26 April Friday

എല്‍ഐസി സ്വകാര്യവല്‍ക്കരണം ; ചരിത്രം ഇവരെ കുറ്റക്കാരെന്ന്‌ വിധിക്കും

ഡോ. കെ എൻ ഹരിലാൽUpdated: Monday May 2, 2022

ദേശീയ സ്വാതന്ത്ര്യം നിലനിർത്തുകയെന്നത് അത് നേടിയെടുക്കുന്നതിനേക്കാൾ ശ്രമകരമാകുമെന്ന്‌ ഇന്ത്യയുടെ ആദ്യകാല നേതൃത്വം വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. ജനങ്ങളുടെ ഐക്യം തകർക്കാനും രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയംനിർണയ അവകാശത്തെ തകിടംമറിക്കാനും സാമ്രാജ്യത്വം നിരന്തരം പരിശ്രമിക്കുമെന്ന കാര്യം അവർ ദീർഘദർശനം ചെയ്തിരുന്നു. ആസൂത്രണത്തിന്റെയും പഞ്ചവത്സര പദ്ധതികളുടെയും പാത സ്വീകരിക്കാനും കമ്പോളത്തിൽ ശക്തമായി ഇടപെടാനും സ്വതന്ത്ര ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ തിരിച്ചറിവാണ്. സാമ്പത്തിക സ്വാതന്ത്ര്യം നിലനിർത്തുന്നതിനുവേണ്ടി തുടക്കത്തിൽ സ്വീകരിച്ച ഈ മുൻകരുതലുകളുടെ ഭാഗമായാണ് ഇന്ത്യ പൊതുമേഖലയ്ക്ക് സമ്പദ്‌ഘടനയുടെ നിർണായക ഉയരങ്ങൾ കാക്കാനുള്ള ഉത്തരവാദിത്വം നൽ‍കിയതും ബാങ്കിങ്‌, ഇൻഷുറൻസ് മേഖലകളുടെ മേലുള്ള ഭരണകൂട നിയന്ത്രണം ഉറപ്പാക്കിയതും. ഇരുമേഖലയിലും നടന്ന ദേശസാൽക്കരണ നടപടികളും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ രൂപീകരണവും പൊതുമേഖലാ ബാങ്കുകളുടെ സ്ഥാപനവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ബാങ്കിങ്‌ ഇൻഷുറൻസ് രംഗങ്ങളെയും മൂലധനവിപണിയെയും സാമൂഹ്യനിയന്ത്രണത്തിനു വിധേയമാക്കുന്ന സ്വാതന്ത്ര്യ ഇന്ത്യയുടെ നയം സാമ്രാജ്യത്വത്തെ വല്ലാതെ അലോസരപ്പെടുത്തി.

ഈ മേഖലകളെ നിയന്ത്രണമുക്തമാക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ മൂലധനത്തിനു വിട്ടുകൊടുക്കാനുമുള്ള സാമ്രാജ്യത്വ സമ്മര്‍ദം അതിന്റെ പാരമ്യത്തിൽ എത്തിയത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നിയോ ലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെ ഇന്ത്യ സാമ്രാജ്യത്വ വിധേയത്വത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയെന്നു പറയാം. വിദേശവാഴ്ചക്കാലത്ത് പഠിച്ച ‘പാരതന്ത്ര്യം മൃ-തിയേക്കാള്‍ ഭയാനകം’ എന്ന പാഠം വിസ്മരിച്ചുള്ള ഒട്ടേറെ നയം പിന്നീട് ഇന്ത്യയില്‍ നടപ്പാക്കി. പാരതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ മടക്കയാത്രയിലെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി  സമാഗതമായിരിക്കുകയാണ്. എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണം അതിന്റെ കൃത്യമായ സൂചനയാണ്.

ചരിത്രമാകുന്ന പ്രഥമ ഓഹരിവില്‍പ്പന
ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യത്തെ ഘട്ടം നാലുമുതല്‍ ഒമ്പതുവരെ നടക്കും. കോര്‍പറേഷന്റ മൊത്തം ഓഹരിയുടെ കേവലം 3.5 ശതമാനം മാത്രമാണ് ഈ ഘട്ടത്തില്‍ വില്‍പ്പനയ്ക്കുവയ്ക്കുന്നത്. ഇന്ത്യന്‍ മൂലധനവിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രഥമ ഓഹരിവില്‍പ്പനയാണ് (ഐപിഒ)അരങ്ങേറുന്നത്. 10 രൂപ മുഖവിലയുള്ള 22.14  കോടി ഓഹരിയാണ് ഈ ഘട്ടത്തില്‍ വില്‍ക്കുന്നത്. ഏകദേശം 21,000  കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കുക.

