾ ന്യൂസ്‌ക്ലിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തതും മഹാഅപരാധമായി ചൂണ്ടിക്കാണിക്കുന്നു. ന്യൂസ്‌ക്ലിക്കിന്‌ ചൈനീസ്‌ ബന്ധം ആരോപിച്ച്‌ അമേരിക്കയിലെ  ‘ന്യൂയോർക്ക്‌ ടൈംസ്‌’ പത്രം നൽകിയ റിപ്പോർട്ട്‌ ബിജെപി ഏറ്റുപിടിച്ചിട്ടുണ്ട്‌. കോവിഡ്‌ കാലത്ത്‌ കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത കാരണം 40 ലക്ഷം പേർ മരിച്ചതായി ഇതേ പത്രം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. അന്ന്‌ ‘ന്യൂയോർക്ക്‌ ടൈംസി’നെ പുച്ഛിക്കുകയാണ്‌ ബിജെപി ചെയ്‌തത്‌. അതേ ബിജെപി നേതാക്കളാണ്‌ ഇപ്പോൾ ‘ന്യൂയോർക്ക്‌ ടൈംസ്‌’ റിപ്പോർട്ട്‌ ആധികാരികമാണെന്ന്‌ പറയുന്നത്‌. അമേരിക്കൻ ആഭ്യന്തര രാഷ്‌ട്രീയത്തിലെ ചേരിപ്പോരിന്റെ ഭാഗമായാണ്‌ ഈ പത്രം ‘ചൈനീസ്‌ കണക്‌ഷൻ’ വാർത്തകൾ നൽകുന്നത്‌.

ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തിയ അമേരിക്കൻ സ്ഥാപനം വേൾഡ്‌വൈഡ്‌ മീഡിയ ഹോൾഡിങ്‌സ്‌ (ഡബ്ല്യുഎംഎച്ച്‌) ഇതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്‌. അമേരിക്കൻ പൗരൻ നെവില്ലെ റോയി സിങ്കം നേതൃത്വം നൽകുന്ന  പീപ്പിൾസ്‌ പീസ്‌ ഫൗണ്ടേഷന്റെ (പിഎസ്‌എഫ്‌) ഉടമസ്ഥതയിലുള്ളതാണ്‌ ഡബ്ല്യുഎംഎച്ച്‌. ജനതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക്‌ രാജ്യാന്തരതലത്തിൽ സഹായം നൽകുന്നുണ്ടെന്ന്‌ ഡബ്ല്യുഎംഎച്ച്‌ മാനേജർ ജെസൻ ഫിച്ചർ പറയുന്നു. ഇന്ത്യൻ ഏജൻസികൾ നടത്തിയ അന്വേഷണവുമായി സഹകരിക്കാൻ ന്യൂസ്‌ക്ലിക്കിന്‌ ആവശ്യമായ എല്ലാ വിവരവും ഡബ്ല്യുഎംഎച്ച്‌ നൽകിയിട്ടുണ്ട്‌.

റോയി സിങ്കത്തിന്റെ ‘തോട്ട്‌വർക്ക്‌സ്‌’ എന്ന ഐടി കൺസൾട്ടൻസി സ്ഥാപനം കൈമാറിയതുവഴി ലഭിച്ച പണമാണ്‌ പിഎസ്‌എഫിന്റെ ആസ്‌തിയെന്ന്‌ അമേരിക്കയിൽ 25 വർഷമായി അഭിഭാഷകനായ ഫിച്ചർ വിശദീകരിക്കുന്നു. ചൈനയിൽനിന്ന്‌ ഒരു രൂപപോലും ലഭിച്ചിട്ടില്ല. ‘ന്യൂയോർക്ക്‌ ടൈംസി’നോട്‌ ഇതെല്ലാം വിശദീകരിച്ചു. അവർ അതൊന്നും പ്രസിദ്ധീകരിച്ചില്ല. ആഭാസകരവും തെറ്റിദ്ധാരണാജനകവുമായ റിപ്പോർട്ടാണ്‌ ‘ന്യൂയോർക്ക്‌ ടൈംസ്‌’ നൽകിയതെന്നും ഫിച്ചർ ചൂണ്ടിക്കാണിക്കുന്നു. പക തീർക്കാൻ കാത്തിരുന്ന മോദി സർക്കാർ അമേരിക്കൻ പത്രത്തെ ചാരി സ്വന്തം പൗരന്മാരെ വേട്ടയാടുകയാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മോദിസർക്കാർ മുഖംമൂടികൾ പലതും ഉപയോഗിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top