05 May Sunday

സംസ്ഥാനത്ത് തിരിച്ചടിക്ക് ഇടയാക്കിയ ഘടകങ്ങൾ

കോടിയേരി ബാലകൃഷ്ണന്‍Updated: Saturday Jun 8, 2019

കേരളത്തിൽ ഒരു മുന്നണിക്കും പകുതി വരുന്ന ജനതയുടെ പിന്തുണ  നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയർന്നുവരുന്ന പലവിധ ഘടകങ്ങളാണ് തെരഞ്ഞെടുപ്പ് വിജയത്തെ നിർണയിക്കുന്നത്. ചില ഘടകങ്ങൾ അനുകൂലമായി വരുമ്പോൾ തെരഞ്ഞെടുപ്പ് വിജയിക്കുകയും അല്ലാത്തപ്പോൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സ്ഥിതിവിശേഷവുമാണ് നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന മുന്നണി വീണ്ടും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചുവരുന്ന സ്ഥിതി ഉണ്ടാകുന്നത് അതുകൊണ്ടാണ്.

ലോക‌്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ കാണുന്ന പൊതുവായ പ്രവണത കോൺഗ്രസിന് അനുകൂലമായ വിധിയെഴുത്ത് സൃഷ്ടിക്കുന്നുഎന്നതാണ്. ഇതിന് പ്രധാന കാരണം, കോൺഗ്രസ‌് അഖിലേന്ത്യാതലത്തിൽ ഭരണത്തിൽ വരാൻ സാധ്യതയുള്ള പാർടിയാണ് എന്ന ആനുകൂല്യം വോട്ടർമാർ പലപ്പോഴും അവർക്ക് നൽകുന്നുണ്ട് എന്നതാണ്. 2004 ൽ ഇതിൽനിന്ന് വ്യത്യസ്തമായ സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നുവെന്ന അവസ്ഥ സംജാതമായപ്പോഴാണ് കോൺഗ്രസിന് കനത്ത പരാജയം ഏൽക്കേണ്ടിവന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വരാൻ സാധ്യതയുണ്ട് എന്നതിനാൽ ലോക‌്സഭയിൽ ഉള്ളതുപോലുള്ള വോട്ടിങ‌് പാറ്റേൺ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകാത്തത് അതുകൊണ്ടാണ്.

സംഘപരിവാറിന്റെ രാഷ്ട്രീയത്തെ രാജ്യത്തെമ്പാടും ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. അതിനാൽത്തന്നെ മോഡിയുടെ ഭരണത്തിനെതിരെ ശക്തമായ പ്രചാരവേലയാണ് സംസ്ഥാനത്ത് സിപിഐ എമ്മും  ഇടതുപക്ഷപ്രസ്ഥാനങ്ങളും സംഘടിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാതലത്തിലും സമാനമായ തരത്തിലുള്ള ഇടപെടലുകളും ഇടതുപക്ഷം തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് ആപത്താണെന്ന പൊതുബോധം സംസ്ഥാനത്ത് നിലവിലുണ്ട്. ചുരുക്കത്തിൽ മോഡിയെ അധികാരത്തിൽനിന്നിറക്കുക നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണെന്ന പൊതുവികാരം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

വലതുപക്ഷ പ്രചാരവേലകൾ

മോഡിയെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം ജനങ്ങളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇടതുപക്ഷം മത്സരിക്കുന്ന സീറ്റുകൾ രാജ്യത്തുതന്നെ കുറവാണെന്നിരിക്കെ മോഡിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസാണ് വിജയിക്കേണ്ടത് എന്ന ചിന്ത പരത്തുന്നതിന് മാധ്യമങ്ങൾക്കും വലതുപക്ഷ പ്രചാരവേലകൾക്കും കഴിയുകയുണ്ടായി. കോൺഗ്രസ‌് ലോക‌്സഭയിൽ ഏറ്റവും വലിയ കക്ഷിയായാൽ മാത്രമേ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിക്കുകയുള്ളൂവെന്ന പ്രചാരവേലയും സംസ്ഥാനത്ത‌് മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിച്ചു. ഈ പ്രചാരണം ബിജെപി വിരുദ്ധ മനോഭാവം വച്ചുപുലർത്തുന്ന ജനവിഭാഗങ്ങളിലും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട മതനിരപേക്ഷ ജനവിഭാഗങ്ങളിലും ഏറെ സ്വാധീനം ചെലുത്തി. ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേക സാഹചര്യത്തിൽ രൂപപ്പെട്ടുവന്ന ഈ ചിന്താഗതി യഥാർഥത്തിൽ താൽക്കാലികമായ ഒരു സ്ഥിതിവിശേഷം എന്ന നിലയിലാണ് വിലയിരുത്തേണ്ടത്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് കേരളത്തിൽനിന്ന് ഒരു പ്രധാനമന്ത്രിയെന്ന പ്രതീതി സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള ഇടപെടലും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രവാസി മേഖലയിൽ പോലും ഇത്തരം ഇടപെടൽ നടത്തുകയും ചെയ്തു.

ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാണിച്ച് എൽഡിഎഫ് അക്രമകാരികളാണെന്ന പ്രചാരവേലയും ഈ ഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി. അതേ അവസരത്തിൽ എൽഡിഎഫിനെതിരായ ആക്രമണങ്ങൾ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ കൊല്ലപ്പെട്ട എൽഡിഎഫ് പ്രവർത്തകന്റെ മരണം പോലും വാർത്തയോ ചർച്ചയോ ആകാത്ത സ്ഥിതിവിശേഷവുമുണ്ടായി. അക്രമകാരികൾ എന്ന പരിവേഷം സൃഷ്ടിച്ച് ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനുള്ള തീവ്ര ഇടപെടലുകളും മാധ്യമ പിന്തുണയോടെ വലതുപക്ഷശക്തികൾ നടത്തി.

ഭരണഘടന വിഭാവനംചെയ്യുന്ന തുല്യനീതിയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള സ്ത്രീകൾക്കും പ്രവേശനമാകാമെന്ന വിധി ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചു. ഈ കേസിൽ നേരത്തേ വി എസ് അച്യുതാനന്ദൻ സർക്കാർ സമർപ്പിച്ച അഫിഡവിറ്റ് തന്നെ എൽഡിഎഫ് സമർപ്പിക്കുകയാണ് ഉണ്ടായത്.  ഇതുപ്രകാരം സ്ത്രീ‐പുരുഷ സമത്വത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്ത്രീപ്രവേശനത്തെ നാം പിന്തുണച്ചു. എന്നാൽ, അത്തരം തീരുമാനമെടുക്കുന്നതിനുമുമ്പ് ആ മതവിഭാഗത്തിലെ നവോത്ഥാന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന പണ്ഡിതന്മാരുമായി ചർച്ച ചെയ്തുകൊണ്ടാകണം തീരുമാനമെടുക്കേണ്ടത് എന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭരണഘടനാ ബെഞ്ച് സ്ത്രീ‐പുരുഷ സമത്വമെന്ന ഭരണഘടനയിലെ നിലപാടിനെ അടിസ്ഥാനമാക്കി വിധി പുറപ്പെടുവിക്കുകയാണുണ്ടായത്.

വിധി ഉണ്ടായപ്പോൾ ആദ്യഘട്ടത്തിൽ അതിനെ ബിജെപിയും കോൺഗ്രസും പിന്തുണച്ചു.  വിധി നടപ്പാക്കുക മാത്രമാണ് സർക്കാരിന്റെ മുമ്പിലുള്ള വഴിയെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇതിനെതിരെ എതിർപ്പുമായി ചില വിഭാഗങ്ങൾ രംഗത്തുവന്നതോടെ രാഷ്ട്രീയലക്ഷ്യംവച്ച് ഇവർ നിലപാട് മാറ്റി. അക്രമാസക്തമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും സംഘപരിവാറിന്റെ ഭാഗത്തുനിന്ന് അരങ്ങേറി. തികഞ്ഞ സമചിത്തതയോടെയാണ‌് സർക്കാർ പ്രശ്നത്തെ നേരിട്ടത‌്. അതുകൊണ്ടുതന്നെ ശബരിമലയെ കലാപഭൂമിയാക്കാനും സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കാനുമുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താനും ഇതുവഴി കഴിയുകയുണ്ടായി. എന്നാൽ, ഇക്കാര്യത്തിൽ എൽഡിഎഫ് സ്വീകരിച്ച നിലപാട് മതവിശ്വാസത്തിനും ഹിന്ദുമത ആചാരത്തിനും എതിരാണ് എന്ന തരത്തിലുള്ള പ്രചാരവേല ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ അരങ്ങേറി. ഇത് ചില മേഖലകളിലെങ്കിലും ഒരു വിഭാഗം വിശ്വാസികളെ  തെറ്റിദ്ധരിപ്പിച്ച് വോട്ട് യുഡിഎഫിനും ബിജെപിക്കും അനുകൂലമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. 

കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസും  ബിജെപിയും തമ്മിൽ രഹസ്യമായി എപ്പോഴും പരസ്യമായി ചിലപ്പോഴെങ്കിലും സഖ്യമുണ്ടാക്കുക പതിവാണ്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയാണ് ഇത് അരങ്ങേറുന്നത്. ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുക എന്നതാണ് ബിജെപിയുടെ സുപ്രധാനമായ അജൻഡ. ബംഗാളിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നതിന് നക്സലേറ്റുകളും ബിജെപിയും തൃണമൂലും കോൺഗ്രസുമെല്ലാം കൈകോർത്ത് പിടിക്കുകയായിരുന്നു. ഇടതുപക്ഷത്തെ തകർത്തുകഴിഞ്ഞാൽ മറ്റു സംഘടനകളെ വരുതിയിലാക്കുക എളുപ്പമാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംഘപരിവാർ തുടർച്ചയായി എൽഡിഎഫിനെതിരെ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയംതന്നെ ബിജെപി നടത്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. ശബരിമല കർമസമിതി നേതാവ് സ്വാമി ചിദാനന്ദപുരി രണ്ട് മണ്ഡലത്തിലൊഴികെ 18 മണ്ഡലത്തിലും യുഡിഎഫിന് വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തത്. അതുകൊണ്ടു തന്നെ ചില മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി പോൾ ചെയ്യുന്ന സ്ഥിതിയുണ്ടായി. അതും യുഡിഎഫിന്റെ വിജയത്തിന് ചില മണ്ഡലങ്ങളിലെങ്കിലും സഹായകമായതായി കാണാം.

ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ലക്ഷ്യംവയ്ക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർടിയും തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന എസ്ഡിപിഐയും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തി കമ്യൂണിസ്റ്റ് വിരോധത്തിന്റേതായ തങ്ങളുടെ അജൻഡ നടപ്പാക്കാൻ പരിശ്രമിക്കുകയും ചെയ്തു. ഈ ഇടപെടലും സംസ്ഥാനത്ത് വ്യാപകമായി ഉണ്ടായി. ഇത്തരം വിഭാഗങ്ങളുടെ വോട്ടുകളും യുഡിഎഫിന് ലഭിക്കുന്ന  സാഹചര്യമുണ്ടായി.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വലിയ അംഗീകാരമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും പ്രകടമായതുമില്ല. ഇപ്പോൾ എൽഡിഎഫ് സർക്കാർ രാജിവയ്ക്കണമെന്ന പ്രസ്താവന ചില യുഡിഎഫ് നേതാക്കളിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ‌് ഭരിക്കുന്ന രാജസ്ഥാനിൽ ഒരു സീറ്റ് നേടാൻ പോലും കോൺഗ്രസിനായിട്ടില്ല. മധ്യപ്രദേശിലാകട്ടെ, ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ‌് ഭരിക്കുന്ന ഛത്തീസ്ഗഢിലും പിറകോട്ട് പോകുന്ന സ്ഥിതിയാണുള്ളത്. അത്തരക്കാരാണ് സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്ന പ്രചാരവേല നടത്തുന്നതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

തിരിച്ചടികളെ അതിജീവിച്ചാണ് പാർടി വളർന്നുവന്നത്

നിരവധി തിരിച്ചടികളെ അതിജീവിച്ചുകൊണ്ടാണ് സംസ്ഥാനത്ത് സിപിഐ എം  വളർന്നുവന്നിട്ടുള്ളത്. 1957ൽ വിമോചനസമരത്തിന് ശേഷം പാർടി  ഒരിക്കലും പിന്നീട് അധികാരത്തിൽ വരില്ലെന്നായിരുന്നു പലരും പ്രവചിച്ചത്. അതിനെ അതിജീവിച്ച് പാർടി മുന്നേറി. 1984ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്ന‌് സീറ്റു മാത്രമാണ് ലഭിച്ചത്. എന്നാൽ, 1987 ആയപ്പോഴേക്ക് 78 സീറ്റുകൾ നിയമസഭയിൽ നേടിക്കൊണ്ടാണ് എൽഡിഎഫ് തിരിച്ചുവന്നത്. 1989 ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് മൂന്ന് സീറ്റുമാത്രമാണ് ലഭിച്ചത്. എന്നാൽ, തൊട്ടടുത്ത വർഷത്തെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും എൽഡിഎഫ് വിജയിച്ചു.

