26 April Friday

പിന്നോട്ട്‌ നടക്കുന്ന അഫ്‌ഗാൻ; നജീബുള്ളയെ 
താലിബാൻ വധിച്ചിട്ട്‌ കാൽനൂറ്റാണ്ട്‌

കെ എ നിധിൻനാഥ്‌Updated: Monday Sep 27, 2021

അഫ്‌ഗാനിസ്ഥാനിലേത്‌ ഇന്ന്‌ പ്രാകൃത മതനിയമങ്ങളും അപരിഷ്‌കൃത ജീവിതരീതികളും അടിച്ചേൽപ്പിക്കപ്പെട്ട ജനതയാണ്‌. താലിബാൻ ഭരണം കൈയാളുന്ന ഇവിടെ ജീവിതം ഒരു ദുഃസ്വപ്‌നമാണെന്ന്‌ ദിനംപ്രതി പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നു. ഭയം തളംകെട്ടി നിൽക്കുന്ന പഴയ നാളുകളിലേക്ക്‌ അമേരിക്കൻ നിലപാടുകളുടെ ഫലമായി അഫ്‌ഗാൻ എടുത്തെറിയപ്പെട്ടു. ഈയൊരു അവസ്ഥയിലേക്ക്‌ അഫ്‌ഗാൻ എത്തിയിട്ട്‌ 25 വർഷം കഴിഞ്ഞു. ഇടതുസർക്കാരിനെ അട്ടിമറിക്കുകയെന്ന ഏക ലക്ഷ്യത്തിൽ അമേരിക്ക നടത്തിയ നീക്കത്തിനെല്ലാം കാരണമെന്ന്‌ ഓർമപ്പെടുത്താൻ ഏറ്റവും ഉചിതമായ പേരാണ്‌ ഡോ. നജീബുള്ള. 1978 മുതൽ 1992 വരെ പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർടി ഓഫ്‌ അഫ്‌ഗാനിസ്ഥാന്റെ (പിഡിപിഎ) നേതൃത്വത്തിൽ അഫ്‌ഗാൻ ഭരിച്ചിരുന്ന കാലം രാജ്യത്തിന്റെ സുവർണ കാലഘട്ടമായിരുന്നു. എന്നാൽ, സോവിയറ്റ്‌ യൂണിയനുമായി അടുത്തുനിന്നിരുന്ന പ്രസിഡന്റ്‌ നജീബുള്ളയുടെ ഭരണകൂടത്തെ ഇല്ലാതാക്കാനാണ്‌ അമേരിക്ക ശ്രമിച്ചത്‌. ഇതിനായി പാകിസ്ഥാന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളുടെ ഫലമാണ്‌ താലിബാൻ എന്ന ഭീകരസംഘടന.

സുവർണകാലത്തിന്റെ അന്ത്യം

ഇന്ത്യയുമായി നജീബുള്ളയ്ക്ക് അടുത്തബന്ധമുണ്ട്. കശ്മീരിൽ കുടുംബവേരുകൾ ഉള്ളതുകൊണ്ടുതന്നെ സ്കൂൾ വിദ്യാഭ്യാസം ബാരാമുള്ളയിലായിരുന്നു. കാബൂൾ സർവകലാശാലയിൽ മെഡിക്കൽ വിദ്യാർഥിയായിരിക്കെയാണ്‌ ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർടിയായ പിഡിപിഎയിൽ അംഗമായത്‌. 1978-ൽ പാർടി അധികാരത്തിലെത്തി. 1987ൽ നജീബുള്ള അഫ്‌ഗാൻ പ്രസിഡന്റായി. ദേശീയവാദികളായ വിപ്ലവകാരികൾ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള പിഡിപിഎയുടെ ഭരണം സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ പുരോഗമന പക്ഷത്തുനിന്നുകൊണ്ടുള്ള വൻ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു. മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും സ്ത്രി–-പുരുഷ സമത്വത്തിനായുള്ള ഇടപെടലുകൾ, ശൈശവ വിവാഹ നിരോധനം, സ്ത്രീകൾക്ക് സർക്കാർ ജോലി തുടങ്ങിയ നിർണായക ചുവടുവയ്പുകളുണ്ടായി.

