26 April Friday

സെർച്ച്‌ കമ്മിറ്റി : ഗവർണറുടെ ചട്ടലംഘനം

അഡ്വ. കെ എച്ച്‌ ബാബുജാൻUpdated: Wednesday Aug 24, 2022

കേരളത്തിലെ സർവകലാശാലകളെയും അവയുടെ ഭരണസാരഥികളെയും നിയമിക്കപ്പെടുന്ന അധ്യാപകരെയും കുറിച്ച്‌ ചാൻസലർകൂടിയായ ഗവർണറുടെ ചില പരാമർശങ്ങളും നടപടികളും  ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ഗുണകരമല്ല. ഈ സാഹചര്യം ഉന്നതവിദ്യാഭ്യാസ മേഖലയെ ഉടച്ചുവാർക്കാൻ പരിശ്രമിക്കുന്ന സർക്കാരിനും സർവകലാശാലകൾക്കും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌.

നമ്മുടെ സർവകലാശാലകളുടെ ചരിത്രമെടുത്താൽ ഏറ്റവും മികച്ച വൈസ്‌ ചാൻസലർമാർ നിയമിക്കപ്പെട്ടതെല്ലാം ഇടത്‌ സർക്കാരുകൾ ഭരിച്ച കാലത്താണെന്നു കാണാം. മഹാപണ്ഡിതന്മാരായ വൈസ്‌ ചാൻസലർമാരുടെ നിരതന്നെ പറയാനുണ്ട്‌ കേരളത്തിന്‌. സർവകലാശാലകളിലെ നിയമനങ്ങളിലും നടപടിക്രമങ്ങളിലും സുതാര്യതയും യോഗ്യതയും പരിപൂർണമായി ഉറപ്പുവരുത്തിയിട്ടുള്ളതും എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്താണ്‌. പുതിയ കാലത്തിന്റെ ആവശ്യകത മുന്നിൽനിർത്തി സർവകലാശാലകളെ ഇന്ത്യയിലെതന്നെ ഏറ്റവും ഉന്നതമായ തലത്തിലേക്ക്‌ ഉയർത്താനും ശ്രമം നടക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ കേരള സർവകലാശാല ചട്ടം ലംഘിച്ച്‌ ഗവർണർ വൈസ്‌ ചാൻസലറെ കണ്ടെത്തുന്നതിനുള്ള രണ്ടംഗ സെർച്ച്‌ കമ്മിറ്റിയെ നിയോഗിച്ച്‌ ഉത്തരവിട്ടത്‌. ഈ ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സർവകലാശാല സെനറ്റ്‌ കൈക്കൊണ്ട തീരുമാനം ഏറ്റവും പ്രസക്തമാണ്‌. കേരള സർവകലാശാല സെനറ്റ് യോഗം ആഗസ്ത്‌ 20ന്‌ അതിന്റെ ഉന്നത ജനാധിപത്യ അവകാശം ഉയർത്തിപ്പിടിച്ചും നിയമത്തെ അടിസ്ഥാനപ്പെടുത്തിയുമാണ്  ചാൻസലർ പുറപ്പെടുവിച്ച വൈസ് ചാൻസലർ സെർച്ച് കമ്മിറ്റിയുടെ നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്ന് അഭ്യർഥിച്ചത്.

സർവകലാശാല സെനറ്റിന്റെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിയെയും യുജിസി ചെയർമാനും ചാൻസലറും നോമിനേറ്റ് ചെയ്യുന്നവരെയും ഉൾപ്പെടെ മൂന്നുപേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർവകലാശാല നിയമത്തിൽ 10-(1) വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട് . ഇതിനു വിരുദ്ധമായി യുജിസി ചെയർമാന്റെയും ചാൻസലറുടെയും നോമിനികളെമാത്രം ഉൾപ്പെടുത്തിയാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. സെനറ്റിന്റെ പ്രതിനിധിയെ പിന്നീട് ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്.

വിജ്ഞാപനത്തിനുശേഷം ആരെയും ഉൾപ്പെടുത്താൻ സർവകലാശാല നിയമത്തിൽ വ്യവസ്ഥ ഇല്ല. 2018 യുജിസി റെഗുലേഷൻ മൂന്നുമുതൽ അഞ്ചുവരെ പേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി എടുക്കാനാണ് വ്യവസ്ഥ. രണ്ടുപേരെ ഉൾപ്പെടുത്തിയ സെർച്ച് കമ്മിറ്റി പറഞ്ഞിട്ടില്ല. സർവകലാശാലാ നിയമത്തിലും യുജിസി റെഗുലേഷനിലും പറയാത്ത വിജ്ഞാപനം നിലനിൽക്കില്ല. അത്‌ പിൻവലിക്കപ്പെട്ടശേഷം പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നടപടിയുടെ ഭാഗമായി മാത്രമേ സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ എന്ന  സ്റ്റാൻഡിങ്‌ കൗൺസിലിന്റെ വ്യക്തമായ നിയമോപദേശംകൂടി ചേർത്താണ് അജൻഡ സെനറ്റിന്റെ പരിഗണനയ്ക്കായി  വന്നത്. സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽ നിന്നുള്ളവർ ഉൾക്കൊള്ളുന്ന ഉന്നതമായ ജനാധിപത്യഘടന അതിന്റെ അവകാശം നിഷേധിക്കപ്പെട്ടതിൽ സ്വാഭാവികമായുള്ള ഉൽക്കണ്ഠയും സെനറ്റ്‌ പ്രകടിപ്പിച്ചു.

സെനറ്റും സിൻഡിക്കറ്റും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഉന്നത ജനാധിപത്യ വേദികളാണ്.  സെനറ്റിന്റെ പ്രതിനിധിയില്ലാതെ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്ന സെർച്ച് കമ്മിറ്റിക്ക് രൂപം നൽകിയത് ജനാധിപത്യവിരുദ്ധമാണ്. നിലവിലെ വൈസ് ചാൻസലറുടെ കാലാവധി ഒക്ടോബർ 24 വരെ ഉണ്ടായിരിക്കെ ധൃതിപിടിച്ചുള്ള നടപടികളുടെ ആവശ്യം ഇല്ലായിരുന്നു.

ഉൾപ്പെടുത്തപ്പെട്ടയാൾ രാജിവച്ചാൽ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതാണ് ചരിത്രം. 2017 ഡിസംബർ 16ന്‌  രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽനിന്ന് യുജിസി ചെയർമാന്റെ പ്രതിനിധി രാജിവച്ചു. തുടർന്ന്, സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ മൂന്നു പ്രതിനിധികളെയും ഉൾപ്പെടുത്തി വീണ്ടും വിജ്ഞാപനം ചെയ്തു. അതുകൊണ്ട്‌ ഗവർണറുടെ ആഗസ്‌ത്‌ അഞ്ചിലെ ഉത്തരവ് പിൻവലിച്ച് സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ്‌ സെനറ്റ്‌ യോഗം ചാൻസലറോട്‌ അഭ്യർഥിച്ചത്‌.

( കേരള സർവകലാശാല  സിൻഡിക്കറ്റ് 
അംഗമാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top