26 April Friday

മങ്കി പോക്‌സ്‌
 : ആശങ്ക വേണ്ട; അതിജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ മങ്കി പോക്‌സ്‌ മരണം സ്ഥിരീകരിച്ചിരിക്കുന്നു. ദുബായിൽനിന്നെത്തിയ ഇരുപത്തിരണ്ടുകാരനാണ്‌ തൃശൂരിൽ മരിച്ചത്. അദ്ദേഹത്തിന്  മങ്കി പോക്‌സ്‌ ലക്ഷണങ്ങളേക്കാൾ കൂടുതൽ ക്ഷീണവും എൻസെഫലൈറ്റിസ് (തലച്ചോറിലെ അണുബാധ) ലക്ഷണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ദുബായിൽ നടത്തിയ രക്തപരിശോധനയിൽ അദ്ദേഹത്തിന് രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് വിദഗ്ധസമിതി പരിശോധിക്കുമെന്ന്  ആരോഗ്യമന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 14ന് കേരളത്തിലാണ് രാജ്യത്ത്‌ ആദ്യമായി മങ്കി പോക്‌സ്‌ കണ്ടെത്തിയത്. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ആകെ നാല്‌ പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന്‌ രോഗികൾ വിദേശത്തുനിന്ന്‌ വന്നവരായിരുന്നു. രോഗപ്പകർച്ച വിദേശത്തുനിന്നാണ്‌ എന്നാണിത്‌ സൂചിപ്പിക്കുന്നത്. എന്നാൽ, ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത രോഗി വിദേശസന്ദർശനം നടത്തിയിട്ടില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 1-2 ആഴ്ചയ്‌ക്കുള്ളിൽ  ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ചിലരിൽ മൂന്ന്‌ ആഴ്ചയും ആകാം. അതുകൊണ്ടുതന്നെ  21 ദിവസമാണ് രോഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷിക്കുന്നത്.

മുമ്പ്‌ മാരകമായി പടർന്ന വസൂരിയുടെ അതേകുടുംബത്തിലെ ഇളംതലമുറ വൈറസാണ് മങ്കി പോക്‌സിന്‌ കാരണം. ആഫ്രിക്കയിൽ 1958-ൽത്തന്നെ കുരങ്ങുകളിൽ ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. 1970-ൽ ആഫ്രിക്കയിൽത്തന്നെ കോംഗോയിൽ ആദ്യമായി മനുഷ്യരിൽ കണ്ടെത്തി. ഏഴുമാസം പ്രായമുള്ള കുഞ്ഞിലാണ് ആദ്യം രോഗലക്ഷണം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ വൻകരയ്‌ക്ക്  പുറത്ത് ആദ്യമായി 2003-ലാണ് കണ്ടെത്തുന്നത്. അമേരിക്കയിൽ  -എഴുപതിലധികം പേർക്ക് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്ന്‌ കൊണ്ടുവന്ന പിയറി ഡോഗ്‌സ് എന്ന വളർത്തുജീവികളിൽനിന്നാണ് അമേരിക്കയിൽ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

എലിയെയും അണ്ണാനെയുംപോലെ കരണ്ടുതിന്നുന്ന ചെറുജീവികളിലാണ് ഈ വൈറസുകൾ സാധാരണ ജീവിക്കുന്നത്.  ഈ ജീവികളിൽനിന്ന്‌ കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പകരാം. ആഫ്രിക്കയ്‌ക്ക് പുറത്ത്  മൃഗങ്ങളിൽ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സാധാരണയായി ആഫ്രിക്കയിൽ പോയ സഞ്ചാരികൾക്കോ  അവരുമായി  അടുത്തിടപഴകിയവർക്കോ ആഫ്രിക്കയിൽനിന്ന്‌ ഇറക്കുമതി ചെയ്ത മൃഗങ്ങളെ നേരിട്ട് കൈകാര്യം ചെയ്തവർക്കോ ആയിരുന്നു രോഗബാധ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏതാണ്ട് ഇരുപതിനായിരത്തോളം പേർക്ക് മങ്കി പോക്‌സ്‌  ബാധിച്ചിട്ടുണ്ട്. ഇതിൽ  70  ശതമാനവും  യൂറോപ്യൻ രാജ്യങ്ങളിലാണ്‌.  ബാക്കി  പ്രധാനമായും ദുബായ് ഉൾപ്പെടെയുള്ള ഗൾഫ്, മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിലായിരുന്നു. എന്നാൽ, ഈ രോഗികളിൽ  മരണനിരക്ക് താരതമ്യേന വളരെ കുറവായിരുന്നു.