കേവലം അഞ്ചുകോടി രൂപയുടെ മൂലധനവുമായി തുടങ്ങിയ ജൈത്രയാത്രയാണ് കോര്‍പറേഷന്‍ ഇപ്പോഴും അഭംഗുരം തുടരുന്നത്. 1,14,498  ജീവനക്കാരും 10,80,809  ഏജന്റുമാരും ഉള്‍പ്പെടെ  13.23  ലക്ഷം പേര്‍ക്കും എൽഐസി നേരിട്ടു തൊഴില്‍ നല്‍കുന്നു.   2048  ശാഖയും 113 ഡിവിഷന്‍ ഓഫീസും  1554 ഉപകേന്ദ്രവും നിലവിലുണ്ട്. ഇന്ത്യക്കു പുറമെ ഫിജി, മൗറീഷ്യസ്, ബംഗ്ലാദേശ് , നേപാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ, ബഹ്‌റൈൻ, ഖത്തര്‍, കുവൈത്ത്‌, യുകെ തുടങ്ങിയ രാജ്യങ്ങളിലും പ്രവര്‍ത്തനമുണ്ട്‌. എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള സബ്സിഡിയറികളും കോര്‍പറേഷന്‍ കുടുംബത്തിന്റെ ഭാഗമാണ്. 2021 മാര്‍ച്ചിലെ കണക്കുപ്രകാരം 37.4 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. 2021 ലെ ലാഭം  29,741   കോടി രൂപയായിരുന്നു. ലാഭത്തിന്റെ നല്ലൊരു പങ്ക് പോളിസി ഉടമകള്‍ക്ക്‌ വീതംവച്ചു നല്‍കുന്നതാണ് പതിവ്. ലാഭവിഹിതമായി പ്രതിവര്‍ഷം 2500 കോടി രൂപയോളം സര്‍ക്കാരിനും നല്‍കുന്നുണ്ട്. നികുതി ഇനത്തില്‍ സര്‍ക്കാരില്‍ നല്‍കുന്നത് പ്രതിവര്‍ഷം ഏതാണ്ട് 10,000 കോടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്ന ധനസ്ഥാപനങ്ങളില്‍ ഒന്ന് എന്ന ഖ്യാതിയും കോര്‍പറേഷനും സ്വന്തമാണ്. ഇന്ത്യയിലെ വലിയ സ്വകാര്യ കോര്‍പറേറ്റ് കമ്പനിയിലെല്ലാം എല്‍ഐസിക്ക് നിര്‍ണായക ഓഹരി പങ്കാളിത്തമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളില്‍ നല്ലൊരു പങ്ക് വാങ്ങിക്കൂട്ടുന്നത് എല്‍ഐസിയാണ്. 2019-20  ല്‍ ഇപ്രകാരം കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാരിന്‌  1.79  ലക്ഷം കോടിയും സംസ്ഥാനങ്ങള്‍ക്ക്‌ 1.28 ലക്ഷം കോടിയും കടം നല്‍കുകയുണ്ടായി.


 

ഇന്ത്യക്കാരുടെ മനസ്സില്‍ എല്‍ഐസി ഉജ്വലമായ പ്രതിച്ഛായ കാരണം സംഘപരിവാറിനെ പിന്തുണയ്ക്കുന്നവര്‍ പോലും അതിന്റെ സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കില്ല. അതുകൊണ്ടാണ് സ്വകാര്യവല്‍ക്കരണം തങ്ങളുടെ അജൻഡയിൽ ഇല്ലെന്ന്‌ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. പക്ഷേ, സ്വകാര്യവല്‍ക്കരണത്തിലേക്കു തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന കാര്യം നിസ്സംശയമാണ്. ഓഹരിവില്‍പ്പന തുടങ്ങിയാല്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം ഓഹരി കമ്പോളത്തില്‍ ലഭ്യമാക്കണമെന്ന് സെബി നിബന്ധനയുണ്ട്. അങ്ങനെയൊരു നിബന്ധന ഇല്ലെങ്കില്‍പ്പോലും കോര്‍പറേഷനുകളില്‍നിന്നും നികുതി പിരിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വിഭവസമാഹരണത്തിനായി പൊതുസ്വത്ത്‌ വിൽക്കുകയെന്ന വഴി ഉപേക്ഷിക്കുക എളുപ്പമാകില്ല. പൊതുസ്വത്ത്‌ വിൽക്കാനുള്ള മുൻകാല പരിശ്രമങ്ങൾ പൊതുവേ പരാജയപ്പെടുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. എൽഐസി ഓഹരികൾ ചൂടപ്പംപോലെ വിറ്റഴിയുന്നതു കാണുമ്പോൾ വരുംവർഷങ്ങളിൽ ബാക്കികൂടി വിറ്റ്‌ കേന്ദ്രത്തിന്റെ ധനക്കമ്മി നികത്താനുള്ള പ്രവണത സ്വാഭാവികമായി ഉണ്ടാകും. തൽപ്പരകക്ഷികളുടെ സമ്മർദം കൂടിയാകുമ്പോൾ വിൽപ്പന തകൃതിയായി നടക്കുകതന്നെ ചെയ്യും. ഇന്ത്യയിലെ ഇൻഷുറൻസ്‌ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപത്തിന്റെ ഉയർന്ന പരിധി 49 ശതമാനമായി ഉയർത്തിയിട്ടുണ്ടെന്നും ഇവിടെ ശ്രദ്ധേയമാണ്‌. ചുരുക്കത്തിൽ പൊൻമുട്ട ഇടുന്ന താറാവിനെ കഷണങ്ങളാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തകകൾക്ക്‌ കാഴ്‌ചവയ്‌ക്കുകയാണെന്ന കാര്യം നിശ്ചയമാണ്‌.