1991 ൽ, രാജീവ് ഗാന്ധി സഹതാപതരംഗം ഉൾപ്പെട്ട തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നാല‌് സീറ്റേ ലോക്സഭയിലുണ്ടായിരുന്നുള്ളൂ. നിയമസഭയിലാകട്ടെ 49 സീറ്റും. എന്നാൽ, 1996ൽ 10 ‐ 10 എന്ന നിലയിലേക്ക് ലോക‌്സഭയിൽ ജനവിധി വന്നു. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 80 സീറ്റിൽ എൽഡിഎഫ് വിജയിച്ച് അധികാരത്തിൽ വന്നു. 98 ലെയും 99 ലെയും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 9 ലേക്ക് താണു. എന്നാൽ, 2000 ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക‌് തെരഞ്ഞെടുപ്പ് വന്നപ്പോൾ എൽഡിഎഫ് കൂടുതൽ ശക്തമായി തിരിച്ചുവന്നു. 85 നിയമസഭാമണ്ഡലങ്ങളിൽ ലീഡ് നേടി. 2001ലെ തെരഞ്ഞെടുപ്പിൽ നൂറു മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു. എന്നാൽ, മൂന്നു വർഷങ്ങൾക്കു ശേഷം നടന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ, ഇരുപതിൽ 18 സീറ്റിൽ എൽഡിഎഫ് വിജയിക്കുന്നതാണ് കണ്ടത്. 2006ലെ നിയസഭാ തെരഞ്ഞെടുപ്പിൽ 97 നിയമസഭാ സീറ്റ‌് നേടി എൽഡിഎഫ് അധികാരത്തിൽ വരികയും ചെയ്തു.

2009ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് നാലുസീറ്റേ ലഭിച്ചുള്ളൂ. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭൂരിപക്ഷം നേടി. എന്നാൽ, 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 68 സീറ്റ‌്‌  നേടി. വിജയത്തോടടുക്കുന്ന പരാജയമാണ് അന്ന് സംഭവിച്ചത്. 2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പായപ്പോൾ എൽഡിഎഫിന് എട്ട‌് സീറ്റു മാത്രമാണ് ലോക‌്സഭയിൽ ലഭിച്ചത്. എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 91 സീറ്റോടെ എൽഡിഎഫ് അധികാരത്തിൽ വന്നു.

ഇതിനു മുമ്പ‌് നടന്ന 16 ലോക‌്സഭാ തെരഞ്ഞെടുപ്പുകളിൽ നാല‌് ഇലക‌്ഷനിൽ മാത്രമാണ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നത്.12 ഘട്ടങ്ങളിൽ കോൺഗ്രസ് മുന്നണിക്കാണ് മേൽക്കൈ ലഭിച്ചത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടികളെ അതിജീവിച്ചാണ് പാർടി വളർന്നുവന്നത്. ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന‌് പഠിക്കേണ്ട പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പാർടി മുന്നോട്ടുപോകും. ബൂത്തുതലംവരെ ശരിയായ പരിശോധന നടത്തി വന്നുചേർന്ന ദൗർബല്യങ്ങളെ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകും. ജനങ്ങളുമായി കൂടുതൽ ഇടപെട്ടുകൊണ്ട്, അവരുടെ ചിന്തകളെയും വികാരങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് ആവശ്യമായ പ്രവർത്തനങ്ങൾ പാർടി സംഘടിപ്പിക്കും. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം. ശാസ്ത്രചിന്തയെയും യുക്തിചിന്തയെയും വികസിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയുടെയും നവോത്ഥാനത്തിന്റെയും ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വന്നുചേർന്ന പോരായ്മ പരിഹരിച്ചുകൊണ്ട് പാർടി മുന്നോട്ടുപോകും.
(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top