26 April Friday

സ്വാതന്ത്ര്യസമരവും കേരളവും - ഡോ. കെ എൻ ഗണേശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ബ്രിട്ടീഷ് ആധിപത്യം കേരളത്തിൽ ആരംഭിച്ചത് 18–-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്.  അപ്പോൾ തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ആധിപത്യത്തിൻകീഴിൽ പുത്രികാരാജ്യപദവി കൈവരിക്കുകയും മലബാറിലെ നാടുവാഴികൾ പൂർണമായി കീഴടങ്ങുകയും ചെയ്തു. പഴശ്ശിരാജയും കോഴിക്കോട് പടിഞ്ഞാറെ കോവിലകം രവിവർമയുംപോലുള്ള ചിലർ മലബാറിലും വേലുത്തമ്പിയും പാലിയത്തച്ചനും പുത്രികാരാജ്യങ്ങളിലും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി. അവർക്ക് ചില ഭൂവുടമ–-കർഷക വിഭാഗങ്ങളുടെ പിന്തുണയും ലഭിച്ചു. ഇവയെ ബ്രിട്ടീഷ് വിരുദ്ധ നാടുവാഴിത്ത കലാപങ്ങളായാണ് കരുതപ്പെടുന്നത്.

18–-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ആധിപത്യം കേരളത്തിൽ വേരൂന്നി. പുതിയ ഭൂവുടമബന്ധങ്ങൾ വളർന്നുവന്നു. വ്യവസായങ്ങളും വളരാനാരംഭിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ആശയസംഹിതകൾ ഉൾക്കൊള്ളുകയും ചെയ്ത ഒരു മധ്യവർഗം വളർന്നു. അതേസമയം, കർഷകരിൽനിന്ന് ബ്രിട്ടീഷ്‌വിരുദ്ധ, ജന്മിവിരുദ്ധ കലാപങ്ങൾ വളർന്നു. മലബാറിലെ മാപ്പിളമാർ തുടർച്ചയായി നടത്തിയ കലാപങ്ങൾ ഉദാഹരണമാണ്.  1921ലെ കലാപം ഇവരുടെ പ്രതിരോധത്തിന്റെ ജ്വലിക്കുന്ന തെളിവാണ്. കലാപം നിഷ്ഠുരമായി അടിച്ചമർത്തപ്പെട്ടു. അവസാനഘട്ടത്തിൽ അതിൽ വർഗീയപ്രവണതകൾ കടന്നുവരികയും ചെയ്തു.

