27 April Saturday

എംആര്‍എന്‍എ വാക്‌സിനുകള്‍ നല്‍കുന്ന വാഗ്ദാനം

നിഖില്‍ ഭാസ്‌കര്‍Updated: Wednesday Dec 2, 2020

നീണ്ട കാത്തിരിപ്പിന് ശേഷം നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍  ലോകത്തിന് കോവിഡ് 19 മായി ബന്ധപ്പെട്ടു ലോകത്തിനു  ചില നല്ല വാര്‍ത്തകള്‍ ലഭിച്ചു. രണ്ടു വാക്സിന്‍ കാന്‍ഡിഡേറ്റുകളുടെ മൂന്നാം  ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഇടക്കാല ഫലങ്ങള്‍, ഈ രണ്ടു വാക്സിനുകളും 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കണ്ടെത്തി. വളരെ ഉയര്‍ന്ന ഫലപ്രാപ്തി മാത്രമല്ല,  മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന ഒരു പൊതു സവിശേഷത കൂടെ ഉണ്ട് ഈ വാക്സിനുകള്‍ക്ക്. വൈറല്‍ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകള്‍  നമ്മുടെ ശരീര കോശങ്ങള്‍ക്ക് നല്‍കുകയാണ് mRNA വാക്‌സിനുകള്‍ ചെയ്യുന്നത്.

വാക്സിന്‍ ആയി ഇന്‍ജെക്ട് ചെയ്യപ്പെടുന്ന mRNA കൊടുക്കുന്ന സിഗ്‌നലുകളുടെ ഫലമായി ശരീരം ചില പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കും. രോഗകാരണം അല്ലാത്ത പ്രോട്ടീനുകള്‍ മാത്രം ഉള്‍പ്പാദിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ് എംആര്‍എന്‍എ വാക്സിന്‍. അതിനാല്‍ കൊറോണ വൈറസിന്റെ രോഗ ഹേതുവായ പ്രോടീനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടില്ല. പുതുതായി ശരീര കോശങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ഈ പ്രോടീനുകള്‍ വൈറസിനെതിരെ പ്രതിരോധശേഷി വികസിപ്പിക്കുന്നു.

സൈദ്ധാന്തികമായി ഏതൊരു പ്രോട്ടീനും ഉല്‍പാദിപ്പിക്കാന്‍ എംആര്‍എന്‍എ ടെക്‌നോളജി  ഉപയോഗിക്കാം, ഇത് വാക്സിനുകളില്‍ സാധാരണ ആയി ഉപയോഗിക്കാറുള്ള വൈറസുകളുടെ നിഷ്‌ക്രിയമായ പതിപ്പുകളെകയും, പ്രോട്ടീനുകളേകളെയും ഒക്കെ അപേക്ഷിച്ചു  വളരെ ലളിതമാണ്. അതു കൊണ്ട് തന്നെ ഫലപ്രദമായ വാക്സിന്‍ വികസനത്തിന് ഒരു മുതല്‍ക്കൂട്ടു തന്നെ ആണ് എംആര്‍എന്‍എ ടെക്‌നോളജി.

രോഗത്തിനെതിരെ പോരാടുന്നതിന് ഉപയോഗപ്രദമായ പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കാന്‍ എംആര്‍എന്‍എ ഉപയോഗിക്കാം  എന്ന ആശയം പതിറ്റാണ്ടുകളായി നിലവില്‍ ഉണ്ട്.

എന്നാല്‍ ഈ അടുത്ത കാലം വരെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്‌സിനുകളൊന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വലുതായൊന്നും പുരോഗതി പ്രാപിച്ചിട്ടില്ലായിരുന്നു. കോവിഡ് വാക്സിനുകളുടെ വിജയം വരെ വിരലിലെണ്ണാവുന്നത്രയും ശാസ്ത്രജ്ഞര്‍ മാത്രമേ ഈ സാങ്കേതിക വിദ്യയില്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നുള്ളൂ എന്നതാണ് വസ്തുത. എലികളില്‍ mRNA ഇന്‍ജെക്ട് ചെയ്തു കൊണ്ട് രോഗപ്രതിരോധത്തിനാവശ്യമായ പ്രോട്ടീനുകള്‍ ആദ്യമായി വിജയകരമായി ഉത്പാദിപ്പിച്ചെടുക്കുന്നത് 1990 ലാണ്. ഈ രീതി വിപ്ലവകരമായിരുന്നു: രോഗകാരികള്‍ക്കെതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാന്‍സര്‍, അപൂര്‍വ ജനിതക അവസ്ഥകള്‍ എന്നിവയ്‌ക്കെതിരായ പ്രതിരോധത്തിനും ശരീരത്തിന് ആവശ്യമായ ഏത് പ്രോട്ടീനും എഞ്ചിനീയറിംഗ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം.

