04 May Saturday

ഒറ്റപ്പെടുന്ന ഇസ്രയേൽ

വി ബി പരമേശ്വരൻUpdated: Saturday Oct 14, 2023

ലോകം ഇന്ന്‌ ഉറ്റുനോക്കുന്നത്‌ ഗാസയിലേക്കാണ്‌. ഏതു നിമിഷവും ഇസ്രയേലിസേന അവിടേക്ക്‌ കടന്നുകയറി കരയുദ്ധം ആരംഭിച്ചേക്കാം. മൂന്നു ലക്ഷം സൈനികരെയാണ്‌ അതിർത്തിയിൽ സജ്ജരാക്കി നിർത്തിയിട്ടുള്ളത്‌. അവർ ഏതു നിമിഷവും ഗാസയിലേക്ക്‌ കടന്നേക്കാം. അങ്ങനെ സംഭവിച്ചാൽ ലോകം ദൃക്‌സാക്ഷിയാകേണ്ടി വരുന്നത്‌ കൂട്ടക്കുരുതിക്കായിരിക്കും. 365 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഗാസയിൽ 23 ലക്ഷം പേരാണ്‌ തിങ്ങിപ്പാർക്കുന്നത്‌. ലോകത്തിൽ ജനസാന്ദ്രതയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശമാണിത്‌. അതായത്‌ ഒരു ചതുരശ്ര കിലോമീറ്ററിൽ ആറായിരത്തിലധികം പേരാണ്‌ താമസിക്കുന്നത്‌. ഇത്തരമൊരു സ്ഥലത്ത്‌ കരയുദ്ധം ആരംഭിച്ചാലുള്ള ദുരന്തം ഊഹിക്കാവുന്നതേയുള്ളൂ.

ഇസ്രയേലിനെ സംബന്ധിച്ച്‌ അവരുടെ മുഖം രക്ഷിക്കാൻ കരയുദ്ധം കൂടിയേ തീരൂ. 75 വർഷത്തെ ഇസ്രയേൽ ചരിത്രത്തിൽ ആദ്യമായാണ്‌ കൂടുതൽ ആൾനാശമുണ്ടായത്‌. പലസ്‌തീൻ പ്രദേശങ്ങളിൽമാത്രം വേരുകളുള്ള ഹമാസ്‌ എന്ന ഇസ്ലാമിക സംഘടനയാണ്‌ ഇസ്രയേലിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച ആക്രമണം നടത്തിയത്‌. ലോകരാജ്യങ്ങൾക്ക്‌ മാതൃകയാണ്‌ തങ്ങൾ ഏർപ്പെടുത്തിയ സുരക്ഷാ–-നിരീക്ഷണ–-ചാര സംവിധാനങ്ങളെന്ന്‌ മേനി നടിക്കുന്ന വേളയിലാണ്‌ ഹമാസിന്റെ ആക്രമണം നടന്നത്‌. ആഭ്യന്തരമായി നെതന്യാഹു ഏറ്റവും ഒറ്റപ്പെട്ട സമയത്താണ്‌ ഗുരുതരമായ സുരക്ഷാവീഴ്‌ച സംഭവിച്ചത്‌. ഇസ്രയേൽ ഡിഫൻസ്‌ ഫോഴ്‌സും ഷിൻബേത്തും മൊസാദും ഒരുപോലെ പരാജയപ്പെട്ടത്‌ നെതന്യാഹുവിനെതിരെ ജനരോക്ഷം ഉയരാൻ കാരണമാകുമെന്നതിൽ സംശയമില്ല. അതിനിടയിലാണ്‌ മൂന്നു ദിവസം മുമ്പുതന്നെ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച്‌ ഈജിപ്‌ത്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നുവെന്ന വിവരം പുറത്തുവരുന്നത്‌. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക്‌ യാത്ര തിരിക്കുംമുമ്പ്‌ യുഎസ്‌ ഹൗസ്‌ ഫോറിൻ അഫയേഴ്‌സ്‌ കമ്മിറ്റി ചെയർമാൻ മെക്കിൾ മക്കോൾ ആണ്‌ നിർണായകമായ ഈ വിവരം പുറത്തുവിട്ടത്‌. ഈജിപ്‌തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചു. എന്തുകൊണ്ട്‌ ഈ മുന്നറിയിപ്പ്‌ ഗൗരവത്തിലെടുത്തില്ലെന്ന ചോദ്യം നെതന്യാഹുവിന്റെ നില കൂടുതൽ പരുങ്ങലിലാക്കും. അതിനാലാണ്‌ ഗാസയിലേക്ക്‌ എത്രയും പെട്ടെന്ന്‌ ആക്രമണത്തിനായി ഇസ്രയേൽ ഒരുങ്ങുന്നത്‌.