ഓഹരിവിൽപ്പനയെയും സ്വകാര്യവൽക്കരണത്തെയും ന്യായീകരിക്കാൻ ബന്ധപ്പെട്ടവർ അവതരിപ്പിക്കുന്ന ന്യായങ്ങൾ ഒന്നുംതന്നെ സാമാന്യയുക്തിക്ക്‌ നിരക്കുന്നതല്ല. ഉദാഹരണത്തിന്‌ ഓഹരിവിൽപ്പന കോർപറേഷന്റെ വളർച്ചയ്‌ക്കുള്ള പണം കണ്ടെത്താൻ സഹായിക്കുമെന്ന വാദം എത്ര ബാലിശമാണ്‌. ഓഹരിവിൽപ്പനയിലൂടെ പണം ലഭിക്കുക കേന്ദ്ര സർക്കാരിനാണ്‌. കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നികത്തുന്നതിനാണ്‌ ആ പണം ഉപയോഗിക്കുക. കോടിക്കണക്കായ പോളിസി ഉടമകളിൽനിന്ന്‌ പ്രീമിയം സമാഹരിച്ച്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക്‌ കടം നൽകുകയും സ്വകാര്യ കോർപറേറ്റുകളുടെ ഓഹരികളിൽ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യുന്ന എൽഐസിക്കും സ്വന്തം ഓഹരിവിറ്റ്‌ വികസന ഫണ്ട്‌ രൂപീകരിക്കേണ്ട ആവശ്യം തീരെയില്ല. മറ്റൊരു വാദം കോർപറേഷന്റെ  ഉടമസ്ഥതയിൽ സാധാരണക്കാരെ പങ്കാളികളാക്കുന്നുവെന്നതാണ്‌. എൽഐസി പൂർണമായും കേന്ദ്ര സർക്കാരിന്റെ അതായത്‌ ഇന്ത്യൻ പൗരസമൂഹത്തിന്റെ പൊതുസ്വത്താണ്‌. ഇന്ത്യയുടെ പൊതുതാൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കാനുള്ള അധികാരം കോർപറേഷനുണ്ട്‌. ഉടമസ്ഥത സ്വകാര്യ വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും കൈമാറിക്കഴിഞ്ഞാൽ സ്ഥിതി മാറും. ഉടമസ്ഥരുടെ താൽപ്പര്യം സംരക്ഷിക്കാൻ ബാധ്യസ്ഥമാകും. സർക്കാരുകളുടെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക്‌ കടം നൽകാനോ മൂലധനം ആവശ്യമായ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനോ കഴിഞ്ഞെന്നു വരില്ല. സ്വകാര്യ സ്ഥാപനങ്ങളിൽ ഓഹരി ഉടമകളുടെ താൽപ്പര്യത്തിനാണ്‌ പ്രാമുഖ്യം. അല്ലാതെ രാജ്യ താൽപ്പര്യത്തിനോ സാമൂഹ്യനീതിക്കോ നന്മയ്‌ക്കോ ആയിരിക്കണമെന്നില്ല.

