26 April Friday

എം കെ : ഉജ്വലനായ തൊഴിലാളി നേതാവ്‌

എൻ ചന്ദ്രൻUpdated: Monday Nov 14, 2022


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം കെ കൃഷ്ണൻ അന്തരിച്ചിട്ട് ഇന്ന്‌ (നവംബർ 14 ) 27 വർഷം തികയുകയാണ്. എറണാകുളം വൈപ്പിൻ എടവനക്കാട്ട് സാധാരണ കുടുംബത്തിൽ ജനിച്ച എം കെ കൃഷ്ണൻ, ചെറുപ്പംമുതൽ തന്നെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നാട്ടിലും പരിസരപ്രദേശങ്ങളിലും കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികൾ, ബീഡി തെറുപ്പുതൊഴിലാളികൾ തുടങ്ങിയ ദുർബലരായ വിഭാഗങ്ങളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. ഭൂ ഉടമകളുടെ നേതൃത്വത്തിൽ കൂലി നിഷേധമടക്കമുള്ള തൊഴിലാളിവിരുദ്ധ നടപടികൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ ഉജ്വലസമരങ്ങൾക്ക് എം കെ നേതൃത്വം നൽകി. കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളും നാടിന്റെ പൊതുസ്ഥിതിഗതികളും സസൂക്ഷ്മം വിലയിരുത്തി, അത് ലളിതമായി തൊഴിലാളികൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചുകൊടുക്കാനുള്ള എം കെയുടെ കഴിവ് ശ്ലാഘനീയമായിരുന്നു.

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളിൽ സജീവമായ എം കെ കൃഷ്ണൻ, സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. മന്ത്രിയായും എംഎൽഎയായും പ്രവർത്തനമികവ് കാണിച്ച എം കെ, എക്കാലവും പീഡിതരുടെയും അശരണരുടെയും അത്താണിയായിരുന്നു.
കർഷകത്തൊഴിലാളി യൂണിയന്റെ ഒന്നാം സമ്മേളനം 1970ൽ പാലക്കാട്ട് ചേർന്നപ്പോൾ എം കെ കൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച കാലയളവ്‌ ഒഴികെയുള്ള സമയങ്ങളിൽ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. 1991ൽ ബിഹാറിലെ സമസ്‌തിപുരിൽ മൂന്നാം ദേശീയ സമ്മേളനം ചേർന്നപ്പോൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യമാകെയുള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ സമരസജ്ജരാക്കാനുമുള്ള പ്രയത്നങ്ങൾക്കിടയിലാണ് 1995 നവംബർ 14ന്‌ തൃശൂരിൽ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽ കർഷക, കർഷകത്തൊഴിലാളി ഐക്യത്തിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചുനിൽക്കെ എം കെ കൃഷ്ണൻ കുഴഞ്ഞുവീണ് മരിച്ചത്.

1947ൽ സിപിഐ എം അംഗമായ എം കെ, 1953 മുതൽ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ൽ എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, ഇ എം എസ് സർക്കാരിൽ മന്ത്രിയായി. 1980ൽ ഞാറയ്ക്കലിൽനിന്നാണ് നിയമസഭയിലേക്ക്‌ എത്തിയത്. അങ്ങനെ നായനാർ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു.

രാജ്യവ്യാപകമായി കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ഉജ്വല പ്രക്ഷോഭങ്ങൾ നടക്കുന്ന വേളയിലാണ് നമ്മൾ എം കെയെ സ്മരിക്കുന്നത്. മോദി- സർ-ക്കാർ- ന-ട-പ്പാ-ക്കു-ന്ന- ന-യ-ങ്ങൾ- സാ-മ്രാ-ജ്യ-ത്വ-‐- കോർ-പ-റേ-റ്റ്- താൽ-പ്പ-ര്യ-ങ്ങൾ-ക്കുവേണ്ടി മാത്ര-മാ-ണ്.- കാർ-ഷി-ക-മേ-ഖല-യാകെ കോർപറേറ്റുകൾക്ക്‌ കൈമാറുന്ന തരത്തിലുള്ള നിയമനിർമാണങ്ങളാണ്‌ അടുത്തകാലത്ത്‌ എൻഡിഎ സർക്കാർ നടപ്പാക്കുന്നത്‌. കർഷകരുടെ ചെറുത്തുനിൽപ്പിന്റെ ഭാഗമായി ഒരു വർഷത്തിലേറെ രാജ്യതലസ്ഥാനത്ത്‌ നടന്ന ഐതിഹാസിക സമരത്തിനു മുന്നിൽ മോദി സർക്കാർ മുട്ടുമടക്കി. എങ്കിലും കേന്ദ്ര സർക്കാർ തൊഴിലാളി–- കർഷക വിരുദ്ധ, ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണ്‌. 

ഇടതുപക്ഷ ബദലുകൾ മുന്നോട്ടുവച്ച്‌ ജനങ്ങൾക്ക്‌ കൈത്താങ്ങായി മാറുകയാണ്‌ കേരളത്തിലെ സർക്കാർ. ജനക്ഷേമ നടപടികളുമായി നീങ്ങുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ വിവിധ കോണുകളിൽനിന്ന്‌ ഉണ്ടാകുന്നത്‌. സംസ്ഥാനത്തിനു നൽകുന്ന വിഹിതം വെട്ടിക്കുറച്ചും ജിഎസ്‌ടി വിഹിതം നൽകൽ വൈകിപ്പിച്ചും കേരളത്തെ ഞെരുക്കുകയാണ്‌ കേന്ദ്രം ചെയ്യുന്നത്‌. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സർക്കാരിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും നടന്നു. ഏറ്റവുമൊടുവിലായി ജനകീയ സർക്കാരിനെ ഗവർണറെ ഉപയോഗിച്ച്‌ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ്‌ ആർഎസ്‌എസ്‌ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടത്തുന്നത്‌. കോൺഗ്രസാകട്ടെ സർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ കൂട്ടായി ഒപ്പമുണ്ട്‌. ജനകീയ- പോ-രാ-ട്ട-ങ്ങൾ-ക്ക്-- നേ-തൃ-ത്വം- നൽ-കി-യ- എം- കെ-യു-ടെ- സ്--മ-ര-ണ- ഇ-ന്ന്- സ-മ-രോർ-ജ-മാ-യി- മാ-റു-ക-യാ-ണ്.- കേരളത്തിന്റെ ചെറുത്തുനിൽപ്പിന്‌ എം -കെ-യു-ടെ- സ്--മ-ര-ണ കരുത്തുപകരുമെന്ന്‌ ഉറപ്പാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top