27 April Saturday

ഉണരുമോ ഐക്യനാടുകൾ - സോണി ജോൺ എഴുതുന്നു

സോണി ജോൺUpdated: Wednesday Jan 20, 2021


ഐക്യനാടുകളുടെ 46–-ാം പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഏറെ അധികാര വടംവലികൾ കണ്ടതുകൊണ്ടു മാത്രമല്ല ഇത്തവണത്തെ ഐക്യനാടുകളിലെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറെ പ്രത്യേകതകളുള്ളതായത്. കോവിഡ് മഹാമാരിയും വംശീയാക്രമണങ്ങളും അവയ്‌ക്കെതിരെയുള്ള തീവ്രപ്രതിഷേധങ്ങളും ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് ഈ  തെരഞ്ഞെടുപ്പ്‌ നടന്നതെന്നതുകൊണ്ടും ഐക്യനാടുകളുടെ രാഷ്ട്രീയചക്രവാളത്തിലെ രണ്ട് പ്രധാനശക്തിയായ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കരുടെയും രാഷ്ട്രീയമൂല്യങ്ങളുടെ, ഈയടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള, ഏറ്റവും ശക്തമായ പരീക്ഷണം കൂടിയായിരുന്നു അതെന്നതുകൊണ്ടുകൂടിയാണ്.

മുടക്കുമുതൽ നഷ്ടപ്പെട്ട ഒരു കച്ചവടക്കാരന്റെ മാനസിക വെപ്രാളത്തോടെ കസേര വിട്ടൊഴിയേണ്ടിവരുന്ന ട്രംപ്‌ അണികളെയിളക്കി കലാപം സൃഷ്ടിക്കുന്നതിനും കഴിഞ്ഞ ദിവസങ്ങളിൽ ലോകം സാക്ഷിയായി. "അമേരിക്കയെ വീണ്ടും ഉൽകൃഷ്ടമാക്കാൻ' കച്ചകെട്ടി ഭരിക്കാനിറങ്ങിയ ട്രംപ്, പക്ഷേ ഒരു ഭരണതന്ത്രജ്ഞന്റെ കുശലതയേക്കാൾ കച്ചവടക്കാരന്റെ വ്യാപാരതന്ത്രങ്ങളും ദൂരവ്യാപക കാഴ്ചപ്പാടില്ലാത്ത ഒരു ശരാശരി രാഷ്ട്രീയക്കാരന്റെ ധാർഷ്ട്യവും നിറഞ്ഞുനിന്ന തന്ത്രങ്ങളാണ് പുറത്തെടുത്തത്. പ്രവർത്തനത്തേക്കാളധികം വാചക കസറത്തിലൂടെ മാധ്യമങ്ങളിൽ നിറയാനായിരുന്നു ട്രംപിന്‌ താൽപ്പര്യം. തീർച്ചയായും അത്തരം സംഭവപരമ്പരകളുടെ പ്രതിഫലനംകൂടിയായി വേണം ഐക്യനാടുകളിലെ തെരഞ്ഞെടുപ്പു ഫലത്തെ നോക്കിക്കാണാൻ.

ജനാധിപത്യത്തിന്റെ വിശുദ്ധ മാലാഖമാരായി സ്വയം അവരോധിക്കുന്ന അമേരിക്കൻ ഭരണകൂടം പക്ഷേ കാലാകാലങ്ങളായി മറ്റു രാജ്യങ്ങളിലെ ജനാധിപത്യസംവിധാനങ്ങളെ മാനിക്കാതെ അവിടങ്ങളിൽ തങ്ങളുടെ രാഷ്ട്രീയവും സൈനികവും കച്ചവടപരവുമായ ഇടപെടലുകൾ നടത്തുകയും അത്തരം രാജ്യങ്ങളെ അന്തമില്ലാത്ത ചൂഷണങ്ങൾക്ക്‌ വിധേയമാക്കുകയും ചെയ്തുവന്നു. എന്നാൽ, ഇത്തവണ സ്വന്തം രാജ്യത്തെ കമ്പോള ജനാധിപത്യത്തിന്റെ വഴിവിട്ടരീതികൾ ഐക്യനാടുകളെ ലോകത്തിനുമുന്നിൽ നാണം കെടുത്തുന്ന രീതിലേക്ക് തരംതാഴ്‌ത്തി.  ഐക്യനാടുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് രണ്ടുതവണ ഇംപീച്ച്മെന്റിന്‌ വിധേയമാകുന്നു എന്നതുമാത്രമല്ല, സ്വന്തം കക്ഷിയായ റിപ്പബ്ലിക്കരിലെ ചില അംഗങ്ങൾകൂടി പ്രസിഡന്റിനെ ഇംപീച്ച്ചെയ്യണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നതും സാഹചര്യത്തിന്റെ തീവ്രതയെ അടയാളപ്പെടുത്തുന്നു. റിപ്പബ്ലിക്കരുടെ പ്രിയങ്കരനും കലിഫോർണിയയിലെ മുൻഗവർണരും ഹോളിവുഡിലെ വീരനായകനും മിസ്റ്റർ യൂണിവേഴ്സുമൊക്കെയായ ആർനോൾ ഡ്ഷ്വാർസ്നഗ്ഗർ ട്രംപിനെ വിശേഷിപ്പിച്ചത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റെന്നാണ് എന്നത് കാര്യങ്ങൾ ഏത്‌ അവസ്ഥയിലാണെന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ്.