കരയുദ്ധത്തിന്‌ അനുകൂലമായ പൊതുസമ്മതി നിർമാണത്തിന്റെ ഭാഗമായാണ്‌ ഇസ്രയേൽ ഭരണാധികാരികളിൽനിന്ന്‌ ഹമാസിനെയും പലസ്‌തീൻ ജനതയെയും രാക്ഷസവൽക്കരിക്കുന്ന പ്രസ്‌താവനകളും മറ്റും ഉണ്ടാകുന്നത്‌. ഇസ്രയേലിന്റെയും അവിടത്തെ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഇസ്രയേൽ ഡിഫൻസ്‌ ഫോഴ്‌സിന്റെ മേധാവി ഹമാസിനെ വിശേഷിപ്പിച്ചത്‌ ‘മനുഷ്യമൃഗങ്ങളുടെ’ സംഘടന എന്നാണ്‌. നെതന്യാഹു മന്ത്രിസഭയിലെ ധനമന്ത്രിയും തീവ്രജൂതസംഘടനയുടെ നേതാവുമായ ബിസാലേൽ സ്‌മോട്രിച്ച്‌ പറഞ്ഞത്‌ ‘പലസ്‌തീൻ ജനത’ എന്നൊന്ന്‌ ഇല്ല എന്നാണ്‌. പിശാചുക്കളുടെ നഗരമാണ്‌ ഗാസയെന്നും അതിനെ ഒരുപിടി ചാരമാക്കുമെന്നും മറ്റുമുള്ള പ്രസ്‌താവനകളും ഇസ്രയേൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമായി വരികയുണ്ടായി. ഗാസയെ ശിലായുഗത്തിലേക്ക്‌ മടക്കിക്കൊണ്ടുപോകുന്നതുവരെ ബോംബിങ് നടത്തുമെന്നാണ്‌ മുൻ പ്രതിരോധസേനാ മേധാവി ബെന്നി ഗാന്റ്‌സ്‌ പറഞ്ഞത്‌.

