05 May Sunday

മാനസികാരോഗ്യം നിലനിര്‍ത്താം ....ഇന്ന് ലോക മാനസികാരോഗ്യ ദിനം

(അജയകുമാര്‍ കരിവെള്ളൂര്‍Updated: Tuesday Oct 10, 2023

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുകയാണ് . ശരിയായ  മാനസിക ആരോഗ്യം  മനുഷ്യാവകാശം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പുതിയ ഡിജിറ്റല്‍ ലോകത്ത്  സങ്കീര്‍ണമായ മാനസിക പ്രശ്‌നങ്ങളാണ് നമ്മുടെ സഹജീവികളെ അലട്ടുന്നത്. ആവശ്യത്തിന് എല്ലാം ഉണ്ടെങ്കിലും ഒരു സംതൃപ്തി ഇല്ലായ്മ കുടുംബങ്ങളില്‍ നിഴലിക്കുന്നുണ്ട്. നമ്മുടെ കുട്ടികളിലും മാനസിക സമര്‍ദ്ദം ഏറിവരുന്നു. ജീവിതം തിരക്ക് പിടിച്ച ഓട്ടമായി മാറുന്നു.

മാനസികാരോഗ്യം എന്ന ലളിതപദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ആളുകള്‍ക്ക് സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള  കഴിവിനെയാണ്. ലളിതമായി പറഞ്ഞാല്‍ മാനസിക ആരോഗ്യം എന്നത് വെറുമൊരു മാനസികാരോഗ്യ തകരാര്‍ ഇല്ലാതിരുന്ന അവസ്ഥ മാത്രമല്ല. ആരോഗ്യം എന്ന ആശയത്തെ  ലോകാരോഗ്യ സംഘടന വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്. സമ്പൂര്‍ണ ശാരീരിക, മാനസിക സാമൂഹിക ക്ഷേമം ഉണ്ടാകുക .

അസുഖമോ ബലക്ഷയമോ ഇല്ലാതിരിക്കുക എന്നത് മാത്രമല്ല. ഒരു വ്യക്തിയുടെ ക്ഷേമം അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ജീവിതത്തിലെ ചെറിയ സമ്മര്‍ദ്ദങ്ങളെ താങ്ങാനും, തൊഴില്‍ മേഖലയിലെ ഉദ്പാദന ക്ഷമതയും സമൂഹത്തില്‍ അവര്‍ നല്‍കുന്ന സംഭാവനകളും അടിസ്ഥാനമാക്കിയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ടെന്‍ഷന്‍ ഒഴിവാക്കാം ....

നാമെല്ലാം തന്നെ നമ്മെ പരീക്ഷണത്തിന് വിധേയരാക്കുന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. വ്യക്തിപരവും, തൊഴില്‍ സംബന്ധവുമായ പ്രതിസന്ധികള്‍ മൂലം താല്‍കാലിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുകയും ചെയ്യും.അതെന്തായാലും നമ്മുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്ന് നമുക്ക് തോന്നിയാല്‍, ചിലപ്പോള്‍ അത് മാനസിക രോഗത്തിന്റെ ഒരു സൂചനയാകാം. ശാരീരിക സൗഖ്യം സംബന്ധിച്ച ചിന്തകള്‍ ഇന്‍ഡ്യക്കാര്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ജീവിതശൈലി മൂലമുള്ള രോഗങ്ങളാണ് ഈ ചിന്തകള്‍ക്ക് കാരണം.മാനസിക ആരോഗ്യം സംബന്ധിച്ച അവബോധം ഇന്നും വളരെ പിന്നോക്കം നില്‍ക്കുന്നു. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും വെറും തോന്നല്‍ മാത്രമാണെന്നുമുള്ള വിധത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു.

ഈ വിഭാഗത്തില്‍ ഞങ്ങളുടെ വിദഗ്ധര്‍ ആരോഗ്യ മേഖലയിലെ  മറ്റേതൊരു വിഭാഗവും പോലെ തന്നെ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രത്യേക ലക്ഷണങ്ങള്‍ മൂലം കണ്ടെത്താമെന്നും മാനസികരോഗ ചികിത്സയിലൂടെയും മരുന്നുകളിലൂടെയും ചികില്‍സിക്കാമെന്നും പറയുന്നു.
 
മാനസിക തകരാറുകള്‍ രണ്ടുതരത്തില്‍ വിഭജിച്ചിരിക്കുന്നു. സാധാരണ കാണുന്ന മാനസിക പ്രശ്‌നങ്ങളായ വിഷാദം, ഉത്കണ്ഠ അടിസ്ഥാനമാക്കിയുള്ളവ.  പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന (സ്‌കീസോഫ്രീനിയ), ഇരട്ട വ്യക്തിത്വം എന്നിവ പോലെയുള്ള കടുത്ത മാനസിക തകരാറുകള്‍ക്കു വിദഗ്ധരുടെ ശ്രദ്ധ അടിയന്തിരമായി വേണമെങ്കിലും പൊതുവെ കാണുന്ന മാനസിക പ്രശ്‌നങ്ങളാണ് തിരിച്ചറിയപ്പെടാത്തതും ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും അറിവില്ലായ്മ മൂലമാണ് .മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലും അവഗണിക്കുന്നതും തെറ്റിദ്ധരിക്കപ്പെടുകയോ ആണ് പതിവ്.  

 മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും സംശയ നിവാരണത്തിനും,  സംസ്ഥാന ആരോഗ്യവകുപ്പ് ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ടെലി മനസ്'  ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. ഇതിനായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരും നിലവിലുണ്ട്.  കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

മാനസികാരോഗ്യം ഉറപ്പ് വരുത്താനായി സംസ്ഥാനത്തെ 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി 290 മാനസികാരോഗ്യ ക്ലിനിക്കുകള്‍ മാസം തോറും നടത്തിവരുന്നു. ഇതിലൂടെ അമ്പതിനായിരത്തിലധികം രോഗികള്‍ക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി 'സമ്പൂര്‍ണ മാനസികാരോഗ്യം', 'ആശ്വാസം' പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്‌നങ്ങളും, വൈകല്യങ്ങളും, രോഗങ്ങളും ഉള്ളവരെ കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ തന്നെ ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് 'സമ്പൂര്‍ണ മാനസികാരോഗ്യം'. ഓരോ പഞ്ചായത്തിലും 50 മുതല്‍ 120 രോഗികളെ വരെ ഈ പദ്ധതിയിലൂടെ ചികിത്സയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നു. ഈ സാമ്പത്തിക വര്‍ഷത്തോടെ സമ്പൂര്‍ണ മാനസികാരോഗ്യം 700 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഇതിനുപുറമേ ആത്മഹത്യ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 'ജീവരക്ഷ' എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വിഷമതകള്‍ അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകാന്‍ സാദ്ധ്യതയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, പോലീസുകാര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍ എന്നിവര്‍ക്ക് ആത്മഹത്യയുടെ അപകട സൂചനകള്‍, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉള്‍പ്പെടെയുള്ള ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനവും നല്‍കി വരുന്നു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top