ഐക്യനാടുകൾ ഇന്നെത്തിനിൽക്കുന്ന അവസ്ഥ മനസ്സിലാക്കണമെങ്കിൽ കുറച്ചൊന്ന് പിന്തിരിഞ്ഞു നോക്കേണ്ടതുണ്ട്. ഏറെക്കാലം നീണ്ടുനിന്ന സ്വാതന്ത്ര്യ പോരാട്ടത്തിനുശേഷം 1783 സെപ്തംബറിൽ പാരീസിൽവച്ച് ഒപ്പിട്ട ഉടമ്പടിപ്രകാരം ബ്രിട്ടനിൽനിന്ന് അമേരിക്കൻ ഐക്യനാടുകൾ സ്വതന്ത്രമായതിനുശേഷമാണ് ആ ആധുനിക ഐക്യനാടുകളുടെ ചരിത്രത്തിന്‌ നാന്ദികുറിക്കുന്നത്. ലോകചരിത്രത്തിൽ അന്നാദ്യമായാണ് ബ്രിട്ടൻ അതിന്റെ കോളനികളിലൊന്നിനോട് പരാജയം ഏറ്റുവാങ്ങിയത്. അക്കാലത്തെ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യപ്രേമികൾക്ക് ഏറെപ്രചോദനം നൽകിയ സംഭവമായിരുന്നു ഐക്യനാടുകളുടെ സ്വാതന്ത്ര്യലബ്ധി. പക്ഷേ, അതൊരിക്കലും അവിടത്തെ ഗോത്രവർഗക്കാർക്കോ അടിമകളായ കറുത്തവർഗക്കാർക്കോ ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും നൽകിയില്ലെന്നു മാത്രമല്ല, അവർക്കെതിരെയുള്ള ചൂഷണങ്ങൾ പെരുകുകയും ചെയ്തു. പിന്നീട് 1861ൽ റിപ്പബ്ലിക്കൻ പക്ഷക്കാരനായ എബ്രഹാം ലിങ്കൺ പ്രസിഡന്റായപ്പോഴാണ് അടിമത്തം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതും അത് ഏറെക്കാലം നീണ്ടുനിന്ന ഐക്യനാടുകളുടെ ആഭ്യന്തരയുദ്ധത്തിന്‌ വഴിമരുന്നിടുന്നതും. അടിമകൾക്ക് സമ്മതിദാനാവകാശംകൂടി നൽകുന്നതിനെ അനുകൂലിച്ചു സംസാരിച്ച എബ്രഹാംലിങ്കന്‌ അതിനെത്തുടർന്ന് ജീവൻപോലും ബലികഴിക്കേണ്ടിവന്നു. ഐക്യനാടുകളിൽ നിലനിൽക്കുന്ന തീവ്രവംശീയാക്രമണങ്ങൾക്ക് പിന്നിൽ വലിയൊരു ചരിത്രമുണ്ടെന്നുസാരം. 

അമേരിക്കയിലെ വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടിമത്തത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചും സോളമൻ നോർത്തപും ഹാരിയാറ്റ്ബീച്ചർസ്റ്റോവുമൊക്കെ നൽകുന്ന ധാരണയിൽനിന്ന്‌ അതെത്രത്തോളം ഭീകരമായിരുന്നെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യരെ മൃഗസമാനരായിക്കണ്ടിരുന്ന ഒരു സമൂഹം ഇന്നും അതിന്റെ തിരുശേഷിപ്പുകൾ പേറുന്നുണ്ടെന്നതിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു തെരുവോരത്ത് പൊലീസ്‌ നടത്തിയ ജോർജ് ഫ്ലോയിഡിന്റെ ഭീകര കൊലപാതകം. ഒരു കാലഘട്ടത്തിൽ സി എൽ ആർ ജെയിംസിനെപ്പോലുള്ളവർ സ്വപ്നംകണ്ടിരുന്ന അമേരിക്കൻ നീഗ്രോവിപ്ലവത്തിന് സാധ്യതയില്ലെങ്കിൽക്കൂടി മാൽകം എക്സും മാർട്ടിൻലൂഥർകിങ്ങുമൊക്കെ നേതൃത്വം കൊടുത്ത സിവിൽറൈറ്റ് പ്രസ്ഥാനത്തിന്റെ തിരിച്ചുവരവ് അനിവാര്യമായൊരു കാലഘട്ടത്തിലേക്ക് ഐക്യനാടുകൾ എത്തിച്ചേർന്നിരിക്കുന്നു എന്നുതന്നെ വേണം കരുതാൻ.

