26 April Friday

കശ്മീരിൽ സംഭവിക്കുന്നത്

ഡോ. പി ജെ വിന്‍സന്റ്‌Updated: Sunday Jun 5, 2022

കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഭീകരർ നടത്തിയ തിരഞ്ഞുപിടിച്ചുള്ള കൊലപാതക പരമ്പരയിൽ ഇതിനകം 16 പേർ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റുകൾ, ഉത്തരേന്ത്യയിൽനിന്നുള്ള തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥന്മാർ, സർപഞ്ചുമാർ, അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങളെയാണ് ഭീകരർ ലക്ഷ്യം വയ്ക്കുന്നത്. 1989-–90നു സമാനമായ സ്ഥിതിവിശേഷമാണ് നിലവിൽ കശ്മീർ താഴ്‌വരയിലുള്ളത്. പ്രധാനമന്ത്രി പുനരധിവാസ പാക്കേജിൽ സർക്കാർ സർവീസിൽ ജോലി നൽകി പുനരധിവസിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളിൽ എഴുപതു ശതമാനവും താഴ്‌വരയിൽനിന്ന് പലായനം ചെയ്തതായി കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി (കെപിഎസ്എസ്) ട്വീറ്റ് ചെയ്തു. ഭരണപരാജയവും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കെപിഎസ്എസ് വ്യക്തമാക്കി. സമസ്ത ജമ്മു സംവരണ ജീവനക്കാരുടെ അസോസിയേഷൻ, ലഫ്റ്റനന്റ് ഗവർണറുടെ ഭരണപരാജയത്തെ കഠിനമായി വിമർശിച്ച് രംഗത്തുവന്നു. ""തെരഞ്ഞുപിടിച്ചുള്ള കൊലപാതക പരമ്പര തടയാനോ ജീവനക്കാർക്ക് സുരക്ഷിതത്വം ഒരുക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കശ്മീരിൽ ജോലി ചെയ്യുന്ന ജമ്മുവിൽനിന്നുള്ള എണ്ണായിരത്തോളം ജീവനക്കാർ ജോലിയിൽ പ്രവേശിക്കില്ല'' അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

നാട്ടുകാരല്ലാത്തവരെ ഭീകരർ തുടർച്ചയായി കൊലപ്പെടുത്തുന്ന സാഹചര്യത്തിൽ പണ്ഡിറ്റ് വിഭാഗക്കാരായ അധ്യാപകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിനിയമിച്ചു. ശ്രീനഗറിലെ കൂടുതൽ സുരക്ഷിതമായ ഇ‍ടങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. മെയ് ഒന്നിനുശേഷം ഇതിനകം ഭീകരർ നടത്തിയ ആക്രമണങ്ങളിൽ ഒമ്പത്‌ പേരാണ് കൊല്ലപ്പെട്ടത്. ‘‘കശ്മീർ താഴ്‌വരയിൽ സുരക്ഷിതമായ പ്രദേശങ്ങളില്ല. എല്ലാവർക്കും വ്യക്തിപരമായി സുരക്ഷിതത്വം ഒരുക്കുക സാധ്യവുമല്ല. ഈ സാഹചര്യത്തിൽ താഴ്‌വരയിൽനിന്ന് സ്ഥലമാറ്റം അനുവദിക്കണം’’ കശ്മീർ താഴ്‌വരയിലെ അധ്യാപകരുടെ സംഘടനയുടെ ആവശ്യമിതാണ്. ചുരുക്കത്തിൽ ഭികരരുടെ ആവശ്യം അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കശ്മീരി പണ്ഡിറ്റുകൾ, വാനി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ തുടങ്ങിയ ജനവിഭാഗങ്ങൾ കശ്മീരിലെ തദ്ദേശീയരാണ്. 1990 കാലഘട്ടത്തിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) നേതൃത്വത്തിൽ നടന്ന സംഘടിത കൊലപാതകങ്ങളുടെ ഫലമായി താഴ്‌വര വിട്ട് പലായനം ചെയ്ത ഇക്കൂട്ടരിൽ നിരവധി പേരെ പുനരധിവസിപ്പിക്കാൻ 2009 ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ പുനരധിവാസ പാക്കേജ് വഴി സാധിച്ചു. 2021 വരെ 98,600 കശ്മീരി പണ്ഡിറ്റുകൾക്ക് സ്ഥിരവാസ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതോടെയാണ് താഴ്‌വര വീണ്ടും അശാന്തമായത്.  

