26 April Friday

ഗോത്രവിഭാഗങ്ങളെ ചേർത്തുപിടിക്കുക - പട്ടികജാതി വർഗ പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ എഴുതുന്നു

കെ രാധാകൃഷ്ണൻUpdated: Monday Aug 9, 2021

തിങ്കളാഴ്‌ചമുതൽ സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15 വരെയുള്ള ഒരാഴ്ച കേരള സർക്കാർ ഗോത്രാരോഗ്യവാരമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആഗസ്‌ത്‌ 9 അന്താരാഷ്ട്ര ആദിവാസിദിനമായി ഐക്യരാഷ്ട്രസഭ 1994 മുതൽ ആചരിച്ചുവരുന്നുണ്ട്. ഇത്തവണത്തെ ആദിവാസിദിന മുദ്രാവാക്യം ‘ ലീവിങ് നോ വൺ ബിഹൈൻഡ്‌’ (Leaving no one behind)എന്നതാണ്. പൊതുസമൂഹത്തിന്റെ പുരോഗതിക്കൊപ്പം ആദിവാസി ജനവിഭാഗത്തെയും ചേർത്തുനിർത്തുക എന്നതാണ് ഈ മുദ്രാവാക്യം ലക്ഷ്യമിടുന്നത്. ലോകത്ത് 90 രാജ്യത്തായി 47.6 കോടിയിൽപ്പരം തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങൾ ജീവിക്കുന്നുണ്ട്. ഇത് ലോക ജനസംഖ്യയുടെ 6.2 ശതമാനം വരും. തനത് സംസ്കാരം, പാരമ്പര്യം, ഭാഷ, അറിവുകൾ എന്നിവയുടെ വിശാലമായ വൈവിധ്യങ്ങളുടെ അക്ഷയഖനിയാണ് ഈ ജനത. മണ്ണിൽ ചവിട്ടിനിൽക്കുന്ന ജൈവികബന്ധങ്ങളിലൂന്നിയ ലോകാവബോധവും വികസനത്തെക്കുറിച്ചുള്ള സ്വന്തമായ മുൻഗണനകളും ഈ ജനവിഭാഗത്തിനുണ്ട്. തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ സ്വയംഭരണത്തിലുള്ള പ്രദേശങ്ങൾതന്നെ നിരവധി രാജ്യങ്ങളിൽ നിലനിന്നിരുന്നു. ഇവയിൽ പലതും സൽഭരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു.

കാലങ്ങളായി ദാരിദ്ര്യവും അസമത്വവും അവഗണനയും സാമ്പത്തിക അരക്ഷിതത്വവും അനുഭവിക്കുന്ന ഈ ജനതയെ, കോവിഡ് മഹാമാരിയുടെ വർത്തമാനകാലാനുഭവങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. 2021ലെ ലോകബാങ്ക് കണക്കനുസരിച്ച് കാർഷികോൽപ്പാദനം കുറയുകയും ഉൽപ്പന്നങ്ങളുടെ വില വർധിക്കുകയും അതിന്റെ ഫലമായി ലോകത്ത് വലിയതോതിൽ പട്ടിണി (വിശപ്പ്) വർധിക്കുമെന്ന് പറയുന്നു. യൂണിസെഫിന്റെ കണക്കനുസരിച്ച് 2021 അവസാനമാകുമ്പോഴേയ്ക്കും 74.5 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്കെത്തും. ലോകത്ത് ഓരോ മിനിറ്റിലും പതിനൊന്ന് പേർ പട്ടിണികൊണ്ട് മരണപ്പെടുമെന്നും ഇന്ത്യയും ദക്ഷിണാഫ്രിക്കയും വിശപ്പിന്റെ ഹോട്ട്‌സ്പോട്ടുകളാകുമെന്നും പറയുന്നു. ജോലിയും വരുമാനവും നഷ്ടപ്പെടുന്ന ജനവിഭാഗം പെരുകുമെന്നും ലോകത്താകെ അസമത്വം വർധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തദ്ദേശീയ ജനതയുടെ സാമൂഹ്യമായും സാമ്പത്തികമായുമുള്ള നേട്ടങ്ങൾക്കായി സഹകരിക്കാനുള്ള ഒരു അലിഖിത ധാരണയാണ് ഈ കാലം ആവശ്യപ്പെടുന്നത്. ഈ ദിനത്തിൽ, തദ്ദേശിയ ഗോത്രജനതയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സാമ്പത്തിക സഹകരണം, പങ്കാളിത്തം, വിദ്യാഭ്യാസം, മനുഷ്യാവകാശം, വികസനം, ആരോഗ്യം എന്നിവയുടെ പ്രസക്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള സന്ദേശമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ദശാബ്ദങ്ങളായി വിവിധ സമൂഹങ്ങൾ ഈ പ്രശ്നം അഭിമുഖീകരിക്കുകയും പരിഹാര നടപടികൾക്ക് ശ്രമിക്കുകയും ചെയ്യുന്നു. മാപ്പുപറയൽ, പൊരുത്തപ്പെടൽ, നിയമനിർമാണം, ഭരണഘടനാ പരിഷ്കരണങ്ങൾ തുടങ്ങിയ നിരവധി മാർഗങ്ങൾ ഇതിന്റെ ഭാഗമായി അവലംബിച്ചു.

സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോടടുക്കുമ്പോഴും, ഇന്ത്യയിലെ നാലിലൊന്ന് വരുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ കയ്‌പേറിയ ജീവിതാനുഭവങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. കോർപറേറ്റ് ദുരയുടെ മൃഗീയതയിൽ ഞെരിഞ്ഞ് തന്റെ മണ്ണും കിടപ്പാടവും ജീവിതവും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന ദുരിതചിത്രമാണ് വർത്തമാന ഇന്ത്യയിലെ ആദിവാസി ജനവിഭാഗത്തിന്റേത്.  ആധിപത്യം സ്ഥാപിച്ചവർ അത് നിലനിർത്താൻ ജാതിവെറിയും മതഭ്രാന്തും ദേശീയതയുമൊക്കെ എടുത്തുപയോഗിക്കുകയും ചെയ്യുകവഴി അരക്ഷിതാവസ്ഥയിലാണ് ഈ ജനത. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയിൽ പൊതു സമൂഹത്തോടൊപ്പം എത്തണമെങ്കിൽ ഈ ജനവിഭാഗങ്ങൾ ഇനിയും സഞ്ചരിക്കാൻ ഏറെ ദൂരമുണ്ട്.

ഈ വിഭാഗത്തിന്റെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ചൂഷണംചെയ്ത് മുന്നോട്ട് പോകാൻ നമുക്ക് കഴിയില്ല. ഇന്ത്യയിലെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്താൽ‍ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന കേരളത്തിലെ ദളിത്–-ആദിവാസി ജീവിതം വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളിൽ വലിയ മുന്നേറ്റം കേരളത്തിലെ ആദിവാസി ജനതയ്ക്ക് നേടാനായിട്ടുണ്ട്. സുസ്ഥിരവളർച്ചയുടെ ഒരു മോഡലായി കേരളം ചർച്ചചെയ്യപ്പെടാൻ ഈ നേട്ടങ്ങൾ ഇടയാക്കിയിട്ടുണ്ട്. എങ്കിലും ചില പരിമിതികൾ നിലനിൽക്കുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം പിന്നോക്കം നിൽക്കുമ്പോൾ മോഡൽ എന്ന പദത്തിന്റെ പൂർണത സാർഥകമാകില്ല. അതുകൊണ്ട് ഈ വിഭാഗത്തെക്കൂടി മുഖ്യധാരയിലെത്തിച്ചേ മതിയാകൂ. പട്ടികവർഗ വിഭാഗം പാർശ്വവൽക്കരിക്കപ്പെടാൻ ചരിത്രപരമായ അനവധി കാരണമുണ്ട്. ഇവർക്കൊരു സാമൂഹ്യപിന്തുണ പലപ്പോഴും ലഭിക്കുന്നില്ല. സാമൂഹ്യ മൂലധനത്തിന്റെ അഭാവവും പ്രകടമാണ്. അവർക്ക് വിവിധതരത്തിലുള്ള പിന്തുണ കിട്ടുക. ഉയർത്തിക്കൊണ്ടുവരാനും സഹായിക്കാനും ആളുകളുണ്ടാകുക എന്നൊക്കെയാണ് സാമൂഹ്യമൂലധനംകൊണ്ട് ഉദ്ദേശിക്കുന്നത്.


