26 April Friday

ഭൂമിക്ക് മനുഷ്യന്റെ മരണഗീതം - ഡോ. എം ജി മനോജ് എഴുതുന്നു

ഡോ. എം ജി മനോജ്Updated: Friday Aug 13, 2021

മലയാളത്തിന്റെ പ്രിയകവി ഒ എൻ വി നാലുപതിറ്റാണ്ടോളം മുമ്പേ നമ്മുടെ അസ്വാദന മണ്ഡലത്തിൽ കോറിയിട്ട ‘ഭൂമിക്കൊരു ചരമഗീതം’ മാതൃഭൂമിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങളെ വാച്യാർഥത്തിൽത്തന്നെ വിവക്ഷിക്കുന്നുണ്ട്. മൃതി താളത്തിൽ ആടിത്തിമിർക്കുന്ന ആസുരതയുടെ ചിത്രം കേവലം കാൽപ്പനികമല്ലെന്നും അത് പൂർണമായ തെളിവിന്റെ അടിസ്ഥാനത്തിൽ വർത്തമാനകാല യാഥാർഥ്യമാണെന്നും അടിവരയിടുകയാണ് കഴിഞ്ഞ ഒമ്പതിന് യുഎന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന അവലോകന സമിതി–-ഐപിസിസി പുറപ്പെടുവിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ട്. നിലവിലെ കാലാവസ്ഥയുടെ അവലോകനം, കാലാവസ്ഥയിൽ ഭാവിയിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ, ദുരന്തസാധ്യത അപഗ്രഥനത്തിനും അനുരൂപീകരണത്തിനും ആവശ്യമായ വിവരങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള മാർഗങ്ങൾ എന്നിങ്ങനെ നാല് സുപ്രധാന സൂചനയാണ് റിപ്പോർട്ട് മനുഷ്യവംശത്തിനു മുന്നിൽവയ്ക്കുന്നത്.

1990ലാണ്‌ ഐപിസിസിയുടെ ആദ്യ റിപ്പോർട്ട്‌ പുറത്തുവരുന്നത്. ഇപ്പോഴത്തേത്‌ ആറാമത് പഠന റിപ്പോർട്ടാണ്. കാലാവസ്ഥാ വ്യതിയാനത്തിന് മനുഷ്യൻ കാരണമായേക്കാമെന്ന ആദ്യ റിപ്പോർട്ടിലെ വാചകത്തിൽനിന്ന്‌, 1.1 ഡിഗ്രി സെൽഷ്യസ്‌ അധികതാപനത്തിനു കാരണം ആധുനിക മനുഷ്യൻ തന്നെയാണെന്ന ശാസ്ത്രീയമായ തെളിവിലേക്കാണ്‌ പുതിയ റിപ്പോർട്ട് വിരൽചൂണ്ടുന്നത്‌. ഇതിനുമുമ്പ്‌ ഒരു സഹസ്രാബ്ദത്തിൽ പരമാവധി 1.5 ഡിഗ്രി സെൽഷ്യസ്‌ എന്ന തോതിൽനിന്ന് ഒരു നൂറ്റാണ്ടുകൊണ്ട് 1.1 ഡിഗ്രി സെൽഷ്യസ്‌ എന്ന തോതിലേക്ക് താപനവേഗതയേറി. അതിശയിപ്പിക്കുന്ന ഈ വേഗതയ്ക്ക് കാരണം ഭൂമിയിൽനിന്ന് ബഹിർഗമിക്കുന്ന ഇൻഫ്രാറെഡ് തരംഗങ്ങളെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ ഒരു കമ്പിളി പുതപ്പുപോലെ തടഞ്ഞുനിർത്തുന്നതാണ്. വ്യവസായ വിപ്ലവപൂർവ കാലഘട്ടത്തിൽ (1850 മുമ്പുള്ള കാലം) ഉണ്ടായിരുന്ന കാർബൺഡൈ ഓക്സൈഡ് ശരാശരി അളവ് 278 പിപിഎം (10 ലക്ഷത്തിൽ 278 അംശം) ആയിരുന്നെങ്കിൽ ഇന്നത് 415 പിപിഎം എന്നതിലേക്ക് ഉയർന്നിരിക്കുന്നു. മറ്റു ഹരിതഗൃഹവാതകങ്ങളിലും ആനുപാതികമായ വർധനയുണ്ടായി. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം ശരാശരി മൂന്ന്‌ ഡിഗ്രി സെൽഷ്യസായി വർധിക്കുമെന്നാണ് കാലാവസ്ഥാപ്രവചന ഗണിതമാതൃകകൾ (മോഡൽ) സൂചിപ്പിക്കുന്നത്‌. എന്നാൽ, ഇതിന്റെ പരിധി രണ്ടുമുതൽ അഞ്ച് ഡിഗ്രി വരെ ആകാമെന്ന് ചില മോഡൽ പ്രവചിക്കുന്നുണ്ട്. ആനുപാതികമായ കാർബൺ ഡയോക്സൈഡ് പരിധി 475 പിപിഎം മുതൽ 800 പിപിഎം വരെയാകാം (നാല്‌ ഡിഗ്രി സെൽഷ്യസ് വർധനയാണ് ഉണ്ടാകുന്നതെങ്കിൽ അന്തരീക്ഷത്തിൽ 103 ഗിഗാ ടൺ കാർബൺ ഡയോക്സൈഡ് അടിഞ്ഞുകൂടിയിട്ടുണ്ടാകും–-ഒരു ഗിഗാ ടൺ 100 കോടി ടൺ).

ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും ജൈവശോഷണവുമാണ്‌ ഇങ്ങനെ കാർബൺ വർധിക്കുന്നതിനുള്ള കാരണം. ലോകത്തിന്റെ വിവിധഭാഗത്തെ 234 ശാസ്ത്രജ്ഞർ ഉൾപ്പെട്ട വിദഗ്ധസമിതിയാണ് നാലായിരത്തോളം പേജുള്ള ഈ റിപ്പോർട്ട് തയ്യാറാക്കിയത്‌. ഇപ്പോഴുണ്ടായ ചൂട്‌ വർധനയും ജൈവ–-അജൈവ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും കഴിഞ്ഞ ഏതാനും നൂറ്റാണ്ടിലോ സംവത്സരങ്ങളിലോ പോലും ഉണ്ടായിട്ടില്ലാത്തത്ര സംഭവവികാസങ്ങളാണ്. ലോകത്തിന്റെ പലഭാഗവും ഇതിന്റെ ദൂഷ്യവശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിതീവ്രമഴ, പ്രളയം, വരൾച്ച, അന്തരീക്ഷ–-സമുദ്ര ഉഷ്‌ണതരംഗങ്ങൾ, സംഹാരശക്തിയുള്ള ചുഴലിക്കൊടുങ്കാറ്റ്, തീവ്രതയേറിയ മിന്നൽ, മേഘതാപ വിസ്ഫോടനങ്ങൾ, വായുമലിനീകരണം, പെരുകുന്ന മഹാമാരികൾ മുതലായവയൊക്കെ കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതങ്ങളാണ്.


 