ആര്‍എന്‍എ വാക്സിന്‍ പ്രായോഗികമാക്കി എടുക്കുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി ആയി നിന്നത് രണ്ടു പ്രശ്‌നങ്ങള്‍ ആണ്. വളരെ കുറഞ്ഞ അളവില്‍ ഉള്ള പ്രോട്ടീന്‍ മാത്രമേ ഇതു ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ശേഷം mRNA സ്വയം നശിച്ചു പോകുന്നു. മാത്രമല്ല , രോഗപ്രതിരോധത്തിന് വേണ്ടി ഉല്‍പ്പാദിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള ഉത്തെജനം നല്‍കുന്നതിനു പകരം  മറ്റു പ്രോട്ടീനുകള്‍  ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള  ഉത്തേജനങ്ങള്‍ നല്‍കാന്‍ ആര്‍എന്‍എയ്ക്ക് കഴിയും. അതുകൊണ്ട് മനുഷ്യരിലോ  മൃഗങ്ങളിലോ  ആര്‍ എന്‍ എ കുത്തിവയ്ക്കുകയാണെങ്കില്‍, ചിലപ്പോള്‍ അതു  വളരെ ഗുരുതരമായ കോശജ്വലനം ഉണ്ടാവാന്‍ കാരണം ആയേക്കാം. വൈറസുകള്‍ക്കെതിരായ  ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണിത്. ഈ പ്രശ്‌നങ്ങള്‍ കാരണം, ഈ സാങ്കേതികവിദ്യ ഏറ്റെടുക്കുന്ന കാര്യത്തില്‍ ശാസ്ത്ര ലോകം വളരെ  മന്ദഗതിയില്‍ ആയിരുന്നു നീങ്ങിയിരുന്നത് . കൂടുതല്‍ സ്ഥിരതയുള്ളതും പ്രവര്‍ത്തിക്കാന്‍ എളുപ്പവുമാണ് എന്നുള്ളത് കൊണ്ട് പല ശാസ്ത്രജ്ഞരും ഡിഎന്‍എ ഉപയോഗിച്ചുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോള്‍ മോഡേണയുടെയും  ഫൈസറിന്റെയും  SARS-CoV-2 വാക്‌സിനുകളുടെ വിജയത്തിന് പ്രധാനമായും നന്ദി പറയേണ്ടത് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ രണ്ടു ശാസ്ത്രജ്ഞരായ കാത്തലീന്‍ കരീക്കോ, ഡ്രൂ വെയ്‌സ്മാന്‍ എന്നിവരോട് ആണ്. RNA യുടെ പ്രധാന ഭാഗമായ ന്യൂക്ലീയോസൈഡുകളില്‍ ചില വ്യത്യാനങ്ങള്‍ വരുത്തിയാല്‍ മുകളില്‍ പറഞ്ഞ രണ്ടു പ്രശ്ങ്ങളും മറികടക്കാന്‍ ആകും എന്നു കണ്ടു പിടിച്ചത് ഇവരാണ്. പരിഷ്‌കരിച്ച, സിന്തറ്റിക് ന്യൂക്ലിയോസൈഡുകള്‍ക്ക് എംആര്‍എന്‍എ യില്‍ നിന്ന് പ്രോട്ടീന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും എംആര്‍എന്‍എ തന്മാത്രകളോടുള്ള രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണത്തെ ഗണ്യമായി അടിച്ചമര്‍ത്താനും കഴിയുമെന്ന് 2005 ലെ ഒരു സെമിനല്‍ പ്രബന്ധത്തില്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തു. (കാരികോ ഇപ്പോള്‍ ബയോ ടെക്കിലെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.) എംആര്‍ എന്‍ എ വാക്‌സിന് ടെക്നോളജി ഒരു വാക്‌സിന്‍ രംഗത്തെ ഒരു വന്‍കുതിച്ചു ചാട്ടം തന്നെയാണ് എന്നു ഇപ്പോള്‍ ശാസ്ത്ര ലോകം പൊതുവെ അംഗീകരിച്ചു കഴിഞ്ഞു.