ലക്ഷണം
പനി, ശരീരവേദന, തലവേദന, വിയർപ്പ്, തൊണ്ടവേദന, കഴലവീക്കം, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, ഈ പാടുകൾ വലുതായി കുമിളകൾ രൂപപ്പെടുക, കുമിളകൾ പഴുത്ത് കരിഞ്ഞു കൊഴിഞ്ഞുപോകൽ തുടങ്ങിയവയാണ്‌ മങ്കി പോക്‌സ്‌ ലക്ഷണങ്ങളായി പൊതുവെ കാണുന്നത്. ചിക്കൻ പോക്സിലും  സമാനലക്ഷണം കാണാം.  എന്നാൽ, മങ്കി പോക്‌സ്‌ ബാധയിൽ കുമിളകൾ ഒരേസമയത്തു തന്നെയാണ്  രൂപപ്പെടുന്നതും പഴുക്കുന്നതും. വായ്‌ക്കകത്തും ലൈംഗിക അവയവങ്ങളിലെ മൃദുവായ തൊലിയിലും കുമിളകൾ കാണപ്പെടുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. വളരെ അടുത്ത് ഇടപഴകുമ്പോൾ മാത്രമേ പകരുകയുള്ളൂ. മാസ്കില്ലാതെ അടുത്തിരുന്നു കുറേനേരം സംസാരിക്കുക, രോഗി ഉപയോഗിച്ച  കർച്ചീഫ്, തുണികൾ എന്നിവ കൈകാര്യം ചെയ്യുക, ലൈംഗികബന്ധം ഇതൊക്കെ രോഗപ്പകർച്ചയ്‌ക്ക് ഇടയാക്കാം. അകലെനിന്ന്  സംസാരിച്ചാൽ പിടിപെടാൻ സാധ്യതയില്ല. വായുവിലൂടെ പകരുന്ന രോഗമല്ല. എന്നാലും രോഗസംശയമുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യുന്നത് സംരക്ഷണം നൽകും.

ഇത്തരം രോഗങ്ങൾ വർധിക്കുന്നത് ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. മങ്കി പോക്‌സ്‌  മരണനിരക്ക് വളരെ കുറവാണ്. എന്നാലും വസൂരിക്കുള്ള പ്രതിരോധ കുത്തിവയ്‌പുകൾ  അവസാനിപ്പിച്ചതുകൊണ്ട് ചെറുപ്പക്കാർക്ക് ഇത്തരം വൈറസുകൾക്കെതിരെ പ്രതിരോധം കുറഞ്ഞിരിക്കും. കേരളത്തിൽ ആരോഗ്യരക്ഷാ സംവിധാനവും ജനങ്ങളുടെ പൊതുആരോഗ്യ അറിവും ജാഗ്രതയും ഉയർന്നുനിൽക്കുന്നതുകൊണ്ട് രോഗികളെയും സമ്പർക്കസാധ്യതയുള്ളവരെയും കണ്ടെത്താനും നിരീക്ഷിക്കാനും കഴിയുന്നുണ്ട്. ഇത് രോഗപ്പകർച്ച തടയാൻ പര്യാപ്‌തമാണ്. എന്നാൽ, ഇന്ത്യയിൽ പല സ്ഥലത്തും വേണ്ടത്ര ഫലപ്രദമായ നിരീക്ഷണമില്ലെങ്കിൽ സാമൂഹ്യവ്യാപനം നടക്കും. വസൂരിക്കെതിരെ ഫലപ്രദമായ  വാക്സിനും മരുന്നുകളും ഈ രോഗത്തിനെതിരെയും ഫലപ്രദമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത ആവശ്യമുണ്ടെന്ന്  മങ്കി പോക്‌സും നമ്മെ ഓർമിപ്പിക്കുന്നു.

(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top