27 April Saturday

ലോക കേരളസഭ വീണ്ടും ചേരുമ്പോൾ - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് വ്യാഴാഴ്‌ച തിരിതെളിയുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ഏഴ് ഭൂമിശാസ്ത്ര മേഖലയായി തിരിച്ച് അവരുടെ പ്രതിനിധികൾ, ജനപ്രതിനിധികൾക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരുമിച്ച്‌ ചേരുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത. പ്രവാസിമലയാളികളുടെ ആഗോള സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. കേരള വികസനത്തിന് ക്രിയാത്മക നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും പ്രവാസികളുടെ വിഷയങ്ങൾ മുഖ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലം എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരളസഭ അതിന്റെ പ്രസക്തി തെളിയിച്ചുകഴിഞ്ഞു. ലോക മലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങൾ പ്രളയം, കോവിഡ്, ഉക്രയ്‌ൻ യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ കേരളത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ലോക കേരളസഭയിൽ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളിൽ ഇന്ത്യക്ക്‌ പുറത്തുള്ളവർ 104 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 36 പേരും തിരിച്ചെത്തിയവർ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ പ്രമുഖർ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാകും.

പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് ലോക കേരളസഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ഒരുപക്ഷേ ലോകത്തിലെതന്നെ ഏറ്റവും വിലമതിക്കാനാകാത്ത സമ്പത്താണ്. കഴിവും വൈദഗ്‌ധ്യവും ആശയഗരിമയും എല്ലാം സമ്മേളിക്കുന്ന ആ വിഭവശേഷിയെ വേണ്ടവണ്ണം ഈ മണ്ണിലേക്ക് ആവാഹിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാൻ അവസരം നൽകിക്കൊണ്ട് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നാമനിർദേശത്തിലൂടെ ലോക കേരളസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു വർഷം കൂടുമ്പോൾ നാമനിർദേശം ചെയ്യപ്പെട്ട മൂന്നിലൊന്നു പേർ വിരമിക്കുകയും പുതിയ അംഗങ്ങൾക്ക് കടന്നുവരാൻ അവസരം ഒരുങ്ങുകയും ചെയ്യും. ഇന്ത്യൻ പൗരന്മാരല്ലാത്ത കേരളീയരുടെ അഭിപ്രായങ്ങളും ആശയങ്ങളുംപോലും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. പൗരത്വമുള്ളവർക്ക് മാത്രമായി ലോക കേരളസഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റു നിലകളിൽ സഭയുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ സ്വാഗതം ചെയ്യുന്നുണ്ട്.


 

കേരളസഭാ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമെന്ന നിലയിൽ ജനാധിപത്യത്തിന് കൂടുതൽ തുറസ്സുകൾ സൃഷ്ടിച്ച്‌ ജനാധിപത്യപ്രക്രിയയെ ലോക കേരളസഭ കൂടുതൽ സമ്പന്നമാക്കുന്നു. ലോകത്ത്‌ ഇത്തരമൊരു മാതൃക അപൂർവമായിരിക്കും. കൂടുതൽ ശോഭനമായ ഭാവിയിലേക്ക് ചുവട്‌ വയ്ക്കാനുള്ള മാർഗങ്ങളാണ് മൂന്നാം ലോക കേരളസഭ ചർച്ച ചെയ്യുന്നത്. എട്ട് വിഷയമേഖലകളെ വിലയിരുത്തുന്നവർക്ക് ഇത് വേഗത്തിൽ ബോധ്യപ്പെടും. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിന്റെ സാധ്യതകൾ, നവകേരള നിർമാണത്തിന് സഹായകമാകുന്ന പ്രവാസിനിക്ഷേപസാധ്യതകൾ എന്നിവയാണ് ആദ്യ രണ്ടു മേഖല. ഭാവി പ്രവാസം -നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും എന്നതാണ് മൂന്നാമത്തെ വിഷയം. ആഗോള തൊഴിൽവിപണിയുടെ പുതിയ പ്രവണതകൾ വിശകലനം ചെയ്ത്‌ ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള  പദ്ധതികൾ ചർച്ചയാകും. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ തീർച്ചയായും ഈ സമ്മേളനത്തിന്റെ മുഖ്യവിഷയമാണ്. വിദേശത്ത് പ്രവാസികൾ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചർച്ചയാകും. കേന്ദ്ര സർക്കാരും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകൾ എന്ന വിഷയം ആ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്റെ ഭാവിസാധ്യത പ്രധാന ചർച്ചാകേന്ദ്രമാണ്. പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്നങ്ങൾ എന്നിവയും വിഷയമേഖലകളിൽ ഉൾപ്പെടുന്നു.

പ്രവാസികൾക്കുവേണ്ടി ആദ്യമായി പ്രത്യേക വകുപ്പ് രൂപീകൃതമായത് കേരളത്തിലാണ്. 1996 ഡിസംബർ ആറിന് നിലവിൽ വന്ന നോർക്ക പ്രവർത്തന പന്ഥാവിൽ 25 വർഷം പിന്നിടുന്ന വേളയിലാണ് മൂന്നാം ലോക കേരളസഭ സമ്മേളിക്കുന്നത്. മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ പല പദ്ധതികളും നോർക്ക ആവിഷ്‌കരിക്കുന്നുണ്ട്. പുതിയ കുടിയേറ്റ സംസ്‌കാരം ആഗോളതലത്തിൽത്തന്നെ രൂപപ്പെട്ടിരിക്കുന്നു. സവിശേഷമായ രീതികൾ മനസ്സിലാക്കാതെ മുന്നോട്ടു പോകാൻ സാധിക്കില്ല. പ്രവാസി സാന്ദ്രത കൂടിയ കേരളത്തിൽ പുതിയ പ്രവണതകൾ മനസ്സിലാക്കാൻ കഴിയുന്ന ദേശീയ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. കേരളമാണ് ഇതിന് ഏറ്റവും ഉചിതമായ സ്ഥലമെന്ന് വിദേശമന്ത്രാലയം പ്രതിനിധികൾതന്നെ അറിയിച്ചിരിക്കുകയണ്.  ഇത്തരമൊരു സമ്മേളനം വിളിച്ചുചേർത്ത് ഈ മേഖലയിലെ വിശദാംശങ്ങൾ സമാഹരിക്കാനും പരാതികളും നിർദേശങ്ങളും മനസ്സിലാക്കാനും ഒരു മൈഗ്രേഷൻ പോളിസി രൂപീകരിക്കാനും ശ്രമിക്കും.  നോർക്കയുടെയും അതിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ലോക കേരളസഭാ അംഗങ്ങളുടെ അഭിപ്രായങ്ങൾ പ്രയോജനപ്പെടുത്തുമെന്നുകൂടി ഈ അവസരത്തിൽ ഉറപ്പുനൽകുന്നു.

(നോർക്ക റൂട്ട്‌സ്‌ റസിഡന്റ് വൈസ് ചെയർമാനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top