26 April Friday
നാരായണ ഗുരുകുലം 
നൂറിന്റെ നിറവിലേക്ക്‌

ലക്ഷ്യം ഗുരുദർശനത്തിന്റെ പൂർണിമ

ഡോ. ബി സുഗീതUpdated: Friday Dec 23, 2022


ഒരു ഗുരുകുലമെന്ന ആശയം വളരെക്കാലം ഒരു തപസ്സ്‌ എന്നപോലെ കൊണ്ടുനടന്ന്, പിന്നീട് ശ്രീനാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടുംകൂടി 1923 ലാണ് ഊട്ടി ഫേൺഹില്ലിൽ നടരാജ ഗുരു നാരായണ ഗുരുകുലം സ്ഥാപിക്കുന്നത്.  ഭൗതികശാസ്‌ത്രവും അതിഭൗതികവും (മെറ്റാ ഫിസിക്‌സ്‌) സമന്വയിപ്പിച്ചും പാശ്ചാത്യ പൗരസ്ത്യ ദർശനങ്ങളെ വിശകലനം ചെയ്തും പുരോഗമിക്കുന്ന ഈ ഗുരുകുലത്തിന്റെ പഠനരീതി  നാരായണ ഗുരു ദർശനത്തിൽ പൂർണത കൈവരുത്തുന്നു.  ഈ അറിവ് ജീവിതത്തിന്റെ നിരപേക്ഷവും സാപേക്ഷവുമായ തലങ്ങളെ യോജിപ്പിച്ച്, നടുനിലയിൽ സന്തോഷപൂർവം ജീവിക്കാൻ നമുക്ക് പ്രേരണയേകും.

ഭാഷയുടെയോ മതത്തിന്റെയോ ജാതിയുടെയോ ലിംഗഭേദത്തിന്റെയോ കടമ്പകളില്ലാത്ത ഒരു സ്ഥാപനമാണ്‌ ഇത്. സ്‌ത്രീകളും പുരുഷന്മാരും ഒരു മേൽക്കൂരയ്‌ക്ക്‌ അടിയിൽ ജീവിക്കാൻ അനുവദിക്കത്തക്കവണ്ണം ധൈര്യമുള്ള പ്രസ്ഥാനങ്ങൾ ഇപ്പോൾ ഉണ്ടെങ്കിലും അങ്ങനെയുണ്ടായ ആദ്യ സ്ഥാപനം നാരായണ ഗുരുകുലമാണെന്ന് പറയാം. എല്ലാ മാനുഷിക വ്യത്യാസങ്ങളും മറന്ന് ജീവിക്കാൻ  ഗുരുകുലത്തിൽ എത്തുന്നവർക്ക്   കൺഫ്യൂഷ്യസും ലാവോസും ബുദ്ധനും വർധമാന മഹാവീരനും സോക്രട്ടീസും പ്ലേറ്റോയും യേശു ക്രിസ്തുവും പത്രോസും പ്രവാചകനുമെല്ലാം തുടങ്ങിവച്ച ആധ്യാത്മിക ജീവിതത്തിന്റെ പുതിയ നേട്ടങ്ങൾ കണ്ടെത്തി നാരായണ ഗുരുവിന്റെ ചിന്തകളുമായി കൂട്ടിച്ചേർത്ത് ലോകത്തിനു നൽകാനുള്ള ഉത്തരവാദിത്വംകൂടിയുണ്ട്.

