26 April Friday

ഇന്ത്യ എങ്ങോട്ട്? - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Oct 2, 2020


ഇന്ത്യ എങ്ങോട്ട് എന്ന ഏറ്റവും ഉൽക്കണ്ഠാജനകമായ ചോദ്യമാണ് ബാബ്റി പള്ളി പൊളിച്ച കുറ്റവാളികളെ വിശുദ്ധരായി വിട്ടയച്ച സിബിഐ ലഖ്‌നൗ കോടതി വിധി ഉയർത്തുന്നത്. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺസിങ്‌, ഉമാഭാരതി, വിനയ് കത്യാർ, സാക്ഷി മഹാരാജ്, സ്വാമി ഋതംഭര തുടങ്ങിയവരുൾപ്പെടെ പ്രതിചേർത്ത 32 പേരും നിരപരാധികളെന്നാണ് 2300 പേജുള്ള വിധിന്യായത്തിൽ വ്യക്തമാക്കിയത്. അദ്വാനിയെ ഫോൺചെയ്തും നേരിട്ടും അമിത് ഷാ ഉൾപ്പെടെയുള്ള ഭരണാധികാരികൾ അനുമോദിച്ചു. കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് വീട്ടിലെത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ഗാന്ധിജയന്തിക്ക് രണ്ട് നാൾ മുമ്പാണ് നീതിന്യായ വ്യവസ്ഥയ്ക്കുമേൽ കരിനിഴലായ വിധിയുണ്ടായത്. ഗോഡ്സെ ഗാന്ധിയെ വെടിവച്ചുകൊന്നത് അറിഞ്ഞ്  മധുരപലഹാരം വിതരണം ചെയ്തതിന്റെ ആവർത്തനവും ഉണ്ടായി. കോടതിവിധികേട്ട് സന്തോഷവാനായ പ്രതികളിൽ ഒരാളായ ബിജെപി നേതാവ് ജയ് ഭഗവാൻ ഗോയൽ അഹങ്കാരത്തോടെ ഉദ്‌ഘാഷിച്ചത് ‘പൊളിച്ചത് ഞങ്ങൾതന്നെ, അടുത്തത് കാശി, മഥുര പള്ളികളാണ്'. ഇത് സംഘപരിവാറിന്റെ കേവലമൊരു വമ്പ് പറച്ചിലല്ല. യുപിയിലെ മഥുരയിലെ മുസ്ലിം ആരാധനാലയം നീക്കം ചെയ്യണമെന്ന് ലഖ്‌നൗ കോടതിയിൽ ഹർജി വന്നുകഴിഞ്ഞു. കൃഷ്ണജന്മഭൂമിക്കു സമീപമുള്ള പള്ളി പൊളിക്കണമെന്നതാണ് ആവശ്യം. മുഗൾ ചക്രവർത്തി ഔറംഗസേബ് ക്ഷേത്രം തകർത്ത് പള്ളി പണിഞ്ഞതാണെന്നും ഈ പള്ളി നിൽക്കുന്ന 13.37 ഏക്കർ സ്ഥലം കൃഷ്ണജന്മഭൂമി ആണെന്നുമാണ് ഹർജിയിലെ വാദം. മുൻസിഫ് കോടതി ഹർജി തള്ളി. പക്ഷേ, നിയമവ്യവഹാരവും കോടതിക്കു പുറത്തുള്ള കാവിസംഘ പരാക്രമവും തുടരാൻ ലഖ്‌നൗ കോടതി വിധി ഹിന്ദുത്വശക്തികൾക്ക് പ്രചോദനമേകുന്നതാണ്.


 