വംശീയതയുടെ വിത്തുകൾ ഐക്യനാടുകളിൽമാത്രം കിളിർക്കുന്ന ഒന്നല്ല എന്നതുകൊണ്ടുതന്നെ അതിനെ ഐക്യനാടുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത്‌ ലോകം ഉറ്റുനോക്കുന്ന ഒന്നാണ്

ജോ ബൈഡൻ നേരിടുന്ന പ്രധാനപ്പെട്ട രണ്ട്‌ വെല്ലുവിളി വംശീയാക്രമണങ്ങളുമായും കോവിഡ്നിർമാർജനവുമായും ബന്ധപ്പെട്ടവയായിരിക്കും. സമൂഹത്തെ പിളർക്കുന്ന വംശീയതയെ എങ്ങനെ നേരിടാമെന്നതിനെ ആശ്രയിച്ചിരിക്കും ഒരു പ്രസിഡന്റ്‌ എന്ന നിലയിൽ ജോ ബൈഡന്റെ വിജയം. വംശീയതയുടെ വിത്തുകൾ ഐക്യനാടുകളിൽമാത്രം കിളിർക്കുന്ന ഒന്നല്ല എന്നതുകൊണ്ടുതന്നെ അതിനെ ഐക്യനാടുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത്‌ ലോകം ഉറ്റുനോക്കുന്ന ഒന്നാണ്.  വംശീയാക്രമണങ്ങളെപ്പോലെതന്നെ ട്രംപിന്റെ പതനത്തിൽ നിർണായക ഘടകമായിരുന്നു കോവിഡ് മഹാമാരിയോടുള്ള അദ്ദേഹത്തിന്റെയും സർക്കാരിന്റെയും നിലപാടുകൾ. തുടക്കത്തിൽ വെറും ജലദോഷപ്പനിയെന്ന പരാമർശവും ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളെ തുറന്നു വിമർശിച്ചതും ട്രംപിന്റെ പതനത്തിന് ആക്കം കൂട്ടിയെന്ന് തെരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നു. 

റിപ്പബ്ലിക്കരിൽനിന്ന്‌ വ്യത്യസ്തമായി കോവിഡ്മഹാമാരിക്കെതിരെ പ്രതികരിച്ച ഡെമോക്രാറ്റുകൾക്കു ലഭിച്ച തിളങ്ങുന്ന വിജയം കോവിഡിനെതിരെയുള്ള അവരുടെ സമീപനത്തിന്റെ വിജയംകൂടിയായി കാണണം. ഒരുവേള മാസങ്ങളോളംതന്നെ ഡെമോക്രാറ്റുകൾ കോവിഡിനെത്തുടർന്ന് പ്രചാരണ പരിപാടികൾ നിർത്തിവച്ചപ്പോൾ റിപ്പബ്ലിക്കർ അതിനൊന്നും മുതിരാതെ കോവിഡിനെ നിസ്സാരമായാണ് കണ്ടത്.  ബൈഡൻ വിഭാവനംചെയ്യുന്ന മൂന്ന് ട്രില്യൺ ഡോളറിന്റെ കോവിഡ്നിർമാർജന പദ്ധതിയുടെ വിജയം അതുകൊണ്ടുതന്നെ അദ്ദേഹവും ഡെമോക്രാറ്റുകളും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളുടെ വിജയം കൂടിയായിരിക്കും.  

അന്താരാഷ്ട്രരംഗത്തെ ബൈഡന്റെ ഇടപെടലുകളെയും ലോകം അക്ഷമയോടെ കാത്തിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംചെന്ന പ്രസിഡന്റിൽനിന്ന്‌ തീർത്തും ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഐക്യനാടുകളും ചൈനയുമായുള്ള നല്ല ബന്ധം ലോകത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണ്. തീർച്ചയായും ഐക്യനാടുകൾ നാളിതുവരെ ഉയർത്തിപ്പിടിച്ചിരുന്ന വ്യാപാരനയത്തിൽ പെട്ടെന്നൊരുമാറ്റം ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും കൂടുതൽ പക്വമായ പരിഗണനകൾ ലോകം പ്രതീക്ഷിക്കുന്നുണ്ട്. ഐക്യനാടുകളിലെ കുടിയേറ്റനയങ്ങളിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിന്റെ ആദ്യ സൂചനകൾ വൈസ് പ്രസിഡന്റ് കമലഹാരിസിൽനിന്ന്‌ വന്നുകഴിഞ്ഞു.