നാരായണ ഗുരു വിഭാവനംചെയ്ത ഏകലോകത്തിന്റെ സൃഷ്ടിക്കുവേണ്ടി ആധുനികശാസ്ത്ര വിജ്ഞാനം നേടാനും അധ്യയന സമ്പ്രദായം മനസ്സിലാക്കാനും  നാരായണ ഗുരു തന്നെ പണവും അനുഗ്രഹവും നൽകി നടരാജ ഗുരുവിനെ പാരീസിലുള്ള സോർബോൺ സർവകലാശാലയിൽ ഉപരിപഠനത്തിന്‌ അയച്ചിരുന്നു. ഗവേഷണപഠന കാലയളവിലാണ് 1928 ൽ നാരായണ ഗുരു സമാധിയായത്. പാരീസിൽനിന്ന് മടങ്ങിവന്ന് ഇന്ത്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങൾ സ്ഥാപിക്കുകയും നാരായണ ഗുരുവിന്റെ തത്വചിന്തയെ ഇംഗ്ലീഷിൽ ഭാഷ്യംചെയ്തും വ്യാഖ്യാനിച്ചും മൂന്ന് ബൃഹത് ഗ്രന്ഥങ്ങൾ  ഉൾപ്പെടെ അയ്യായിരത്തോളം പേജ് വരുന്ന ശ്രീനാരായണ ദാർശനികസാഹിത്യം രചിക്കുകയും ചെയ്തിട്ടുണ്ട്. നാരായണ ഗുരുവിനുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു നടരാജ ഗുരുവിന്റെ ജീവിതം. നാരായണ ഗുരുവിന്റെ ജീവിതത്തെയും ദർശനത്തെയും അധികരിച്ച് അദ്ദേഹം രചിച്ച ‘വേഡ് ഓഫ് ദ ഗുരു’ എന്ന ഗ്രന്ഥം നാരായണ ഗുരുവിനെപ്പറ്റി ഗൗരവമായി പഠിക്കുന്നവർക്ക്  മാർഗദീപമായിരിക്കും. ഗുരു ജീവിച്ചിരിക്കുമ്പോൾത്തന്നെയാണ് ഇതിന്റെ ആദ്യഭാഗം രചിച്ചത്. നാരായണ ഗുരു പ്രതിനിധാനംചെയ്ത ശാശ്വതസത്യങ്ങൾ നിത്യദീപ്തമായി കാലം ചെല്ലുംതോറും പിൻതലമുറകളിൽ സ്വാധീനം ചെയ്തുകൊണ്ടിരിക്കും. ഒരു ഗുരുവിന്റെ വ്യക്തിത്വത്തിന്റെ പശ്ചാത്തലമല്ല, അദ്ദേഹം ഉപദേശിക്കുന്ന തത്വചിന്തയുടെ പശ്ചാത്തലംകൂടി മനസ്സിലായെങ്കിൽ മാത്രമേ ആ ഗുരുവിന്റെ ചിന്താതന്തുക്കളെ പ്രയോജനകരമാംവിധം കണ്ടെത്തി പിന്തുടരാനാവൂ. നടരാജ ഗുരു, ജോൺ സ്‌പീയേഴ്സ്, സ്വാമി മംഗളാനന്ദ, നിത്യചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരുടെ തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും അന്നം മുതൽ ആനന്ദം വരെയുള്ള വിഷയങ്ങളെക്കുറിച്ച്  ഒഴുകിവരുന്ന വിജ്ഞാനം വിലമതിക്കാനാകാത്തതാണ്.


 

ലോക ചിന്താചരിത്രത്തിന് അത്യപൂർവമായ സംഭാവനകളാണ് നാരായണ ഗുരുകുലം നൽകിയിട്ടുള്ളത്. ഗുരുദർശനത്തെ പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളുമായും ആധുനിക ശാസ്ത്രവുമായും മാറ്റുരച്ചുനോക്കുന്നതാണ്‌  നടരാജ ഗുരുവിന്റെ ‘ഇന്റഗ്രേറ്റഡ് സയൻസ് ഓഫ് ദ അബ്സല്യൂട്ട് ’.    ഭഗവത്ഗീതയ്ക്ക് നടരാജ ഗുരു ഇംഗ്ലീഷിലും നിത്യചൈതന്യയതി മലയാളത്തിലും മുനിനാരായണ പ്രസാദ് ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്.  പ്രധാനപ്പെട്ട ദശോപനിഷത്തുകൾക്ക് ഗുരുകുലത്തിൽനിന്നും വ്യാഖ്യാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ബൃഹദാരണ്യകോപനിഷത്തിന്‌ നിത്യഗുരുവും ബാക്കി ഒമ്പതെണ്ണത്തിന്‌  മുനി നാരായണപ്രസാദുമാണ് വ്യഖ്യാനം ചമച്ചിട്ടുള്ളത്. നാരായണ ഗുരുവിന്റെ  സമ്പൂർണ കൃതികളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വ്യാഖ്യാനവും ഈ ഗുരുപരമ്പര നിർവഹിച്ചു. നടരാജഗുരു ഇംഗ്ലീഷിൽ രചിച്ച ‘സർച്ച് ഫോർ എ നോട്ട് ഇൻ വെസ്റ്റേൺ തോട്ട്, വേദാന്ത റീവാലുഡ് ആൻഡ് റീ റീസ്റ്റേറ്റഡ്, ദ ഫിലോസഫി ഓഫ് എ ഗുരു, വൺ വേൾഡ് ഇക്കണോമിക്സ്, വൺ വേൾഡ്  എഡ്യൂക്കേഷൻ, വൺ വേൾഡ് ഗവൺമെന്റ്’ തുടങ്ങി മിക്കവാറും എല്ലാ പുസ്തകങ്ങളുടെയും പരിഭാഷ മുനിനാരായണ പ്രസാദ് നിർവഹിച്ച് ഗുരുകുലം പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.