പ്രകൃതിദുരന്തം 
തുടർക്കഥ
അടുത്ത രണ്ടോ മൂന്നോ ദശകത്തോടെ പാരീസ് ഉച്ചകോടിയിൽ നിശ്ചയിക്കപ്പെട്ടിരുന്ന, ഈ നൂറ്റാണ്ടിൽ ഒടുവിൽ മാത്രം പ്രതീക്ഷിച്ചിരുന്ന 1.5 ഡിഗ്രി സെൽഷ്യസ്‌ താപനപരിധി മറികടക്കാനുള്ള സാധ്യതയാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. ഇത്‌ രണ്ട് ഡിഗ്രി ആയാലും അത്ഭുതപ്പെടാനില്ല. ഇത്തരമൊരു ത്വരിത താപവർധന ഭൂമിയിലെ ജലചക്രത്തെയും മൺസൂൺ മഴയുടെ സ്വഭാവത്തെയും മാറ്റിമറിക്കും. അതിതീവ്ര പ്രകൃതിപ്രതിഭാസങ്ങളുടെ രൂക്ഷതയും ആവൃത്തിയും വർധിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രകടമായ തെളിവുകളിലൊന്ന് കഴിഞ്ഞ 170 വർഷത്തിലെ ഏറ്റവും ചൂടുകൂടിയ അഞ്ചുവർഷം ഈ ദശകത്തിൽ ആയിരുന്നുവെന്നതാണ്. ക്യാനഡ, വടക്കുപടിഞ്ഞാറൻ അമേരിക്ക, ഗ്രീസ് മുതലായ സ്ഥലങ്ങളിൽ വൻ ഉഷ്ണതരംഗവും കാട്ടുതീയും സംഹാരനൃത്തം ചവിട്ടുമ്പോൾ മറുതലയ്ക്കൽ ജർമനി, ചൈന, ഇന്ത്യ മുതലായ രാജ്യങ്ങൾ പ്രളയമരണങ്ങളുടെ കണക്കെടുപ്പിലാണ്‌. വൈരുധ്യാത്മകമായ ഈ പ്രതിസന്ധി ഇനിയും മൂർച്ഛിക്കും. ഹരിതവാതക ഉത്സർജനത്തിന്റെ അനന്തരഫലമായി സമുദ്രങ്ങളിലും ഹിമാനികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്ഥായിഭാവമുള്ളതാണ്. അവ പിന്നീട് പൂർവസ്ഥിതിയിലേക്ക് എത്തില്ല. ആർട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഏതാണ്ട് പൂർണമാകും. സമുദ്രജലപ്രവാഹത്തിന്റെ ഗതിയും വേഗതയും താളംതെറ്റും. ദ്വീപ്‌ രാഷ്ട്രങ്ങൾ പലതും വെള്ളത്തിനടിയിലാകും. കാലാവസ്ഥ തന്നെ എന്നന്നേക്കുമായി മാറിമറിയും. ജനങ്ങൾക്ക് തൊഴിലും വീടും നഷ്ടപ്പെടും. ദാരിദ്ര്യവും പട്ടിണിയും കൊടികുത്തിവാഴും. വൻതോതിലുള്ള ആൾനാശവും പ്രവചനാതീതമാണ്‌. ഹിമാലയത്തിലെ മഞ്ഞുരുക്കം അവിടെനിന്നും ഉത്ഭവിക്കുന്ന നദികൾ ആദ്യം പ്രളയവും പിന്നീട് വരൾച്ചയ്‌ക്കും കാരണമാകും. ഹിന്ദി ഹൃദയഭൂമിയുടെ ഭാവി അത്ര ശോഭനമല്ലെന്നു തന്നെയാണ് പ്രവചനഫലം.

കേരളവും 
ഭീഷണിയിൽ
ഇന്ത്യയെയും വിശിഷ്യ കേരളത്തെയുംകുറിച്ചുള്ള പ്രവചനങ്ങളും ഭയാനകമാണ്. 7500 കിലോമീറ്ററോളം കടൽത്തീരമുള്ള നമ്മുടെ രാഷ്ട്രത്തിലെ ഏതാണ്ട് മൂന്നു കോടിയോളം ജനങ്ങൾ കടലേറ്റത്തിന്റെ പ്രത്യക്ഷ ആഘാതം ഏറ്റുവാങ്ങേണ്ടിവരും. ആഗോള സമുദ്ര നിരപ്പിനേക്കാൾ വേഗത്തിലാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത് (പ്രതിവർഷം ഏതാണ്ട് മൂന്നു മില്ലിമീറ്റർ എന്ന തോതിൽ). ഓരോ പത്തുവർഷം കൂടുമ്പോഴും കടൽ 17 മീറ്റർ എന്ന തോതിൽ തിരശ്ചീനമായി കരയിലേക്ക് കയറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെട്രോ നഗരങ്ങളായ മുംബൈ, ചെന്നൈ, വിശാഖപട്ടണം, തൂത്തുക്കുടി, പാരദീപ്‌, കൊച്ചി മുതലായവ കടലേറ്റം അഭിമുഖീകരിക്കാൻ സാധ്യതാപട്ടികയിൽ ഉള്ളതാണ്. ഏകദേശം നാല് ട്രില്യൺ (ഒരു ട്രില്യൺ ഒരു ലക്ഷം കോടി). ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. അടുത്ത ദശാബ്ദങ്ങളിൽ ആഗോളതാപനം 1.5 സെൽഷ്യസിൽ ചുരുക്കി നിർത്തുക ഏറെക്കുറെ അസാധ്യമാണ്. അതിവേഗം വളരെ വിപുലമായ തോതിൽ കാർബൺ ഉത്സർജനം വെട്ടിക്കുറയ്‌ക്കേണ്ടതുണ്ട്‌. രാജ്യങ്ങൾ സ്വയം തീരുമാനിക്കുന്ന ബഹിർഗമന ലഘൂകരണവിഹിതം ശക്തിപ്പെടുത്തി ഇപ്പോഴുള്ളതിന്റെ പകുതിയെങ്കിലുമാക്കി ചുരുക്കണം.