കേരളത്തിലെ ജാതി–-ജന്മി നാടുവാഴിത്തത്തിനെതിരായ ആശയപരവും പ്രായോഗികവുമായ സമരത്തെയാണ് നവോത്ഥാനം എന്നു പൊതുവിൽ വിളിക്കുന്നത്. ജാതിബദ്ധമായ സാമൂഹ്യനീതിക്കെതിരായ പോരാട്ടവും നാടുവാഴിത്തത്തിനെതിരായ പോരാട്ടവും ഇന്ത്യയിൽ പൊതുവിൽ വളർന്നുവന്ന ദേശീയ ബോധവുമായി ബന്ധപ്പെടുത്താൻ സാധിച്ചതാണ് കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷത. 1921ലെ മലബാർ കലാപത്തിന്റെ നേതൃത്വം ഖിലാഫത് പ്രസ്ഥാനത്തിനായിരുന്നു. അതേസമയം, അതൊരു കർഷകസമരവുമായിരുന്നു.1920ൽ മഞ്ചേരിയിലെ കെപിസിസി സമ്മേളനത്തിൽ കുടിയാൻമാരുടെ അവകാശങ്ങളെ സംബന്ധിച്ച പ്രമേയം പാസായി. 1923ൽ കാക്കിനാഡയിൽ  നടന്ന എഐസിസി സമ്മേളനത്തിൽ ടി കെ മാധവൻ അവതരിപ്പിച്ച അയിത്തോച്ചാടനത്തെ സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. അതു നടപ്പാക്കുന്നതിന് ഒരു സമിതിയെയും നിയോഗിച്ചു.  1924-–-25ലെ  വൈക്കം സത്യഗ്രഹം ഈ സമിതിയുടെ നേതൃത്വത്തിലാണ് നടന്നത്. പിന്നീട് നടന്ന തിരുവാർപ്പ്‌ സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും സാമൂഹ്യനീതിക്ക്‌ വേണ്ടിയുള്ള പ്രസ്ഥാനങ്ങളും ദേശീയബോധവും തമ്മിലുള്ള ബന്ധം പ്രകടമാക്കി. കോൺഗ്രസിന്റെ പ്രവർത്തനത്തിലേക്ക് ആദ്യം ആകൃഷ്ടരായത് കേരളത്തിലെ മധ്യവർഗമായിരുന്നു. 1897ൽ കോൺഗ്രസ് അധ്യക്ഷനായ സർ സി ശങ്കരൻ നായർ ഉദാഹരണമാണ്. ഏറെ വൈകിയാണ് കോൺഗ്രസിന് ഒരു സംഘടനാരൂപം ഉണ്ടായത്. കുടിയാൻമാരുടെയും അവർണ സമുദായങ്ങളുടെയും പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കാൻ തുടങ്ങിയതിനു ശേഷമായിരുന്നു ഈ മാറ്റം. 1921ലെ നിസ്സഹകരണ പ്രസ്ഥാനത്തിന് കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. ഉപ്പു സത്യഗ്രഹത്തിലാണ് വൻതോതിലുള്ള ജനപങ്കാളിത്തം ഉണ്ടായത്.

തിരുവിതാംകൂറിൽനിന്നും കൊച്ചിയിൽനിന്നുമടക്കം കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും നിരവധി വളന്റിയർമാർ സത്യഗ്രഹത്തിൽ പങ്കെടുത്തു. തമിഴ്നാട്ടിലെ വേദാരണ്യത്തിൽ കേരളത്തിലെ വളന്റിയർമാർ പങ്കെടുക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചത്. മോയാരത്ത് ശങ്കരന്റെ നേതൃത്വത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുകളാണ് കേരളത്തിൽ സത്യഗ്രഹം നടക്കാൻ കാരണമായത്. ഇന്ത്യൻ പതാകയ്ക്കുവേണ്ടി പി കൃഷ്ണപിള്ളയും ആർ വി ശർമയും കോഴിക്കോട് കടപ്പുറത്ത് വച്ച് ബ്രിട്ടീഷ് പൊലീസുമായി ഏറ്റുമുട്ടിയത് ഏറെ പ്രശസ്തമാണ്.

പിന്നീട് കേരളത്തിലെ സ്വാതന്ത്ര്യസമരം രണ്ട്‌ കൈവഴിയിലൂടെ പോകുന്നതു കാണാം. മലബാറിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടുകൾ അനുസരിച്ചുള്ള സമരങ്ങളാണ് നടന്നത്. കോൺഗ്രസ് പ്രവർത്തനം നേരിട്ടു നടക്കാത്ത തിരുവിതാംകൂറിലും കൊച്ചിയിലും നാടുവാഴിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഊന്നൽ നൽകി. എല്ലാ പ്രദേശത്തും വളർന്നുവന്ന തൊഴിലാളിസമരങ്ങൾ, കർഷകസമരങ്ങൾ, വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾ, സ്‌ത്രീകളുടെ മുന്നേറ്റങ്ങൾ, ഭാഷാപരമായ ഏകോപനവും കലാ സാംസ്കാരിക മുന്നേറ്റവും തുടങ്ങിയ ബഹുജനസമരങ്ങളാണ് സ്വാതന്ത്ര്യസമരത്തിന്റെ നട്ടെല്ലായത്. ഇതിനെല്ലാം നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ സ്വാധീനമുള്ള കോൺഗ്രസ് –-സോഷ്യലിസ്‌റ്റുകളായിരുന്നു.  പിന്നീട് കമ്യൂണിസ്റ്റ് പാർടി സമരങ്ങൾക്ക് നേതൃത്വം നൽകാനാരംഭിച്ചു. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിയിൽ പ്രജാമണ്ഡലും സമരങ്ങൾക്ക് നേതൃത്വം നൽകി. അവിടെയും റാഡിക്കൽ വിഭാഗങ്ങളും കമ്യൂണിസ്റ്റുകാരും പിന്നീട് സമരനേതാക്കളായി.