നജീബുള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക രംഗത്തുവന്നു. സോവിയറ്റ്‌ യൂണിയന്റെ പിന്തുണയുണ്ടായിരുന്നു എന്നതാണ്‌ അമേരിക്കയെ ചൊടിപ്പിച്ചത്‌. അമേരിക്കൻ ചാരസംഘടനയായ സിഐഎ ‘ഓപ്പറേഷൻ സൈക്ലോൺ’ രൂപീകരിച്ചു. അഫ്‌ഗാനിൽ വലിയ സ്വാധീനമുള്ള ഗോത്രത്തലവന്മാർക്കും മതനേതാക്കൾക്കും ഇതിൽ വലിയ എതിർപ്പുണ്ടായി. അമേരിക്ക ഇത്‌ മുതലെടുത്തു. നജീബുള്ള വിരുദ്ധർക്ക് ആയുധവും സാമ്പത്തികസഹായവും നൽകി.
വിദേശമണ്ണിലെ സോവിയറ്റ്‌ യൂണിയനെതിരായ പ്രതിരോധമെന്നാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ റൊണാൾഡ്‌ റീഗൺ വിശേഷിപ്പിച്ചത്‌. എന്നാൽ, നജീബുള്ള സർക്കാരിനെതിരായ കലാപനീക്കം ശക്തമായതോടെ സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് സോവിയറ്റ് സേന അഫ്​ഗാനിൽ എത്തിയത്. 1989ൽ സോവിയറ്റ്‌ സേന പൂർണമായും അഫ്‌ഗാൻ വിട്ടതോടെ മുജാഹിദീൻ ഗ്രൂപ്പുകൾ നജീബുള്ള സർക്കാരിനെതിരെ സായുധകലാപം ശക്തമാക്കി. 1992ൽ നജീബുള്ള സർക്കാർ അട്ടിമറിക്കപ്പെട്ടു. വിവിധ മുജാഹിദീൻ കക്ഷികളുടെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ അധികാരത്തിൽ വന്നു.

1994 സെപ്‌തംബറിൽ പഷ്‌തൂൺ ഗോത്രത്തിലെ വിദ്യാർഥികളെ സംഘടിപ്പിച്ചാണ്‌ മുല്ല മുഹമ്മദ് ഒമർ താലിബൻ രൂപീകരിച്ചത്‌. ഇതിന്‌ സിഐഎയുടെയും പാകിസ്ഥാന്റെ ഐഎസ്‌ഐയുടെയും പൂർണ പിന്തുണ കിട്ടി. നാലു വർഷമായി (1992–-1996) അധികാരത്തിലുള്ള മുജാഹിദീൻ സർക്കാരിലുള്ളവർ പരസ്‌പരം പോരടിക്കുകയായിരുന്നു. ഇതിന്റെ മറവിൽ താലിബാൻ പാകിസ്ഥാന്റെ സഹായത്തോടെ പല പ്രദേശങ്ങളും പിടിച്ചെടുത്തു.

1996 സെപ്‌തംബർ 27ന്‌ കാബൂൾ വരുതിയിലാക്കി. അന്നുതന്നെ നജീബുള്ളയെയും സഹോദരൻ ഷാപുർ അഹ്മദ്സായെയും താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന്‌ മുന്നിലെ വൈദ്യുതി പോസ്‌റ്റിൽ തൂക്കിലേറ്റി. രണ്ട്‌ പതിറ്റാണ്ടിനപ്പുറം ചരിത്രത്തിന്റെ തനിയാവർത്തനമായി അമേരിക്ക താലിബാന്റെ കൈയിൽ ഭരണം ഏൽപ്പിച്ച്‌ വീണ്ടും മടങ്ങി. കമ്യൂണിസ്റ്റ്‌ സർക്കാരിൽ മന്ത്രിസഭയിൽവരെ എത്തിയ സ്‌ത്രീകൾക്ക്‌ ഇന്ന്‌ തനിച്ച്‌ പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. ജീവിതം ദുസ്സഹമാക്കുന്ന മതനിയമങ്ങളുടെ അടിമത്വത്തിലേക്ക്‌ ജനതയെ തള്ളിവിട്ടത്‌ അമേരിക്കയുടെ കമ്യൂണിസ്റ്റ്‌ വിരുദ്ധ നയമാണ്‌. നജീബുള്ളയെ പരസ്യമായി തൂക്കിലേറ്റാൻ താലിബാന്‌ സഹായം നൽകിയ അമേരിക്ക യഥാർഥത്തിൽ അഫ്‌ഗാനിസ്ഥാന്റെ സമാധാന ജീവിതത്തെ കശാപ്പ് ചെയ്യുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top