എന്നാൽ, ഗാസയിൽ കരയുദ്ധം ആരംഭിച്ചാൽ അത്‌ അധികകാലം തുടരാൻ ഇസ്രയേലിന്‌ കഴിയണമെന്നില്ല. കരയുദ്ധം ആരംഭിച്ചാൽ ഹിസ്‌ബൊള്ള ഗറില്ലകൾ ഹമാസിന്‌ അനുകൂലമായി രംഗത്തു വരുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇറാൻ പിന്തുണയുള്ള ലെബനൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹിസ്‌ബൊള്ളയ്‌ക്ക്‌ ഇസ്രയേലിന്‌ കനത്ത നാശം ഏൽപ്പിക്കാനുള്ള ശേഷിയുണ്ട്‌. രണ്ടു ലക്ഷത്തോളം മിസൈലുകൾ അവർ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ്‌ മാധ്യമവാർത്തകൾ. ഇസ്രയേലിന്റെ എല്ലാ പ്രദേശത്തേക്കും മിസൈൽ എത്തിക്കാനുള്ള ശേഷിയും ഹിസ്‌ബൊള്ളയ്‌ക്ക്‌ ഉണ്ട്‌. അമേരിക്ക രണ്ട്‌ പടക്കപ്പലിനെ മധ്യധരണ്യാഴി ലക്ഷ്യമിട്ട്‌ അയച്ചതുതന്നെ ഇസ്രയേലിനൊപ്പം നേരിട്ട്‌ യുദ്ധത്തിൽ പങ്കാളിയാകാനല്ല, മറിച്ച്‌ ഹിസ്‌ബൊള്ളയ്‌ക്ക്‌ മുന്നറിയിപ്പ്‌ നൽകാനാണ്‌. ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും ആന്റണി ബ്ലിങ്കനും പറയുന്നുണ്ടെങ്കിലും നേരിട്ട്‌ യുദ്ധത്തിൽ പങ്കെടുക്കുമെന്നതിന്‌ സൂചനയൊന്നുമില്ല. ഇസ്രയേൽ കഴിഞ്ഞ ദിവസം അയൽരാജ്യമായ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കൻ നഗരമായ അലെപ്പൊയിലെയും വിമാനത്താവളങ്ങൾ ആക്രമിച്ചതും ഹിസ്‌ബൊള്ളയ്‌ക്കുള്ള മുന്നറിയിപ്പാണ്‌. ഇറാൻ പിന്തുണയുള്ള ഹിസ്‌ബൊള്ള പലസ്‌തീനിന്‌ പിന്തുണയുമായി രംഗത്തുവരുന്നത്‌ ഇസ്രയേലിന്റെ ഉറക്കംകെടുത്തും. ഇറാൻ വിദേശമന്ത്രി സിറിയ സന്ദർശിക്കാനിരിക്കെയാണ്‌ ഈ ബോംബാക്രമണമെന്നതും ശ്രദ്ധേയമാണ്‌. പ്രശ്‌നത്തിൽ ഇടപെടാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന്‌ പരമോന്നത നേതാവും ഇറാൻ സേനയുടെ തലവനുമായ ആയത്തൊള്ള അലി ഖമനേയി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഹമാസ്‌ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന വാൾസ്‌ട്രീറ്റ്‌ ജേർണലിന്റെയും മറ്റും റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിലേക്ക്‌ ധൃതിപിടിച്ച്‌ കരയുദ്ധം നടത്തിയാൽ പശ്‌ചാത്തപിക്കേണ്ടിവരുമെന്നും ഖമനേയി ഇസ്രയേലിന്‌ മുന്നറിയിപ്പ്‌ നൽകി. യുദ്ധം രൂക്ഷമാകുന്നത്‌ തടയാൻ ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയും സൗദി കിരീടാവകാശി ബുഹമ്മദ്‌ ബിൻ സൽമാനും ടെലിഫോൺ സംഭാഷണത്തിലേർപ്പെടുകയും ചെയ്‌തു.

ഗാസയിലേക്ക്‌ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ സജീവമാക്കിയതോടെ അതിനെതിരെ അറബ്‌ ലോകം രംഗത്തുവന്നു. കരയുദ്ധം തടയാനും പലസ്‌തീൻ ജനതയ്‌ക്ക്‌ അന്താരാഷ്ട്ര സംരക്ഷണം നൽകാനും അറബ്‌ വിദേശമന്ത്രിമാരുടെ യോഗം ആവശ്യപ്പെടുകയുണ്ടായി. അതായത്‌ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ പലസ്‌തീൻ ജനതയ്‌ക്കുള്ള പിന്തുണ വർധിക്കുകയാണ്‌. പരമാധികാര പലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ പുടിൻ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാരുകൾ മുഴുവനുംതന്നെ പലസ്‌തീൻ ജനതയോടൊപ്പം അടിയുറച്ച്‌ നിൽക്കുകയാണ്‌. ഗാസയെ ഓഷ്‌വിറ്റ്‌സുമായും ഇസ്രയേൽ സേനയെ നാസികളുമായാണ്‌ കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോ താരതമ്യം ചെയ്‌തത്‌. ഗാസയെ ആക്രമിക്കുന്നതിനെതിരെ ചിലി പ്രസിഡന്റ്‌ ഗബ്രിയേൽ ബോറിക്കും രംഗത്തുവന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണ്‌ ഗാസയിലേക്കുള്ള കരയുദ്ധനീക്കമെന്ന്‌ അദ്ദേഹം പറഞ്ഞു. ബൊളീവിയയുടെ മുൻ പ്രസിഡന്റ്‌ ഇവാമൊറേൽസ്‌, വെനിസ്വേലൻ പ്രസിഡന്റ്‌ നിക്കോളസ്‌ മഡൂരോ, അർജന്റീനിയൻ വൈസ്‌ പ്രസിഡന്റ്‌ ക്രിസ്റ്റീന കിച്ച്‌നർ തുടങ്ങിയ നേതാക്കളെല്ലാംതന്നെ പലസ്‌തീന്‌ പിന്തുണയുമായി രംഗത്തു വന്നു. സമാധാനം സ്ഥാപിക്കാൻ ലോകസമൂഹം മുന്നോട്ടുവരണമെന്ന്‌ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡിസിൽവയും അഭ്യർഥിച്ചു.