നാരായണ ഗുരുകുലങ്ങൾ
നാരായണ ഗുരു സ്ഥാപിച്ച ആശ്രമങ്ങളെല്ലാം പ്രകൃതിരമണീയമാണ്.  നടരാജ ഗുരു സ്ഥാപിച്ച ഗുരുകുലങ്ങളും ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. മേക്കുന്നു മലയുടെ മുകളിലുള്ള തലശേരി ഗുരുകുലം, നീലഗിരി കുന്നിലെ ഫേൺഹിൽ ഗുരുകുലം, പാലക്കാട് വിഴിമല ഗുരുകുലം എന്നിവ സുന്ദരമായ മലകളുടെ മുകളിലാണ്. വയനാട് വൈത്തിരി ഗുരുകുലം പൂക്കോട് തടാകത്തിന് തീരത്തും മലയാറ്റൂർ ഗുരുകുലം പ്രശസ്തമായ മലയാറ്റൂർ തടാകത്തിന് തീരത്തുമാണ്.  പെരിയാറിനു തീരത്താണ് മംഗളഭാരതി ഗുരുകുലം. കടൽത്തീരത്തെ മലമുകളിലുള്ള ഏഴിമലയിലാണ് ഏഴിമല ഗുരുകുലം (പിന്നീട് നാവിക അക്കാദമിക്ക് വിട്ടുകൊടുത്തു). നാരായണ ഗുരുകുലങ്ങളുടെ കേന്ദ്രം വർക്കല ശ്രീനിവാസപുരത്ത് സ്ഥിതിചെയ്യുന്നു. ഗുരുകുലത്തിന്റെ ലോകകേന്ദ്രം ബംഗളൂരുവിലെ കഗ്ഗാളിപുരം എന്ന ഗ്രാമത്തിലാണ്. അമേരിക്കയിലെ പോർട്ട് ലണ്ട്, വാഷിങ്‌ടൺ, ബൽജിയത്തിലുള്ള  ഗെൻന്റ് , സിംഗപ്പൂർ, ഫിജി എന്നിവിടങ്ങളിലും ഗുരുകുലങ്ങളുണ്ട്.

ഗുരുശിഷ്യ പാരമ്പര്യം
ഗുരുശിഷ്യ പരമ്പര നിലനിർത്തി പോരേണ്ട ആവശ്യത്തെ ആദരിച്ചുകൊണ്ട് നാരായണ ഗുരു വിൽപ്പത്രത്തിൽ പരമ്പരയുടെ മാതൃക കാണിച്ചുകൊടുക്കുകയും അതിനെ എക്കാലവും നിലനിർത്താൻ ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു.  സർവാത്മനാ നാരായണ ഗുരുവിനായി സർവസ്വവും സംത്യജിച്ചിട്ടുള്ള നാലുപേർ എപ്പോഴും പരമ്പരയിൽ ഉണ്ടായിരിക്കും. അതിൽ ഒന്നാമത്തേത് നാരായണ ഗുരുവിന്റെ ദർശനത്തെ പ്രതിനിധാനം ചെയ്യുന്ന ഗുരുവും മറ്റു മൂന്നുപേർ ആ പരമ്പരയിലെ ശിഷ്യന്മാരും ആയിരിക്കും. ഇവരുടെ യോഗ്യത നിഷ്കളങ്കമായ ത്യാഗവും സത്യദീക്ഷയും അചഞ്ചലമായ ശ്രദ്ധയും ഗുരുകുലത്തോട് അവർ കാട്ടുന്ന സേവനസന്നദ്ധതയും മാത്രമാണ്. ജാതി, മതം, വർഗം, വർണം, സ്ത്രീപുരുഷഭേദം, എന്നിവയൊന്നും ഒരിക്കലും കണക്കിലെടുക്കില്ല.

ലക്ഷ്യവും ഉദ്ദേശ്യവും
അദ്വൈത വേദാന്തമെന്ന് അറിയപ്പെടുന്ന ബ്രഹ്മ വിദ്യാദർശനം ഏവർക്കും ലഭിക്കുമാറ് ഗുരുമുഖത്തുനിന്ന് കേൾക്കാനും മനന നിദിദ്ധ്യാസനങ്ങൾകൊണ്ട് അതിനെ സാക്ഷാൽക്കരിക്കാനും ഏവർക്കും സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ഗുരുകുലത്തിന്റെ മുഖ്യമായ ഉദ്ദേശ്യം. ഗുരുകുലം സർവാദരണീയനും അനുകരണീയനുമായി ആദരിച്ചുപോരുന്ന നാരായണ ഗുരുവിന്റെ മാതൃകാജീവിതം ഗുരുകുലത്തിലെ ശിഷ്യന്മാരുടെ ജീവിതചര്യയായാലും ആദർശങ്ങളാലും ഏവർക്കും പരിചിതമാകുന്നതിനും ശ്രദ്ധ വയ്ക്കുന്നതാണ്. അഹിംസയും സാഹോദര്യവും ഇപ്രകാരമുള്ള ജീവിതത്തിന്റെ മുഖ്യപ്രേരണകൾ ആയിരിക്കും. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ’ എന്ന മുദ്രാവാക്യം എപ്പോഴും ഗുരുകുലത്തിനു മാർഗനിർദേശം നൽകുന്നതാണ്.