എന്നിരുന്നാലും, കുത്തിവയ്‌പ്പിനുശേഷം ദ്രുതഗതിയിലുള്ള എംആര്‍എന്‍ക്കു സംഭവിക്കുന്ന ധൃതഗതിയിലുള്ള അപചയം തടയാന്‍ ഒരു മാര്‍ഗ്ഗം ആവശ്യമായിരുന്നു.  ലിപിഡ് നാനോപാര്‍ട്ടിക്കിള്‍സ് (എല്‍എന്‍പി) എന്നറിയപ്പെടുന്ന കൊഴുപ്പിന്റെ ചെറിയ കുമിളകളില്‍ ആക്കി എംആര്‍എന്‍എ ഇന്‍ജെക്ട് ചെയ്യുക എന്നതായിരുന്നു ഇതിനു വേണ്ടി സ്വീകരിച്ച മാര്‍ഗ്ഗം. ഇതു മൂലം എം ആര്‍ എന്‍ എ , തന്മാത്രയെ സംരക്ഷിക്കാനും കോശങ്ങളിലേക്ക് അതിന്റെ വിതരണം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ നാലു അഞ്ചു വര്‍ഷങ്ങളായി എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരെ കുഴക്കികൊണ്ടിരുന്ന ഒരു പ്രശ്‌നത്തിനോട് ഇതോടു കൂടി പരിഹാരമായി.

റാബിസ്, ഇന്‍ഫ്‌ലുവന്‍സ, സിക എന്നിവയുള്‍പ്പെടെയുള്ള വൈറസുകള്‍ക്കെതിരെയും   എംആര്‍എന്‍എ വാക്‌സിനുകള്‍ ഇപ്പോള്‍  ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ പ്രാരംഭാ ദശയില്‍ ആണ്.

വാസ്തവത്തില്‍, ഫൈസറിന്റെയും  മോഡേണയുടെയും  SARS-COV-2 വാക്‌സിനുകള്‍ എല്ലാ പ്രതീക്ഷകളെയും കവച്ചു വക്കുന്നതായിരുന്നു. അടിയന്തിര ഉപയോഗ അംഗീകാരത്തിനായി  (ഇയുഎ) വാക്‌സിന്‍ പരിഗണിക്കുന്നതിനു  യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിശയിച്ചിരിക്കുന്ന മാനദണ്ഡം 50 ശതമാനം ഫലപ്രാപ്തി എന്നതാണ്. രണ്ടു വാക്‌സിനുകളുടെയും ഫലപ്രാപ്തി 90%നു മുകളില്‍ ആണ്.

മറ്റ് വൈറസുകള്‍ക്കെതിരായ മുന്‍ ശ്രമങ്ങള്‍ എങ്ങുമെത്താതിരുന്നപ്പോള്‍  എന്തുകൊണ്ടാണ് ഈ വാക്‌സിനുകള്‍ വിജയകരമായി വികസിപ്പിക്കാന്‍ കഴിഞ്ഞത് എന്നത് ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു.  കോവിഡ് വാക്‌സിന് വേണ്ടി സമാനതകളില്ലാത്ത രീതിയിലാണ് വിഭവശേഷി വിനിയോഗിക്കപ്പെട്ടത്.  ഇതു തന്നെയാണ് ഈ ദുഷ്‌കരമായ ധൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനു പിന്നിലും. കോവിഡ് പോലുള്ള മഹാപ്രതിബന്ധങ്ങള്‍ മുന്നില്‍ വന്നില്ലെങ്കില്‍ മനുഷ്യോപകാര പ്രദമായ  ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികസനത്തിന് ഉതകുന്ന രീതിയില്‍ വിഭവ വിനിയോഗം നടക്കുന്നില്ല എന്നുള്ള ദുഖകരമായ സത്യത്തിലേക്കു കൂടി ആണ് ഇതു വിരല്‍ ചൂണ്ടുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top