എക്സിക്യൂട്ടീവിലും ലെജിസ്ലേച്ചറിലുമുള്ള ഹിന്ദുത്വശക്തിയുടെ മേധാവിത്വം പല രൂപത്തിൽ നീതിന്യായരംഗത്തും പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നു. 1970 കളിൽ നീതിന്യായരംഗത്തുണ്ടായത്‌ പുരോഗമന പ്രവണതകളായിരുന്നു. അതിനെയാണ് ‘ജുഡീഷ്യൽ ആക്ടിവിസം' എന്നുവിളിച്ചത്. ഭരണനിർവഹണ സംവിധാനത്തിന്റെ കടന്നുകയറ്റത്തെ ചെറുത്ത് ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവണതയായിരുന്നു അത്. കോടതിക്ക് വരുന്ന കത്തുകളും പത്രറിപ്പോർട്ടുകളുംവരെ റിട്ട് ഹർജികളായി പരിഗണിച്ചു. അങ്ങനെ പൗരാവകാശത്തിനും മനുഷ്യാവകാശത്തിനും പ്രാധാന്യം നൽകി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി തുടങ്ങിയവരുടെയെല്ലാം നിയമാധിഷ്ഠിതമായ വിധികളും കോടതിയുടെ ഇടപെടലും അന്നുണ്ടായി. എന്നാൽ, അടിയന്തരാവസ്ഥയെത്തുടർന്ന് കോടതിക്ക് മൂക്കുകയർ വീണു. പിന്നീട് തൊണ്ണൂറുകളോടെ ജുഡീഷ്യൽ ആക്ടിവിസം പാളംതെറ്റി. ജനങ്ങളുടെ സംഘടനാ സ്വാതന്ത്ര്യനിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങളിലായി കോടതിയുടെ കണ്ണ്. മോഡി ഭരണത്തിലെ ആറുവർഷത്തെ അനുഭവമെടുത്താൽ നീതിന്യായ സംവിധാനം കാവിപക്ഷ ചായ്‌വ്‌ പ്രകടമാക്കുന്നുവെന്ന ജനങ്ങളുടെ സംശയം ബലപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് അയോധ്യയിലെ പള്ളി പൊളിച്ച കേസിലെ പ്രതികളെ വിട്ടയച്ച വിധിയെ ആശ്ചര്യകരമായി നാട് കാണുന്നത്. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത വിധിയായതിനാൽ  അപ്പീൽ നൽകാൻ സിബിഐതന്നെ തയ്യാറാകണമെന്നാണ് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടിരിക്കുന്നത്.

അധികാരം ഏകാധിപത്യപരമായി പ്രയോഗിക്കുകയാണ് മോഡിഭരണം. അതിന് നിയമനിർമാണവിഭാഗത്തെയും ഉപയോഗിക്കുന്നു. ഭരണഘടനാവിരുദ്ധമായി അധികാരം ഉപയോഗിക്കുമ്പോൾ തടയാനുള്ള ഉത്തരവാദിത്തം നീതിന്യായ സംവിധാനത്തിനുണ്ട്.

അത് ഇന്ന് പരാജയപ്പെട്ടിരിക്കുകയാണ്. അതിന്റെ വിപൽക്കരമായ പ്രഖ്യാപനമാണ് ലഖ്‌നൗ കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഹിന്ദുത്വഭീകരർ ബാബ്റി മസ്ജിദ് തകർത്തത് അന്വേഷിച്ച ജസ്റ്റിസ് ലിബർഹാൻ, 2009ൽ സമർപ്പിച്ച റിപ്പോർട്ടിൽ ധ്വംസനം യാദൃച്ഛികമോ മുൻധാരണയില്ലാത്തതോ അല്ലെന്നും അദ്വാനി ഉൾപ്പെടെ 68 പേർക്ക് പ്രധാന പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് സിബിഐ പ്രതിയായി ചേർത്ത 32 പേരും കുറ്റക്കാരല്ലെന്നും അത് തകർത്തത് സാമൂഹ്യവിരുദ്ധരാണെന്നും സാമൂഹ്യവിരുദ്ധരെ തടഞ്ഞവരാണ് അദ്വാനിയും മുരളി മനോഹർ ജോഷിയുമെന്നുമുള്ള ജഡ്ജി സുരേന്ദ്രകുമാർ യാദവിന്റെ വിധി തികച്ചും പരിഹാസ്യമാണ്.


 

അദ്വാനി രഥയാത്ര നടത്തിയത് അയോധ്യയിൽ അമ്പലം പണിയണമെന്ന ആവശ്യത്തിലാണ്. അതും പള്ളിപൊളിച്ച് പണിയണമെന്നതിലായിരുന്നു. അതിനുവേണ്ടിയാണ് കർസേവകരെ ആസൂത്രിതമായി അവിടേക്ക് കൊണ്ടുവന്നത്. കർസേവകർ ചുടുകട്ടയുമായി വന്നത് ആറ്റുകാൽ അമ്പലത്തിൽ പൊങ്കാലയിടുന്നതുപോലെയുള്ള കാര്യത്തിനായിരുന്നില്ല. അദ്വാനിക്കും മറ്റും ചായയും പായസവും ഉണ്ടാക്കിക്കൊടുക്കാനുമായിരുന്നില്ല. തീയതി പ്രഖ്യാപിച്ച് നടത്തിയ ആസൂത്രിതആക്രമണമായിരുന്നു. 1992 ഡിസംബർ 16നാണ് ജസ്റ്റിസ് ലിബർഹാൻ കമീഷനെ നിയോഗിച്ചത്. പള്ളി പൊളിച്ചശേഷം ഉമാഭാരതി സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ബിജെപി നേതാക്കളെ ആശ്ലേഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തത് കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉമാഭാരതി അത് ചെയ്തത് താഴികക്കുടങ്ങൾ തകർന്നുവീണതിന്റെ ദുഃഖംകൊണ്ടായിരുന്നോ. പള്ളി തകർത്തതിൽ ഒട്ടും ദുഃഖമില്ലെന്ന് സംഘപരിവാർ നേതാക്കൾ എത്രതവണയാണ് പറഞ്ഞത്. പള്ളി തകർത്തത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ്‌യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ സമീപസമയത്തെ വിവാദമായ അയോധ്യവിധിയിൽപ്പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു. എന്നിട്ടാണ് കേസിലെ പ്രതികളെ വിട്ടയച്ചത്.

ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതും രാമക്ഷേത്രനിർമാണത്തിലുള്ള കോടതി വിധിയും അനുബന്ധസംഭവങ്ങളും ഇന്ത്യയെ പൊതുവിലും കേരളത്തെ വിശേഷിച്ചും ബാധിക്കുന്ന രാഷ്ട്രീയ–- സാമൂഹ്യവിഷയമാണ്. മസ്ജിദ് പൊളിച്ചവരും അതിന് കൂട്ടുനിന്നവരും തമ്മിലുള്ള ചങ്ങാത്തം മറനീക്കപ്പെട്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുമ്പോൾ കേരളം ആർക്കൊപ്പം എന്നത് പ്രസക്തമാണ്. ലഖ്‌നൗ വിധി ഒറ്റപ്പെട്ട ഒന്നല്ല. പൗരത്വഭേദഗതി നിയമം, മുത്തലാഖ് വിധി, മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനൽക്കുറ്റമാക്കുന്ന മുത്തലാഖ് ബിൽ, കശ്മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത നടപടി, അയോധ്യയിലെ സുപ്രീംകോടതി വിധി, കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള രാമക്ഷേത്ര നിർമാണം, ഡൽഹി വർഗീയകലാപവിഷയത്തിൽ കാവിപ്പടയെ അനുകൂലിക്കാത്തവരെ വേട്ടയാടുന്നത്–- ഇത്തരം സംഭവങ്ങളുടെ തുടർച്ചയായിട്ടുവേണം ലഖ്‌നൗ കോടതിവിധിയെ വിലയിരുത്തേണ്ടത്. കോടതി വിധിയെ സിപിഐ എം നിശിതമായി വിമർശിച്ചത് ബിജെപി–- ആർഎസ്എസ് കേന്ദ്രങ്ങളെ രോഷം കൊള്ളിച്ചിട്ടുണ്ട്. മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹൃദത്തിൽ കഴിയുന്നത് കമ്യൂണിസ്റ്റുകാർക്ക് സഹിക്കുന്നതല്ല എന്നാണ് ചില ബിജെപി നേതാക്കൾ കൂസലില്ലാതെ പറഞ്ഞത്. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോട് ആർഎസ്എസിനുള്ള സ്നേഹം ആട്ടിൻകുട്ടിയെ സ്നേഹിക്കുന്ന കടുവയുടേതാണ്.

എന്നാൽ, സിപിഐ എമ്മിനെ എതിർക്കുന്ന ആർഎസ്എസുകാരുടെ നാവാണ് ഇന്ന് മുസ്ലിംലീഗ് നേതാക്കൾക്ക് ഉള്ളതെന്ന് ആ പാർടിയുടെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവർത്തിച്ച് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ബിജെപിയല്ല, സിപിഐ എമ്മാണ് മുഖ്യശത്രുവെന്ന പ്രഖ്യാപനം നടത്തിയത്. അതിന് ഇണങ്ങുംമട്ടിലുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. ഹിന്ദുത്വ ഷ്ട്രീയവും കോൺഗ്രസ് രാഷ്ട്രീയവും തമ്മിൽ ദേശീയതലത്തിൽ നടന്നിട്ടുള്ള കൊടുക്കൽ വാങ്ങലുകളുടെ ജുഗുപ്സാവഹമായ അനന്തരഫലമാണ് ബാബ്റി പള്ളി തകർക്കപ്പെട്ടത്. ഉത്തർപ്രദേശിലെ അന്നത്തെ ബിജെപി സർക്കാരിന്റെ ആസൂത്രിത നടപടികളും കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ ഹീനമായ അനങ്ങാപ്പാറ നയവും ഹിന്ദുത്വപദ്ധതിയിലേക്കുള്ള പരസ്പരസഹകരണമാണ്. കോൺഗ്രസ് ഈ നയം ഉപേക്ഷിക്കുന്നില്ല എന്നതിന് തെളിവാണ്  കേന്ദ്രം ഭരിച്ചപ്പോൾ അയോധ്യകേസിലെ പ്രതികൾക്ക് എതിരെ മതിയായ തെളിവ് സമർപ്പിക്കുന്നതിന് സിബിഐയെ പ്രാപ്തമാക്കാതിരുന്നത്. തെളിവ് ഹാജരാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടുമ്പോൾ കോൺഗ്രസിന്റെ മുൻ കേന്ദ്രസർക്കാരുകളും പ്രതിക്കൂട്ടിലാകും.