സഹജമായ ലൗകികബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ സ്വധർമനിർവഹണം ചെയ്തുപോരുന്ന സത്യാന്വേഷികളായ ഏവർക്കും ഗുരുകുലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിശാല ഗുരുകുലം വിഭാവനം ചെയ്തിരിക്കുന്നത്. ഇവരിൽ ശിഷ്യ ഭാവമുള്ളവരുടെ സംഘത്തെ ‘പീതാംബര സൗഹൃദം’ എന്ന് വിളിച്ചുപോരുന്നു. ദാർശനികവും ആധ്യാത്മികവുമായ വിഷയങ്ങളിൽ ശിഷ്യന്മാർക്കും ഇവർക്കും ഒരേ പരിഗണനയാണ്.

ഗുരുകുലത്തിലെ പഠനത്തിനോടൊപ്പം ഗുരുകുലത്തിന് പുറത്തുവച്ച് സംവാദങ്ങൾ, ചർച്ചകൾ, സെമിനാറുകൾ എന്നിവ നടത്തുന്നത് പ്രധാനമായും ഗുരുകുല സ്റ്റഡി സർക്കിൾ വഴിയാണ്. സംവാദ സമീപന സാധ്യതകൾ തുറന്നുകൊടുക്കുകയെന്ന ഉദ്ദേശ്യവും ഇതിനു പിറകിലുണ്ട്.  ഗുരുകുലത്തിന്റെ നൂറാം വാർഷികാഘോഷത്തോട്‌ അനുബന്ധിച്ച്, അടുത്ത ഒരു വർഷക്കാലംകൊണ്ട് കേരളത്തിലാകെ നൂറിലധികം സ്റ്റഡിസർക്കിളുകൾ രൂപീകരിച്ച് ആയിരത്തിലധികം കുടുംബസംഗമങ്ങളും പഠന ക്ലാസുകളും നടത്തും. എല്ലാ താലൂക്കുകളിലും ഗുരുകുല ബാലലോകം രൂപീകരിക്കുക,  ജില്ലാതല സമ്മേളനങ്ങൾ സംഘടിപ്പിക്കുക, സംസ്ഥാനതല സെമിനാറുകൾ നടത്തുക തുടങ്ങി നിരവധി പരിപാടികൾ നടത്തും.

നാരായണ ഗുരുകുലത്തിൽ ചേരാനായി ഗുരു നിത്യചൈതന്യയതി എത്തിയപ്പോൾ നടരാജഗുരു അദ്ദേഹത്തിന്റെ മുമ്പിൽ രണ്ട്‌ ലക്ഷ്യങ്ങൾ വച്ചു. ഒന്ന്–- സകല ജീവരാശികളിലും പ്രകാശിക്കുന്ന അറിവായ ആത്മാവ് ഏകമാണെന്നും അതിൽനിന്ന് അന്യമായി ലോകത്തിൽ ഒന്നുമില്ലെന്നും നേരിട്ടനുഭവിക്കാനുള്ള ആത്മസാക്ഷാൽക്കാരമായിരുന്നു. പിന്നൊന്ന് മനുഷ്യനും മനുഷ്യനും തമ്മിൽ വ്യത്യാസമില്ലാത്തതുകൊണ്ട് അനീതിക്ക് പാത്രമാകുന്ന ഒരാളുടെ ദുഃഖം എന്റേതുകൂടിയല്ല എന്ന് വിചാരിക്കാതിരിക്കാനുള്ള സാർവത്രികമായ ഉത്തരവാദിത്വം (അൺ ലിമിറ്റഡ് ലയബിലിറ്റി) ആയിരുന്നു. ആ ഉത്തരവാദിത്വം ഉണ്ടായാൽ ഗുരുകുലവാസികൾ ലോക പൗരന്മാരായി ഭവിക്കും. ഓരോരുത്തരുടേതുമായ ആത്മസാക്ഷാൽക്കാരം, എല്ലാവരുടേതുമായ ലോക പൗരത്വം–- ഈ രണ്ടു ലക്ഷ്യങ്ങളാണ് നാരായണ ഗുരുകുലത്തെ നീതിനിഷ്‌ഠമാക്കുന്നത്.

( എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ ലേഖിക ശ്രീനാരായണ ഗുരു അന്താരാഷട്ര പഠനകേന്ദ്രം മുൻ ഡയറക്‌ടറാണ്‌ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top