1989–-90ലെ തെരഞ്ഞുപിടിച്ചുള്ള കൊലപാതക പാരമ്പരക്കുശേഷം പണ്ഡിറ്റുകളെ ഭീകരരോ തദ്ദേശീയ റാഡിക്കൽ മുസ്ലിം ഗ്രൂപ്പുകളോ വ്യാപകമായി ആക്രമിക്കുന്ന അവസ്ഥ 2019വരെ ഉണ്ടായിരുന്നില്ല.എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കുകയും ‘ജമ്മു കശ്മീർ റീ-ഓർഗനൈസേഷൻ ആക്ട് -2019 ’ പാർലമെന്റ്‌ പാസ്സാക്കുകയും ചെയ്തതോടെയാണ് റാഡിക്കൽ മുസ്ലിംഗ്രൂപ്പുകൾ പുനരധിവസിപ്പിക്കപ്പെട്ട പണ്ഡിറ്റുകൾക്കും ഉത്തരേന്ത്യൻ തൊഴിലാളികൾക്കും എതിരായ ആക്രമണങ്ങൾ ആരംഭിച്ചത്. കശ്മീർ താഴ്‌വരയുടെ ജനസംഖ്യയിൽ മാറ്റം വരുത്താനുള്ള നടപടികളാണ് ലഫ്റ്റനന്റ്‌ ഗവർണറുടെ ഭരണകൂടം, കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ നടപ്പാക്കുന്നതെന്ന ആശങ്ക പൊതുവിൽ കശ്മീരികൾക്ക് ഉണ്ടായിട്ടുണ്ട് . 2011 സെൻസസ് പ്രകാരം 3000 കശ്മീരി ഹിന്ദു കുടുംബമാണ് താഴ്‌വരയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളത്. 2019നുശേഷം 2340 കുടുംബത്തിന്‌ സ്ഥിരവാസ സർട്ടിഫിക്കറ്റ് നൽകിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉത്തരേന്ത്യൻ തൊഴിലാളികളെ കുടുംബസമേതം താഴ്‌വരയിൽ കുടിയിരുത്തുന്നത് കശ്മീരിലെ മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാനുള്ള നടപടിയാണെന്ന് മുസ്ലിം ഗ്രൂപ്പുകൾക്കൊ പ്പം നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ പാർടികളും ആരോപണം ഉയർത്തി.

 ഈ സാഹചര്യം മുതലെടുത്ത് ലഷ്‌കറെ തയ്‌ബ, ലഷ്‌കറെ  ഇസ്ലാം തുടങ്ങിയ ഭീകരവാദി ഗ്രൂപ്പുകൾ പുതിയ ജിഹാദിന് തുടക്കം കുറിച്ചു. ഭീകരവാദികളുടെ പേരിൽ കുൽഗാം,  ബുദ്ധ്‌ഗാം, ഗന്ധേർബൽ, ബാരാമുള്ള, അനന്തനാഗ് തുടങ്ങിയ ജില്ലകളിൽ വ്യാപകമായി ഹിന്ദു കുടുംബങ്ങൾക്ക് ഭീഷണിക്കത്തുകൾ ലഭിക്കുന്നുണ്ട്.  പുൽവാമയിലെ ഹവാൽ  ട്രാൻസിറ്റ്‌ അക്കോമഡേഷൻ  നിവാസികൾ ഇരുപതിനാല് മണിക്കൂറിനകം കശ്‌മീർ വിട്ടുപോകണമെന്ന് ലഷ്കറെ ഇസ്ലാം എന്ന ഭീകരസംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.  1990 ആവർത്തിക്കുമെന്ന ഭീതിയിലാണ് ഇവർ.