 

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ ഏറ്റവും ഹീനമായ മാർഗങ്ങളിലൂടെ ആർഎസ്എസും ബിജെപിയും സഞ്ചരിക്കുന്നതിന്റെ പരസ്യപ്രഖ്യാപനമാണ് വന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവും. എന്നിട്ടും ബിജെപിയല്ല, സിപിഐ എം ആണ് ശത്രുവെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയണമെങ്കിൽ സംഘപരിവാറും മുസ്ലിംലീഗും തമ്മിലുള്ള കച്ചവടവും രാഷ്ട്രീയബന്ധങ്ങളും അത്രമാത്രം സുവ്യക്തമാണ്. കുഞ്ഞാലിക്കുട്ടിയെ തിരുത്താൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോ മറ്റ് നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല. പള്ളി പൊളിക്കാൻ കൂട്ടുനിന്ന കോൺഗ്രസും പള്ളിപൊളിച്ച കാവിസംഘവും അവരുടെ മിത്രമായ മുസ്ലിംലീഗും കേരള രാഷ്ട്രീയത്തിൽ ‘ഭായി ഭായി’ ആയി മുന്നോട്ടുപോകുന്നത് ഇന്ത്യൻ മതനിരപേക്ഷതയ്ക്കുതന്നെ വെല്ലുവിളിയാണ്. മുസ്ലിമിന്റെ പേര് പറഞ്ഞ് അധികാരം പിടിക്കാൻ നിൽക്കുന്ന മുസ്ലിംലീഗും ഹിന്ദുവിന്റെ പേരിൽ സീറ്റ് പിടിക്കാൻ നോക്കുന്ന ബിജെപിയും മൃദുഹിന്ദുത്വ നയമുള്ള കോൺഗ്രസും ഒരു വഞ്ചിയിൽ സഞ്ചരിക്കുന്നത് എന്തിനാണ്? ഇന്ത്യയുടെ മതനിരപേക്ഷത നിലനിർത്താൻ അചഞ്ചലമായി പോരാടുന്ന സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഇടം രാജ്യത്ത് ദുർബലമാക്കണമെന്ന ലാക്കിലാണ്. അതിന് പ്രാഥമികമായി വേണ്ടത് പിണറായി വിജയൻ സർക്കാരിനെ താഴെ ഇറക്കണം. അതിനുവേണ്ടിയുള്ള അവിശുദ്ധ മുന്നണിയാണ് ബിജെപി–- കോൺഗ്രസ്–- മുസ്ലിംലീഗ് കൂട്ടുകെട്ട്. ഇതിന്റെ ആപത്ത് എത്ര വലുതാണെന്ന് ലഖ്‌നൗ കോടതി വിധി വിളിച്ചറിയിക്കുന്നു.

ഈ പശ്ചാത്തലത്തിൽ ഈ അവിശുദ്ധ കൂട്ടുകെട്ടിൽനിന്ന് ഉളവാകുന്ന അസ്വസ്ഥതയും അസംതൃപ്തിയും സാധാരണകോൺഗ്രസുകാരെ എന്നപോലെ ലീഗുകാരെയും വ്യാപകമായി ബാധിക്കും. യുഡിഎഫ് ഘടകകക്ഷികളെ പ്രത്യേകിച്ചും. കേരളത്തിലെപ്പോലെ സുശക്തമായ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനം അഖിലേന്ത്യാതലത്തിൽ വളരണം. അതിൽ അതിപ്രധാനസ്ഥാനമാണ് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം. അതിനാൽ, ഈ രാഷ്ട്രീയവുമായി സഹകരിച്ചുകൊണ്ടുമാത്രമേ ലഖ്‌നൗ മോഡൽ കോടതിവിധികളുടെ അന്തരീക്ഷം മാറ്റിമറിക്കാൻ പറ്റൂ. ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജയന്തി ദിനമായ ഇന്ന് വൈകിട്ട്‌ അഞ്ചിന്‌ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ സിപിഐ എം ആഭിമുഖ്യത്തിൽ എല്ലാ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജനകീയ സംഗമം നടക്കുന്നത്. ഇത് വിജയിപ്പിക്കാൻ അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top