1940ൽ കെപിസിസി ആഹ്വാനം ചെയ്ത സാമ്രാജ്യത്വവിരുദ്ധ ദിനത്തിന് വൻതോതിൽ ജനപിന്തുണ ലഭിച്ചു. എന്നാൽ, ഇതേ പിന്തുണ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് നേടാനായില്ല. കൊച്ചിയിൽ പ്രജാമണ്ഡലിന്റെ നേതൃത്വത്തിലാണ് ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്നത്. തിരുവനന്തപുരത്തും മറ്റുചില ഭാഗങ്ങളിലും സമരങ്ങൾ നടന്നു. മലബാറിലെ സമരം കീഴരിയൂർ ബോംബ് കേസ് പോലുള്ള ചില സംഭവങ്ങളിൽ ഒതുങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നതകൾ ഇതിനു പ്രധാനകാരണമായിരുന്നു. അതേസമയം, നാടുവാഴിത്തവിരുദ്ധ പ്രക്ഷോഭവും വർഗബഹുജന മുന്നേറ്റങ്ങളും ശക്തമായി തുടർന്നു. ഐക്യകേരളത്തിനു വേണ്ടിയുള്ള സമരവും ആരംഭിക്കുന്നത് ഇതേ കാലത്താണ്.

രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ ബഹുജന മുന്നേറ്റങ്ങളിൽ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷമായിരുന്നു. വടക്കെ മലബാറിലെ നിരവധി കർഷക സമരങ്ങൾ, പുന്നപ്ര–- വയലാർ സമരം, അന്തിക്കാട് ചെത്തുതൊഴിലാളിസമരം തുടങ്ങിയവ ഉദാഹരണമാണ്. സ്വാതന്ത്ര്യം മുന്നിൽക്കണ്ട് കോൺഗ്രസുകാർ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് മാറിയിരുന്നു. ഇത്തരം ജനകീയസമരങ്ങളിൽനിന്ന് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്തു. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ എ കെ ജിയടക്കം നിരവധി സ്വാതന്ത്ര്യപ്പോരാളികൾ ജയിലിലാണ് സ്വാതന്ത്ര്യം ആഘോഷിച്ചത്. തിരുവിതാംകൂറിലും മലബാറിലും അത്തരം പോരാളികൾക്കെതിരായ നരനായാട്ട് സ്വാതന്ത്ര്യത്തിനുശേഷവും നിർബാധം തുടരുകയായിരുന്നു. കാരണം, സ്വാതന്ത്ര്യം എന്നതുകൊണ്ട്  അവർ അർഥമാക്കിയത് കേവലം ഭരണക്കൈമാറ്റമല്ല. ജനങ്ങൾക്ക് മൊത്തത്തിൽ അതിജീവനത്തിനും ഉപജീവനത്തിനും ചിന്തയ്‌ക്കും പ്രവർത്തനത്തിനുമുള്ള പരമാധികാരമായിരുന്നു. ഈ പോരാട്ടം ഇനിയും തുടരേണ്ടി വരുമെന്ന് അവർക്കറിയാമായിരുന്നു. ഈ വികാരമാണ് പിന്നീട് കേരളത്തിൽ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തെ വളർത്തിക്കൊണ്ടുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top