1990ൽ സംഭവിച്ചത്‌


വിവേക് അഗ്നിഹോത്രിയുടെ വൻ ബോക്സോഫീസ് വിജയം നേടിയ ‘കശ്മീർ ഫയൽസ് ’എന്ന ചിത്രം 1990ൽ നടന്നത് ഹിന്ദു വംശഹത്യയാണെന്ന്‌ പറഞ്ഞുവയ്ക്കുന്നു. വേണ്ടത്ര തെളിവുകളുടെ പിൻബലമില്ലാതെ അതിവൈകാരികത ഉയർത്തിവിട്ട ഈ ചിത്രം ഉത്തരേന്ത്യയിൽ യഥാർഥ ചരിത്രമായി സ്വീകരിക്കപ്പെട്ടത് പുതിയ മത -സാമൂഹ്യ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്.

പാകിസ്ഥാനിൽനിന്നുള്ള ഭീകരരും ജെകെഎൽഎഫും ചേർന്നു നടത്തിയ ആക്രമണ പരമ്പരയിൽ 1990 ജനുവരി മുതൽ മാർച്ച് വരെ ഒരുലക്ഷത്തോളം പണ്ഡിറ്റുകൾ പലായനംചെയ്തു. 30 മുതൽ 80 വരെ ആളുകൾ വധിക്കപ്പെട്ടു എന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 217 ഹിന്ദുക്കളാണ് 1988നും 91 നുമിടയിൽ താഴ്‌വരയിൽ കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീർ സർക്കാർ കണക്കുപ്രകാരം 228 പണ്ഡിറ്റുകൾ വധിക്കപ്പെട്ടു. 1990 മധ്യത്തിൽ 219 പണ്ഡിറ്റുകൾ കൊല്ലപ്പെട്ടെന്ന് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കശ്മീർ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.  കൊല്ലപ്പെട്ടവരുടെയും പലായനം ചെയ്തവരുടെയും എണ്ണത്തിന്റെ കാര്യത്തിൽ വ്യക്തമായ കണക്ക് ലഭ്യമല്ല എന്നതാണ് വസ്തുത.  എന്നാൽ, ‘കശ്മീരി ഹിന്ദുക്കൾ തുടച്ചു നീക്കപ്പെട്ട വംശഹത്യ’ എന്ന മട്ടിലാണ് സമീപകാലത്ത് വിവിധ തീവ്ര ഹിന്ദുത്വ സംഘടനകൾ 1989 –-90ലെ ഭീകരാക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്.  ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ജെകെഎൽഎഫ് നേതാവ്‌ ബിട്ട കരാത്തെ 20 പണ്ഡിറ്റുകളെ കൊന്നതായി അവകാശപ്പെടുന്ന ഇന്റർവ്യു ഇവർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കശ്മീരി പണ്ഡിറ്റുകളെ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി എന്നത് വസ്തുതയാണ്.  ഇക്കാര്യത്തിൽ സ്റ്റേറ്റിന്റെ പരാജയമാണ് യഥാർഥത്തിൽ വിമർശിക്കപ്പെടേണ്ടത്.  1980കളുടെ സവിശേഷ പശ്ചാത്തലത്തിൽ ശക്തിപ്പെട്ട ഭീകരതയിലാണ് 1989–-90ലെ കൊലപാതകങ്ങളുടെ കാരണം അന്വേഷിക്കേണ്ടത്. 

