27 April Saturday

ജനപക്ഷനയങ്ങളില്‍ കരുത്താര്‍ജിച്ച് - ടി സി മാത്തുക്കുട്ടി എഴുതുന്നു

ടി സി മാത്തുക്കുട്ടിUpdated: Tuesday Dec 29, 2020

സംസ്ഥാന സിവിൽ സർവീസിലെ മഹാഭൂരിപക്ഷത്തിന്റെ സംഘടനയായ കേരള എൻജിഒ യൂണിയന്റെ 57–-ാം സംസ്ഥാന സമ്മേളനം ചൊവ്വാഴ്‌ച ചേരുകയാണ്. തിരുവനന്തപുരത്തും ജില്ലാകേന്ദ്രങ്ങളിലും വെർച്വലായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഏപ്രിലിൽ കൽപ്പറ്റയിൽ നടത്താൻ നിശ്ചയിക്കുകയും മഹാമാരിയെ തുടർന്ന് മാറ്റിവയ്ക്കുകയും ചെയ്ത സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടത്തുന്നത്.

കോവിഡ് വിവരണാതീതമായ ദുരിതങ്ങളും പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചികിത്സ ഉറപ്പാക്കി, രോഗവ്യാപനം തടഞ്ഞ്, രോഗം സൃഷ്ടിച്ച സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ഏവരെയും പരിരക്ഷിക്കുന്ന കാര്യത്തിൽ അപൂർവം ഭരണസംവിധാനങ്ങൾ ഒഴികെ പരാജയപ്പെടുന്ന കാഴ്ചയാണ്. ഇന്ത്യയിലും കോവിഡ് വ്യാപനം ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കി. കേന്ദ്രത്തിൽ നരേന്ദ്ര മോഡി സർക്കാരിന്റെ രണ്ടാം വരവ് തൊഴിലെടുത്ത് ജീവിക്കുന്നവർക്കെതിരെ  കടന്നാക്രമണമാണ് അഴിച്ചുവിട്ടത്. ഇപ്പോൾ എട്ടുമണിക്കൂർ ജോലി, മിനിമം വേതനം, സംഘടനകൾ രൂപീകരിക്കാനും  സമരം ചെയ്യാനുമുള്ള അവകാശം തുടങ്ങി  മൗലികാവകാശങ്ങൾപോലും കവർന്നെടുക്കുന്ന നിലയിലേക്ക് വളർന്നു. സർക്കാർനയങ്ങളുടെ വൈകല്യത്താൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം നേരിടുന്നത്. കോവിഡിന്റെ വ്യാപനം ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി. പ്രതിസന്ധി മറവിൽ ജനങ്ങൾക്കുമേൽ പരമാവധി ഭാരം അടിച്ചേൽപ്പിച്ച് കുത്തകകൾക്ക് കൂടുതൽ ലാഭം ആർജിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഒന്നര ലക്ഷം കോടിയുടെ കോർപറേറ്റ് നികുതിയിൽ ഇളവ് അനുവദിച്ചും പൊതുമേഖലാ ബാങ്കുകളിൽ കുടിശ്ശികയാക്കിയ ഭീമമായ കടം എഴുതിത്തള്ളിയും പൊതുമേഖലാ സ്ഥാപനങ്ങളെ ചുളുവിലയ്ക്ക് തീറെഴുതിയും കുത്തകകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസർക്കാർ.

കോവിഡിന്റെ ഭാഗമായി സർക്കാരിനുണ്ടായ വരുമാനശോഷണത്തെ മറികടക്കാൻ സമ്പന്നർക്ക് കൂടുതൽ നികുതിയേർപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 13 രൂപ ഒറ്റയടിക്ക് നികുതി വർധിപ്പിച്ച് രണ്ടുലക്ഷം കോടി രൂപയാണ്  കൊള്ളയടിച്ചത്. പാചകവാതക സബ്സിഡി മാസങ്ങളായി നിഷേധിച്ചിരിക്കുന്ന സർക്കാർ പത്ത് ദിവസത്തിനുള്ളിൽ സിലിണ്ടറിന് നൂറ് രൂപയാണ് വർധിപ്പിച്ചത്. തൊഴിൽനിയമങ്ങൾ അട്ടിമറിച്ച് ലേബർ കോഡുകൾ പാസാക്കിയെടുത്തിരിക്കുന്നു. തൊഴിൽനിയമങ്ങളുടെ പരിരക്ഷ ഇനിമുതൽ രാജ്യത്തെ തൊഴിലാളികൾക്ക് നിഷേധിക്കപ്പെടും.


 

അന്നദാതാക്കളായ കർഷകജനസാമാന്യത്തോടും കേന്ദ്രസർക്കാർ ഇതേ സമീപനംതന്നെയാണ് സ്വീകരിക്കുന്നത്. നവലിബറൽ നയങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ച ദുരിതങ്ങൾ മൂന്ന് പതിറ്റാണ്ടായി നാല് ലക്ഷത്തിലേറെപ്പേരെയാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. പ്രതിസന്ധിയിലായ കാർഷികമേഖലയെ സമ്പൂർണമായി കുഴിച്ചുമൂടുന്നതാണ് പുതിയ കാർഷിക ഭേദഗതിനിയമങ്ങൾ.