 

ഇന്ത്യൻ മൺസൂണിന്റെ തനതുസ്വഭാവം മാറിമറിയുന്നു. ചരുങ്ങിയ ദിവസത്തിനുള്ളിൽ വർധിത വീര്യത്തോടെ പെയ്തിറങ്ങുന്ന മഴ സംഹാര ശക്തിയുള്ളതാണ്‌. മിതമായ മഴ ലഭിക്കുന്ന ദിനത്തിന്റെ എണ്ണം കുറയുകയും ചെയ്യുന്നു. കേരളത്തിൽ മഴക്കാലത്തുപോലും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമുണ്ടാകുകയും ഇടിയുംമിന്നലും ഉണ്ടാകുകയും ചെയ്യുന്നു. ലഘുമേഘ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കടൽജലത്തിന്റെ താപനില വർധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കുട്ടനാട്‌ പോലെ സമുദ്രനിരപ്പിനു താഴെയുള്ള പ്രദേശങ്ങൾ എപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉപ്പുവെള്ളം കയറി ശുദ്ധജലവും മലീമസമാക്കപ്പെടുന്നു. കൃഷിയും മറ്റു ജീവനോപാധികളും നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. മലയോരമേഖലകളിൽ ഉരുൾപൊട്ടലിന്റെയും വന്യമൃഗഭീഷണിയുടെയും നിഴലിലാണ്‌. തീരദേശ ജനതയും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. വായുമലിനീകരണം കോവിഡ്‌ പോലുള്ള രോഗങ്ങളുടെ വ്യാപനത്തെ ചെറിയതോതിലെങ്കിലും വളർത്തുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത പുതിയ രോഗാണുക്കൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ വർധിച്ച ജനസാന്ദ്രതയും പ്രകൃതി നശീകരണത്തിന് ആക്കംകൂട്ടുന്ന ഘടകമാണ്‌. ജൈവവൈവിധ്യശോഷണം നികത്താനാകാത്ത നഷ്ടമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്.

മേൽവിവരിച്ച പ്രശ്നങ്ങൾക്കിടയിലും വികസ്വര രാഷ്ട്രങ്ങൾക്ക് വികസനത്തിന്റെ പന്ഥാവ് തേടിപ്പിടിക്കേണ്ടതുണ്ട്‌. പക്ഷേ, അത് സുസ്ഥിര വികസനത്തിന്റെ പാത തന്നെയാണെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇനി വരുന്ന ഒരു തലമുറയ്ക്ക് മാത്രമല്ല, വരുംതലമുറകൾക്കെല്ലാം ജീവിക്കാനുതകുന്ന രീതിയിൽ ഈ ഭൂമിയും അതിലെ വിഭവങ്ങളുമെല്ലാം ഇനിയുമിവിടെ നിലനിൽക്കേണ്ടതുണ്ട്. നിബിഡാന്ധകാരവും മരണഭീതിയുംമാത്രം ആർത്തലയ്‌ക്കുന്ന ആസുരഭാവിയെ തടയിടാൻ നമുക്ക്‌ തൊട്ടുമുമ്പുള്ള പതിറ്റാണ്ടിനിടയിൽ സാധിച്ചില്ലെങ്കിൽ ഈ ഗോളം ആളൊഴിഞ്ഞ അന്തസ്സാരശൂന്യമായ ഒരു പ്രേതഗൃഹമായി തീരുമെന്ന്‌ സാരം.

(കൊച്ചി ശാസ്‌ത്ര സാങ്കേതിക 
സർവകലാശാല റഡാർ ഗവേഷണവിഭാഗം 
ശാസ്‌ത്രജ്ഞനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top