 

കേരളത്തിൽ നിരവധി പദ്ധതികൾ ഈ വിഭാഗത്തിന്റെ വികസനത്തിനായി നടപ്പാക്കിയിട്ടുണ്ട്. പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ചെലവഴിച്ച കോടികളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ആനുപാതികനേട്ടം ഈ മേഖലയിൽ കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്. കുറേ വികസനപ്രവർത്തനങ്ങൾ നടത്തുകയും കുറേയധികം പണം ചെലവഴിക്കുകയും ചെയ്തുകൊണ്ടുമാത്രം ആദിവാസികൾ രക്ഷപ്പെടാൻ പോകുന്നില്ല. ചെലവഴിക്കപ്പെടുന്ന തുക കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നതുസംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് അനിവാര്യമാണ്.

എൽഡിഎഫ്‌ സർക്കാർ പട്ടികവർഗമേഖലയിൽ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അർഹമായ ഭൂമി നൽകുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നു. ഫണ്ട് വിനിയോഗത്തിലെ സുതാര്യതക്കുറവും ദുർവിനിയോഗവും പരിഹരിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. അഞ്ച് വർഷത്തിനുള്ളിൽ മുഴുവൻ പട്ടികവർഗ കുടുംബത്തിനും ഭൂമിയും വീടും നൽകും. വനാവകാശനിയമം ഫലപ്രദമായി നടപ്പാക്കും. ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് വിവിധ നടപടികൾ സ്വീകരിക്കും.  കുടുംബത്തിലൊരാൾക്ക് ജോലി നൽകുന്നതിനുള്ള നടപടി സ്വീകരിക്കും. ലഹരിവിരുദ്ധ പ്രചാരണം ശക്തമാക്കും. ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത പട്ടികവർഗ വിഭാഗം കുട്ടികൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് അതേർപ്പെടുത്താൻ അനുമതി നൽകിയിട്ടുണ്ട്.  സാമൂഹ്യനീതിയിലൂന്നിയ വികസന കാഴ്ചപ്പാട് പട്ടികവർഗമേഖലയിലെ മുന്നേറ്റത്തിന് വേഗത നൽകുമെന്ന് ഗവൺമെന്റ് വിശ്വസിക്കുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര ആദിവാസി ഗോത്രവർഗ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. അതിനാലാണ് കേരളത്തിൽ സംസ്ഥാന സർക്കാർ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗോത്രജനതയുടെ ആരോഗ്യസംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പ്രസക്തമെന്ന് സർക്കാർ കരുതുന്നു. അതുകൊണ്ടുതന്നെയാണ്‌ "ആദിവാസിജനത ആരോഗ്യജനത' എന്ന സന്ദേശമുയർത്തി വിവിധ വകുപ്പിന്റെ സഹായത്തോടെ ഗോത്രാരോഗ്യവാരം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പുകൾ, രോഗനിർണയ ക്ലിനിക്കുകൾ, ലഹരിവിരുദ്ധ പ്രചാരണങ്ങൾ, ശുചിത്വ പരിപാടികൾ, ഗോത്രഭാഷ – ലിപി, ഊരുകളുടെ ചരിത്രം രേഖപ്പെടുത്തി സംരക്ഷിക്കൽ, പാരമ്പര്യവൈദ്യന്മാരെ ആദരിക്കൽ, ചികിത്സയ്ക്ക് പ്രോത്സാഹനം നൽകാൻ നടപടി  തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ  ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

അകറ്റിനിർത്തേണ്ടവരല്ല ചേർത്തുപിടിക്കേണ്ടവരാണ് പ്രാക്തന ഗോത്രവിഭാഗങ്ങളെന്ന് ഉറപ്പാക്കാൻ ഈ വാരാചരണത്തിലൂടെയും തുടർപ്രവർത്തനങ്ങളിലൂടെയും നമുക്ക് കഴിയേണ്ടതുണ്ട്. അതിനായുള്ള യത്നങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top