സിവിൽസർവീസിനെതിരായും അതിശക്തമായ കടന്നാക്രമണമാണ് കേന്ദ്രസർക്കാർ അഴിച്ചുവിട്ടിരിക്കുന്നത്. കേന്ദ്രസർക്കാർ കോവിഡ്കാലത്ത് ആർക്കും വേതനം നിഷേധിക്കരുതെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകിയെങ്കിലും സർക്കാർ നിർദേശത്തെ അവർ കോടതിയിൽ ചോദ്യംചെയ്തപ്പോൾ തൊഴിലാളികൾക്കനുകൂലമായി നിലകൊള്ളാൻ തയ്യാറായില്ല. മാത്രമല്ല, തൊഴിലുടമകളുടെ ശമ്പളനിഷേധത്തെ ന്യായീകരിക്കുംവിധം കേന്ദ്രസർക്കാരും ജീവനക്കാരുടെ ശമ്പളം ഏകപക്ഷീയമായി അനിശ്ചിതകാലത്തേക്ക് വെട്ടിക്കുറച്ചു. ഒന്നര വർഷത്തേക്ക് ക്ഷാമബത്ത മരവിപ്പിച്ചു. കേന്ദ്രസർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി പത്തുലക്ഷത്തിലേറെ ഒഴിവുള്ളപ്പോൾ തസ്തികകൾ വെട്ടിക്കുറയ്ക്കാനും നിയമനങ്ങൾ നിരോധിക്കാനും തീരുമാനിച്ചു. സർവരംഗത്തും ഇനിമുതൽ കരാർ കാഷ്വൽ നിയമനങ്ങൾ മാത്രമാക്കി.

പെൻഷൻ കവർന്നെടുത്തുകൊണ്ട് കാൽ നൂറ്റാണ്ടുമുമ്പ് തുടക്കംകുറിച്ച സിവിൽസർവീസിനെതിരായ കടന്നാക്രമണം അതിതീവ്രമായി ഇപ്പോഴും തുടരുകയാണ്. കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോഴും പ്രതിരോധസേനകളിൽ പഴയ പെൻഷൻപദ്ധതി തുടരുകയായിരുന്നു. ഇപ്പോൾ അതിൽ ഫുൾ പെൻഷൻ ലഭിക്കാൻ 20 വർഷസേവനം പൂർത്തിയാക്കിയാൽ മതിയെന്ന നിബന്ധന മാറ്റിമറിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. പ്രതിരോധസേനാ മേധാവി വിപിൻ റാവത് മുന്നോട്ടുവച്ച നിർദേശം നടപ്പായാൽ 35 വർഷത്തിലേറെ സേവനമുള്ളവർക്ക് മാത്രമേ പൂർണപെൻഷൻ ലഭിക്കൂ.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പാണ് ഉയരുന്നത്. 2020 ജനുവരി എട്ടിനും നവംബർ 26നും വിജയകരമായ രണ്ട് ദേശീയ പണിമുടക്ക്‌ നടന്നു. കേരളത്തിൽ അഞ്ചുവർഷം പൂർത്തിയാക്കാൻ പോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കമ്പോളനയങ്ങൾക്ക് ബദലായ ജനപക്ഷ നയപരിപാടികളാണ് നടപ്പാക്കുന്നത്. അഴിമതിരഹിത മതനിരപേക്ഷ വികസിതകേരളം യാഥാർഥ്യമാക്കാനുള്ള ഭാവനാപൂർണമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പെൻഷനടക്കമുള്ള ക്ഷേമപദ്ധതികൾ വിപുലീകരിച്ചു. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ ഗുണമേന്മയോടെ ഉറപ്പുവരുത്തി. പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമാർജനം എന്നിവയിലൂന്നിയ കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പ് യാഥാർഥ്യമാക്കി. അടിസ്ഥാന സൗകര്യ വികസനരംഗത്ത് കിഫ്ബി അടക്കമുള്ള ബദൽ മാർഗങ്ങളിലൂടെ വൻനിക്ഷേപം യാഥാർഥ്യമാക്കി. അർഹമായ വിഹിതങ്ങൾപോലും നിഷേധിച്ച് കേന്ദ്രസർക്കാർ വൈരനിര്യാതന ബുദ്ധിയോടെ കൈക്കൊണ്ട അവഗണനയോടും പ്രകൃതിദുരന്തങ്ങളോടും പകർച്ചവ്യാധികളോടും പൊരുതിയാണ് സംസ്ഥാനസർക്കാർ ഈ നേട്ടങ്ങളാകെ യാഥാർഥ്യമാക്കിയതെന്നുവരുമ്പോഴാണ് ഇടതുപക്ഷസർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് മാറ്റേറുന്നത്.