വെനസ്വേലയിലും ബൊളീവിയയിലുമൊക്കെ ഐക്യനാടുകൾ നടത്തുന്ന അന്യായമായ ഇടപെടലുകൾക്ക് അറുതിയുണ്ടാകണം

ലോകം ഉറ്റുനോക്കുന്ന ഐക്യനാടുകളുടെ നയങ്ങളിലൊന്ന് ക്യൂബയുമായി ബന്ധപ്പെട്ടതാണ്. ക്യൂബയ്‌ക്കുമേലുള്ള ഐക്യനാടുകളുടെ ഉപരോധങ്ങൾ നിലനിർത്തിപ്പോരുന്നത് ഒരു ആധുനിക ലോകവ്യവസ്ഥയ്‌ക്ക് ചേർന്നതല്ല. ക്യൂബയുമായുള്ള നയതന്ത്രബന്ധങ്ങൾ ഒബാമക്കാലത്തുനിന്ന്‌ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് മറ്റു രാജ്യങ്ങളിലെ ഭരണപ്രക്രിയയിൽ ഇടപെടുന്ന ഐക്യനാടുകളുടെ നയം. പ്രത്യേകിച്ചും വെനസ്വേലയിലും ബൊളീവിയയിലുമൊക്കെ ഐക്യനാടുകൾ നടത്തുന്ന അന്യായമായ ഇടപെടലുകൾക്ക് അറുതിയുണ്ടാകണം.

സ്വാതന്ത്ര്യത്തിനുശേഷം ഐക്യനാടുകൾ ജനാധിപത്യത്തിന്റെ വഴി തെരഞ്ഞെടുത്തെങ്കിലും കമ്പോളത്തിനും പണത്തിനും ഏറെ സ്വാധീനമുള്ള സംവിധാനമായി അതു ക്രമേണ മാറി. ഐക്യനാടുകളിൽ മാത്രമല്ല, അമേരിക്കയിലെ മറ്റു സമ്പൽസമൃദ്ധമായ രാജ്യങ്ങളിലും തങ്ങളുടെ കൃഷിയും വ്യാപാരവും വ്യാപിപ്പിക്കാൻ അവർ തന്ത്രങ്ങൾ മെനഞ്ഞു. അതിനായി സർക്കാരിന്റെ ഒത്താശയോടെതന്നെ മറ്റുരാജ്യങ്ങളെ സ്വാധീനിക്കാനും സൈനികവും രാഷ്ട്രീയവുമായ ഇടപെടലിലൂടെ അവിടങ്ങളിൽ തങ്ങളുടെ ആജ്ഞാനുവർത്തികളായവരെ ഭരണത്തിൽ പ്രതിഷ്ഠിക്കാനും അവർക്കു കഴിഞ്ഞു. കൂടുതൽ ജനാധിപത്യപരമായ ഒരു ലോകത്ത് അത്തരം നയങ്ങളിൽ കാതലായ പരിവർത്തനം വന്നേ തീരൂ. ഐക്യനാടുകളിലെ ലാഭക്കൊതിയന്മാരായ കുത്തകമുതലാളിമാരെ അടക്കിനിർത്താൻ ജോ ബൈഡൻ തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കുമത്.

മുതലാളിത്തത്തിന്റെ മുഖമുദ്രയായ വ്യക്തിത്വവാദത്തിൽനിന്ന്‌ കൂടുതൽ സാമൂഹ്യമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക്‌ ലോകം വരേണ്ടതിന്റെ ആവശ്യകതകൂടി ഈ കോവിഡ്കാലം നമുക്കുമുന്നിൽ തുറക്കുന്നുണ്ട്. പരസ്പരാശ്രയത്വത്തിന്റെ ഒരു പുതുരാഷ്ട്രീയം ഇന്ന് ലോകത്തിനാവശ്യമുണ്ട്. ഭയപ്പെടുത്തുന്ന മഹാമാരിയെ തുരത്താൻ വേണ്ടി മാത്രമല്ല. വർണത്തിന്റെയും കുലത്തിന്റെയുമൊക്കെ പേരിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനും അത്തരം വിഭാഗീയ ചിന്തകളെ നിരർഥകമാക്കുന്നതിനും കൂടിയാണ്. ഒരു കറകളഞ്ഞ ഡെമോക്രാറ്റായ ജോ ബൈഡൻ അതിനൊരു നിമിത്തമാകുമോ.

(ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top