ചുരുങ്ങിയ കാലത്തേക്ക് വർഗീയതയുടെ വേലിയേറ്റം സൃഷ്ടിക്കാൻ ജെകെഎൽഎഫിനു കഴിഞ്ഞെങ്കിലും കശ്മീർ സിവിൽ സമൂഹത്തെ വർഗീയവൽക്കരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭീകരരും മുസ്ലിം വർഗീയവാദികളും സൂക്ഷ്‌മ ന്യൂനപക്ഷമായി തുടരുകയാണുണ്ടായത്‌.  എന്നാൽ, സമീപകാലത്ത് ‘ഹിന്ദു വംശഹത്യ ’ എന്ന വാദവും അത് സൃഷ്ടിക്കുന്ന വൈകാരിക വേലിയേറ്റവും  കശ്മീർ മുസ്ലിം ജനതയെ അരക്ഷിതത്വത്തിലേക്ക്‌ തള്ളിവിടുകയാണ്.  ഇതോടൊപ്പം പലായനം ചെയ്ത പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്ന  സർക്കാർ പരിപാടിയുടെ മറവിൽ ഉത്തരേന്ത്യയിൽനിന്ന് ഹിന്ദുത്വവാദികളെ താഴ്‌വരയിൽ സ്ഥിരവാസത്തിന്‌ അവസരമൊരുക്കുന്നുവെന്ന ആശങ്ക സാധാരണ കശ്മീരികൾ പങ്കുവയ്ക്കുന്നുണ്ട്.  ഇത്തരം കാര്യങ്ങൾ അവധാനതയോടെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യണം. മണ്ഡല പുനർനിർണയത്തിൽ ജമ്മു മേഖലയിൽ കൂടുതൽ മണ്ഡലങ്ങൾ അനുവദിച്ചതുംലെഫ്റ്റനെന്റ് ഗവർണറുടെ അമിതാധികാര പ്രയോഗങ്ങളുംകാശ്മീരി മുസ്ലിംകളുടെ ആശങ്ക പടർത്തിയിട്ടുണ്ട്.

‘നമുക്ക് സുഹൃത്തുക്കളെ മാറ്റാം, പക്ഷേ അയൽക്കാരനെ മാറ്റാനാകില്ല’ എന്ന ചൊല്ല് കശ്മീരിന്റെ കാര്യത്തിൽ പ്രസക്തമാണ്.  അയൽക്കാരായ മുസ്ലിം സഹോദരങ്ങൾ ഹിന്ദുക്കൾക്കും ഹിന്ദുക്കൾ മുസ്ലിങ്ങൾക്കും സുരക്ഷയൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കാതെ സമൂഹത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. 95 ശതമാനം മുസ്ലിങ്ങളുടെ ഇടയിൽ സൂക്ഷ്മ ന്യൂനപക്ഷമായ പണ്ഡിറ്റുകൾക്ക്‌ സുരക്ഷ ഒരുക്കേണ്ടത് അയൽക്കാർ തന്നെയാണ്. 1990ൽ ജെകെഎൽഎഫുകാർ വഴിതെറ്റിയ കശ്മീരികൾ തന്നെയായിരുന്നു. എന്നാൽ, 2022ൽ അതിർത്തി കടന്നെത്തിയ ഭീകരരാണ് കൊലപാതകപരമ്പര നടത്തുന്നത് എന്നാണ് പ്രാഥമിക വിവരം.  കൊലക്കത്തിയുമായി അതിർത്തി കടന്നെത്തുന്ന ഭീകരർക്കെതിരെ പണ്ഡിറ്റുകൾക്ക്‌ സുരക്ഷയൊരുക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് കഴിയണം. നൂറ്റാണ്ടുകളായി സാഹോദര്യത്തിൽ കഴിഞ്ഞ ജനവിഭാഗങ്ങൾ പൊതുശത്രുവിനും ഭീകരർക്കും എതിരെ മുന്നണി തീർക്കണം. ഈ ദിശയിൽ ജനകീയ പ്രതിരോധം ഉയർത്തുന്നതിനു പകരം മുസ്ലിംവിരുദ്ധതയുടെ ചതിക്കുഴിയിലേക്ക് വീഴാതിരിക്കാനുള്ള ജാഗ്രത സർക്കാരും പൊതുസമൂഹവും കാണിക്കണം.
(ലേഖകൻ പാലക്കാട് ഗവ. വിക്ടോറിയ *കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top