കേന്ദ്രവും ഇതര സംസ്ഥാന സർക്കാരുകളും നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും ആനുകൂല്യനിഷേധവും വഴി സിവിൽസർവീസിനെ തകർക്കുമ്പോൾ കേരളത്തിൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആകർഷകമായൊരു തൊഴിൽമേഖലയായി സിവിൽസർവീസ് നിലനിൽക്കുന്നു. പിഎസ്‌‌സി വഴിമാത്രം ഒന്നര ലക്ഷത്തിലേറെ നിയമനം ഇക്കാലയളവിൽ നടത്തി. കാൽലക്ഷത്തിലേറെ പുതിയ തസ്തിക സൃഷ്ടിച്ചു. പുതിയ വകുപ്പും ഓഫീസുകളും ഉണ്ടാക്കി. ഭരണനിർവഹണം കൂടുതൽ ചടുലമാക്കാനുതകുംവിധം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർഥ്യമാക്കി നിയമന പ്രക്രിയ നടന്നുവരുന്നു. തദ്ദേശഭരണ പൊതുസർവീസ് നടപ്പാക്കി. സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തികപ്രയാസങ്ങളെ നേരിട്ടപ്പോഴും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങളിൽ കൈവയ്ക്കാൻ തയ്യാറാകാത്ത സർക്കാർ ശമ്പളപരിഷ്കരണവും ക്ഷാമബത്തയും മെഡിസെപ്പും അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകാനും തയ്യാറായി. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ട് സമർപ്പിക്കാനുള്ള ഘട്ടത്തിലാണ്.

പ്രതിസന്ധികൾക്ക് നടുവിൽ നിൽക്കുമ്പോഴും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഉറപ്പുനൽകുന്ന സംസ്ഥാന സർക്കാരിൽ സിവിൽസർവീസിനുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കുന്ന നിരവധി ഇടപെടലുകൾ ഇക്കാലയളവിൽ നടത്തിയിട്ടുണ്ട്. ഓഖി, നിപാ, 2018ലെ മഹാപ്രളയം, 2019ലെ പ്രകൃതിദുരന്തം തുടങ്ങി ഇപ്പോഴത്തെ കോവിഡ്–-19 വ്യാപനംവരെയുള്ള സന്ദർഭങ്ങളിൽ സിവിൽസർവീസ് നടത്തിയ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ളതാണ്. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമിതിക്കായി ആഹ്വാനം ചെയ്യപ്പെട്ട സാലറി ചലഞ്ചിലും കോവിഡ് പ്രതിസന്ധികാലത്ത് നടപ്പാക്കിയ ശമ്പളം മാറ്റിവയ്ക്കലിലും സ്വന്തം പ്രയാസങ്ങൾ മാറ്റിവച്ച് ജീവനക്കാർ അഭിമാനപൂർവം പങ്കെടുത്ത് പ്രതിബദ്ധത തെളിയിച്ചു.

തൊഴിലെടുത്ത് ജീവിക്കുന്നവരുടെ മൗലികാവകാശങ്ങൾപോലും ചോദ്യംചെയ്യുന്ന ഭരണകൂട നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനും ബദൽനയങ്ങളുയർത്തി സിവിൽസർവീസിനെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ വികസനക്ഷേമപരിപാടികൾ വിജയിപ്പിക്കാനും തുല്യപ്രാധാന്യത്തോടെ സിവിൽസർവീസിനെ സജ്ജമാക്കാൻ കേരള എൻജിഒ യൂണിയൻ ശ്രമിക്കുകയാണ്. സമൂഹത്തോടൊപ്പം നിലകൊള്ളേണ്ട സംഘടനയെന്ന ബോധ്യത്തോടെ നിരവധി ഇടപെടലുകളും ഇക്കാലയളവിൽ നടത്താനായി. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ലൈഫ് പദ്ധതിക്കായി ഭവനസമുച്ചയം നിർമിച്ചുനൽകാനും കോവിഡ്കാലത്ത് സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ 50 ലക്ഷം രൂപ നൽകാനും സംഘടനയ്ക്കായി. ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി വൈവിധ്യമാർന്ന സാന്ത്വനപ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. നാടിന്റെ ഹരിതാഭ വീണ്ടെടുക്കാനും വിഷരഹിത പച്ചക്കറി ശീലമാക്കാനും സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംഘടനയുടെ 139 ഏരിയ കമ്മിറ്റിയുടെയും 15 ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിപുലമായി നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും സംഘടിപ്പിച്ചു.  വൈവിധ്യമാർന്ന സമരസംഘടനാപ്രവർത്തനങ്ങളുടെ കാലയളവ് പിന്നിട്ട് ചേരുന്ന 57–-ാം സംസ്ഥാന സമ്മേളനം ഭാവിപ്രവർത്തനങ്ങൾ രൂപപ്പെടുത്താനാവശ്യമായ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളും.

(കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top