യൂറോപ്യൻ നേതാക്കൾ ആദ്യ ഘട്ടത്തിൽ ഹമാസിന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്‌ പൂർണ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്ത്‌ എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അവരുടെ നിലപാട്‌ മയപ്പെടുത്തുന്നതാണ്‌ കണ്ടത്‌. ഫ്രാൻസ്‌, നോർദിക്‌ രാഷ്ട്രങ്ങൾ, ബെൽജിയം, അയർലൻഡ്‌, സ്‌പെയിൻ എന്നിവയാണ്‌ പ്രധാനമായും പലസ്‌തീനൊപ്പം നിലയുറപ്പിച്ചത്‌. യൂറോപ്യൻ യൂണിയൻ പ്രസ്‌താവനയിൽ യുദ്ധസാഹചര്യം ലഘൂകരിക്കാൻ നടപടി വേണമെന്ന പരാമർശംകൂടി ഉൾപ്പെടുത്തണമെന്ന്‌ അയർലൻഡ്‌, ലക്‌സംബർഗ്‌, ഡെന്മാർക്ക്‌ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പലസ്‌തീനിയൻ അതോറിറ്റിക്ക്‌ വർഷംതോറും യൂറോപ്യൻ യൂണിയൻ നൽകിവരുന്ന 600 ദശലക്ഷം യൂറോ ഉടൻ നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഉയരുകയും ചിലർ സഹായം നിർത്തിവച്ചതായി പ്രസ്‌താവനകൾ നടത്തുകയും ചെയ്‌തിരുന്നു. എന്നാലിപ്പോൾ അതിൽനിന്നും യൂറോപ്യൻ യൂണിയനും പിന്മാറേണ്ടിവന്നിരിക്കുന്നു. പലസ്‌തീനിയൻ അതോറിറ്റിക്ക്‌ ഫണ്ട്‌ നിഷേധിക്കുന്നതിന്‌ ഭൂരിപക്ഷം അംഗങ്ങളും എതിരാണെന്നും അതിനാൽ ധനസഹായം തുടരുമെന്നും ഇയു നയതന്ത്രജ്ഞൻ ജോസപ്‌ ബോരൽ പ്രഖ്യാപിക്കുകയുണ്ടായി. ഏറ്റവും അവസാനമായി ഇസ്രയേലിന്‌ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ഗവൺമെന്റിനും സ്വതന്ത്ര പരമാധികാര പലസ്‌തിൻ സ്ഥാപിക്കപ്പെടണമെന്നാണ്‌ ന്യൂഡൽഹിയുടെ നയമെന്ന്‌ വ്യക്‌തമാക്കേണ്ടിവന്നിരിക്കുന്നു. ഗാസയിലേക്ക്‌ കരയുദ്ധം തുടങ്ങിയാൽ ഇസ്രയേലിനെതിരെ ലോകാഭിപ്രായം കൂടുതൽ ശക്തമായി ഉയരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top