സുതാര്യതയും കാര്യക്ഷമതയും
സ്വകാര്യവൽക്കരണം കോർപറേഷന്റെ ഭരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുമെന്നുള്ള വാദവും കഴമ്പില്ലാത്തതാണ്‌. എൽഐസി ഇന്ത്യയിലെന്നല്ല ലോകനിലവാരത്തിൽത്തന്നെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഇൻഷുറൻസ്‌ സ്ഥാപനങ്ങളിൽ ഒന്നാണ്‌. പോളിസി ഉടമകളുടെ ക്ലെയിം അനുവദിച്ചു നൽകുന്ന കാര്യത്തിൽ മറ്റൊരു കമ്പനിക്കും  എൽഐസിയുടെ  സമീപത്തെത്താനാകില്ല. ഇൻഷുറൻസ്‌ മേഖലയുടെ സ്വകാര്യവൽക്കരണം നടന്നിട്ട്‌ രണ്ടു ദശാബ്‌ദം പിന്നിട്ടിട്ടും ഇന്ത്യൻ വിപണിയിലെ തന്നെ മൽസരത്തിൽ എൽഐസി അജയ്യമായി തുടരുന്നു. കോർപറേഷന്റെ പ്രവർത്തനം തുറന്ന പുസ്‌തകമാണ്‌. ഇൻഷുറൻസ്‌ റഗുലേറ്ററി അതോറിറ്റിയുടെ അവലോകന റിപ്പോർട്ടുകൾ  ഇക്കാര്യം ആവർത്തിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. കോർപറേറ്റ്‌ ഭരണത്തിന്റെ കാര്യക്ഷമത സംബന്ധിച്ചു കൂടുതൽ പറയാതിരിക്കുകയാണ്‌ ഭേദം. ഭരണത്തിലെ കെടുകാര്യസ്ഥതകൊണ്ടു തകർന്ന  പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും എത്രയെത്ര സ്ഥാപനങ്ങളെയാണ്‌ എൽഐസി ഉദാരമായ സഹായംനൽകി രക്ഷപ്പെടുത്തിയത്‌. തകർച്ചയിലേക്ക്‌ നീങ്ങിയ എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ഏറ്റെടുത്തു സംരക്ഷിച്ച കഥ അധികം പഴക്കമുള്ളതല്ല. സർക്കാരിന്റെ ധനക്കമ്മി നികത്താൻ എൻടിപിസി, സെയിൽ, ഭെൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ തീരുമാനിച്ചപ്പോൾ അവ വാങ്ങിക്കൂട്ടി രക്ഷയ്‌ക്കെത്തി.

എൽഐസിയുടെ സ്വകാര്യവൽക്കരണം ഇന്ത്യയുടെ പരമാധികാരത്തെയും സ്വയംനിർണയ അവകാശത്തെയും അപകടപ്പെടുത്തുമെന്ന ആശങ്ക എടുത്തുപറഞ്ഞുകൊണ്ട്‌ അവസാനിപ്പിക്കാം. ഇന്ത്യൻ സമ്പദ്‌ഘടനയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാമൂഹ്യമിച്ചം ഇൻഷുറൻസ്‌ പ്രീമിയത്തിന്റെ  രൂപത്തിൽ സമാഹരിച്ച്‌ പലതുള്ളി പെരുവെള്ളമാക്കി സമ്പത്തിന്റെ കേന്ദ്രീകരണം സാധ്യമാക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ധനസ്ഥാപനമാണ്‌ എൽഐസി. രാജ്യത്തിന്റെ സമ്പാദ്യം സമാഹരിച്ച്‌ കേന്ദ്രീകരിക്കുകയെന്നതുപോലെ പ്രധാനമാണ്‌ അത്‌ എവിടെ എങ്ങനെ നിക്ഷേപിക്കുന്നുവെന്ന തീരുമാനവും. സമ്പത്ത്‌ സമാഹരണത്തിലും അതിന്റെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും അദ്വിതീയമായ റോളാണ്‌ ഈ കോർപറേഷൻ നിർവഹിക്കുന്നത്‌. സമ്പദ്‌‌ഘടനയുടെ ഭാവിയെ  നിർണയിക്കാൻ കഴിയുന്നതരത്തിലുള്ള അധികാരം കൈയാളുന്ന ഈ കോർപറേഷനെ സ്വദേശി–-വിദേശി കുത്തകകളുടെ കൈയിൽ ഏൽപ്പിക്കണമോ എന്നതാണ്‌ ചോദ്യം. സ്വകാര്യവൽക്കരിക്കണമെന്നതാണ്‌ ഉത്തരമെങ്കിൽ അത്‌ ഇന്ത്യാ സർക്കാരിനെയും ജനകീയ അധികാരത്തെയും ഭാവിയിൽ ഏറെ പ്രതികൂലമായി ബാധിക്കുമെന്നകാര്യം നിശ്ചയമാണ്‌.

(സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top